Breaking NewsNEWSTop NewsWORLD

പെൺകുട്ടികൾ സ്കൂളുകളിലേക്ക് എത്തേണ്ടെന്ന് താലിബാന്റെ തിട്ടൂരം; അധ്യാപികമാർക്കും വിലക്ക്; അഫ്​ഗാനിലെ പെൺജന്മങ്ങൾ ലൈം​ഗിക ഉപകരണങ്ങൾ മാത്രമായി പരിണമിക്കുന്നു

കാബൂൾ: അഫ്​ഗാൻ പെൺകുട്ടികൾക്ക് ഇനി സെക്കണ്ടറി വിദ്യാഭ്യാസം അന്യം. ആൺകുട്ടികളും പുരുഷ അധ്യാപകരും മാത്രം സ്കൂളുകളിലേക്കെത്താൻ താലിബാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പെൺകുട്ടികൾ സെക്കൻഡറി സ്കൂളുകൾക്ക് പുറത്തായത്. അതേസമയം, ഗേൾസ് സ്കൂളുകൾ ഉടൻ തുറക്കാൻ പദ്ധതിയുണ്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു.

1990 കളിൽ പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് നിരോധനം നിലവിലുണ്ടായിരുന്നതിന് സമാനമായ സാഹചര്യത്തിലേക്കാണോ അഫ്​ഗാനിലെ താലിബാൻ ഭരണകൂടം നീങ്ങുന്നത് എന്ന ആശങ്കയാണ് അഫ്​ഗാൻ ജനത പ്രകടിപ്പിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും വിദ്യാർത്ഥികളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകണം എന്നായിരുന്നു താലിബാൻ ഇന്ന് പുറത്തിറക്കിയ ഉത്തരവ്.

പെൺകുട്ടികളുടെ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് അഫ്ഗാനിസ്ഥാനിലെ ബക്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള “നടപടിക്രമങ്ങൾ”, അധ്യാപകരുടെ വിഭജനം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ എന്നിവയിൽ ഉദ്യോഗസ്ഥർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാർത്ഥിനികളും അവരുടെ രക്ഷിതാക്കളും പറയുന്നത് പ്രതീക്ഷകൾ മങ്ങിയതാണെന്ന്.

“എന്റെ ഭാവിയെക്കുറിച്ച് ഞാൻ വളരെ വിഷമിക്കുന്നു,” ഒരു അഭിഭാഷകയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു അഫ്ഗാൻ സ്കൂൾ വിദ്യാർത്ഥി പറഞ്ഞതായി ബിബസി റിപ്പോർട്ട് ചെയ്യുന്നു. “എല്ലാം വളരെ ഇരുണ്ടതായി കാണപ്പെടുന്നു. എല്ലാ ദിവസവും ഞാൻ ഉണരുമ്പോൾ ഞാൻ എന്തുകൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് എന്നോട് തന്നെ ചോദിക്കുന്നു. ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ആരെങ്കിലും വാതിലിൽ മുട്ടി അവനെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമോ? ഞാനൊരു സ്ത്രീയാണോ?”- പെൺകുട്ടി ചോദിച്ചു.

ഇത് “ദുഖകരമായ ദിവസമാണ്”- കാബൂളിൽ നിന്നുള്ള 16 വയസ്സുള്ള മറ്റൊരു സ്കൂൾ വിദ്യാർത്ഥി പറഞ്ഞു. “എനിക്ക് ഒരു ഡോക്ടറാകാൻ ആഗ്രഹമുണ്ടായിരുന്നു! ആ സ്വപ്നം അപ്രത്യക്ഷമായി. അവർ ഞങ്ങളെ സ്കൂളിൽ തിരികെ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ വീണ്ടും ഹൈസ്കൂളുകൾ തുറന്നാലും, സ്ത്രീകൾ വിദ്യാസമ്പന്നരാകാൻ അവർ ആഗ്രഹിക്കുന്നില്ല.”

ഈ ആഴ്ച ആദ്യം സർവകലാശാലകളിൽ പഠിക്കാൻ സ്ത്രീകളെ അനുവദിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. പക്ഷേ അവർക്ക് പുരുഷന്മാർക്കൊപ്പം ഇരുന്ന് പഠിക്കാൻ കഴിയില്ലെന്നും ഒരു പുതിയ ഡ്രസ് കോഡ് സ്വീകരിക്കേണ്ടി വരുമെന്നുമാണ് താലിബാൻ പ്രഖ്യാപിച്ചത്. എന്നാൽ,സെക്കൻഡറി സ്കൂളുകളിൽ നിന്നും പെൺകുട്ടികളെ തടഞ്ഞാൽ ആർക്കും തുടർ വിദ്യാഭ്യാസത്തിലേക്ക് പോകാൻ കഴിയില്ല.

2001 ൽ താലിബാൻ അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസവും സാക്ഷരതാ നിരക്കും വലിയ പുരോഗതി കൈവരിച്ചിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിന് വീണ്ടും അവസരമൊരുങ്ങി. പ്രൈമറി സ്കൂളുകളിലെ പെൺകുട്ടികളുടെ എണ്ണം ഏതാണ്ട് പൂജ്യത്തിൽ നിന്ന് 2.5 ദശലക്ഷമായി ഉയർന്നു, അതേസമയം സ്ത്രീകളുടെ സാക്ഷരതാ നിരക്ക് ഒരു ദശകത്തിൽ ഏകദേശം ഇരട്ടിയായി 30%ആയി.

“ഇത് അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിലെ തിരിച്ചടിയാണ്,” മുൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് നോറോര്യ നിസാത് പറഞ്ഞു.”90 കളിൽ താലിബാൻ എന്തു ചെയ്തുവെന്ന് ഇത് എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. നിരക്ഷരരും വിദ്യാഭ്യാസമില്ലാത്തവരുമായ ഒരു തലമുറയിൽ ഞങ്ങൾ അവസാനിച്ചു.” അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ “ഇസ്ലാമിക നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ” മാനിക്കപ്പെടുമെന്നായിരുന്നു അധികാരമേറ്റതിന് പിന്നാലെ താലിബാൻ പ്രഖ്യാപിച്ചിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close