KERALANEWSTop News

നടൻ സൂര്യ വീട്ടിലെത്തി സന്ദർശിച്ച വിപ്ലവ നേതാവ്; ആർ. നല്ലകണ്ണ് തമിഴ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന പോരാളി; സിപിഐ നേതാവ് സൈബർ ലോകത്തും ചർച്ചകളിൽ നിറയുന്നു

ചെന്നൈ: ജയ് ഭീം സിനിമയുടെ പശ്ചാത്തലത്തിൽ സിനിമ താരം സൂര്യ സിപിഐ നേതാവായ ആർ. നല്ലകണ്ണിനെ സന്ദർശിച്ചത് വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചത്. ആരാണ് ആർ. നല്ലകണ്ണ് ? എന്ത് കൊണ്ടായിരിക്കും സൂര്യ നല്ല കണ്ണിനെ സന്ദർശിക്കാൻ പോയത് എന്നുമുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും ഉയരുന്നത്. തമിഴ് നാട്ടിലെ അധികാര രാഷ്ട്രീയത്തിൽ സിപിഐ നിർണായക ശക്തി അല്ലെങ്കിലും അവകാശ പോരാട്ടങ്ങളിലും നിലപാടുകളിലും സിപിഐയും അതിന്റെ നേതാവായ ആർ നല്ലകണ്ണും നിറഞ്ഞു നിൽക്കുന്നു എന്ന സന്ദേശമാണ് സൂര്യയുടെ സന്ദർശനം ഉയർത്തിക്കാട്ടുന്നത്.

തമിഴ് നാട്ടിലെ രാഷ്ട്രീയത്തിൽ ഇത്രയും ആദരണീയനായ നേതാവ് വേറെ ആരും ഉണ്ടാകില്ല. തന്റെ പതിനഞ്ചാം വയസിൽ സിപിഐയിൽ ചേർന്ന നല്ലക്കണ്ണിന് ബ്രിട്ടീഷ് സർക്കാർ 15 കൊല്ലത്തെ തടവ് വിധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ നല്ലകണ്ണ് തമിഴ്നാട്ടിലെ പ്രമുഖ ജാതി വിരുദ്ധ പോരാട്ട സംഘടനയായ TOPMന്റെ ( Tamil Nadu Oppressed People’s Movement) സ്ഥാപകൻ ആണ്. പെരിയാർ – അംബേദ്കർ ആശയങ്ങൾ ഉൾക്കൊണ്ട ഒരു ഇടത് അനുകൂല സംഘടനയാണ് TOPM.

ദളിത്, പിന്നോക്ക വിഭാഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് എതിരെ ഒരുപാട് പ്രകടനങ്ങളും കേസുകളും TOPM നടത്തിയിട്ടുണ്ട്. 2017 ൽ സ്ഥാപിതമായ TOPM സംഘടന ജാതി വിരുദ്ധ പോരാട്ടവുമായി ശക്തമായി മുന്നേറുന്നു. കോടതി കേസുകൾ, പ്രകടനങ്ങൾ, ഇരകൾക്ക് സംരക്ഷണം നൽകുക തുടങ്ങിയവ വഴി മേൽ ജാതി കോമരങ്ങൾക്ക് TOPM തലവേദനയായി മാറിയിട്ടുണ്ട് . തൂത്തുകുടി കസ്റ്റഡി മരണ കേസിൽ സിപിഐ എ. ഐ. എസ്.എഫ്. ,എ. ഐ. വൈ.എഫ് ,TOPM സംയുക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ദുരഭിമാന കൊലകൾക്ക് എതിരെ നിയമം പാസാക്കാൻ ആവശ്യപ്പെട്ടു TOPM രംഗത്ത് ഉണ്ട്.

ആർ.നല്ലക്കണ്ണ് എന്ന സിപിഐ നേതാവിനെതിരെ എന്തെങ്കിലും ഉണ്ടായാൽ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിക്കുന്ന കാഴ്ച്ച തമിഴകം കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഏറ്റവും ആദ്യത്തെ നേതാക്കളിൽ ഒരാളാണ് നല്ലകണ്ണ്. മണൽ മാഫിയകൾക്ക് എതിരെയും ശക്തമായ പോരാട്ടം നയിക്കുന്നത് നല്ലകണ്ണ് ആണ്. 2018 ൽ ഒറ്റയ്ക്ക് കേസ് നൽകി മണൽ മാഫിയകളെ കത്രിക പൂട്ടിൽ കുരുക്കി.

2010 ൽ 20 ദിവത്തോളം നിരാഹാരം കിടന്നതിനെ തുടർന്നു തമിഴ്നാട് സർക്കാർ ഡാം പണിതതും ചരിത്രം. ഇതിൽ നിന്നു മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ നല്ലക്കണ്ണിന്റെ ആർജ്ജവം. ജനസമ്മതനായ നല്ലക്കണ്ണിനു ഒരുപാട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചൈനീസ് , അംബേദ്കർ അവാർഡ്, സഹയോഗി പുരസ്‌ക്കാരം, വൈസ് പ്രസിഡന്റ് നൽകുന്ന ആദരവ് തുടങ്ങി ഒരുപാട്‌ പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.

തമിഴ് രാഷ്ട്രീയത്തിലെയും സാമൂഹിക രംഗത്തെയും.അതികായനായ നല്ലക്കണ്ണിനെ ജയ് ഭീം സിനിമയുടെ പശ്ചാത്തലത്തിൽ ഒഴിവാക്കാൻ സാധ്യമല്ല എന്നു ഉറപ്പിക്കുന്നതാണ് സൂര്യയുടെ സന്ദർശനം. ജാതി വിരുദ്ധ രാഷ്ട്രീയത്തിനെ കുറിച്ചു ചർച്ചകൾ ശക്തമാകുന്ന ദിവസങ്ങളിൽ നല്ലക്കണ്ണിനെ മാറ്റി നിർത്താൻ കഴിയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close