Breaking NewsKERALANEWSTop News

അഡ്വ. ജയശങ്കറിന്റെ പാർട്ടി മെമ്പർഷിപ്പ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത് ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച്; ഇനി നിർണായകമാകുക ജില്ലാ കമ്മിറ്റിയുടെ തീരുമാനം; രാഷ്ട്രീയ നിരീക്ഷകന് കൺട്രോൾ കമ്മീഷനെ സമീപിക്കാനും അവസരം

എറണാകുളം: അഡ്വ. എ ജയശങ്കറിനെ പാർട്ടിയിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്ന് ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചെങ്കിലും ജയശങ്കറിന് ജില്ലാ- സംസ്ഥാന നേതാക്കളുടെ നിലപാടുകൾ നിർണായകമാകും. കഴിഞ്ഞ ദിവസം മെമ്പർഷിപ്പ് പുതുക്കാൻ ചേർന്ന ബ്രാഞ്ച് കമ്മിറ്റിയാണ് ജയശങ്കറിന് അം​ഗത്വം പുതുക്കി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. എറണാകുളത്തെ ഹൈക്കോടതി അഭിഭാഷകരുടെ ബ്രാഞ്ചിലാണ് ജയശങ്കറിന്റെ അംഗത്വം. എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രാഞ്ചിന്റെ തീരുമാനം പുനപരിശോധിക്കണോ എന്ന കാര്യം എറണാകുളം ജില്ലാ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതിനെല്ലാം പുറമേ, പാർട്ടി കൺട്രോൾ കമ്മീഷനെ സമീപിച്ച് തന്റെ അം​ഗത്വം പുതുക്കണമെന്ന ആവശ്യപ്പെടാനും ജയശങ്കറിന് കഴിയും.

2000 മുതൽ തുടർച്ചയായി മാധ്യങ്ങളിൽ എഴുതുകയും 2004 മുതൽ ദൃശ്യമാധ്യമങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്നയാളാണ് അഡ്വ ജയശങ്കർ. 2007 മുതൽ 2014-15 വരെ ഇന്ത്യാവിഷൻ ചാനലിൽ വാരാന്ത്യം എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. അതിന് ശേഷം നിരവധി ചാനലുകളിൽ രാഷ്ട്രീയ നിരീക്ഷകനായി ചർച്ചകളിൽ പങ്കെടുത്തിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി ഫെഡറേഷനിൽ പ്രവർത്തിച്ചുകൊണ്ടാണ് ജയശങ്കർ കമ്മ്യൂണിസ്റ്റു പാർട്ടിയിലെത്തുന്നത്. 9 വർഷം ബ്രാഞ്ചിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. സമീപകാലത്തെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും, ആലുവായിൽ, പറവൂരിൽ, തൃപ്പൂണിത്തുറയിൽ, മൂവാറ്റുപുഴയിൽ ഒക്കെ നടന്ന ജില്ലാ സമ്മേളനങ്ങളിൽ പ്രതിനിധിയായിരുന്നു. തൃശൂർ നടന്ന സംസ്ഥാന സമ്മേളനത്തിലും പ്രതിനിധിയായി പങ്കെടുത്തു. ജയശ്ഹറിന്റെ അച്ഛൻ ഭിന്നിപ്പിനു മുമ്പ് സിപിഐയിലും ഭിന്നിപ്പിനു ശേഷം സിപിഎമ്മിലും പ്രവർത്തിച്ചയാളാണ്. അമ്മ കോൺഗ്രസുകാരിയായിരുന്നു. അച്ഛനെപ്പോലെ സിപിഎമ്മിലോ അമ്മയെപ്പോലെ കോൺഗ്രസിലോ ചേരാതെ സിപിഐയിൽ ചേർന്നത് സ്വന്തം ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് ജയശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റു പാർട്ടികളെക്കാൾ ജനാധിപത്യ സ്വഭാവമുള്ള, വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്പിക്കുന്ന പാർട്ടിയാണ് സിപിഐ എന്നായിരുന്നു നേരത്തേ ഉയർന്ന വിവാദങ്ങളോടുള്ള ജയശങ്കറിന്റെ പ്രതികരണം.

രാഷട്രീയ ഗുരുനാഥനായി താൻ കാണുന്നത് സി.കെ ചന്ദ്രപ്പനെയാണ് എന്നും ജയശങ്കർ നേരത്തേ വ്യക്തമാക്കിയിരുന്നു. 15 വയസ്സായതിനു ശേഷം താൻ കരഞ്ഞത് ചന്ദ്രപ്പൻ്റെ മരണവാർത്ത അറിഞ്ഞപ്പോഴാണ് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടില്ല- പക്ഷേ, ചന്ദ്രപ്പൻ്റെ മരണവാർത്ത കേട്ടപ്പോഴും ചാനൽ സ്റ്റുഡിയോയിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴും മൃതദേഹത്തിൽ റീത്ത് വയ്ക്കുമ്പോഴും ഞാൻ കരഞ്ഞു – അന്ന് ജയശങ്കർ പറഞ്ഞത് ഇങ്ങനെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close