MoviesNEWSTrending

ജോജി: ജീവിതത്തിനു നേരേ വച്ച ഒളിക്യാമറ; പ്രമുഖ സിനിമാ നിരൂപകൻ എ ചന്ദ്രശേഖർ എഴുതുന്നു..

എ ചന്ദ്രശേഖർ

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചതോടെ ഏറ്റവുമധികം ചർച്ചകളിൽ നിറയുന്നത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയാണ്. മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം ‘ജോജി’ 4 അവാ‍ർഡുകളാണ് വാരിക്കുട്ടിയത്. ചിത്രത്തിൻറെ തിരക്കഥയിലൂടെ ശ്യാം പുഷ്കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ഉണ്ണിമായ പ്രസാദിനും ചിത്രം വലിയ നേട്ടമായി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ജോജിയിലൂടെ ഉണ്ണിമായ പ്രസാദിനെ തേടിയെത്തി. ജസ്റ്റിൻ വർഗീസിനും ജോജി പുരസ്കാര തിളക്കം സമ്മാനിച്ചു. സംഗീത സംവിധായകൻ (മികച്ച പശ്ചാത്തല സംഗീതം) പുരസ്കാരമാണ് ജോജിയിലൂടെ ജസ്റ്റിൻ സ്വന്തമാക്കിയത്. ജോജി എന്ന സിനിമയെ കുറിച്ച് പ്രമുഖ സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ എ ചന്ദ്രശേഖർ എഴുതുന്നു..

ജോജി: ജീവിതത്തിനു നേരേ വച്ച ഒളിക്യാമറ

തുടക്കം നന്നായാൽ എല്ലാം നന്നായി എന്നാണല്ലോ. തുടക്കമാണ് ഏതൊരു കലാസൃഷ്ടിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗം. എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു കഥ തുടർന്നു വായിക്കണോ എന്നും ഒരു സിനിമ തുടർന്നു കാണണോ എന്നും അനുവാചകൻ തീരുമാനിക്കുക. അഥവാ, വായനക്കാരനെ, കാണിയെ രചനയിലേക്ക് പിടിച്ചടുപ്പിക്കുന്നത് പ്രാരംഭാവതരണം തന്നെയാണ്. സിനിമകളിൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ഷോട്ട്/സീൻ എന്നൊരു പരമ്പരാഗത സങ്കൽപം തന്നെയുണ്ട്. പ്രമേയ/ഇതിവൃത്ത പശ്ചാത്തലത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പ്രാരംഭരംഗങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുക. പലപ്പോഴും നാടകീയത അതിന്റെ പരകോടിയിൽ പ്രകടമാകുന്ന ആവിഷ്‌കാരങ്ങളിലൂടെയാണ് മുഖ്യധാരസിനിമ ഇതു സാധ്യമാക്കുക. ഇവിടെയാണ് ദിലീഷ് പോത്തന്റെ ‘ജോജി’ വ്യത്യസ്തമാവുന്നത്.

സിനിമയ്ക്ക് ആവശ്യമേയില്ലാത്ത നാടകീയതയെ പടിക്കുപുറത്തേക്ക് മാറ്റിവച്ചിട്ട്, ചിത്രം പശ്ചാത്തലമാക്കുന്ന ഉൾനാടൻ മലയോരഗ്രാമത്തിനു പകരം നഗരത്തിലെ ഒരു കടയിൽ നിന്ന് ഓർഡറുമായിപ്പോകുന്ന ഒരു ഓൺലൈൻ ഡെലിവറി ബോയിയിൽ തുടങ്ങുന്ന സിനിമ ശീർഷകമസാനിക്കുന്നിടത്തു തന്നെ ചിത്രത്തിന്റെ പ്രമേയപരിസരം സ്ഥാപിച്ചെടുക്കുന്നതെങ്ങനെയെന്നു നോക്കുക. അപ്പാപ്പന്റെ അക്കൗണ്ട് നമ്പർ മോഷ്ടിച്ച് അയാളറിയാതെ ഓൺലൈനിലൂടെ പനച്ചേൽ കുട്ടപ്പന്റെ (പി.എൻ.സണ്ണി)ഒരു എയർ ഗൺ ഓർഡർ ചെയ്തു വരുത്തിക്കുന്നത് പനച്ചേൽ കുടുംബത്തിലെ ഏറ്റവും ഇളയതലമുറക്കാരനായ പോപ്പി(അലിസ്റ്റർ അലക്‌സ്)യാണ്. കുട്ടപ്പനെവിടെ എന്നു ചോദിക്കുന്ന ഡെലിവറി ബോയിയോട് അദ്ദേഹം ക്വാറന്റൈനിലാണ് എന്നാണവൻ കള്ളം പറയുന്നത്. പനച്ചേൽ കുടുംബം തങ്ങളുടെ സ്വകാര്യതകളിൽ നിന്ന് സമൂഹത്തെ എങ്ങനെ മാറ്റിനിർത്തുന്നു എന്നു മാത്രമല്ല, പനച്ചേൽ ആണുങ്ങളിൽ കുറ്റവാസന എങ്ങനെ പാരമ്പര്യമായി തന്നെ വന്നുചേർന്നിരിക്കുന്നു എന്നതിന്റെ കൂടി സൂചനയാണ് ഈ രംഗം. ജോജി(ഫഹദ് ഫാസിൽ) എന്നത് നായകന്റെ പേരാണെങ്കിലും ‘ജോജി’ എന്ന സിനിമ സത്യത്തിൽ പനച്ചേൽ എന്ന മനഃസ്ഥിതിയെപ്പറ്റി ഫാദർ കെവിന്റെയും(ബേസിൽ ജോസഫ്), കുട്ടപ്പന്റെ മൂത്ത പുത്രനായ ജോമോന്റെയും (ബാബുരാജ്) ഭാഷയിൽ ‘മാനുവലി’നെപ്പറ്റിയുള്ളതാണ്. ഇവിടെ കുട്ടപ്പായിയിൽ തുടങ്ങി പോപ്പിയിൽവരെ ലക്ഷണമൊത്ത കുറ്റവാളിയുടെ നിഴലാട്ടങ്ങളുണ്ട്. ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തുന്ന ആ എയർഗണ്ണിൽത്തന്നെ ചിത്രത്തിന്റെ മുഴുവൻ മൂഡും ക്രമിനൽ പശ്ചാത്തലവും ഉൾക്കൊള്ളുന്നുമുണ്ട്.

വീണ്ടും അന്താരാഷ്ട്ര നേട്ടത്തില്‍ 'ജോജി'; സന്തോഷം പങ്കുവച്ച് ദിലീഷ്  പോത്തന്‍ | Once again in international achievement 'Joji

ഒരു സർഗ സൃഷ്ടിയെ വിശകലനം ചെയ്യുമ്പോൾ സമാനമായ മുൻമാതൃകകളുമായി താരതമ്യം ചെയ്യുക താരതമ്യവിമർശനത്തിൽ സ്വാഭാവികമാണ്. ശ്യാം പുഷ്‌കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ എന്ന സിനിമയെ 1985ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്ന സിനിമയുമായി താരതമ്യം ചെയ്താണ് ജോജിയുടെ നവമാധ്യമ നിരൂപണങ്ങളിലേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷകേന്ദ്രീകൃത ആണധികാരാധിപത്യവ്യവസ്ഥയുടെ കഥാപരിസരം കൊണ്ടും കെട്ടുറപ്പു നഷ്ടമാവുന്ന കൂട്ടുകുടുംബത്തിന്റെ കുറ്റവാസനയുടെ മനഃശാസ്ത്രവിശ്‌ളേഷണം കൊണ്ടുമൊക്കെ ഈ താരതമ്യത്തിൽ കുറേയൊക്കെ കഴമ്പുണ്ടെന്നു തന്നെ വയ്ക്കുക. മഹാഭാരതവും രാമായണവും രാജാക്കന്മാരുടെ കഥയാണ്, രാജവംശങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെ കഥയാണ് എന്നു പറയുന്നതുപോലുള്ള ഒരു താരതമ്യം മാത്രമായി അതിനെ കണ്ടാൽ മതിയെന്ന് ജോജി കണ്ടുതീരുമ്പോൾ ഒരാൾക്ക് ബോധ്യപ്പെടും. മഹാഭാരതത്തിൽ രാമായണത്തിലുള്ളത് പലതുമുണ്ട്. രാമായണത്തിൽ മഹാഭാരതത്തിലേതും. രാജകഥയാവുമ്പോൾ അതു സ്വാഭാവികം. അതിലുപരി, മനുഷ്യകഥയാവുമ്പോൾ മനുഷ്യകുലത്തിൽ സംഭവിക്കുന്നതല്ലാതെ പ്രതിപാദിക്കപ്പെടുകയില്ലല്ലോ?

പ്രമേയപശ്ചാത്തലമായി വരുന്ന മലയോര കുടിയേറ്റ ഗ്രമാവും, അവിടെത്തെ തോട്ടമുടമകളും ഫ്യൂഡൽ പ്രമാണിമാരുമായ ക്രൈസ്തവ കൂട്ടുകുടുംബവും തിരുവായ്ക്ക് എതിർവാ ചെലവാകാത്ത ആണധികാര മേൽക്കോയ്മയും ഒക്കെ ഈ താരതമ്യത്തെ സാധൂകരിക്കുന്ന ഘടകങ്ങളായി പറയാം. അതിലുപരി സമ്പത്തുകൊണ്ടുമാത്രം വിളക്കിച്ചേർത്തിട്ടുള്ള പരസ്പര വിശ്വാസമില്ലാത്ത കുടുംബബന്ധം മനോരോഗിയും കൊലയാളിയുമാക്കിത്തീർക്കുന്ന ഇളയസന്താനത്തിന്റെ പാത്രഘടനയിലും ‘ജോജി’ക്ക് ‘ഇരകളോ’ട് ചാർച്ച ആരോപിക്കപ്പെടാം. എന്നാൽ സൂക്ഷ്മവിശകലനത്തിൽ ‘ഇരകളി’ലെ ബേബിയും (ഗണേഷ് കുമാർ) ജോജിയും തമ്മിൽ സജാത്യത്തേക്കാളേറെ വൈജാത്യമാണുള്ളത് എന്നു തെളിയും. കാരണം, പണമുണ്ടാക്കാനും വെട്ടിപ്പിടിക്കാനുമുള്ള നെട്ടോട്ടത്തിൽ നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ ഊഷ്മളതയിൽ കുറ്റവാളിയായിത്തീരുന്ന ബേബിയിൽ തന്റെ കാമുകിയോടെങ്കിലും അവശേഷിക്കുന്ന പ്രണയാർദ്രതയുടെ ഇത്തിരിവറ്റുകൾ കണ്ടെത്താം. പാൽക്കാരി നിർമ്മലയെ (രാധ) അവനൊരുപക്ഷേ വിവാഹം കഴിച്ചേക്കുമായിരുന്നില്ല. എന്നിരുന്നാലും അവളോട് അവനുള്ളത് സ്‌നേഹം തന്നെയായിരുന്നു. മാംസബദ്ധമായിട്ടുകൂടി അവളിൽ അവൻ കണ്ടെത്തിയത് മാനസികമായൊരു സാന്ത്വനം കൂടിയാണ്. ഒടുവിൽ അവളവനെ വഞ്ചിച്ച് റേഷൻ കടക്കാരൻ ബാലനെ വിവാഹം കഴിക്കാൻ മുതിരുമ്പോഴാണ് അവനിലെ കുറ്റവാളി അപകടകരമായി പുറന്തോൽ പൊളിച്ചു പുറത്തുവരുന്നത്.

Joji Review: Let's Celebrate Fahadh Faasil As He Gives Macbeth Another  Hauntingly Beautiful Life!

ജോജിയിൽ അത്തരം ആർദ്രതകളൊന്നും കാണാനാവില്ല. കഥാനിർവഹണത്തിന്റെ ഒരു ഘട്ടത്തിലും പ്രണയം, മാതൃത്വം തുടങ്ങി മനുഷ്യബന്ധങ്ങളെ നിലനിർത്തുന്ന വൈകാരികചുറ്റുപാടുകളൊന്നും തന്നെ ദൃശ്യവൽക്കരിക്കപ്പെട്ടിട്ടില്ല. വിശ്വാസവും മതവും പോലും നാട്ടുനടപ്പിനുവേണ്ടി മാത്രമാണ് പനച്ചേൽ കുടുംബം സ്വീകരിച്ചിട്ടുള്ളതെന്നു കാണാം. തങ്ങളെപ്പറ്റി വേണ്ടാതീനം പറയുന്നതാരായാലും അവരെ കായികമായും നിയമപരമായും നേരിടുന്നതാണ് ‘പനച്ചേൽ മാനുവൽ’ എന്ന് ജോമോൻ ഒളിമറയില്ലാതെ നാട്ടുകാരോടു തുറന്നുപറയുന്നുണ്ട്. ഭാര്യയിൽ നിന്നു ബന്ധം വേർപെടുത്തി മകനുമൊത്ത് കുടുംബവീട്ടിൽ കഴിയുന്നവനാണ് അയാൾ. അയാൾക്കു തൊട്ടുതാഴെയുള്ള ജയ്‌സൺ(ജോജി മുണ്ടക്കയം)യുടെ ഭാര്യ ബിൻസി (ഉണ്ണിമായ പ്രസാദ്) മാത്രമാണ് സിനിമയിലെ ഒരേയൊരു പെൺതരി. അവർ തമ്മിൽപ്പോലും തൃപ്തികരമായൊരു ദാമ്പത്യം തിരക്കഥയിൽ ഉൾപ്പെടുത്തിക്കാണുന്നില്ലെന്നു മാത്രമല്ല, മധ്യവയസുപിന്നിട്ടിട്ടും അവർക്ക് കുട്ടികളില്ല എന്നതും ഈ അഭാവത്തെ പൂരിപ്പിക്കുന്നുണ്ട്. ഇളയ സന്താനമായ ജോജിയാവട്ടെ ജീവിതത്തിൽ സ്വന്തമായി ഒന്നും നേടാനാവാത്ത, വ്യക്തി സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട, ഏതുസമയവും കടന്നുവന്ന് കൊരവള്ളിയിൽ പിടിമുറുക്കാവുന്ന സ്വന്തം പിതാവിന്റെ കായബലത്തെ ഭയക്കാതെ സ്വന്തം മുറിയിലെ കിടക്കപ്പുതപ്പിനുള്ളിൽ പോലും സ്വസ്ഥത കണ്ടെത്താനാവാത്ത ചെറുപ്പക്കാരനാണ്. അയാൾക്ക് ആർദ്രവികാരങ്ങളൊന്നുമുള്ളതായി അറിവില്ല. കുതിര ബിസിനസ് ചെയ്തു പണമുണ്ടാക്കി ഇച്ഛയനുസരിച്ചു ജീവിക്കണമെന്നതിലുപരി എന്തെങ്കിലും ലക്ഷ്യങ്ങൾ അയാൾക്കില്ല.

‘ഇരകളി’ലെ ബേബിയാവട്ടെ, പിതാവിന്റെ പണക്കൊഴുപ്പിൽ വഴിവിട്ട ജീവിതം തെരഞ്ഞെടുക്കുന്ന യുവാവാണ്. കോളജിൽ തന്നെ അയാളുടെ ചെയ്തികൾ അത്തരത്തിലുള്ളതാണ്. പണം അയാൾക്കൊരു പ്രശ്‌നമേ ആവുന്നില്ല. ജോജിക്കാവട്ടെ പണമാണ് പ്രശ്‌നം. ഇതാണ് ബേബിയിൽ നിന്ന് ജോജിയെ വ്യത്യസ്‌നാക്കുന്ന പ്രധാന ഘടകം. ആസൂത്രിതമായി നിർവഹിക്കുന്ന കൊലപാതകതകങ്ങളിൽ നിന്ന് അവസാനം വരെയും ഒഴിഞ്ഞും ഒളിഞ്ഞും നിൽക്കാൻ ബേബിയിലെ ബോൺ ക്രിമിനലിന് സാധിക്കുന്നുണ്ട്. എന്നാൽ, ഗതികേടുകൊണ്ട് തന്നിലെ കുറ്റവാളിയുടെ പ്രലോഭനങ്ങൾക്കു വിധേയനാവുന്ന ജോജിക്കാവട്ടെ കക്കാനല്ലാതെ നിൽക്കാനാവുന്നില്ല. തെളിവുകൾ മറച്ചുവയ്ക്കുന്നതിൽ പോലും അയാൾ ദയനീയമായി പരാജയപ്പെടുകയാണെന്നു മാത്രമല്ല ചെയ്തതോർത്ത് ഭയക്കുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയറിയാതെ ഉഴറുകയും ചെയ്യുന്ന മനസാണയാളുടേത്. ‘ഇരകളി’ലെ ബേബി ഒരിക്കലും സ്വയംഹത്യ ചെയ്യുമായിരുന്നില്ല. പിതാവിന്റെ തോക്കിനിരയായി വീണില്ലായിരുന്നെങ്കിൽ അയാളുടെ അവസാനം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതമാണ്. ജോജിയാവട്ടെ അക്കാര്യത്തിൽ തീർത്തും ദുർബലനായൊരു പാത്രസൃഷ്ടിയാണ്. പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിവച്ചു മരിക്കാനാണ് അയാൾ തുനിയുന്നത്, ശ്രമം വിഫലമാവുന്നെങ്കിൽക്കൂടി. ബേബിയെ അപേക്ഷിച്ച് എത്രയോ ദുർബലനാണ് ജോജിയെന്നതിന് ഇതിൽപ്പരം തെളിവിന്റെ ആവശ്യമില്ല. അതുകൊണ്ടുതന്നെ, കെ.ജി.ജോർജിന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ചതും മലയാള സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നുമായ ‘ഇരകളു’മായുള്ള താരതമ്യം ജോജിയുടെ നിലവാരത്തെ ഒരു പടികൂടി ഉയർത്തുക മാത്രമേ ചെയ്യുന്നുള്ളൂ.ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’ അടക്കമുള്ള സിനിമകളിലെ പശ്ചാത്തലത്തോട് പലതരത്തിലും താരതമ്യം സാധ്യമാവുന്ന ഒന്നാണ് ‘ജോജി.’ അതുകൊണ്ടു തന്നെ അത്തരം ശ്രമങ്ങൾക്കപ്പുറം ഒരു സ്വതന്ത്ര സിനിമ എന്ന നിലയ്ക്ക് ‘ജോജി’യെ നോക്കിക്കാണുകയാണ് യുക്തിസഹം.

ക്‌ളിഷേകളോട് കടക്കുപുറത്ത് പറയുന്നതാണ് ശ്യാം പുഷ്‌കരന്റെ തരിക്കഥാസൂത്രം. സമകാലിക മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും,’ ‘മഹേഷിന്റെ പ്രതികാരം,’ ‘കുമ്പളങ്ങി നൈറ്റ്‌സ്’ തുടങ്ങിയവയിലെല്ലാം ശ്യാം പുഷ്‌കരൻ കാണിച്ചുതന്നത് സ്‌ക്രീൻ റൈറ്റിങിന്റെ സവിശേഷസാധ്യതകളാണ്. സാഹിത്യവും തിരസാഹിത്യവും തമ്മിലുള്ള വൈരുദ്ധ്യവൈജാത്യം സ്പഷ്ടമാക്കിത്തരുന്ന ആ രചനകളിലെല്ലാം പഴകിത്തേഞ്ഞ ദൃശ്യരൂപകങ്ങളെ ബോധപൂർവം തന്നെ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു ശ്യാം പുഷ്‌കരൻ. അതുതന്നെയാണ് ‘ജോജി’യെ പ്രേക്ഷകന്റെ നെഞ്ചിൽ നോവായി അവശേഷിപ്പിക്കുന്നതും.

Joji Movie | Southlive

സൂക്ഷ്മനോട്ടത്തിൽ ‘ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചനി’ലെ നായികയുടെ മറ്റൊരു രൂപമാണ് ‘ജോജി’യിലെ ഒരേയൊരു സ്ത്രീകഥാപാത്രമായ ബിൻസി. ആണുങ്ങൾ മാത്രമുള്ള വീട്ടിൽ അടുക്കളയിൽ മാത്രം അഹോരാത്രം ഇടപെടുന്ന സ്ത്രീകഥാപാത്രത്തിന്റെ വാർപുമാതൃക. അടുക്കള സ്ലാബിലിരുന്ന് ഭക്ഷണം കഴിക്കുന്ന ജോജിയുടെ എച്ചിലടക്കം എടുത്തുമാറ്റുന്നത് ബിൻസിയാണ്. അടുക്കളയിൽ മാത്രം ജീവിതം തളയ്ക്കാൻ വിധിക്കപ്പെട്ട ഇത്തരമൊരു സ്ത്രീകഥാപാത്രത്തെ ജാതിമതഭേദമന്യേ ഏതു കൂട്ടുകുടുംബത്തിലും കാണാമെന്ന വസ്തുതയാണ് ശ്യാം പുഷ്‌കരൻ പ്രതിഫലിപ്പിക്കുന്നത്. ഭർത്താവിന്റെ ജ്യേഷ്ഠ പുത്രനായ പോപ്പിയോടുപോലും തരിമ്പും മാതൃസഹജമായ ഒരടുപ്പം ബിൻസിക്കില്ല. അവസാനിക്കാത്ത അടുക്കള ജോലിയുടെ മടുപ്പിക്കുന്ന ഏകതാനതയിൽ നിന്ന് അവൾ കാംക്ഷിക്കുന്നത് നഗരത്തിൽ ഏതെങ്കിലുമൊരു ഫ്‌ളാറ്റിലെ സ്വകാര്യതയിലേക്ക് ഭർത്താവുമൊന്നിച്ചു പറിച്ചുനടുന്ന ഒരു ശരാശരി ജീവിതം മാത്രമാണ്. അതു നടക്കാതെ വരുമ്പോൾ മാത്രമാണ് അവളിൽ അക്രമോത്സുകയായ ഒരു കുറ്റവാളിയുടെ മനസ് ഇരമ്പിത്തെളിയുന്നത്. എന്നിട്ടും അവൾ നേരിട്ട് ഒരു കുറ്റകൃത്യത്തിലും ഭാഗഭാക്കാവുന്നില്ല, ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും ഇല്ലാതാക്കാൻ ഭർത്താവിന്റെ ഇളയ സഹോദരനെ പ്രേരിപ്പിക്കുകയും കൊലയ്ക്കു ദൃക്‌സാക്ഷിയാവുകയും ചെയ്തിട്ട് അവ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതല്ലാതെ.

മോഹൻലാലിന്റെ ‘ദൃശ്യം2’ നു ശേഷം കോവിഡ് കാലത്ത് ഓടിടിയിൽ റിലീസായി ഏറ്റവുമധികം ചർച്ചാവിഷയമായ മലയാള സിനിമയാണ് ‘ജോജി.’ ഈ രണ്ടു സിനിമകളെയും ബന്ധിപ്പിക്കുന്ന സമാനഘടകം കുറ്റവാസനയാണ്. കുടുംബവും കുറ്റവാസനയും എന്ന വൈരുദ്ധ്യമാണ് ക്രൈസ്തവ പശ്ചാത്തലത്തിൽ പടുത്തുയർത്തിയ ഈ രണ്ടു സിനിമകളുടെയും അന്തർധാര. ആദ്യത്തേതിൽ കുടുംബത്തെ രക്ഷിക്കാൻ, കുടുംബാംഗങ്ങൾ അറിയാതെ സ്വയം പ്രതിരോധിക്കാൻ ചെയ്തു പോയ ഒരു കുറ്റകൃത്യത്തിൽ നിന്ന് അവരെ സംരക്ഷിക്കാൻ ഏറെ ആസൂത്രിതമായി കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ ചെയ്തുകൂട്ടുന്ന കുടുംബസ്‌നേഹിയായ നായകനാണ്. എന്നാൽ, ശിഥില കുടുംബത്തിന്റെ പാരതന്ത്ര്യങ്ങളിൽ നിന്ന് സാമ്പത്തികമായും സാമൂഹികമായും തന്നെ സ്വതന്ത്രമാക്കാൻ സ്വയം കുറ്റവാളിയായിത്തീരുന്നൊരാളാണ് നായകനായ ജോജി. രണ്ടിലും നായിക രണ്ടു മാനസികാവസ്ഥകളിൽ പുരുഷൻ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങൾക്ക് മൂകസാക്ഷികളുമാവുന്നു. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തിട്ടും, അവ ചെയ്തു എന്ന് നീതിന്യായസംവിധാനങ്ങൾക്കു ബോധ്യം വന്നിട്ടും നായകൻ പിടിക്കപ്പെടാതിരിക്കുന്ന നാടകീയതയിലാണ് ‘ദൃശ്യം2’ന്റെ നിലനിൽപെങ്കിൽ, ആത്മഹത്യാശ്രമത്തിലൂടെ നായകനെ കൊന്ന് പ്രേക്ഷകനെ തൃപ്തിപ്പെടുത്താമായിരുന്ന സ്ഥാനത്ത് ആ നാടകീയതപോലും ഒഴിവാക്കി ആശുപത്രിക്കിടക്കയിൽ ശരീരം തളർന്നു കിടക്കുമ്പോഴും പൊലീസിനോട് കുറ്റം സമ്മതിക്കാൻ വിസമ്മതിക്കുന്ന നായകന്റെ ശരീരഭാഷയിലാണ് ‘ജോജി’അവസാനിക്കുന്നത്. ‘തൊണ്ടിമുതലിലെ’യും ‘മായാനദി’യിലെയും പോലെ, പ്രവചനാത്മകതയെ സ്വാഭാവികതകൊണ്ട് പ്രതിരോധിക്കലാണ് ശ്യാംപുഷ്‌കരൻ ‘ജോജി’യിൽ ചെയ്യുന്നത്.

ഇനി താരതമ്യങ്ങളിൽ നിന്നു വിട്ട് ‘ജോജി’യിലേക്കു മാത്രം വന്നാൽ, ‘ജോജി’യെ അനിതരസാധാരണമാക്കുന്നത് നവഭാവുകത്വ സിനിമയുടെ കൊടിയടയാളങ്ങളിലൊന്നായ അസാധാരണമായ സ്വാഭാവികതയാണ്. അത്ഭുതകരമായ സാധാരണത്വമാണ് സിനിമയുടെ ദൃശ്യപരിചരണത്തിൽ ആദ്യം മുതലേ പിന്തുടരപ്പെട്ടിട്ടുളളത്. ജീവിതത്തിനു നേരെ ഒരു ഒളിക്യാമറ തുറന്നുവച്ചിരിക്കുന്നതുപോലെയാണ് പനച്ചേൽ വീട്ടിലെ പാത്രപ്പെരുമാറ്റങ്ങൾ. അസ്വാഭാവികമായി അവിടെ യാതൊന്നും സംഭവിക്കുന്നില്ല. സ്വാഭാവികതയിലും സർവസാധാരണത്വത്തിലും കവിഞ്ഞ യാതൊന്നും ക്യാമറ പകർത്തുന്നുമില്ല. ഈ സ്വാഭാവികതയും സാധാരണത്വവും കൃത്രിമമായി സൃഷ്ടിക്കുന്നതിലാണ് തിരക്കഥാകാരനെ വെല്ലുന്ന സംവിധായകന്റെ കൈയടക്കം തൊണ്ടിമുതലിലെന്നോണം തന്നെ ‘ജോജി’യിൽ പ്രത്യക്ഷമാകുന്നത്. ദിലീഷ് പോത്തന്റെ ഏറ്റവും വലിയ വിജയം, കഥാപാത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളുടെ തെരഞ്ഞെടുപ്പാണ്. ‘ജോജി’ എന്ന സിനിമ ഇത്രമേൽ ആസ്വാദ്യമായൊരു തിരാനുഭവമാവുന്നതിൽ മുൻവിധികളെ കാറ്റിൽപ്പറത്തിയ ഈ താരനിർണയത്തിന് പ്രധാന പങ്കാണുള്ളത്.

പനച്ചേൽ കുട്ടപ്പനായി അക്ഷരാർത്ഥത്തിൽ അരങ്ങുതകർത്ത പി.എൻ സണ്ണിയും ജെയ്‌സണായി വന്ന ജോജി മുണ്ടക്കയവും, ഫാദർ കെവിൻ ആയി വന്ന സംവിധായകൻ കൂടിയായ ബേസിൽ ജേസഫും സഹായി ഗിരീഷായി വന്ന രഞ്ജിത് രാജനും വരെ പ്രേക്ഷകരെ ഞെട്ടിച്ചു. ഫഹദിന്റെയും ബാബുരാജിന്റെയും ഉണ്ണിമായയുടെയും ഷമ്മിതിലകന്റെയും പേരുകൾ ഈ പട്ടികയിൽ പെടുത്താത്ത മനഃപൂർവം തന്നെയാണ്. കാരണം മുൻകാലങ്ങളിൽ പല വേഷപ്പകർച്ചകളിലൂടെയും നമ്മെ ഞെട്ടിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ദിലീഷിനെപ്പോലെ നാടക-സിനിമാബോധമുള്ളൊരു സംവിധായകനുകീഴിൽ അവർ എത്രത്തോളം നിറഞ്ഞാടുമെന്നതിൽ ചില മുൻവിധികൾ നമുക്കുണ്ടാവും. ആ മുൻവിധികൾ ശരിവയ്ക്കുന്നതു തന്നെയാണ് അവരുടെ പ്രകടനങ്ങൾ. പക്ഷേ ആദ്യം പറഞ്ഞ താരങ്ങളുടെ കാര്യം അങ്ങനെയല്ല. അവർ ശരിക്കും തകർത്തുകളഞ്ഞു. വെറും നാലു സീനിൽ മാത്രമാണ് ഫാദർ കെവിൻ പ്രത്യക്ഷപ്പെടുന്നത് എന്നോർക്കുക. പക്ഷേ സിനിമയിലുടനീളം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതുപോലെ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ടെങ്കിൽ കേവലം രണ്ടു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന തോട്ട സുധി (ധനീഷ് ബാലൻ)യെ പോലെതന്നെയാണ് അത്.

തന്റെ പ്രതീക്ഷ തകർത്തുകൊണ്ട്, പക്ഷാഘാതക്കിടക്കയിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തുന്ന ഭർതൃപിതാവ് തന്റെ സ്വപ്‌നങ്ങൾക്കു മേൽ കടക്കോലിടുകയാണെന്ന തിരിച്ചറിവിൽ ഭക്ഷണത്തിനു വരുന്ന ഭർതൃസഹോദരനോട് തന്റെ അനിഷ്ടം പ്രകടിപ്പിക്കുന്ന ബിൻഷിയെ അവളുടെ ഭാവപ്പകർപ്പിൽ ഞെട്ടുന്ന ജോജി അടുക്കള ഇടനാഴിയിൽ നിന്നു നോക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തെ ക്യാമറാക്കോണും ചലനവും ഒന്നു മാത്രം മതി ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകന്റെ മാധ്യമബോധവും സംവിധായകനെന്ന നിലയ്ക്ക് ദിലീഷിന്റെ ദൃശ്യബോധവും ബോധ്യപ്പെടാൻ. നവമാധ്യമ നിരൂപണങ്ങളിൽ ഷൈജു ഏറെ പ്രകീർത്തിക്കപ്പെട്ടത് ചിത്രത്തിലെ ആകാശദൃശ്യങ്ങളുടെയും മറ്റും പേരിലാണെങ്കിൽ, യാഥാർത്ഥത്തിൽ ചിത്രം സവിശേഷമാവുന്നത് ഇടുങ്ങിയ വീടകങ്ങളിലും കഥാപാത്രങ്ങളുടെ മനസുകളിലേക്കും തുറന്നുവച്ച് ക്യാമറാക്കോണുകളിലും ചലനങ്ങളിലും കൂടിയാണ്. അസാധാരണമായ സാധാരണത്വം എന്ന ദൃശ്യപരിചരണം സാധ്യമാക്കുന്നതിൽ ഷൈജു ഖാലിദിന്റെ പങ്ക് നിസ്തുലമാണ്.

എന്നാൽ, വ്യക്തിപരമായി എനിക്ക് ‘ജോജി’ ഒരനുഭവമായിത്തീരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കാഴ്ചയ്ക്കപ്പുറം മനസിൽ കൊളുത്തിവലിക്കുന്ന പശ്ചാത്തല സംഗീതമാണ്. ഏതെങ്കിലും ഹോളിവുഡ് പടത്തിന്റെ മോഷണമാണെന്നും പറഞ്ഞ് സംഗീതമറിയാവുന്നവർ വരുമോ എന്നറിയില്ല. പക്ഷേ ഇത്രയേറെ സെൻസിബിളായ, ചലച്ചിത്ര ശരീരത്തോട് ഒട്ടിനിൽക്കുന്ന പശ്ചാത്തല സംഗീതം മലയാളത്തിൽ അപൂർവമാണ്. ‘എലിപ്പത്തായം,’ ‘വിധേയൻ,’ ‘പിറവി,’ ‘ഒരേ കടൽ’.. അങ്ങനെ ചില സിനിമകളിൽ മാത്രമാണ് പശ്ചാത്തല സംഗീതം വാസനാപൂർവം വിളക്കിച്ചേർത്ത് കണ്ടിട്ടുള്ളത്. ആ നിലവാരത്തിലേക്കാണ് ‘ജോജി’യിലെ ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക്കൽ സ്‌കോറിനെ പ്രതിഷ്ഠിക്കേണ്ടത്. നാന്ദിയിൽ തുടങ്ങി കൊട്ടിക്കലാശം വരെ ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിലും പ്രതിധ്വനിപ്പിക്കുന്നതിലും പശ്ചാത്തല സംഗീതത്തിന് നിർണായകപങ്കാണുള്ളത്. ‘ജോജി’യെ ‘ജോജി’യാക്കുന്നതിൽ ദിലീഷിനും ശ്യാമിനും ഫഹദിനും ബാബുരാജിനും ഷമ്മിക്കും ഉണ്ണിമായയ്ക്കും ഷൈജു ഖാലിദിനും ഉള്ളത്ര പങ്ക് ജസ്റ്റിനും ഉണ്ടെന്നതിൽ സംശയമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close