KERALANEWS

പോലീസിനെ വെട്ടിച്ച് സ്പിൽവേയിൽ ചാടിയ കുറ്റവാളിയെ വെള്ളത്തിലിട്ട് പിടികൂടി പോലീസ്; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി

അമ്പലപ്പുഴ: മോഷണക്കേസിലെ പ്രതി സ്പിൽവേയിൽ നിന്നു ചാടി മണിക്കൂറുകൾക്കകം കരക്കെത്തിച്ച് അറസ്റ് ചെയ്ത പോലീസ്. പോലീസിനെ വെട്ടിച്ചുകനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ കോസ്റ്റൽ വാർഡന്മാരുടെ സഹായത്തോടെയാണ് പിടികൂടിയത്. അമ്പലപ്പുഴ നീർക്കുന്നം പൊക്കത്തിൽ പൊടിമോൻ (30) എന്നയാളാണ് പോലീസ് പിടിയിലായത്. നേരത്തെ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടിട്ടുള്ള ഇയാൾ പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ്.

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ചാടിയ പൊടിമോൻ കഴിഞ്ഞ ഏപ്രിൽ മാസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സുഹൃത്ത് മണിക്കുട്ടനൊപ്പം ബൈക്കും ഒമ്പതാം വാർഡിൽ നിന്ന് പേഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ്. മണിക്കുട്ടനെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും പൊടിമോൻ ഒളിവിലായിരുന്നു. പൊടിമോൻ തോട്ടപ്പള്ളിയിൽ ഒളിച്ചുകഴിയുന്നുവെന്ന വിവരമറിഞ്ഞു വേഷംമാറിയെത്തിയ പോലീസിനെ കണ്ടപ്പോൾ ഇയാൾ കനാലിലേക്കുചാടുകയായിരുന്നു.

സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെ മറുഭാഗത്തെത്തി പാലത്തിനടിയിലെ പൈപ്പിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മധ്യഭാഗത്തെത്തിയപ്പോൾ കുഴഞ്ഞു. ഈസമയം രക്ഷിക്കാനെന്ന ഭാവത്തിൽ തോട്ടപ്പള്ളി തീരദേശപോലീസ് സ്‌റ്റേഷനിലെ കോസ്റ്റൽ വാർഡന്മാരെത്തി വള്ളത്തിൽ കയറ്റി.

കരയിലെത്തിച്ച ഇയാളെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരുമണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും പ്രതി ആകാംക്ഷയിലാക്കി. അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാർ, ഇൻസ്പെക്ടർ എസ്. ദ്വിജേഷ്, എസ്.ഐ. ടോൾസൻ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

തീരദേശപോലീസ് സ്‌റ്റേഷനിലെ എസ്.ഐ.മാരായ വിജയചന്ദ്രൻ, ബൈജു വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ വാർഡന്മാരായ ശ്യാം, വിഷ്ണുതിലകൻ, സൈജു, നന്ദുകണ്ണൻ എന്നിവരാണ് പ്രതിയെ വള്ളത്തിലെത്തി കരയിലെത്തിച്ചത്.

ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close