KERALANEWSTop NewsTrending

അമ്പത് വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ച് എ വി ​ഗോപിനാഥ്; ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകില്ലെന്ന് നിലപാട്; പാലക്കാട് ജില്ലയിൽ കോൺ​ഗ്രസിന്റെ അടിവേരിളകുന്നു

പാലക്കാട് : കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ. വി. ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.​ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ് ചുറ്റുമുള്ളതെന്നും കോൺഗ്രസിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 വയസ്സ് മുതൽ ജീവിതം ഉഴിഞ്ഞു വെച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടിയാണ്. 50 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് കാരണമെന്നും ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കുമെന്നും സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് പറഞ്ഞു.

പാലക്കാട് കോൺ​ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. എ വി ​ഗോപിനാഥ് നടത്താനിരിക്കുന്ന വാർത്താ സമ്മേളനം എങ്ങനെയും ഒഴിവാക്കാനാണ് കോൺ​ഗ്രസ് നേതൃത്വം ശ്രമിച്ചച്ചുകൊണ്ടിരുന്നത്. ​ഗോപിനാഥ് കോൺ​ഗ്രസ് വിട്ട് സിപിഎമ്മിൽ ചേരും എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ​ഗോപിനാഥിന് ജില്ലയിലെ പല സ്ഥലങ്ങളിലും നിർണായക സ്വാധീനമുണ്ട്. ​ഗോപിനാഥ് പാർട്ടി വിട്ടതോടെ ഇനി പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളിലും കോൺ​ഗ്രസ് ദുർബലമാകും.

വി കെ ശ്രീകണ്ഠൻ എം.പിയായതോടെ ഒഴിവുവന്ന പാർട്ടി ജില്ലാ പ്രസിഡന്‍റ് സ്ഥാനം തനിക്ക് ലഭിക്കും എന്നായിരുന്നു ​ഗോപിനാഥ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. മാത്രമല്ല, ഡിസിസി പുനസംഘടനയിലും ​ഗോപിനാഥിനെ അവ​ഗണിക്കുകയായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗോപിനാഥിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എ.ഐ.സി.സി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ് എന്നായിരുന്നു നേരത്തേ ​ഗോപിനാഥ് പറഞ്ഞിരുന്നത്.

കഴിഞ്ഞ കുറേവർഷമായി തന്നെയും ഒപ്പമുള്ള പ്രവർത്തകരെയും അവഗണിക്കുന്നതായാരോപിച്ചാണ് എ.വി. ഗോപിനാഥ് പരസ്യമായി രംഗത്തെത്തിയത്. കോൺഗ്രസിന്റെ ജില്ലയിലേതടക്കമുള്ള ജംബോ കമ്മിറ്റികൾ സ്വന്തക്കാരെ കുത്തിനിറയ്ക്കാനുള്ള സ്ഥലമാക്കിയെന്നാരോപിച്ചും കഴിവുള്ളവരെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു കാലങ്ങളായി ​ഗോപിനാഥ് ഉയർത്തിയിരുന്ന പരാതി.

കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയിരുന്നെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുശ്ശേരി പഞ്ചായത്തിലെ പതിനൊന്ന് അംഗങ്ങളും ഗോപിനാഥിനൊപ്പം പാർട്ടി വിട്ട് സിപിഎമ്മിലേക്ക് പോയേനെ. ഗോപിനാഥ് എടുക്കുന്ന ഏത് തീരുമാനത്തിനും പിന്തുണയേകി ഒപ്പം നിൽക്കുമെന്നാണ് ഇവർ അറിയിച്ചത്. പതിനൊന്ന് അംഗങ്ങൾ രാജി വെച്ചാൽ അതോടെ കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുശ്ശേരി പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാനും സിപിഎമ്മിനാകുമായിരുന്നു.

ഗോപിനാഥിനെ തഴഞ്ഞ് എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വവുമായി ഇടഞ്ഞ ഗോപിനാഥ് കോൺഗ്രസ് വിടാനൊരുങ്ങിയിരുന്നു. അന്ന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞ് അനുനയിപ്പിച്ചാണ് നേതാക്കൾ ഇദ്ദേഹത്തെ കോൺഗ്രസിൽ തന്നെ നിലനിർത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close