INSIGHTMoviesNEWSTop News

ഹോളിവുഡ് മാതൃകയില്‍ സിനിമയെടുക്കാന്‍ ശ്രമിച്ചവര്‍ ഇന്ന് തെക്കോട്ടു നോക്കി അന്ധാളിച്ചു നില്‍ക്കുകയാണ്; തെന്നിന്ത്യയില്‍ നിന്നുള്ള കടന്നുകയറ്റത്തെ തടയാന്‍ ഹിന്ദിവാലകള്‍ പടച്ചുവിടുന്ന സിനിമകള്‍ ഈയാംപാറ്റകള്‍ പോലെ വീണുപിടയുന്നു; സമകാലിക ഇന്ത്യൻ സിനിമകളെ കുറിച്ച് പ്രശസ്ത സിനിമാ നിരൂപകൻ എ ചന്ദ്രശേഖർ എഴുതുന്നു

എ ചന്ദ്രശേഖർ

തെന്നിന്ത്യൻ സിനിമ അതിർത്തികൾ ഭേദിച്ച് ഉത്തരേന്ത്യയിലും ജൈത്രയാത്ര നടത്തുന്നത് ഇപ്പോഴൊരു തരംഗമായി മാറിയിരിക്കുകയാണല്ലോ. ഇന്ത്യയൊട്ടാകെ ഇതിഹാസമാനം കൈവരിച്ച രാജമൗലിയുടെ ബാഹുബലിയോടെയാണ് ദക്ഷിണേന്ത്യൻ സിനിമയുടെ ഈ അശ്വമേധത്തിന് പുതുജീവൻ വച്ചത്. ഇന്ത്യൻ സിനിമ എന്നാൽ ഹിന്ദി സിനിമ എന്ന വ്യാജപ്രൗഢിയിൽ അഭിരമിക്കുന്ന മുംബൈ സിനിമാത്തമ്പുരാക്കന്മാരെ ഞെട്ടിച്ച വിജയമായിരുന്നു ബാഹുബലിയുടേത്. തുടർന്നു വന്ന കെ.ജി.എഫ്, പുഷ്പ, രാജമൗലിയുടെ തന്നെ ആർ ആർ ആർ, കെ.ജി.എഫ്-2 തുടങ്ങിയവയെല്ലാം ഉത്തരേന്ത്യൻ ബോക്സോഫീസിൽ തരംഗമായി. ഇപ്പോഴിതാ ഉലകനായകൻ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ഉത്തരേന്ത്യയിൽ നിന്നു മാത്രം 100 കോടിയിലേറെ രൂപ കളക്ട് ചെയ്തു.

അതേസമയം, അക്ഷയ് കുമാറിനെ നായകനാക്കി, ചാണക്യൻ പരമ്പരയുടെ രചയിതാവും സംവിധായകനും നടനുമൊക്കെയായ ഗവേഷകൻ പ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചരിത്രസിനിമയായ പൃഥ്വിരാജ് ചൗഹാൻ ആവട്ടെ നിലം തൊടാതെ പൊട്ടിപ്പാളീസായി. സമാനദുരന്തമായിരുന്നു കങ്കണ റണൗത് അടുത്തകാലത്തിറക്കിയ ചിത്രങ്ങൾക്കും നേരിടേണ്ടിവന്നത്. പൃഥ്വിരാജ് ചൗഹാൻ അക്ഷയ് കുമാറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്നാണ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കണക്കുകൾ ഉദ്ധരിച്ച് സ്ഥാപിച്ചത്.

പണവും നിറവും താരങ്ങളെയും വാരി നിറച്ച് ഉത്തരേന്ത്യൻ നിർമ്മാതാക്കൾ പടച്ചുവിടുന്ന ബഹുകോടി സിനിമകളെ, ചെറിയ ചുറ്റുപാടിൽ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് നിർമ്മിക്കപ്പെട്ടതും അല്ലാത്തതുമായ ദക്ഷിണേന്ത്യൻ സിനിമകൾ തേച്ചൊട്ടിക്കുന്നത് ഇതാദ്യമല്ല. 1948ൽ ഇന്ത്യ മുഴുവൻ തരംഗമായി മാറിയ, അതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരുന്ന ചന്ദ്രലേഖ നിർമ്മച്ചത് ജെമിനി സറ്റുഡിയോയ്ക്കു വേണ്ടി എസ് എസ് വാസൻ ആയിരുന്നു. തമിഴിലും പിന്നീട് ഹിന്ദിയിലും നിർമ്മിക്കപ്പെട്ട ചിത്രം ഹിന്ദിയിൽ അക്കാലത്തേ ഏറ്റവും വലിയ ഹിറ്റായിത്തീർന്നു. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യൻ സിനിമയുടെ തേരോട്ടം അവിടെ തുടങ്ങുന്നു.

കാലാകാലം തെന്നിന്ത്യൻ ഭാഷകളിൽ ഹിറ്റായ സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റുകയും അവയിൽ പലതും സാമാന്യവും അസാമാന്യവുമായ വിജയം നേടുകയും ചെയ്തിട്ടുണ്ട്. സൂപ്പർ മെഗാതാര ഭേദമില്ലാതെ എല്ലാ ഹിന്ദി നടന്മാരും ഇതിന് പാത്രമാവുകയും ചെയ്തു. മലയാളത്തിൽ നിന്ന് സിദ്ധീഖ്-ലാലിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളുടെ റീമേക്കുകളിലൂടെ ഹിന്ദിയിൽ പ്രിയദർശൻ മെഗാ താരമാക്കിയ ആളാണ് അക്ഷയ് കുമാർ. സൽമാൻ ഖാന്റെ തേരേ നാം (ബാലയുടെ തമിഴ് സിനിമ സേതുവിന്റെ റീമേക്ക്), ആമിർ ഖാന്റെ ഗജിനി (മുരുകദാസിന്റെ തന്നെ തമഴ് സിനിമയുടെ റീമേക്ക്) മുതൽ ഷാഹിദ് കപൂറിന്റെ കബീർ സിങ് (തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ റീമേക്ക്) വരെ ഇങ്ങനെ പുനർനിർമ്മിക്കപ്പെട്ടവയാണ്. മലയാളത്തിൽ നിന്നു തന്നെ ദൃശ്യം അടക്കം എത്രയോ സിനിമകൾ ഇങ്ങനെ ഭാഷാ അതിരുകൾ താണ്ടിയിട്ടുണ്ട്.ഇവയിൽ ബാലചന്ദർ സംവിധാനം ചെയ്ത ഏക് ദുജേ കെ ലിയേ (1981) പ്രത്യേകപരാമർശമർഹിക്കുന്നു. കമൽ ഹാസന്റെ ഹിന്ദി പ്രവേശത്തിനു കളമൊരുക്കിയ, ഹിന്ദിയിൽ ഒരു കൾട്ടിനു തന്നെ തുടക്കമിട്ട ഈ ചിത്രം ബാലചന്ദറിന്റെ തന്നെ മാറോചരിത്രയുടെ റീമേക്കായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ പണംവാരിപ്പടങ്ങളായ ഷോലെ, ദിൽവാല ദുലനിയ ലേ ജായേംഗെ പോലുള്ള ഇതിഹാസചിത്രങ്ങൾ ഹിന്ദിയിലുണ്ടായിട്ടുണ്ട്. ഹിന്ദി ഭാഷയിലായതുകൊണ്ട് ആ സിനിമകൾക്കൊക്കെ അഖിലേന്ത്യ വിപണിയും ലഭ്യമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെലുങ്കിൽ നിന്നും കന്നടയിൽ നിന്നും തമിഴിൽ നിന്നുമൊക്കെയുള്ള സിനിമകൾ ഉത്തരേന്ത്യയിലാകമാനം, ഇന്ത്യയൊട്ടാകെ തന്നെ സ്വീകാര്യത നേടുന്നത് എന്നതാണ് സവിശേഷ ശ്രദ്ധയാകർഷിക്കുന്നത്. അതിലുപരി, എല്ലാ ശക്തിയും സംഭരിച്ച് സർവതന്ത്രങ്ങളും പയറ്റി തെന്നിന്ത്യയിൽ നിന്നുള്ള ഈ കടന്നുകയറ്റത്തെ തടയാൻ ഹിന്ദിവാലകൾ പടച്ചുവിടുന്ന സിനിമകൾ അവയ്ക്കു മുന്നിൽ ഈയാംപാറ്റകൾ പോലെ വീണുപിടയുന്നു എന്നതാണ് സമകാലിക പ്രതിഭാസം. ഇതിനും ചരിത്രത്തിൽ നിന്ന് ചില സമാനസന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
സാങ്കേതികതയിൽ ഇന്ത്യൻ സിനിമയിൽ പല മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുള്ളത് മലയാളം സിനിമയാണ്. ഷോലെ ഇന്ത്യൻ ഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ 70 എംഎം സിനിമയാണെങ്കിലും അതിന്റെ സാങ്കേതികജോലികൾ നിർവഹിക്കപ്പെട്ടത് ഇന്ത്യയ്ക്കു പുറത്താണ്. അതുകൊണ്ടു തന്നെ പൂർണമായി ഇന്ത്യയിൽ തന്നെ പൂർത്തിയാക്കിയ ആദ്യത്തെ 70 എംഎം 6 ട്രാക്ക് സ്റ്റീരിയോഫോണിക്ക് ചിത്രം എന്ന ബഹുമതി നവോദയയുടെ പടയോട്ടത്തിനാണ്.

പടയോട്ടം

അലക്‌സാണ്ടർ ദ്യൂമയുടെ ദ് കൗണ്ട് ഓഫ് മോണ്ടിക്രിസ്‌റ്റോയുടെ കഥാമർമ്മം പ്രമേയമാക്കി പ്രിയദർശൻ രചിച്ച് പിന്നീട് ഗോവിന്ദൻകുട്ടി മിനുക്കിപ്പണിത സ്‌ക്രിപ്റ്റാണ് പടയോട്ടത്തിന്റേത്. പ്രേം നസീർ, മധു, ലക്ഷ്മി മുതൽ അന്നത്തെ യുവനിരയിലെ ശങ്കർ പൂർണിമാജയറാം മോഹൻലാൽ വരെടയുള്ള വൻ താരനിര പ്രത്യക്ഷപ്പെട്ട ബിഗ് ബജറ്റ് സിനിമ.വടക്കൻ പാട്ട് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കപ്പെട്ട കൽപിത പ്രതികാരകഥയായിരുന്നു പടയോട്ടം.

മലയാളസിനിമയിൽ ആധുനിക സാങ്കേതികവിദ്യ പരീക്ഷികുകയും പരിചയപ്പെടുത്തുകയും ചെയ് ത നവോദയ പ്രൊഡക്ഷറസിന്റെയും സ്റ്റുഡിയോയുടെയും സംഭാവന തന്നെയായിരുന്നു പടയോട്ടം. ഷോലെ 65 എംഎം ഫിലിമിൽ ചിത്രീകരിച്ച് നെഗറ്റീവ് ലണ്ടനിലെത്തിച്ച് 70 എംഎമ്മിലേക്ക് ബ്‌ളോ അപ്പ് ചെയ്ത് പ്രിന്റ ് എടുക്കുകയായിരുന്നു. എന്നാൽ സിനിമാസ്‌കോപ്പിൽ ചിത്രീകരിച്ച പടയോട്ടത്തിന്റെ 70 എം എമ്മിലേക്കുള്ള ബ്‌ളോയിങ് അപ്പും പ്രിന്റിങുമെല്ലാം ചെന്നൈയിലെ പ്രസാദ് ലബോറട്ടറിയിലാണ് സാധിച്ചെടുത്തത്.
കേരളത്തിൽ തന്നെ എല്ലാ ജില്ലകളിലും സെവന്റി എംഎം സ്‌ക്രീനില്ലാതിരുന്ന കാലമാണെന്നോർക്കണം. സറൗണ്ട് ശബ്ദക്രമീകരണമെന്നൊന്നും കേട്ടിട്ടുകൂടിയില്ല. നാലു ട്രാക്ക് ശബ്ദം തന്നെ അപൂർവവും ആഡംബരവുമായി കരുതുകയും കേരളത്തിൽ എറണാകുളം പോലുള്ള നഗരങ്ങളിലെ ചുരുക്കം പ്രദർശനശാലകളിൽ മാത്രം നിലവിലുണ്ടായിരിക്കുകയും ചെയ്ത കാലം. അപ്പോഴാണ് ആറു ട്രാക്കിൽ സറൗണ്ട് സൗണ്ടിന്റെ ശബ്ദവിസ്മയവുമായി പടയോട്ടത്തിന്റെ വരവ്.

തിരുവനന്തപുരത്ത് എസ് എൽ തീയറ്റർ ചതുഷ്‌കത്തിൽപ്പെട്ട അതുല്യ എന്ന കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ സെവന്റി എംഎം തീയറ്ററിലെ ഉദ്ഘാടന ചിത്രമായിരുന്നു പടയോട്ടം. സ്‌ക്രീൻ നിറഞ്ഞു നിൽക്കുന്ന വലിപ്പവും വീതിയുമേറിയ ദൃശ്യങ്ങളേക്കാൾ അന്നു പ്രേക്ഷകരെ ഞെട്ടിച്ചത് തങ്ങൾക്കു ചുറ്റുമായി ചിതറിക്കേട്ട ശബ്ദരേഖയാണ്. ദൂരെ നിന്നു പാഞ്ഞു വരുന്ന കുതിരകളുടെ കുളമ്പടിയൊച്ചയും ഒരു വശത്തു കൂടി നീങ്ങി പിന്നിൽക്കൂടി മറുവശത്ത് അവസാനിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നതും, ഓരോരുത്തരുടെ സംഭാഷണവും വെളളിത്തിരയിൽ അവരുടെ സ്ഥാനങ്ങൾക്കനുസരിച്ച് വിവിധ ദിക്കുകളിൽ നിന്നു കേൾക്കാനാവുന്നതുമൊക്കെ തീയറ്ററിൽ പ്രേക്ഷകരെ കോൾമയിർകൊള്ളിക്കുക തന്നെ ചെയ്തു.

ത്രിമാനസിനിമയടക്കം പല പുതുമകളും ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയ കഴിവുറ്റ ചലച്ചിത്രപ്രതിഭയായ ജിജോ പുന്നൂസിന്റെ ബുദ്ധിയിലും മനസിലും വിരിഞ്ഞ വൻകിട സ്വപ്നമായിരുന്നു പടയോട്ടം. (ഇപ്പോൾ മോഹൻലാൽ സംവിധായകനാവുന്ന ബറോസിന് തിരക്കഥയെഴുതിയതും ജിജോ തന്നെ)സിനിമയുടെ മായികതയിൽ വിസ്മയിക്കുകയും അതു കാട്ടി വിസ്മയിപ്പിക്കുകയും ചെയ്യുന്നതിൽ എന്നും സംതൃപ്തി കണ്ടെത്തിയിട്ടുള്ള ജിജോ എന്ന ചലച്ചിത്രകാരറ് അതൊരു വെല്ലുവിളിയായി സ്വീകരിച്ചതിൽ അദ്ഭുതത്തിനു വകയില്ല.വടക്കൻപാ
ട്ടു സിനിമകളിലൂടെ മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര സ്ഥാപിച്ചെടുത്ത ഉദയാ സ്റ്റുഡിയോയുടെ പൈതൃകവഴിയിൽപ്പെട്ട നവോദയയുടെ ആത്മാവും ശരീരവുമായിരുന്ന, കുഞ്ചാക്കോയുടെ നേരനുജൻ എം.സി.പുന്നൂസ് എന്ന നവോദയ അപ്പച്ചന്റെ മൂത്തമകനായ ജിജോ ഇത്തരത്തിലൊരു ദൃശ്യസാഹസത്തിനു മുതിർന്നപ്പോഴും പാരമ്പര്യവഴി തന്നെയാണ് സ്വീകരിച്ചത്.
ശബ്ദദൃശ്യഘടകങ്ങളിൽ കൂടുതൽ സാധ്യതകളുപയോഗിക്കാൻ പറ്റുന്ന വടക്കൻപാട്ട് കഥകളോട് ഇണങ്ങിച്ചേർന്ന ഇതിവൃത്തം തന്നെ കണ്ടെത്തുകയായിരുന്നു ജിജോയ്ക്കു മുന്നുലണ്ടായിരുന്ന ആദ്യ വെല്ലുവിളി. ഒരേ സമയം ദൃശ്യപ്പൊലിമയും ശബ്ദപ്പൊലിമയും സാധ്യമാക്കുന്ന വിഷയമാവണം. അങ്ങനെയൊരു വിഷയമാണ് ജിജോയും സ ഹായികളും ആദ്യമന്വേഷിച്ചത്. അന്ന് നവോദയിലെ സർഗാത്മകയുവസംഘത്തിൽ ഫാസിൽ, സിബി മലയിൽ പ്രിയദർശൻ, പിൽക്കാലത്ത് പരസ്യചിത്രസംവിധായകനായി പേരെടുത്ത മാത്യുപോൾ തുടങ്ങിയവരുണ്ടായിരുന്നു.
ചില സിനിമകൾക്ക് മറ്റുള്ളവരുടെ പേരിൽ അതിനോടകം തിരക്കഥകളെഴുതിയിട്ടുള്ള പ്രിയദർശനാണ് താൻ വായിച്ച അല്ക്‌സാണ്ടർ ദ്യൂമയുടെ വിഖ്യാത ഫ്രഞ്ച് ക്‌ളാസിക്കിന്റെ കാര്യം നിർദ്ദേശിക്കുന്നത്. ആ കഥ വടക്കൻപാട്ട് പശ്ചാത്തലത്തിലേക്ക് മാറ്റിപ്പണിതാൽ മികച്ചൊരു രാജകീയ പ്രതികാരസിനിമയ്ക്കുളള വകയാവുമെന്ന് ജിജോയ്ക്കും കൂടെയുള്ളവർക്കും തോന്നി. അങ്ങനെയാണ് പ്രിയദർശൻ കോലത്തിരി നാട്ടിലെ ഇളമുറത്തമ്പുരാനായ ഉദയന്റെയും ജ്യേഷ്ഠൻ രാജയുടെയും കഥ പടയോട്ടമായി വികസിപ്പിക്കുന്നത്.

ഉദയാ നവോദയ സ്റ്റുഡിയോകളുടെ വടക്കറപാട്ടു സിനിമകൾക്കു തിരക്കഥയൊരുക്കി പ്രശസ്തനായ നടനും നാടകകൃത്തുമായ എറ ഗോവിന്ദൻകുട്ടിയാണ് ആ തിരക്കഥയെപൂർണമായി ഉത്തരകേരളത്തിന്റെ ചരിത്രപശ്ചാത്തലത്തിലേക്കു മാറ്റിയെഴുതിയത്. അതുകൊണ്ടു തന്നെ ചിത്രത്തിൽ തിരക്കഥാകൃത്തായി ഗോവിന്ദൻകുട്ടിയുടെ പേരാണുള്ളത്. അസിസ്റ്റന്റ ്മാരുടെ പട്ടികയിൽ സ്‌ക്രിപ്റ്റ് അസിസ്റ്റന്റ് എന്ന പേരിലാണ് പ്രിയദർശനെ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പിൽക്കാലത്ത് പല അഭിമുഖങ്ങളിലും പ്രിയദർശന്റെ നിർണായക പങ്കാളിത്തത്തെ ജിജോയും ഫാസിലും സിബിമലയിലുമെല്ലാം വെളിപ്പെടുത്തുകയും അംഗീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സെക്കൻഡ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സിബി മലയിൽ.

അന്നത്തെ നിലയ്ക്ക് ഒരു കോടി രൂപ ബജറ്റിൽ നിർമിച്ച ബഹുതാരചിത്രമായിരുന്നു പടയോട്ടം. പഴയ തലമുറയിലെയും പുതുതലമുറയിലെയും മുറനിരത്താരങ്ങളിൽ നല്ലൊരു പങ്കും പ്രത്യക്ഷപ്പെട്ട സിനിമ. കോലത്തിരി രാജാവിന്റെ രണ്ട് അനന്തരവന്മാരായ രാജയായി മധുവും അനിയറ ഉദയനായി വടക്കൻ പാട്ടുസിനിമകളുടെ സ്ഥിരം നായകനായ പ്രേംനസീറുമാണ് പ്രത്യക്ഷപ്പെട്ടത്. രാജ്യാധികാരത്തിനു വേണ്ടിയല്ല, തന്നെ വിട്ട് ഉദയനനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന മുറപ്പെണ്ണായ പാർവതിയെ സ്വന്തമാക്കുക എന്ന സ്വാർത്ഥമോഹത്തിനു വേണ്ടിക്കൂടിയാണ് രാജ അനുജനെ കൊമ്പൻ എന്ന കൊള്ളക്കാരന് ഒറ്റുകൊടുക്കുന്നത്. കൊട്ടാരത്തിനുള്ളിൽത്തന്നെയുള്ള രാജ്യദ്രോഹികളും ഉദയനറ അധികാരത്തിലേറിയാൽ സ്വന്തം താൽപര്യങ്ങൾ നടക്കില്ലെന്നുറപ്പുള്ളവരുമായ മന്ത്രി പെരുമനക്കുറുപ്പിന്റെയും സൈന്യാധിപൻ കമ്മാരന്റെയും പ്രേരണയും അതിനുപിന്നിലുണ്ടായിരുന്നു. കൊമ്പന്റെ പിടിയിലാകുന്ന ഉദയനെ കൊല്ലാനേൽപ്പിക്കുകയാണെങ്കിലും അവരയാളെ അടിമക്കപ്പലിലേക്കയയ്ക്കുകയാണ്.

അറബിനാടുകളിലേക്കുള്ള കപ്പിലിലെ നൂറുകണക്കിന് അടിമപ്പണിക്കാരിലൊരാളായി നരകയാതനയനുഭവിക്കുന്ന ഉദയൻ വർഷങ്ങൾക്കുശേഷം കപ്പലിൽ നടക്കുന്ന അടിമവിപ്‌ളവത്തിന്റെ നേതാവായി തമ്പാൻ എന്ന പേരിൽ വൻ പണക്കാരനും വണിക്കുമായി ഒഴുകുന്ന കൊട്ടാരത്തിൽ കോലത്തിരിനാട്ടിലേക്ക് മടങ്ങിയെത്തുന്നു. കപ്പലിൽ വച്ചു പരിചയപ്പെടുന്ന അലിരാജയുടെ ഇട്ടുമൂടാനാവാത്തത്ര സ്വത്തിന് അധിപതിയാകുന്ന ഉദയൻ അയാളുടെ മകൾ ലൈലയെ സ്വന്തം മകളായി ഏറ്റെടുക്കുന്നു.

മനസുനിറയെ തന്നെ ചതിച്ച രാജയോടുള്ള പ്രതികാരവുമായി വരുന്ന തമ്പാന്റെ കരുതിക്കൂട്ടിയുള്ള നീക്കങ്ങളിൽ ചതുരംഗത്തിലെ കരുക്കളെന്നപോലെ കുറുപ്പും കമ്മാരനും ഒടുവിൽ രാജയും ഇരകളായി വീഴുന്നു. അതിനോടകം രാജയുടെ ഭാര്യയും കുട്ടികളുടെ അമ്മയുമായിക്കഴിഞ്ഞ പാർവതിക്കു മാത്രമേ ഉദയനെ തിരിച്ചറിയാനാവുന്നുള്ളൂ. ഇതിനിടെ സ്വന്തം വളർത്തുമകളായ ലൈല ദേവന്റെയും പാർവതിയുടെയും മകൻ ചന്ദ്രനുമായി പ്രണയത്തിലാവുന്നു. തമ്പാറ വിരിച്ച വലയിൽ കുടുങ്ങി പെരുമനക്കുറുപ്പും കമ്മാരനും ഇല്ലാതാവുന്നതിനിടെ, ദേവനുവേണ്ടി തമ്പാനൊരുക്കുന്ന ചതിയെപ്പറ്റി കമ്മാരന്റെ മകനും ചന്ദ്രന്റെ ഉറ്റചങ്ങാതിയുമായ കണ്ണൻ ചന്ദ്രനെ ധരിപ്പിക്കുന്നു. പിതാവിനെതിരേ നടക്കുന്ന ഗൂഢാലോചന മനസിലാക്കുന്ന ചന്ദ്രൻ തമ്പാനെ പരസ്യമായി വെല്ലുവിളിക്കുന്നുവെങ്കിലും അമ്മയിൽ നിന്ന് സ്വന്തം പി താവിന്റെ ചതി തിരിച്ചറിയുന്ന ചന്ദ്രൻ ചെറിയച്ഛനു മുന്നിൽ കീഴടങ്ങുകയാണ്. ഉദയനാണ് തമ്പാൻ എന്നു മനസിലാക്കാതെ അയാളോട് നേരിട്ട് പകവീട്ടാൻ ചെല്ലുന്ന ദേവൻ ശത്രു താൻ വഞ്ചിച്ച സ്വന്തം രക്തത്തിൽപ്പിറന്ന സഹോദരനാണെന്ന് തിരിച്ചറിയുന്നതോടെ തളരുന്നു.

എന്നാൽ, സ്വന്തം മകനെപ്പോലെ ദേവൻ വളർത്തി വലുതാക്കിയ ചന്ദ്രറ യഥാർത്ഥത്തിൽ തന്റെ മകനാണെന്ന സത്യമറിയുന്ന ഉദയന്റെ പ്രതികാരം അലിഞ്ഞില്ലാതാവുന്നു. അതിനിടെ, കോലത്തിരിനാട്ടിൽ കണ്ണുവച്ചിരുന്ന കൊമ്പൻ ദേവനെ ആക്രമിച്ച് കോലത്തിരി കീഴടക്കാൻ ശ്രമി
ക്കുമ്പോൾ തമ്പാന്റെ സൈന്യം അതിൽ നിന്ന് നാടിനെ രക്ഷപ്പെടുത്തുന്നു. ഒടുവിൽ ലൈലയെ ചന്ദ്രന്റെ കയ്യിൽ ഏൽപിച്ചു സ്വയം വിടുതൽ നേടുന്ന ഉദയൻ എന്ന തമ്പാൻ എങ്ങോട്ടെന്നില്ലാതെ നടന്നു മറയുന്നിടത്ത് പടയോട്ടം സമാപിക്കുന്നു.

ലോകത്തു ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി റെക്കോർഡിട്ട അനുഗ്രഹീത നടൻ പ്രേംനസീറിന്റെ അഭിനയജീവിതത്തിൽ ഇരുട്ടിന്റെ ആത്മാവ് കഴിഞ്ഞാൽ ഏറ്റവും പ്രത്യേകതകളുള്ള അവിസ്മരണീയമായ വേഷമായിരുന്നു പടയോട്ടത്തിലേത്. ആദ്യപകുതിയിൽ ഇളയതമ്പുരാനായ ഉദയനനായും രണ്ടാം പകുതിയിൽ ഇരുണ്ടതലത്തിൽ നിഗൂഢതയുള്ള പ്രതികാരദാഹിയായ തമ്പാനായും പ്രേംനസീർ അന്നോളമുള്ള തന്റെ അഭിനയരീതികളെ മാറ്റിവച്ച് ചിത്രമാവശ്യപ്പെട്ട നിലയ്ക്കുള്ള പ്രകടനം തന്നെ കാഴ്ചവച്ചു. തമ്പാനായുള്ള വേഷപ്പകർച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിത്തന്നെ കണക്കാക്കപ്പെടുന്നതുമായി.ദേവനും ഉദയനും ഒരു പോലെ പ്രണയിക്കുന്ന പാർവതിയായി ലക്ഷ്മിയും വില്ലന്മാരായ കുറുപ്പായി ഗോവിന്ദൻകുട്ടിയും കൊമ്പനായി സിലോൺ മനോഹറുമാണ് വേഷമിട്ടത്. അന്ന് ചെറുവേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്ന മമ്മൂട്ടിയായിരുന്നു വഞ്ചകനായ കമ്മാരൻ. കമ്മാരന്റെ മകൻ കണ്ണനായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ മോഹൻലാലും. മമ്മൂട്ടി മോഹൻലാലിന്റെ പിതാവായി വേഷമിട്ട ഒരേയൊരു സിനിമയും പടയോട്ടമാണ്. അന്തരിച്ച സ്വഭാവനടൻ കൊതു കുനാണപ്പന്റെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു പടയോട്ടം.

നവോദയയുടെ സൂപ്പർഹിറ്റായ മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ താരനിരയെ മുഴുവൻ പടയോട്ടത്തിലും അണിനിരത്താൻ പിണണിപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചു. ഉദയനിൽ പാർവ തിക്കു ജനിക്കുന്ന ചന്ദ്രനായി ശങ്കറും, തമ്പാന്റെ വളർത്തുപുത്രി ലൈലയായി പൂർണിമാ ജയറാമുമാണ് പ്രത്യക്ഷപ്പെട്ടത്. തിക്കുറിശ്ശി സുകുമാരൻനായർ,സത്താർ, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരറ, ജി.കെ.പിള്ള, അച്ചറകുഞ്ഞ്, സുകുമാരി, ആലുമ്മൂടൻ, ബാലൻ കെ.നായർ, കൊതുകു നാണപ്പൻ തുടങ്ങിയവർക്കൊപ്പം നൂറുകണക്കിന് ജൂനിയർ ആർടിസ്റ്റികളുമടങ്ങിയ വൻ താരനിരയാണ് പടയോടത്തിലണിചേർന്നത്. തുമ്പപ്പൂ വേണ്ടേ എന്ന ചോദ്യവുമായി ചിത്രത്തിൽ ഒരു മുസ്ലിം പെൺകുട്ടിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ദേശീയ ബഹുമതി നേടിയ ബാലനടൻ മാസ്റ്റർ സുരേഷും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ചിത്രത്തിലെ ഈ വേഷം കൂടി പരിഗണിച്ചാണ് 82ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് മാസ്റ്റർ സുരേഷിനെ തേടിയെത്തിയത്.

കലാസംവിധാനത്തിന്റെ കാര്യത്തിലാണ് പടയോട്ടം അന്നോളമുള്ള മലയാള സിനിമയെ പിന്തള്ളി പുതിയ ചരിത്രമെഴുതിയത്. മലമ്പുഴയിലും മറ്റുമായി കെട്ടിയുയർത്തിയ കൂൻ സെറ്റുകൾക്കൊപ്പം നിരത്തി ഓരോ കരുക്കൽ എന്ന പാട്ടുരംഗത്ത് അറബി നാട്ടിൽ നിന്ന് ഭാരതപ്പുഴവഴി ഒഴുകയെത്തുന്ന ചതുരംഗത്തറയുള്ള കൊട്ടാരം അക്കാലത്ത് അത്ഭുതക്കാഴ്ചതന്നെയായി. പിന്നീട് പല ഏറ്റുമുട്ടലുകൾക്കും അരങ്ങായിത്തീരുന്ന ഈ ഒഴുകുന്ന കൊട്ടാരം വലിയ ചങ്ങാടത്തിൽ അണിയിച്ചൊരുക്കിയത് എസ്. കോന്നനാട്ടായിരുന്നു. ദൃശ്യപരിചരണത്തിലും ഏറെ സവിശേഷത അവകാശപ്പെടാനായ സിനിമയായിരുന്നു പടയോട്ടം. സെവന്റി എം എമ്മിന്റെ സൂപ്പർ വൈഡ് സ്‌ക്രീൻസാധ്യതകൾ പരമാവധി വിനിയോഗിക്കുക എന്നതായിരുന്നു ഛായാഗ്രാഹകൻ നേരിട്ട പ്രധാന വെല്ലുവിളി. മലയാളത്തിലെ കൈത്തഴക്കം വന്ന ഛായാഗ്രാഹകരിൽ ഒരാളായ, അകാലത്തിൽ അന്തരിച്ച രാമചന്ദ്രബാബുവായിരുന്നു പടയോട്ടത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. സാഹസിക രംഗങ്ങളിൽ ചിലതിലും രണ്ടാം യൂണിറ്റിലുമായി അനുഗ്രഹീത ഛായാഗ്രാഹകനും സംവിധായകനുമായ ജെ.വില്യംസും സഹകരിച്ചു. സിനിമാസ്‌കോപ്പിൽ ചിത്രീകരിച്ച് സെവന്റി എമ്മെമ്മിലാക്കുന്നതുകൊണ്ടുതന്നെ ദൃശ്യത്തികവിൽ കുറവുവരാനുള്ള സാധ്യതകളേറെയായിരുന്നു.

അതുകൊണ്ടു തന്നെ ചിത്രീകരണസമയത്ത് അത്രയേറെ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നു. മുപ്പതിലധികം നർത്തകരും നൂറുകണക്കിനാളുകളുമൊക്കെ പങ്കെടുക്കുന്ന രംഗങ്ങളുടെ ചിത്രീകരണം രാമചന്ദ്രബാബു കൃതഹസ്തതയോടെയാണ് നിർവഹിച്ചത്. ദൃശ്യത്തിനൊപ്പം ശബ്ദപഥത്തിനും നിർണായക സ്ഥാനമുണ്ടായിരുന്ന ചിത്രമായിരുന്നല്ലോപടയോട്ടം. ആറു ട്രാക്കിൽ അത് വിദഗധ് മായി നിർവഹിച്ചത് പൂർണമായി കെ.എസ.എഫ.്ഡി.സിയുടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് സൗണ്ട് റെക്കോർഡിസ്റ്റ് ആയിരുന്ന പി.ദേവദാസാണ്. സൗണ്ട് ഡിസൈൻ എന്ന സാങ്കേതിക സംജ്ഞയൊക്കെ ഇന്ത്യൻ സിനിമയിൽ കേട്ടുകേൾവിമാത്രമായിരുന്ന കാലമാണെന്നോർക്കണം. പശ്ചാത്തലശബ്ദങ്ങൾ കൊണ്ട് ആറു ട്രാക്കിൽ ഇന്ദ്രജാലം പ്രകടമാക്കിയത് വാരം തോമസ് ആയിരുന്നു.
നവോദയചിത്രങ്ങളുടെ സ്ഥിരം സന്നിവേശകനായ ടി.ആർ ശേഖറായിരുന്നു ചിത്രസന്നിവേശം നിർവഹിച്ചത്. വസ്ത്രാലങ്കാരത്തിലും വലിയ മികവു പുലർത്തിയ ചിത്രമായിരുന്നു പടയോട്ടം. കെ.ശേഖർ രൂപകൽപന ചെയ്ത വസ്ത്രങ്ങൾ സജ്ജമാക്കിയത് അമാനാണ്.

സൂപ്പർ ഹിറ്റ് ഗാനങ്ങളാലും അതുവരെ കാണാത്ത ദൃശ്യചാരുതയോടെ ചിത്രീകരിക്കപ്പെട്ട ഗാനചിത്രീകരണരംഗങ്ങളാലും സമ്പന്നമായിരുന്നു പടയോട്ടം. വയലാറും പി ഭാസ്‌കരനു മൊക്കെ തുടർച്ചയായി ഗാനങ്ങളെഴുതിയ ഉദയ-നവോദയ സ്റ്റുഡിയോയ്ക്കു വേണ്ടി കാവാലം നാരായണപ്പണിക്കരാണ് പടയോട്ടത്തിന്റെ ഗാനങ്ങളെഴുതിയത്. ഗുണസിങ്, ജി ദേവരാജൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ തുടങ്ങിയ സംഗീത സംവിധായ കർക്ക് പുല്ലാങ്കുഴൽ വാദകനായി നവോദയയുടെതന്നെ ‘തീക്കടൽ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഗുണ സിംഗ് ആണ് പടയോട്ടത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടത്. അവയിൽ യേശുദാസ് പാടിയ ആഴിക്കങ്ങേ കരയുണ്ടോ യാമങ്ങൾക്കൊരു മുടിവുണ്ടോ എന്ന ഗാനവും വാണിജയറാമും സംഘവും പാടിയ താത്തെയ്യത്തോമും നിരത്തി ഓരോ കരുക്കളും ഏറെക്കാലം ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചവയായി. ഓർക്കസ്‌ട്രേഷനിലും സംഗീതസന്നി വേശത്തിലും സവിശേഷത പ്രകടിപ്പിച്ച ഗാനങ്ങളായിരുന്നു അവ. പശ്ചാത്തല സംഗീതത്തിലുംപടയോട്ടം വേറിട്ട ശബ്ദാനുഭവം തന്നെ കേൾപ്പിച്ചുതന്നു.

എസ്.പി രാമനാഥനായിരുന്നു റീ റെക്കോർഡിങ് നിർവഹിച്ചത്. 1982 സെപ്റ്റംബർ ഒന്നിന് ഓണസീസൻ ലക്ഷ്യമാക്കി പുറത്തിറക്കിയ പടയോട്ടം അഭൂതപൂർവമായ വിജയമാണ് നേടിയത്. കേരളത്തിനൊപ്പം ഇന്ത്യറ പട്ടണങ്ങളിലും ഒരേസമയം റിലീസ് ചെയത് ചിത്രം കൂടിയായി പടയോട്ടം. സെവന്റി എം എം പ്രദർശിപ്പിക്കാൻ സാധിക്കുന്ന പ്രൊജക്ടറുകളുള്ള തീയറ്ററുകളിൽ മാത്രമേ ചിത്രം റിലീസായുള്ളൂവെങ്കിലും ഇറങ്ങിയ തീയറ്ററുകളിൽ ചെന്ന് കാണാനായി മാത്രം ആൾക്കൂട്ടം മറ്റിടങ്ങളിൽ നിന്ന് പടയോട്ടം പ്രദർശിപ്പിക്കുന്ന സിനിമാശാലകളിലേക്കെത്തുന്ന സ്ഥിതിയാണുണ്ടായത്. തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും ഒരേ സമയം ഒന്നിലേറെ തീയറ്ററുകളിൽ ഒരേസമയം പ്രദർശിപ്പിച്ചാണ് പടയോട്ടം ജനത്തിരക്ക് നിയന്ത്രിച്ചത്. മലയാള സിനിമ അതിന്റെ നിലവാരസൂചികയിൽ അടൂർ ഗോപാലകൃഷ്ണന്റെ മാസ്റ്റർപ്പീസായ എലിപ്പത്തായത്തിലൂടെ ലോകശ്രദ്ധ നേടിയ വർഷം തന്നെ പടയോട്ടത്തിലൂടെ സാങ്കേതികതയിലും കുതിച്ചുചാട്ടം രേഖപ്പെടുത്തി മലയാള കമ്പോള മുഖ്യധാര യ്ക്കും ചരിത്രമെഴുതാനായി എന്നത് യാദൃശ്ചികമെങ്കിലും മലയാളിക്ക് എക്കാലത്തും അഭിമാനിക്കാവുന്ന നേട്ടമായി മാറി.

മൈഡിയർ കുട്ടിച്ചാത്തൻ

നവോദയ തന്നെയാണ് 1984ൽ ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡയമെൻഷൻ (ത്രീ ഡി) അഥവാ ത്രമാന ചിത്രവും അവതരിപ്പിച്ചത്-മൈഡിയർ കുട്ടിച്ചാത്തൻ. 1984 ലെ ഓണക്കാലം. ഓഗസ്റ്റ് 24ന് ഇന്ത്യയിലെ വിനോദ വ്യവസായം അന്നോളം കണ്ടിട്ടില്ലാത്ത ഒരു അദ്ഭുതത്തിന് പരീക്ഷണവേദിയായി. കേരളത്തിലെ തെരഞ്ഞെടുത്ത സിനിമാത്തീയറ്ററുകളിൽ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രം, അതും മലയാളത്തിൽ നിർമിച്ച ചിത്രം റിലീസായി. പ്രത്യേക രാസവസ്തു പൂശി സജ്ജമാക്കിയ വെള്ളിത്തിരയിൽ തീയറ്ററിൽ നിന്ന് നൽകിയ സവിശേഷമായ പ്‌ളാസ്റ്റിക് കണ്ണടവച്ച് പ്രേക്ഷകർ ആ വിസ്മയക്കാഴ്ചയ്ക്ക് നേർസാക്ഷികളായി. എന്നും മലയാള സിനിമാവേദിയെ സാങ്കേതികവിപ്‌ളവം കൊണ്ട് അദ്ഭുതപ്പെടുത്തിയിട്ടുള്ള നവോദയ പ്രൊഡക്ഷറസ് അവതരിപ്പിക്കുന്ന ഒരു ബ്രഹ്‌മാണ്ഡ ദൃശ്യ വിസ്മയം, മൈഡിയർ കുട്ടിച്ചാത്തന്റെ ശീർഷകങ്ങൾ തെളിഞ്ഞത് പ്രേക്ഷകരുടെ നേരേ നീണ്ടു വന്ന ഒരു തടിക്കമ്പിനറ്റത്ത് പിടിപ്പിച്ച് 360 ഡിഗ്രി തിരിയുന്ന ചക്രം വച്ചൊരു നെയിം പ്‌ളേ റ്റ് കണ്ട് ആബാലവൃഏം പ്രേക്ഷകരും അദ്ഭുതം കൊണ്ട് നിലവിളിച്ചു. ലോകം മുഴുവറ ത്രീ ഡയമറഷൻ കൊണ്ട് വിപ്‌ളവം സൃഷ്ടിച്ച ജെയിംസ് കാമറൂണിന്റെ അവതാർ പുറത്തിറങ്ങുന്നതിനും കാൽ നൂറ്റാണ്ടു മുമ്പാണെന്നോർക്കണം. യൂറോപ്പിലെ അമ്യൂസ്‌മെന്റ ് പാർക്കുകളിൽ സന്ദർശകരെ കോരിത്തരിപ്പിച്ചിരുന്ന ത്രിമാന സാങ്കേതികവിദ്യയിൽ ഒരു മലയാള സിനിമ ഒരുക്കണമെന്നത് ജിജോ പുന്നൂസിന്റെ സ്വപ്നമായിരുന്നു. ഇന്ത്യയിൽ അന്നോളം ആരും പരീക്ഷിച്ചിട്ടില്ലാത്ത, ചെലവേറിയൊരു സിനിമാസംരംഭം. ഒറ്റവാചകത്തിൽപ്പറഞ്ഞാൽ ദൃശ്യ സാഹസം. പക്ഷേ ഇന്ത്യൻസിനിമയിൽ അതൊരു ആവർത്തിക്കപ്പെടാത്ത വിജയകഥയായിത്തീരുകയായിരുന്നു.

നീളവും വീതിയുമുള്ള സ്‌ക്രീനിലാണല്ലോ സാധാരണ സിനിമ പ്രദർശിപ്പിക്കുക. എന്നാൽ നീളത്തിനും വീതിക്കുമൊപ്പം ആഴം കൂടി പ്രകടമാക്കുന്ന വിദ്യയാണ് ത്രീഡയമഷൻ അഥവാ ത്രീഡി സാങ്കേതികവിദ്യ ചെയ്തത്. സവിശേഷ തരം ലെൻസുപയോഗിച്ച് ചിത്രീകരിച്ച് അത്തരത്തിൽ പ്രിന്റുകളെടുത്ത് സാധാരണ കാഴ്ചയിൽ മങ്ങിയതോ ചതഞ്ഞതോ ആയി കാണുന്ന ദൃശ്യങ്ങൾ പോളറൈസ് ചെയ്ത പ്രത്യേക തരം കണ്ണടയിലൂടെ നോക്കുമ്പോൾ സ്‌ക്രീൻ പ്രതലത്തിനു പുറത്തേക്കുന്തിയും അകത്തേക്കു തള്ളിയും ദൃശ്യങ്ങൾ കാണപ്പെടുകയെന്നത് അക്കാലത്തെന്നല്ല ഇന്നും അദ്ഭുതമുളവാക്കുന്നതു തന്നെയാണ്. ഈ സാ ങ്കേതികവിദ്യയാണ് വിദേശസാങ്കേതികവിദഗ്ധരുടെ ഉപദേശനിർദ്ദേശങ്ങളോടെ പൂർണമായും കേരളത്തിൽ രൂപകൽപന ചെയ്ത് ഇന്തൻ സാങ്കേതികവിദഗ്ധരെവച്ചുകൊണ്ട് ജിജോയും നവോദയ സാക്ഷാത്കരിച്ചത്. ലെൻസുകളുടെ കാര്യത്തിൽ മാത്രമാണ് ഹോളിവുഡ്ഡിൽ നിന്ന് നേരിട്ട് സാങ്കേതികസഹായം നേടിയത്. മറ്റുകാര്യങ്ങളിലെല്ലാം കേരളത്തിൽ നിന്നുള്ള സാങ്കേതികവിദഗ്ധരെ അമേരിക്കയിൽ കൊണ്ടുപോയി പരിശീലിപ്പിച്ചും വായിച്ചും കണ്ടും പഠിച്ചു മൊക്കെയായിരുന്നു നിർമ്മാണം.

പത്മരാജനെയാണ് ആദ്യം ത്രിമാന സിനിമയുടെ കഥയ്ക്കായി നവോദയ സമീപിച്ചത്. അദ്ദേഹം എഴുതുകയും ചെയ്തു. പക്ഷേ പിന്നീട് രഘുനാഥ് പലേരിയാണ് കുട്ടിച്ചാത്തൻ എന്ന കേരളീയ മിത്തിൽ നിന്ന് കുട്ടികളുടെ കൂട്ടുകാരനായ അതീന്ദ്രിയ കഥാപാത്രമെന്ന നിലയ്ക്ക് കഥയും തിരക്കഥയുമൊരുക്കിയത്. പ്രമേയത്തിലും ഇതിവൃത്തത്തിലും ആഖ്യാനത്തിലും അക്കാലത്ത് ലോകതരംഗമായി മാറിക്കഴിഞ്ഞ സ്റ്റീവൻ സ്പീൽബർഗിന്റെ എകസ്ട്രാ ടെറസ്ട്രിയൽ അഥവാ ഇടി എന്ന ഹോളിവുഡ് സിനിമയുടെ പ്രകടമായ സ്വാധീനം മൈഡിയർ കുട്ടിച്ചാത്തനിൽ കാണാമായിരുന്നു. എന്നിരുന്നാലും പകർപ്പെന്ന നിലയ്ക്ക് തരംതാഴാതെ തീർത്തും വ്യത്യസ്തമായൊരു ദൃശ്യാനുഭവമായിത്തന്നെ ചിത്രത്തെ അണിയിച്ചൊരുക്കാറ അണിയറപ്രവർത്തകർക്കു സാധിച്ചു. കുട്ടികളുടെ ചിത്രമായിട്ടാണ് വിഭാവന ചെയ്തതെങ്കിലും മുതിർന്നവർക്കും മടുപ്പുകൂടാതെ കാണാനാവുംവിധമായിരുന്നു ഇതിവൃത്തത്തെ രൂപപ്പെടുത്തിയത്. സാങ്കേതികകൗതുകത്തിനപ്പുറം കണ്ടവർ തന്നെ വീണ്ടും വീണ്ടും കണ്ടാൽ മാത്രം മുതലാവുന്നൊരു ബജറ്റിലാണ് ചിത്രം നിർമിച്ചത്. അതു കൊണ്ടുതന്നെ അത് തരംഗമായി മാറിയാൽ മാത്രമേ മുടക്കുമുതൽ തിരികെക്കിട്ടൂ എന്ന് നിർമാതാക്കൾക്കുറപ്പായിരുന്നു. കേരളത്തിൽ നിന്നു മാത്രം അതുണ്ടാവുകയില്ലെന്ന തിരിച്ചറിവി ലാണ് ബഹുഭാഷാ അഭിനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടും ഭാഷാ അതിരുകൾക്കുപരിയായി സ്വീകരിക്കപ്പെടാനിടയുള്ള ബാലതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ടും നവോദയ കുട്ടിച്ചാത്തന്റെ പദ്ധതിക്ക് അന്തിമരൂപം നൽകിയത്. ഹിന്ദിയിൽ ഛോട്ടാ ചേതൻ എന്ന പേരിലടക്കം മൊഴിമാറ്റി റിലീസ് ചെയ്യാൻപാകത്തിന് ദിലീപ് താഹിൽ എന്ന അക്കാലത്തെ അറിയപ്പെടുന്ന മോഡൽ കൂടിയായ നടനെയും മറ്റുമുൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

ഏറെ സാഹസികവും മൗലികവുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. ഒട്ടേറെ ഗവേഷണങ്ങളും ചിത്രീകരണത്തിന് ആവശ്യമായി വന്നു. ലെറസും വെളിച്ചവും കൊണ്ടുണ്ടാക്കുന്ന അദ്ഭുത ദൃശ്യങ്ങൾക്കപ്പുറം യാഥാർത്ഥ്യപ്രതീതി തോന്നുന്ന സ്‌പെഷൽ ഇഫക്ടുകൾക്കും മൈ ഡിയർ കുട്ടിച്ചാത്തൻ നിമിത്തമായി. ആല്ലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തി എന്ന പാട്ടു രംഗത്ത് കുട്ടിച്ചാത്തനോടൊപ്പം കൂട്ടുകാരായ ബാലതാരങ്ങൾ വീടിന്റെ ചുവരിലും തട്ടുംപുറത്തുമെല്ലാം നടക്കുന്നതും സീലിംഗ് ഫാനിലിരിക്കുന്നതുമൊക്കെയായ ദൃശ്യങ്ങൾ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയിൽ പ്രത്യേകം സജ്ജമാക്കിയ 360 ഡിഗ്രി കറങ്ങുന്ന സെറ്റിലാണ് ചിത്രീകരിച്ചത്. സംഗീതത്തിലെ സവിശേഷമായ ബീറ്റിനനുസരിച്ച് കുട്ടികൾ ചുവരിനും മച്ചിനുമിടയ്ക്ക് കാലുവയ്ക്കുകയും തത്സമയം തന്നെ സെറ്റ് പൂർണമായി കറങ്ങുകയും ചുവർ മച്ചായും മച്ച് തറയായും മാറുകയും നേരത്തേ ഉറപ്പിച്ച ക്യാമറയിൽ അവർ മച്ചിലിരിക്കുന്നതായി തോന്നുകയും ചെയ്യുന്നവിധത്തിലുള്ള ഈ റിവോൾവിങ് സെറ്റ് പിന്നീട് നവോദയ സ് റ്റുഡിയോയിൽ സന്ദർശകരു ആകർഷണകേന്ദ്രമായി.

ഒരു പ്രത്യേക സാഹചര്യത്തിൽ നഗരത്തിലെ ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിൽ വച്ച് ദുർമന്ത്രവാദിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്ന കുട്ടിച്ചാത്തൻ തന്നെ രക്ഷിക്കുന്ന നാലു കുട്ടികൾക്കൊപ്പം അവർക്കു മാത്രം കാണാവുന്ന കൂട്ടുകാരനായി കൂടുന്നതും അവരുടെ ചെറിയ ചെറിയ പ്രശ്‌നങ്ങളിലിടപെട്ട് അവരെ സന്തോഷിപ്പിക്കുന്നതും വീണ്ടും മന്ത്രവാദിയുടെ ചതി യിൽപ്പെട്ട് അയാളെ നശിപ്പിച്ച് സ്വയം അന്തർധാനം ചെയ്യുന്നതുമാണ് മൈഡിയർ കുട്ടിച്ചാത്തന്റെ കഥാസാരം. ഐതിഹ്യകഥാപാത്രമാണെങ്കിലും ചാത്തന്റെ പുരാണപ്രസക്തി നഷ്ടപ്പെടുത്താതെ തന്നെ ആധുനിക സാഹചര്യങ്ങളിലേക്ക് പുനരവതരിപ്പിക്കാനായി എന്നതാണ് തിരക്കഥയുടെ മികവ്. കുട്ടികളെ പിടിച്ചിരുത്താനുള്ള ദൃശ്യസാധ്യതകളും കുസൃതികളുമെല്ലാം ആവശ്യംപോലെ അണിനിരത്താനും സംവിധായകറ ശ്രഏിച്ചു. ആകാശപ്പറക്കലും, ഭീമാകാ രമായ ഐസ്‌ക്രീം കപ്പും മുതൽ സൈക്കിൾ റിക്ഷയിൽ സ്‌കൂളിൽ പോകന്ന കേന്ദ്രകഥാപാത്രങ്ങളോട് കാറിൽ വരുന്ന സഹപാഠിയുടെ അഹങ്കാരം ഡ്രൈവറില്ലാത്ത റിക്ഷയിൽ കാറിനെ മറികടന്നു വിജയിക്കുന്നതുമൊക്കെ കുട്ടിപ്രേക്ഷകരെ തീയറ്ററിൽ പിടിച്ചിരുത്തുകയും ആവർത്തിച്ചാവർത്തിച്ചു കാണാറ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു.

ദേശീയ ബഹുമതി നേടിയ ബാലതാരങ്ങളായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടത്. ഓപ്പോളിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡ് നേടിയ മാസ്റ്റർ അരവി ന്ദ് ആയിരുന്നു കുട്ടിച്ചാത്തറ. പാളത്താറുടുത്ത് പ്രത്യേകതരം പിരികം വച്ച് ചപ്രത്തലമുടിയും ഇരുണ്ട നിറവുമായി പ്രത്യക്ഷപ്പെട്ട കുട്ടിച്ചാത്തറ അക്കാലത്തെ കുട്ടികളുടെ ഏറ്റവും പ്രിയ പ്പെട്ട സൂപ്പർ ഹീറോ ആയി എന്നു മാത്രമല്ല ചിത്രത്തിന്റെ വിജയത്തിൽ പ്രചോദനമുൾക്കൊണ്ട് ബാലരമ പിന്നീട് മായാവി എന്ന പേരിൽ ഒരു ചിത്രകഥാപരമ്പരയ്ക്കു തന്നെ രൂപം നൽകിയെന്നത് ചരിത്രം. ബേബി സോണിയ, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ് എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങൾ. സോണിയയുടെ പിതാവായ ചിത്രകാരന്റെ വേഷത്തിലാണ് ദിലീപ് താഹിൽ പ്രത്യക്ഷപ്പെട്ടത്. അരൂപിയായ ചാത്തന് രൂപം വരച്ചുണ്ടാക്കി നൽകുന്നത് അയാളാണ്. അത്തരം ചില യുക്തികൾ രഘുനാഥ് പലേരിയുടെ എഴുത്തു തിളക്കത്തിന് ഉദാഹരണമായി പരാമർശിക്കേണ്ടിയിരിക്കുന്നു. മലയാളത്തിൽ പിൽക്കാലത്ത് അഭിനയവേദിയിൽ തിളങ്ങിയ ചിലരുടെ അരങ്ങേറ്റ സിനിമകൂടിയായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ. കുട്ടികൾ ചാത്തനോടൊപ്പം കാണാനെത്തുന്ന സർക്കസിന്റെ അനൗൺസ്‌മെന്റ ് നടത്തുന്ന സംഘാടകന്റെ മിനിറ്റുകൾ മാത്രം നീളുന്ന വേഷത്തിൽ ജഗദീഷും, കുട്ടികൾക്കു ബോറടിപ്പിക്കുന്ന ഉറക്കം തൂങ്ങി മാഷായി രാജൻ പി.ദേ വും, ബാർ അറ്ററഡറുടെ ചെറിയൊരു വേഷത്തിൽ സൈനുദ്ദീനും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. സിനിമകളിൽ അധികമൊന്നും അഭിനയിക്കാതെ വിട്ടു നിന്ന അനുഗ്രഹീത നടൻ കൊട്ടാരക്കര ശ്രീധരൻ നായരാണ് ദുർമന്ത്രവാദിയായി വേഷമിട്ടത്.ആലുമ്മൂടറ, കൊല്ലം ജി.കെ.പിള്ള, അരൂർ സത്യൻ, കല്ലാപ്പെട്ടി ശിങ്കാരം തുടങ്ങിയവരായിരുന്നു താരനിരയിലുണ്ടായ മറ്റുള്ളവർ. അതതു ഭാഷകളിലെ മെഗാ താരങ്ങളെക്കൊണ്ട് ത്രിമാന സാങ്കേതികവിദ്യയെപ്പറ്റിയും ചിത്രം കാണേണ്ട കണ്ണാടിവയ്‌ക്കേണ്ട വിധവുമൊക്കെ പരിചയപ്പെടുത്തിക്കൊണ്ടുള്ള അവതരണരംഗത്തോടെയാണ് കുട്ടിച്ചാത്തന്റ റിലീസായത്. മലയാളത്തിൽ പ്രേംനസീറും ഹിന്ദിയിൽ അമിതാഭ് ബച്ചനും തെലുങ്കിൽ ചിരംജീവിയും തമിഴിൽ രജനീകാന്തുമാണ് അവതാരകരായി എത്തിയത്.

സാങ്കേതികവിഭാഗത്തിൽ എടുത്തുപറയേണ്ട ഘടകം പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന അന്തരിച്ച അശോക് കുമാറിന്റെ ക്യാമറയാണ്. മൂന്നാം മാനത്തിന്റെ ആഴവും മുഴുപ്പും വ്യക്തമാകും വിധം സ്ഥലകാലങ്ങളെയും കഥാപാത്രങ്ങളെയും വിന്യസിക്കുന്നതിനോടൊപ്പം ദൃശ്യപ്പൊലിമയ്ക്കായി ഉൾപ്പെടുത്തിയ മറ്റുഘടകങ്ങളുടെ പ്രാധാന്യവും ലേശം പോലും ചോർന്നുപോകാതെ തന്നെ അശോക് കുമാറിന്റെ ക്യാമറ പകർത്തി.

നവോദയയുടെ സ്ഥിരം എഡിറ്ററായിരുന്ന ടി.ആർ ശേഖർ ചിത്രസന്നിവേശവും കെ.ശേഖർ കലാസംവിധാനവും വഹിച്ചു. കലാസംവിധാനത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായിരുന്നു കുട്ടിച്ചാത്തൻ. ചാത്തന്റെ ബംഗ്‌ളാവു മുതൽ അദ്ഭുതരംഗങ്ങളിലെല്ലാം ഏറെ വെല്ലുവിളി തന്നെയുയർത്തിയ കലാസംവിധാനമായിരുന്നു ചിത്രത്തിലേത്. ഡ്രൈവറില്ലാതെ എറണാകുളത്തെ കാക്കനാട് റോഡിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന സൈക്കിൾ റിക്ഷ, മന്ത്രവാദിയുടെ അഗ്നിവളയത്തിനുള്ളിൽ നിന്ന് നിധി കുഴിക്കുന്ന ചാത്തറ, ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഭീമാകാരമായ ഐസ്‌ക്രീം തുടങ്ങിയ പലതും കലാസംവിധായകന്റെ കരവിരുതിന് ദൃഷ്ടാന്തമായി.

സംഗീതവിഭാഗമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിച്ചു തിരുമല എഴുതി തെന്നിന്ത്യയിലെ ഇശൈജ്ഞാനിയായിത്തീർന്ന ഇളയരാജ ഈണമിട്ട ആലിപ്പഴം പെറുക്കാറ, മിന്നാമിനുങ്ങും മയിൽപ്പീലിയും എന്നീ രണ്ടുഗാനങ്ങളും മെഗാഹിറ്റുകളായിത്തീർന്നു. യേശുദാസ് എസ്.ജാന കി എസ് പി ശൈലജ എന്നിവരായിരുന്നു ഗാനങ്ങളാലപിച്ചത്. പോസ്റ്റർ ഡിസൈനിലും മൈഡിയർ കുട്ടിച്ചാത്തൻ എന്ന ശീർഷകരൂപകൽപനയിലും ചിത്രം ചരിത്രം കുറിച്ചു. ചിത്രത്തിന്റെ ത്രിമാനസ്വഭാവത്തിനൊപ്പം കുട്ടിച്ചാത്തനെ ആവഹിച്ചിരുത്തിയ വവ്വാൽ രൂപത്തിലുള്ള ലോഹത്തകിടിന്റെ ഇരുൾരൂപം കൂടി ഉൾക്കൊള്ളിച്ചാണ് ഗായത്രി അശോകൻ ശീർഷക രൂപകൽപന നിർവഹിച്ചത്. അമേരിക്കറ സൂപ്പർഹീറോ ബാറ്റ്മാന്റെ ശീർഷകത്തോട് ഇഴയടുപ്പുമുള്ള ഈ ഡിസൈനും നായകനായ കുട്ടിച്ചാത്തനോടൊപ്പം ഇതിഹാസമാനം കൈവരിച്ചു.

ഹിന്ദിയടക്കം ഡബ്ബ് ചെയ്തു പുറത്തിറക്കിയ സംസ്ഥാനങ്ങളും ചിത്രം അഭൂതപൂർവമായ വിജയം നേടി. ഇതറിഞ്ഞ്, ഇതാണോ ത്രീഡി, യഥാർത്ഥ ത്രീഡി എന്തെന്ന് ഞങ്ങൾ കാണിച്ചുതരാം എന്ന വെല്ലുവിളിയുമായി ഹിന്ദിയിൽ ഷോലെയുടെ നിർമാതാക്കളായ സിപ്പിമാരിൽ രാജ് എൻ സിപ്പി ജാക്കി ശ്രോഫിനെ സൂപ്പർ നായകനാക്കിക്കൊണ്ട് ശിവ കാ ഇറസാഫ് എ ന്നൊരു ചിത്രം പ്രഖ്യാപിക്കുകയും കൊട്ടിഘോഷങ്ങളോടെ തൊട്ടടുത്ത വർഷം തന്നെ തീയറ്ററുകളിലെത്തിക്കുകയും ചെയ്തു. പക്ഷേ ഇങ്ങനൊരു സിനിമ പുറത്തിറങ്ങിയിട്ടുണ്ടെന്നതു തന്നെ അതിന്റെ പിന്നണിപ്രവർത്തകർ പോലും പിന്നീട് ഓർക്കാനിഷ്ടപ്പെടാത്തത്ര ദയനീയപ രാജയമാണ് പൂനം ധില്ലൺ, ശക്തികപൂർ തുടങ്ങിയ വൻ താരനിരയുണ്ടായിട്ടും ചിത്രം നേരിട്ടത്. എന്നാൽ കുട്ടിച്ചാത്തനാവട്ടെ 12 വർഷം കഴിഞ്ഞ് കാലത്തിനൊത്തു പരിഷ്‌കരിക്കപ്പെട്ട് പുറത്തിറങ്ങിയപ്പോഴും പാൻ-ഇന്ത്യൻ വിജയമായി. പിന്നീട് മൂന്നാമതൊരുവട്ടം കൂടി കംപ്യൂട്ടർ അനിമേഷൻ ഒക്കെ ചേർത്ത് വീണ്ടും പരിഷ്‌കരിച്ച് പുറത്തിറക്കിയപ്പോഴും വിജയം ആവർത്തിച്ചു.

ചിത്രമിറങ്ങി ഒരു വ്യാഴവട്ടം കഴിഞ്ഞ് കാലാനുസൃതം ചില്ലറ കൂട്ടിച്ചേർക്കലും മോർഫിങ് തുടങ്ങിയ ഡിജിറ്റൽ ഛായാഗ്രഹണസാങ്കേതികത ഉപയോഗിച്ചും പുതിയ പാട്ടുകൾ കുട്ടിച്ചേർത്തും പുതിയ കുറേ താരങ്ങളെ കൂടി ഉൾപ്പെടുത്തിയും ഡോൾബി ശബ്ദസംവിധാനമുൾപ്പെടുത്തിയും മൈഡിയർ കുട്ടിച്ചാത്തന്റെ പരിഷ്‌കരിച്ച പതിപ്പ് 1997 ൽ തീ യറ്റുറുകളിലെത്തി. ആദ്യ പതിപ്പ് നേടിയ വിജയം തന്നെ ഈ റീ-റിലീസും നേടി എന്നത് കുട്ടിച്ചാത്തന് മാത്രം അവകാശപ്പെടാവുന്ന നേട്ടം. ജഗതി ശ്രീകുമാറായിരുന്നു പരിഷ്‌കരിച്ച കുട്ടിച്ചാത്തനിലെ പ്രധാന ആകർഷണം. കലാഭൻ മണിയും ചിത്രത്തിന്റെ പ്രധാന ആകർഷണമായി.പതിറ്റാണ്ടുകൾക്കു മുമ്പേ ഇറങ്ങിയ ഒരു ചിത്രത്തിൽ ഇല്ലാതിരുന്ന താരങ്ങളെ ഉൾപ്പെടുത്തി രസച്ചരടു മുറിയാതെ കഥാസന്ദർഭങ്ങൾ വിന്യസിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു 1997ൽ പുറത്തിറങ്ങിയ കുട്ടിച്ചാത്തൻ. അതിനോടകം ലോകം കീഴടക്കിയ ജിം കാരിയുടെ ദ് മാസ്‌ക് എന്ന സിനിമയിൽ പരീക്ഷിക്കപ്പെട്ട മോർഫിങ് സാങ്കേതികവിദ്യയി ലൂടെ ജഗതിശ്രീകുമാറിന്റെ കണ്ണുകൾ തള്ളിവരുന്നതും മറ്റും ഈ പതിപ്പിന്റെ മുഖ്യ ആകർഷ ണമായി. വീണ്ടും സെൻസർ ചെയ്ത് പുതിയൊരു സിനിമയായി തന്നെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയത്.

1997 മാർച്ച് 27നു പുറത്തിറങ്ങിയ രണ്ടാം പതിപ്പിൽ ആദ്യപതിപ്പിലെ ഗാനങ്ങൾക്കുപകരം ബിച്ചു-ഇളയരാജ ടീമിനെക്കൊണ്ടുതന്നെ പുതിയ ഗാനങ്ങൾ ആലേഖനം ചെയ്തും പഴയഗാനത്തിന്റെ റീമിക്‌സുമാണ് ഉപയോഗിച്ചതെങ്കിലും ആദ്യപതിപ്പിലെ മൂലഗാനങ്ങളുടെയത്ര ശ്രഏ നേടിയെടുക്കാറ അവയ്ക്കായില്ല എന്നതുമാത്രം പോരായ്മയായി.തിത്തിത്തെയ്യത്താളം എന്നു തുടങ്ങുന്ന പാട്ടിന് ആദ്യപതിപ്പിലെ ഗാനങ്ങളുടെ ചടുലതയോ താളാത്മകതയോ സമ്മാനിക്കാനായില്ലെന്നതാണ് സത്യം.

ഇതിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് 2011 ഓഗസ്റ്റ് 31ന് ഒരിക്കൽ കൂടി നവോദയ് മൈഡിയർ കുട്ടിച്ചാത്തനെ പരിഷ്‌കരിച്ച് തീയറ്ററുകളിലെത്തിച്ചു. ഇത്തവണ അക്കാലത്തെ ഏറ്റവും മുന്തിയ സാങ്കേതികവിദ്യകളാണ് പരീക്ഷിക്കപ്പെട്ടത്. ക്രോമാ സാങ്കേതികതയിൽ ഡിജിറ്റൽഇ മേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമുഖ ഹിന്ദി താരം ഊർമിള മണ്ഡോത്കർ, തമിഴ് നടൻ പ്രകാശ് രാജ്, ശക്തികപൂർ, തമിഴ് നടൻ സന്താനം എന്നിവരെയൊക്കെ ഉൾപ്പെടുത്തിയ ചിത്രത്തിന് ആദ്യ പതിപ്പുകളെ അപേക്ഷിച്ച് 25 മിനിറ്റ് ദൈർഘ്യം കൂടുതലുണ്ടായി. രണ്ടുതവണയും കുട്ടിച്ചാത്തൻ പകർപ്പുകൾ ആദ്യപതിപ്പിനെ അതിശയിപ്പിക്കുന്ന തീയറ്റർ വിജയം നേ ടി ചരിത്രം കുറിച്ചു. ത്രിലോകം വിളങ്ങും എന്ന കെ.എസ്.ചിത്രയുടെ ഒരു ഗാനവും മൂന്നാം പതിപ്പിൽ ഉൾ പ്പെടുത്തിയിരുന്നു. ഈ പതിപ്പ് പുറത്തിറങ്ങുമ്പോഴേക്ക് കുട്ടിച്ചാത്തനിലെ ബാലതാരങ്ങളൊ ക്കെ ജീവിതത്തിൽ വലിയ സ്ഥാനമാനങ്ങൾ നേടി മുതിർന്നവരായിക്കഴിഞ്ഞിരുന്നു. അവരെ കൂടി ക്ഷണിച്ചുകൊണ്ടാണ് പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്.

ആവർത്തിക്കപ്പെടാനിടയില്ലാത്ത ഇതിഹാസമായി മാറിയ ചരിത്രമാണ് മൈഡിയർ കുട്ടിച്ചാത്തൻ. ഇപ്പോൾ വീണ്ടും ഒരു ത്രിമാന മഹാസംരംഭം, നവോദയ തന്നെ അവതരിപ്പിച്ച മെഗാതാ രം പത്മഭൂഷൺ മോഹറലാൽ സംവിധായകനാവുന്ന ബറോസ് രചിച്ചു നിർമിച്ചുകൊണ്ട് ന വോദയയും ജിജോ പുന്നൂസും വീണ്ടും വാർത്തകളിൽ നിറയുമ്പോൾ 37 വർഷത്തെ ഇതി ഹാസസാന്നിദ്ധ്യമായി മലയാളവും കടന്ന ഇന്ത്യൻ സിനിമയിൽ വഴിവിളക്കായി നിലകൊള്ളുകയാണ് മൈഡിയർ കുട്ടിച്ചാത്തൻ എന്ന വലിയ കൊച്ചു സിനിമ. കുട്ടിച്ചാത്തനു ശേഷം വർ ഷങ്ങൾകഴിഞ്ഞ് ഇന്ത്യയിൽ ധാരാളം ത്രിമാന സിനിമകളുണ്ടായി. ഷോലെ അടക്കം പല ചലച്ചിത്രേതിഹാസങ്ങളും ഡിജിറ്റൽ സാങ്കേതികതയുപയോഗിച്ച് ത്രീ ഡയമറഷനിൽ പുനരവതരിപ്പിക്കപ്പെട്ടു. ബാഹുബലിക്കടക്കം ത്രിമാനപ്പതിപ്പുകളുണ്ടായി. എന്നിരുന്നാലും മൈഡിയർ കുട്ടിച്ചാത്തറ അൽപവും മങ്ങലേൽക്കാത്ത ഒരു ഗൃഹാതുരസ്വപ്നം തന്നെയായി നാലഞ്ചു തലമുറയിൽപ്പെട്ട പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയെന്നു പറഞ്ഞാൽ അതി ശയോക്തിയാവില്ല.

ബാഹുബലിയുടെ വിജയത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഹിന്ദിയിൽ അരഡസൺ ചരിത്ര സിനിമകളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ കലാമൂല്യത്തിലും മുന്നിട്ടു നിന്ന സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് പോലുള്ളവ വിജയമായെങ്കിലും മറ്റു പലതും മറവിയുടെ കോണുകളിലേക്ക് മായുകയായിരുന്നു, പൃഥ്വിരാജ് ചൗഹാൻ പോലെ. അവതരണത്തിലും പ്രമേയത്തിലും സമാനതകളില്ലാതെ ആവിഷ്‌കരിക്കപ്പെട്ട് മഹാവിജയം നേടുന്ന തെന്നിന്ത്യൻ സിനിമകളെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ബോളിവുഡ് എന്നതാണ് വാസ്തവം. ഹോളിവുഡ്ഡിനെ മാതൃകയാക്കി, ഹോളിവുഡ് മാതൃകയിൽ സിനിമയെടുക്കാൻ ശ്രമിച്ചവർ ഇന്ന് തെക്കോട്ടു നോക്കി അന്ധാളിച്ചു നിൽക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close