INSIGHTNEWSTrending

ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ശവംതീനികളായ രാഷ്ട്രീയപ്രവർത്തകരുടെ സ്വാർത്ഥ താൽപര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയെ തുറന്നുകാട്ടുന്ന സിനിമ; എന്നിവർ എന്ന സിനിമക്കെതിരെ എൻ. ശശിധരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എ ചന്ദ്രശേഖർ; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയസമിതിയുടെ അന്തിമസമിതിയംഗമായിരുന്ന എൻ. ശശിധരൻ, സിദ്ധാർത്ഥ ശിവയുടെ എന്നിവർ എന്ന സിനിമക്കെതിരെ ന‌ടത്തിയ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. ചലച്ചിത്ര നിരൂപകനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജൂറി അം​ഗവുമായ എ ചന്ദ്രശേഖർ സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. എൻ ശശിധരൻ കൂടി ഭാഗഭാക്കായ അവാർഡ് നിർണയത്തെ തള്ളിയും അവാർഡ് ജേതാക്കളെ വിമർശിച്ചും പറഞ്ഞതിനോട് താത്വികവും നൈതികവുമായി വിയോജിക്കാതെ തരമില്ലെന്ന് ചന്ദ്രശേഖർ കുറിച്ചു.

എ ചന്ദ്രശേഖറിന്റെ കുറിപ്പ് ഇങ്ങനെ..

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നെയ്ത്തുകാരൻ എന്ന സിനിമയുടെ കഥാതിരക്കഥാകൃത്തെന്ന നിലയ്ക്ക് എനിക്കേറെ ബഹുമാനമുള്ള ആളാണ് എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ ശ്രീ എൻ.ശശിധരൻ. പ്രിയനന്ദനൻ എന്ന നാടകപ്രവർത്തകനെ, മലയാളത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന സംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിപ്പിച്ചതിനു പിന്നിൽ ശശിധരൻ മാഷിന്റെ പിന്തുണയുണ്ട്. ദേശീയ ബഹുമതി നേടിയ നെയ്ത്തുകാരൻ പൂർത്തിയാക്കുന്നതിൽ അദ്ദേഹത്തിന്റെ പണവും അധ്വാനവും ഉണ്ടായിരുന്നു. സിനിമകളെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണയിലോ സിനിമകളെ വിലയിരുത്തുന്നതിന് അദ്ദേഹത്തിനുള്ള അർഹതയിലോ എനിക്ക് സന്ദേഹവും സംശയവുമില്ല. പക്ഷേ, ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയസമിതിയുടെ അന്തിമസമിതിയംഗമായിരുന്ന അദ്ദേഹം അവാർഡ് പ്രഖ്യാപനാനന്തരം മാധ്യമങ്ങളിലൂടെ താൻ കൂടി ഭാഗഭാക്കായ അവാർഡ് നിർണയത്തെ തള്ളിയും അവാർഡ് ജേതാക്കളെ വിമർശിച്ചും പറഞ്ഞതിനോട് താത്വികവും നൈതികവുമായി വിയോജിക്കാതെ തരമില്ല. അവാർഡ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പായാലും ആ പദവി രാജിവച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണമെങ്കിൽ അതിന് ആർജ്ജവമുണ്ടാകുമായിരുന്നു.

ഇതിനപ്പുറം സിനിമയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക്, പത്തുമുപ്പതുവർഷമായി മലയാള സിനിമയെ ചുറ്റിപ്പറ്റി ഒരു ചലച്ചിത്രനിരൂപകനോ പഠിതാവോ ഒക്കെയായി നിലനിൽക്കുന്ന എനിക്ക് ഇക്കാര്യത്തിൽ പറയാനുള്ള ഒരു പ്രധാന കാര്യം, അദ്ദേഹം കടുത്ത വിമർശനം അഴിച്ചുവിട്ട യുവസംവിധായകൻ സിദ്ധാർത്ഥ ശിവയുടെ എന്നിവർ എന്ന സിനിമയെപ്പറ്റിയാണ്. ചില പ്രതിലോമശക്തികളുടെ പിന്തുണയോടെ പൂർത്തിയാക്കിയ സിനിമ എന്നും ഒരു തരത്തിലും ഭാരതപ്പുഴയ്‌ക്കൊപ്പം നിൽക്കാത്ത സിനിമ എന്നുമാണ് ശശിധരൻ മാഷ് എന്നിവറിനെ വിശേഷിപ്പിച്ചത്. ആദ്യമേ പറയട്ടെ, മണിലാലിന്റെ ഭാരതപ്പുഴ കാണാത്തൊരാൾ എന്ന നിലയ്ക്ക് രണ്ടാമത്തെ കാര്യത്തിൽ എന്തെങ്കിലും ആധികാരികമായി പറയാൻ ഞാനളല്ല. എന്നാൽ ആദ്യത്തെ പോയിന്റിൽ എനിക്കു ചിലതു പറയാനുണ്ട്.

ഞാൻ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കണ്ട മികച്ച സിനിമകളിൽ ഒന്നു തന്നെയാണ് സിദ്ധാർത്ഥ ശിവയുടെ എന്നിവർ.. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തമായി കുട്ടികളെ സംഘടിപ്പിച്ചു സിനിമയുണ്ടാക്കിയ ആളാണ്, പ്രമുഖ സംവിധായകൻ ശിവപ്രസാദിന്റെ മകൻ സിദ്ധാർത്ഥ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ നൂറ്റൊന്നു ചോദ്യങ്ങൾ ദേശീയ സംസ്ഥാന തലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ആ സിനിമയുടെ കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായവ്യത്യാസമുള്ള ആളാണ് ഞാൻ. മൂന്നു മാസം മുമ്പു വരെ ഞാൻ കണ്ടതിൽ സിദ്ധാർത്ഥയുടെ മികച്ച സിനിമ ഐൻ ആയിരുന്നു. ഇത്തവണ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടിയ മുസ്തഫയ്ക്ക് അഭിനയത്തിന് പ്രത്യേക ദേശീയ ജൂറി പരാമർശം കിട്ടിയ സിനിമ. എന്നാൽ എന്നിവർ കണ്ടപ്പോൾ ഇതാണ് സിദ്ധാർത്ഥയുടെ ഏറ്റവും മികച്ച സിനിമ എന്നു തോന്നി.

രാഷ്ട്രീയകേരളത്തിന്റെ അന്തർധാരകളിലേക്ക് കലാലയരാഷ്ട്രീയത്തിന്റെ ഇരുൾ മൂലകളിലേക്ക് വെളിച്ചം പകരുന്ന ഒരു സിനിമയാണ് എന്നിവർ. മറ്റൊരർത്ഥത്തിൽ, അധികാര/ ഉദ്യോഗസ്ഥ രാഷ്ട്രീയത്തിന്റെ മറുപുറം കാട്ടിത്തന്ന മാർട്ടിൻ പ്രകാട്ടിന്റെ നായാട്ടിന്റെ മറ്റൊരു മുഖമായി എന്നിവറിനെ കണക്കാക്കാം. അധികമാരും തുറന്നുപറയാൻ മടിക്കുന്ന അപ്രിയങ്ങളായ ഒരുപാടു സത്യങ്ങൾ തുറന്നുകാട്ടാൻ എന്നിവർ മുതിരുന്നുണ്ട്. അതിനെയാണോ പ്രതിലോമശക്തികളുടെ സ്‌പോൺസർഷിപ്പ് ആയി ശശിധരൻ മാഷ് വ്യാഖ്യാനിച്ചത് എന്നറിയില്ല. കാരണം, ഒരു നിഷ്പക്ഷ പ്രേക്ഷകൻ എന്ന നിലയ്ക്ക് എന്നിവർ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ശവംതീനികളായ രാഷ്ട്രീയപ്രവർത്തകരുടെ ആത്മാർത്ഥത തെല്ലുമില്ലാത്ത സ്വാർത്ഥ താൽപര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയെ തുറന്നുകാട്ടുന്ന സിനിമയായാണ് എനിക്കനുഭവപ്പെട്ടത്. അത് മാനവികതയുടെ, സത്യത്തിന്റെ പക്ഷത്തു നിന്നാണ് പ്രശ്‌നങ്ങളെ സമീപിച്ചിട്ടുള്ളത്. സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മനഃസാക്ഷിയുടെ പക്ഷത്തു നിന്നുകൊണ്ടുള്ള സാമൂഹികപ്രതിബദ്ധതയോടെയുള്ള ദൃശ്യാഖ്യാനം തന്നെയാണത്.

പുറത്തിറങ്ങുകയും സാധാരണ പ്രേക്ഷകർക്കു കാണാനവസരം കിട്ടുകയും ചെയ്യാത്ത രണ്ടു സിനിമകളെ മുൻനിർത്തി വളരെ മുതിർന്ന ഒരു എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനും അതിലൊന്നിനെ താറടിച്ചും മറ്റൊന്നിനെ പുകഴ്ത്തിയും പരസ്യപ്രചാരണം നടത്തുമ്പോൾ, വിശേഷിച്ച് അദ്ദേഹം അവാർഡ് ജൂറിയംഗം കൂടിയായിരിക്കെ, ഇകഴ്ത്തലിനു വിധേയമായ സിനിമയെ അതെത്രമാത്രം ബാധിക്കുമെന്നത് ആലോചിക്കുന്നവർക്കു മനസിലാവും. അതേ യുക്തിതന്നെയാണ് ജനം കാണാത്ത എന്നിവർ എന്ന സിനിമ നല്ലതാണെന്നു വിളിച്ചുപറയാൻ എനിക്കു ധാർമ്മികമായ കരുത്തു നൽകുന്നതും. സംസ്ഥാന അവാർഡ് പ്രഖ്യാപനങ്ങൾക്കു മാസങ്ങൾക്കു മുമ്പു പ്രഖ്യാപിക്കപ്പെട്ട കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജൂറിയംഗമെന്ന നിലയ്ക്ക് എന്നിവറിന്റെ പേരിൽ സിദ്ധാർത്ഥ ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡ് നൽകാൻ ശുപാർശ ചെയ്തതും ആ സിനിമയിൽ ഉണ്ടായ ഉറച്ച വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ആ ഉറപ്പാണ് ഇത്രയുമെഴുതാൻ പ്രേരിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close