Breaking NewsKERALANEWSTop News

‘കൊല്ലാം പക്ഷേ തോൽക്കില്ല’; ആർഎസ്എസുകാർ‌ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ എസ്എസ്എൽസി റിസൽട്ടും എത്തി; കണ്ണീരടക്കാനാകാതെ സഖാക്കളും വീട്ടുകാരും

കായംകുളം: എസ്എസ്എൽസി റിസൽട്ട് പുറത്തുവന്നതോടെ വീണ്ടും കണ്ണീരണിയുകയാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഖാക്കളും. വള്ളികുന്നം പടയണിവട്ടം കുറ്റിതെക്കതിൽ വീട്ടിലെ അഭിമന്യുവിന് എഴുതിയ പരീക്ഷകൾക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. ഐ.ടിക്ക് എപ്ലസ്, ഇംഗ്ലീഷിന് എ, മലയാളത്തിന് ബി, ഹിന്ദിക്ക് സിപ്ലസ് എന്നിങ്ങനെയാണ് അഭിമന്യുവിന്റെ പരീക്ഷാഫലം.

വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്ന അഭിമന്യു പരീക്ഷ തയ്യാറെടുപ്പുകൾക്കിടെയാണ് കൊല്ലപ്പെടുന്നത്. വിഷുദിനത്തിലെ കെട്ടുൽസവം കാണാൻ പടയണിവട്ടം ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. സഹോദരൻ അനന്തുവിനോടുള്ള ആർ.എസ്.എസുകാരുടെ ശത്രുത നിരപരാധിയായ അഭിമന്യുവിന്‍റെ ജീവനെടുക്കുകയായിരുന്നു. 91 ദിവസം മുമ്പ് നടന്ന കേസിന്‍റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച ദിവസമാണ് പരീക്ഷഫലം എത്തിയിരിക്കുന്നത്. മാതാവ് ബീനാകുമാരി ഒരു വർഷം മുമ്പ് അർബുധം ബാധിച്ച് മരണപ്പെട്ടതിന്‍റെ സങ്കടം നിലനിൽക്കെയാണ് അഭിമന്യുവും അമ്പിളികുമാറിനെ വിട്ടുപോകുന്നത്. അഭിമന്യുവിന് ഒപ്പം കുത്തേറ്റ സുഹൃത്ത് പുത്തൻചന്ത മങ്ങാട്ട് കാശിനാഥിനും (15) മികച്ച വിജയമാണ് ലഭിച്ചത്. ആറ് വിഷയത്തിന് എപ്ലസും രണ്ട് എയും രണ്ട് വിഷയങ്ങൾക്ക് ബിയുമാണ് കിട്ടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), ജ്യോതിഷ് ഭവനിൽ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്യുതൻ (21), ഇലിപ്പക്കുളം ഐശ്വര്യയിൽ ആകാശ് (പോപ്പി–20), വള്ളികുന്നം പള്ളിവിള പ്രസാദം വീട്ടിൽ പ്രണവ് (അപ്പു–23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണിക്കൃഷ്ണൻ (ഉണ്ണിക്കുട്ടൻ–24), തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) എന്നിവരാണ് പ്രതികൾ.

സംഭവശേഷം ഒളിവിൽ പോയ അരുൺ വരിക്കോലിയെ യാണ് പിടികൂടാനുള്ളത്. പിടിയിലായ അരുൺ, ആകാശ്, പ്രണവ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 14ന് രാത്രി ഉണ്ടായ സംഘർഷത്തിലാണ് വള്ളികുന്നം പുത്തൻചന്ത കുറ്റിത്തെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യു (15) കൊല്ലപ്പെട്ടത്. സംഭവത്തിൽ അഭിമന്യുവിന്റെ സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്കും കുത്തേറ്റിരുന്നു. അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close