KERALATrending

99 ലെ വെള്ളപ്പൊക്ക ചിത്രങ്ങള്‍ പകര്‍ത്തിയ ഇറുദയ സ്വാമി ഓര്‍മയായി

കൊച്ചി: തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരത വരും തലമുറയ്ക്കായി ക്യാമറയില്‍ പകര്‍ത്തിയ ഇറുദയ സ്വാമി ഓര്‍മയായി. 108 വയസായിരുന്നു. കോയമ്പത്തൂരിലെ വസതിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇറുദയസ്വാമി രത്നത്തിന്റെ അന്ത്യം. മൂന്നാറില്‍ കുടിയേറ്റക്കാരായി എത്തിയ ഇറുദയസ്വാമിയും കുടുംബവും പിന്നീട് ഈ പ്രദേശം വിനോദസഞ്ചാരമേഖലയായി മാറിയതോടെ കോയമ്പത്തൂരിലേക്ക് പോയി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1924 ലാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നായ ഈ ദുരന്തം സംഭവിക്കുന്നത്. വെറും പന്ത്രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന ഇറുദയസ്വാമി പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് ചരിത്രത്തിന്റെ തന്നെ ഭാഗമായി. പല സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലെയും ചുമരുകളില്‍ ഇടം പിടിച്ച് സ്വാമിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫറേക്കാള്‍ ഏറെ പ്രശസ്തമായിരുന്നു. ആധുനികതയുടെ അടയാളങ്ങളായിരുന്ന റോപ്പ് വേയും തീവണ്ടിയും വൈദ്യുതിയുമുണ്ടായിരുന്ന അക്കാലത്തെ മൂന്നാര്‍ പട്ടണത്തെ പേമാരിയും വെള്ളപ്പൊക്കവും തകര്‍ത്തെറിഞ്ഞതിന്റെ ഭീകരത ഇറുദയസ്വാമി എന്ന തൂത്തുക്കുടിക്കാരന്റെ റോയല്‍ സ്റ്റുഡിയോയിലെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയിലെടുത്ത ചിത്രങ്ങളിലൂടെയാണ് കേരളം ഇപ്പോഴും കാണുന്നത്. പ്രളയത്താല്‍ സകലതും മുങ്ങിയ പട്ടണത്തില്‍ പിന്നീട് തെയിലച്ചെടികളും ജീവിതവും പുരോഗതിയും വീണ്ടും നാമ്പിട്ട് ജനത അതിജീവിച്ചത് കൂടി ചേര്‍ന്നതാണ് കേരളത്തിന്റെ ചരിത്രം. കടപുഴകി വീണ വന്മരങ്ങളും ചത്ത്ചീഞ്ഞൊഴുകുന്ന മൃഗങ്ങളുടെ ശരീരങ്ങളും മുക്കാലും മുങ്ങിയ വീടുകളും നിറയുന്ന സ്വാമിയുടെ ചിത്രങ്ങള്‍ ഇന്നും ചരിത്രസാക്ഷിയായി നിലകൊള്ളുന്നു.

Tags
Show More

Related Articles

Back to top button
Close