INSIGHTNEWSWORLD

അഫ്ഗാന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് ; അബ്ദുൾ ഗനി ബറാദർ

അഫ്ഗാൻ ജനത പരിഭ്രാന്തിയിൽ വലയുന്ന സമയത്ത് താലിബാൻ ആഘോഷിക്കുകയായിരുന്നു. “താലിബാന്റെ വലിയ വിജയത്തിൽ അഫ്‌ഗാനിലെ മുസ്ലിം ജനതയെ ഞാൻ അഭിനന്ദിക്കുന്നു”. അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഓഗസ്റ്റ് 15ന് കൈയടക്കിയ ശേഷം അബ്ദുൾ ഗനി ബറാദർ പറഞ്ഞതാണിത്. മുല്ല ഒമറുമായി ചേർന്ന് താലിബാന് രൂപം നൽകിയ ആളാണിയാൾ. ഹബീബത്തുള്ള അഖുന്ദ്സാദയാണ് താലിബാന്റെ അവസാന വാക്കെങ്കിലും അവരുടെ രാഷ്ട്രീയ മുഖവും പൊതുജനത്തിന് പരിചിതമായ മുഖവും അബ്ദുൾ ബറാദറിന്റെയാണ്. കാബൂളും കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റ് ആയി ഇയാൾ ചുമതലയേൽക്കും എന്നാണ് അഭ്യൂഹങ്ങൾ. ദോഹയിൽ നിന്ന് പോരാട്ടങ്ങൾ നിയന്ത്രിച്ചിരുന്ന ഇയാൾ വിജയം ഉറപ്പായതോടെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു എന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വിശേഷ ദിവസങ്ങളിലെ സന്ദേശം പകരുന്നതിനായിരുന്നു ബറാദർ ഇതിനുമുമ്പ് പൊതുജനത്തിന് മുമ്പാകെ വന്നിരുന്നത്.

1968ൽ അഫ്‌ഗാനിലെ ഉറുസ്ഗൻ പ്രവിശ്യയിലാണ് ബറാദർ ജനിച്ചത്. 1980കളിൽ അമേരിക്കൻ പിന്തുണ ഉണ്ടായിരുന്ന അഫ്ഗാൻ മുജാഹിദീനോട് ചേർന്ന് സോവിയറ്റ് യൂണിയനെതിരെ ഇയാൾ പോരാടി. 92ൽ സോവിയറ്റ് പിന്മാറിയതോടെ അവരുടെ പിന്തുണ ഉണ്ടായിരുന്ന പ്രസിഡന്റ് മുഹമ്മദ് നജീബുള്ളക്ക് രാജി വെക്കേണ്ടി വന്നു. പിന്നീട് ഇടക്കാല സർക്കാർ രൂപീകരണം വേണ്ടി വന്നപ്പോൾ അനവധി മുജാഹിദീൻ പാർട്ടികൾ ദേശീയ കക്ഷി രൂപികരിക്കുന്നതിനുള്ള ചർച്ചകളുമായി മുന്നോട്ട് വന്നു.

എന്നാൽ കാബൂൾ കീഴടക്കും എന്ന് പറഞ്ഞ് പാകിസ്ഥാൻ ഇന്റലിജൻസ് (ISI) പിന്തുണയോടെ ‘ഹെസ്‌ബ്‌ ഇ ഇസ്ലാമി’ എന്ന സംഘടന ചർച്ചകളിൽ പങ്കെടുക്കാതെ രംഗത്ത് വന്നു. ഇത് പിന്നീടുള്ള നാല് വർഷത്തേക്ക് അഫ്ഗാനെ ആഭ്യന്തര യുദ്ധങ്ങളിലേക്ക് നയിച്ചു. ഈ സമയത്താണ് ഒമറും ബറാദറും ചേർന്ന് താലിബാന് രൂപം കൊടുക്കുന്നത്. ആഭ്യന്തര യുദ്ധങ്ങൾക്ക് ശേഷം 1996 ആയപ്പോൾ താലിബാൻ വൻ ശക്തിയായി മാറി. പല പ്രവിശ്യാ തലസ്ഥാനങ്ങളും ഈ സമയമായപ്പോൾ അവരുടെ കീഴിലായി. ഈ വളർച്ചക്ക് കാരണമായ പിൻബുദ്ധി ബറാദറിന്റെയാണ്. തുടർന്ന് 96ലെ താലിബാന്റെ കാബൂൾ കൈയേറ്റം അടുത്ത ആഭ്യന്തര കലഹത്തിലേക്ക് അഫ്ഗാനെ നയിച്ചു. അതോടെ അമേരിക്കൻ, ബ്രിട്ടീഷ് സേനകൾ അങ്ങോട്ട് വന്നു. പിന്നീട് 2001 വരെ ഇവർക്കെതിരെ പോരാടിയെങ്കിലും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ നാറ്റോ സംഘം ഇവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് താലിബാന്റെ സേനാ നേതാവും രാഷ്ട്രീയ സൂത്രധാരനുമായി മാറിയ ബറാദറെ 2010ൽ സി. ഐ. എ. ട്രാക്ക് ചെയ്ത് പാകിസ്ഥാൻ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. പിന്നീട് വർഷങ്ങൾ ജയിലിൽ കിടന്ന ഇയാളെ ദോഹയിലെ ചർച്ചകൾക്ക് വേണ്ടി അമേരിക്ക ഇടപെട്ടാണ് മോചിപ്പിച്ചത്. 2020ൽ അമേരിക്കൻ സമാധാന ഉടമ്പടിയിൽ ഒപ്പ് വെച്ചെങ്കിലും അമേരിക്കൻ സൈന്യം പിൻവലിയാൻ അവർ കാത്തിരിക്കുകയായിരുന്നു എന്നു വേണം മനസിലാക്കാൻ. 20 വർഷങ്ങളുടെ അവരുടെ ശ്രമം സാധ്യമാവുകയാണ്.

“ഇനി രാജ്യത്തെ സേവിക്കാനുള്ള ഞങ്ങളുടെ അവസരമാണ്. രാജ്യത്ത് സുരക്ഷയും സമാധാനവും സാധ്യമാക്കും” ബറാദർ പറയുന്നു. ഉടനടി ബറാദറുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്ന് കരുതാം. അഫ്ഗാൻ ജനങ്ങളെപോലെ നമുക്കും ‘ഇനിയെന്താകുമെന്ന് കണ്ടറിയാം’.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close