അതിര്‍ത്തി രേഖയില്‍ വിള്ളല്‍ വീഴുമ്പോള്‍

ലോക ഭൂപടങ്ങളിലെല്ലാം രാജ്യാതിര്‍ത്തികളുടെ നേര്‍ത്ത രേഖകള്‍ വരച്ചിരിക്കുന്നത് മനുഷ്യ രക്തത്തിന്റെ നിറമുപയോഗിച്ചാണ്. നിരവധി മനുഷ്യ ജീവനുകളാണ് അതിര്‍ത്തി ബന്ധങ്ങളെ സുശക്തമാക്കാന്‍ കുരുതിയായി നല്‍കിയത്. രേഖപ്പെടുത്തിയ ഓരോ ചരിത്രങ്ങളിലും പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയും ചിത്രമാവും അധികം കാണാനാവുക. നിരന്തരമായി അതിര്ത്തിയുദ്ധങ്ങളാല് കലുഷിതമാണ് ഇന്ത്യയുടെ മുകള്‍ത്തട്ട്. പാക്കിസ്ഥാനും നേപ്പാളുമടക്കം അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി മണ്ണിനുള്ള പോരാട്ടങ്ങളിലായിരുന്നു നാം. നാലരപ്പതിറ്റാണ്ടുകള്‍ക്കു ശേഷം ചൈനയുമായി വീണ്ടും യുദ്ധം ചെയ്യേണ്ടി വരുമോയെന്ന ഭീതിയുടെ നിഴലിലാണ് നമ്മുടെ രാജ്യം.
ആശങ്കയുടെ വാര്‍ത്തകള്‍ അതിര്‍ത്തിയില്‍ നിന്നെത്തുമ്പോള്‍,
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും കേണലുള്‍പ്പെടെ ഇരുപതു സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ചൈനയുടെ ഭാഗത്തു നിന്നും നിരവധി ആള് നാശമുണ്ടായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരേ സമയം ആശങ്കയും ഭീതിയുമുണര്ത്തുന്നതാണ് ഈ വാര്‍ത്ത. പതിറ്റാണ്ടുകളായി സംഘര്ഷങ്ങളെന്നുമില്ലാതിരുന്ന അയല്‍രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്കു നീങ്ങുന്നത് ഏറെ ശ്രദ്ധയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കികാണുന്നത്.
ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1865-ല്‍ ബ്രിട്ടീഷുകാര്‍ വരച്ചു ചേര്‍ത്ത അതിര്‍ത്തിയാണ് ഇന്ത്യ ഇന്നും സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഈ അതിര്‍ത്തി രേഖയെ ചൈന അംഗീകരിക്കുന്നുമില്ല. 1950കളുടെ അവസാനത്തില്‍ അവര്‍ അതിര്‍ത്തി പടിഞ്ഞാറു ഭാഗത്തേക്കു മാറ്റിവരച്ചിരുന്നു. ഈ കാരണത്താലാണ് 1960-ല്‍ ഇന്ത്യാ-ചൈനാ സംഘര്‍ഷം ഉണ്ടായത്. ജമ്മുകാശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3,488 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയെ ചൊല്ലി എക്കാലത്തും തര്‍ക്കം നിലനിന്നിരുന്നു. പത്തു വര്ഷത്തോളമായിട്ടില്ല അതിര്‍ത്തിയില്‍ ചൈനയുടെ സ്വാധീനം ശക്തമായിട്ട്. മേയ് ആദ്യവാരം മുതലാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തി നിയന്ത്രണരേഖയില്‍ സൈനിക നീക്കം ശക്തമാകുന്നത്. ലഡാക്കിലെ പാംഗോങ് തടാകം, ഗാല്‍വാന്‍ താഴ്വര, ഹോട്ട്സ്പ്രിങ്- ഗോഗ്ര മേഖല, സിക്കിമിലെ നാക്കു ലാ എന്നീ പ്രദേശങ്ങളില്‍ സൈനീക നീക്കം നടക്കുന്നു എന്നാണ് റിപ്പോ ര്‍ട്ടുകള്‍. ഇരു സൈനിക ശക്തികളും ഒരു പോലെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നതിനാല്‍ സംഘര്‍ഷങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ടായിരുന്നു. ഇത് ഒഴിവാക്കാനായി നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഘട്ടനമുണ്ടാകുന്നത്.
അയഞ്ഞും മുറുകിയും ഇന്ത്യ-ചൈനാ ബന്ധത്തിന്റെ നാള് വഴികള്‍
1947-ല്‍ ഇന്ത്യ സ്വതന്ത്രമായി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ പീപ്പിള്‍ റിപ്ലബിക് ഓഫ് ചൈന എന്ന പേരില്‍ ശക്തമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലയുറപ്പിക്കുന്നത്. ചൈനയുമായി നല്ല ബന്ധം എന്നതായിരുന്നു നെഹ്റു സര്‍ക്കാരിന്റെ നയം. തൊട്ടടുത്ത വര്‍ഷം തന്നെ ചൈന ടിബറ്റിനെ കീഴടക്കുകയും ചെയ്തു. കൃത്യമായ അതിര്‍ത്തി രേഖഖളില്ലാതിരുന്നതിനാല് 1950- കള്‍ മുതലെ ഇന്ത്യയും ചൈനയുമായി അതിര്‍ത്തി തര്‍ക്കങ്ങളുമുണ്ടായിരുന്നു. അവയൊന്നും അന്ന് സംഘര്‍ഷങ്ങളിലേക്കു വഴി മാറിയിരുന്നില്ല. 1954-ല്‍ പഞ്ചശീല തത്വങ്ങളുടെ ഭാഗമായി ‘ഇന്ത്യാ-ചൈന ഭായി-ഭായി’ എന്ന പേരില്‍ സൗഹ്യദ നയം സ്വീകരിച്ചിരുന്നു. എന്നാല്‍ ചൈന ഇന്ത്യയെ വിശ്വാസത്തില്‍ എടുത്തിരുന്നോ എന്നു സംശയമാണ്. അതിനിടയിലാണ് ടിബറ്റന്‍ ജനതയ്ക്കു നേതൃത്വം നല്കിയ ദലൈ ലാമയ്ക്കു ഇന്ത്യ അഭയം നല്‍കിയത്. ഇതു ചൈനയെ പ്രകോപിപ്പിക്കുകയും 1962-ല്‍ ചൈന ഇന്ത്യയെ അക്രമിക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇന്ത്യയ്ക്കു നേരെ അക്രമണമുണ്ടായത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങളെ തുടര്‍ന്നു ചൈനീസ് പട്ടാളം നാശ നഷ്ടങ്ങളോടെ പിന്മാറി. യുദ്ധാനന്തരം 1967-ല്‍ നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതിര്‍ത്തി പ്രശ്നങ്ങള്‍ തുടരുകതന്നെ ചെയ്തു. ഏറ്റവും ഒടുവിലായി 2019 സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മഹാബലിപുരത്തും വുഹാനിലും നടന്ന കൂടിക്കാഴ്ചയും ഇരു രാജ്യങ്ങളുടെയും പരസ്പര ബന്ധത്തിനു ശക്തിപകരുന്നതായിരുന്നു.
നയം കടുപ്പിച്ച് ചൈന, ശത്രുതയ്ക്കു പിന്നിലെന്ത്
ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കു കാരണങ്ങളേറെയാണ്. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചൈന പാക്കിസ്ഥാനു പിന്തുണ നല്കിയതു തന്നെ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ തുറന്നു കാണിച്ചു. ചൈനാ പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയെ ഇന്ത്യ പിന്തുണയ്ക്കുന്നുമില്ല. ഇന്ത്യയുടെ ഉഭയക്ഷി ബന്ധങ്ങളോടും അമേരിക്ക ഇന്ത്യയ്ക്കു നല്കുന്ന പിന്തുണയോടും ചൈനയ്ക്ക് എതിര്‍പ്പുണ്ട്. ചൈനയുടെ ശത്രു രാജ്യങ്ങളായ യുഎസ്,ജപ്പാന്,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഖ്യത്തില്‍ ഇന്ത്യയുമുണ്ട്. എങ്കിലും പെട്ടെന്നൊരു പ്രകോപനത്തിനു ചൈനമുതിര്ന്നത് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയെ വരുതിയിലാക്കാന്‍ ചൈനയുടെ പദ്ധതികള്‍
ഇന്ത്യയെ എതിര്‍ക്കുന്ന അയല്‍രാജ്യങ്ങളുമായെല്ലാം നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ജമ്മുകാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനൊപ്പം നിന്നത് അതിനുദാഹരണമാണ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വിഷയമായ കാലാപാനി സംഭവത്തില്‍ ചൈന രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശ്രീലങ്ക, പാക്കിസ്ഥാന്, നേപ്പാള്‍, മാലിദ്ദ്വീപ്, തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചു വരുന്നുമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അയല്‍രാജ്യങ്ങളെ ഇന്ത്യയില്‍ നിന്നും അകറ്റി ഇന്ത്യയെ ഒറ്റപ്പെടുത്തുകയാണോ ചൈനയുടെ നീക്കത്തിനു പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ പൊരുതിയാല്‍.
ലോക ജനതയ്ക്കു മുന്നില്‍ കോവിഡ്-19 മഹാമാരിയുടെ ഉറവിടമെന്ന നിലയിന്‍ തലതാഴ്ത്തി നില്‍ക്കുകയാണ് ചൈന. മറ്റു രാജ്യങ്ങളില്‍ ഇന്ത്യയ്ക്കു സ്വീകാര്യതയേറി വരുകയുമാണ്. കയറ്റുമതിയിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ചൈനയുടെ പ്രധാന വിപണന രാജ്യങ്ങലിലൊന്ന് ഇന്ത്യയുമാണ്. ഇന്ത്യയുമായുള്ള കച്ചവട ബന്ധങ്ങളെ വിച്ഛേദിക്കാതിരിക്കാനെ ചൈന ശ്രമിക്കുകയുള്ളു.
ബോയിക്കോട്ട് ചൈന
ഇന്ത്യയില്‍ ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ ഉപയോഗിക്കുന്ന മുലക്കുപ്പിയും കളിപ്പാട്ടവും മുതല്‍ മരണക്കിടക്കയില്‍ ആവശ്യമായി വരുന്ന ഓക്സിജന്‍ സിലണ്ടറിനു വരെ നാം ആശ്രയിക്കുന്നത് ചൈനീസ് നിര്‍മ്മിത വസ്തുക്കളെയാണ്. നാം ഉപയോഗിക്കുന്ന ഭൂരിഭാഗം വസ്തുക്കളും ‘മെയ്ഡ് ഇന്‍ ചൈനയാണ് . എന്തിനേറെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബെല്‍ ഫോണുകളും അതില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആപ്ലിക്കേഷനുകളും ചൈനയില്‍ നിര്‍മിച്ചവയാണ്. അവയുടെ പലതിന്റെയും ഉപയോഗം വന്ധ്യത മുതല്ക്യാന്സറിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചൈനയുടെ അനിയത്രിതമായ ഇറക്കുമതിയെ കുറയ്ക്കാനും സ്വേദേശ നിര്‍മ്മിത വസ്തുക്കളുടെ ഉപയോഗം വര്‍ധിപ്പിക്കാനുമായി നടന്നിരുന്ന ക്യാംപേയിന് ആയിരുന്നു ബോയിക്കോട്ട് ചൈന. ഇന്ത്യയില്‍ ചൈന വിരുദ്ധവികാരം ശക്തി പ്രാപിച്ചാല്‍ അത് ചൈനയുടെ കച്ചവട സക്തിയെ സ്വാധീനിക്കും എന്നു തന്നെ പറയാം.
പ്രശ്ന പരിഹാരത്തിനു വഴികളെന്ത്?
കോവിഡ് മഹാമാരിക്കു മുമ്പില്‍ വിറച്ചു നില്‍ക്കുകയാണ് ലോകജനത. നിലവിലെ ലോക സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാവുന്നത് ആശാസ്യമല്ല. സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാന്‍ ഇരു രാഷ്ട്രങ്ങളും ശ്രമിക്കണം. അതിര്‍ത്തി രേഖകള്‍ക്കു കൃത്യതയുണ്ടാകുന്നതു വരെ നിലവിലെ പ്രക്ഷോഭങ്ങള്‍ക്കു സമാധാനമുണ്ടാകുകയില്ല. മറ്റു രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും അംഗീകരിക്കാവുന്ന തരത്തില്‍ ഉടമ്പടിയുണ്ടാക്കുകയാണ് വേണ്ടത്.
ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശക്തി താഴെപ്പറയും വിധമാണ്
ഇന്ത്യ | ചൈന | |
---|---|---|
പ്രതിരോധ ചെലവ് | 7000 കോടി ഡോളര്‍ | 26,100കോടി ഡോളര്‍ |
സൈനികര്‍ | 13.25ലക്ഷം | 23.35ലക്ഷം |
അണുവായുധം | 120-130വരെ | 270-300വരെ |
വിമാനങ്ങള്‍ | 2663 | 3749 |
ടാങ്കുകള്‍ | 4400 | 1300 |
കവചിത വാഹനങ്ങള്‍ | 2800 | 40000 |
റോക്കറ്റ് പ്രൊജക്ടേഴ്സ് | 226 | 2050 |
ഹെലികോപ്റ്റേഴ്സ് | 646 | 802 |
അറ്റാക്കിംങ്ഹെ ലികോപ്റ്റേഴ്സ് | 19 | 200 |
സർവീസ് വിമാനത്താവളങ്ങൾ | 6464 | 9150 |