ലോകത്ത് കോവിഡ് മരണസംഖ്യ 65000 ത്തിലേക്ക്; രോഗബാധിതർ 12ലക്ഷം കടന്നു

ന്യൂഡൽഹി : ലോകത്ത് കോവിഡ് ബാധിച്ച് മരണം അറുപത്തിനാലായിരം കടന്നു.12 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1048 പേരാണ്. ഫ്രാന്‍സ്, ബ്രിട്ടണ്, സ്പെയിന് എന്നിവടങ്ങളിലെല്ലാം മരണനിരക്ക് ഉയരുകയാണ്.
ഇതിനിടെ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് സ്പെയിന് രണ്ടാമതെത്തി.സ്പെയിനില്‍ 1,26,168 ഉം ഇറ്റലിയില്‍ 124,632 ഉം രോഗബാധിതരാണുള്ളത്. ജര്‍മനിയിലും ഫ്രാന്‍സിലും രോഗികള്‍ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ചൈനയിപ്പോള്‍ ആറാം സ്ഥാനത്തായി.
200 ലേറെ രാജ്യങ്ങളിലായി 12 ലക്ഷത്തില്‍പരം ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1040 ലേറെ മരണങ്ങള് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 630 പേര് മരിച്ചു. ഇവിടെ ആകെ മരണസംഖ്യ 3565 ആയി. അടുത്ത രണ്ടാഴ്ചക്കകം ന്യൂയോര്‍ക്കില്‍ കൂടുതല്‍ മരണങ്ങള് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ വ്യക്തമാക്കി. 3,10,233 ആണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനപ്രകാരം കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇറ്റലിയില്‍ പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ചൈന, ഇറാന്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്.