സിപിഎം നേതാവ് യുവതിയെ പീഡിപ്പിച്ചത് കാറിനുള്ളിൽ വെച്ച്; നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു; യുവതിയുടെ പരാതിയിൽ കേസെടുത്ത് തിരുവല്ല പൊലീസ്

കോട്ടയം: സിപിഎം നേതാവ് വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രം പകർത്തി. സംഭവത്തിൽ തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെതിരെയും ഡിവൈഎഫ്ഐ പ്രവർത്തകൻ നാസറിനെതിരെയും പൊലീസ് കേസെടുത്തു. യുവതിയെ കാറിൽ വെച്ച് പീഡിപ്പിച്ച് നഗ്നചിത്രം പകർത്തിയ ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ പത്തു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തനിക്ക് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു കാറിൽ വെച്ച് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നഗ്നചിത്രങ്ങൾ എടുത്ത് അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇയാൾ പണവും ആവശ്യപ്പെട്ടു.
തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി.സജിമോനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പുറത്തുവിടാതിരിക്കാൻ പണം ചോദിച്ചെന്നാണ് കേസ്. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകയാണ്. മുമ്പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോൻ.