KERALANEWS

ശബരിമല തീർത്ഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നു; ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി വീണ ജോർജ്ജ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി യോഗം സംഘടിപ്പിച്ചു. മഴക്കാലവും കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ജില്ലയിൽ തീർത്ഥാടനത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ യോഗം കൈക്കൊള്ളുന്നത്. തീർത്ഥാടകർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ കിയോസ്‌കുകൾ സജ്ജമാക്കും. കൂടാതെ കോവിഡ് പകരുന്ന സാഹചര്യത്തിൽ ഭക്തർക്ക് വെള്ളം കുടിക്കുന്നതിനായി സ്റ്റീൽ ഗ്ലാസ്സുകൾ കരുതാമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.

അതിശക്തമായ മഴ പെയ്തത് ജില്ലയിലെ നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചെങ്കിലും വേണ്ടുന്ന പ്രവർത്തനങ്ങൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ബിഎസ്എൻഎല്ലിനു പുറമേ മറ്റ് നെറ്റ്‌വർക്കുകളുടെ സേവനവും ഉറപ്പാക്കും.

കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്തവർക്കും, 72 മണിക്കൂറിനിടെ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കുമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിലയ്ക്കലിൽ ആർടി ലാമ്പ്, ആന്റിജൻ ടെസ്റ്റ് ലാബ് എന്നിവ സജ്ജീകരിക്കും. കൂടാതെ ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലും, ജില്ലയിലെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും ആർടിപിസിആർ കിയോസ്‌കുകൾ സ്ഥാപിക്കും.

8 മുതൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ദേവസ്വം ബോർഡ് ഉറപ്പാക്കും. 11 മുതൽ പ്രസാദ നിർമാണം തുടങ്ങും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ചുമതലയിൽ നാല് ഓഫീസുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close