ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി വീഡിയോ കോൺഫറൻസിംഗിലൂടെ ജി 20 ഉച്ചകോടിയുടെ ആതിഥേയത്വം വഹിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുത്താൻ യുഎൻഎസ്‌സി പ്രമേയം 2593 അടിസ്ഥാനമാക്കിയുള്ള ഏകീകൃത അന്താരാഷ്ട്ര പ്രതികരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
കോൺഫറൻസിനു ശേഷം ട്വിറ്ററിൽ പ്രധാനമന്ത്രി ജി 20 ഉച്ചകോടിയിൽ പങ്കെടുത്തതായി അറിയിച്ചു. അഫ്ഗാൻ പൗരന്മാർക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന ഒരു ഭരണകൂടം ഉണ്ടാവുന്നതിനും ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെയും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിക്കൊപ്പം, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചാൻസലർ ആഞ്ചല മെർക്കലും, കോൺഫറൻസിൽ പങ്കെടുത്തു. അതേസമയം താലിബാനെ അഫ്ഗാനിസ്ഥാൻ ഗവൺമെന്റായി അംഗീകരിക്കാൻ ജർമ്മനി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. എന്നാൽ ജർമ്മനി ഈ വർഷം അഫ്ഗാനിസ്ഥാന് 600 ദശലക്ഷം യൂറോയുടെ സഹായം നൽകുമെന്നും കൂട്ടിച്ചേർത്തു.