INDIAMUSIC

ലിംഗസമത്വത്തിന് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുകയല്ല, ആണ്‍കുട്ടികളുടെ പ്രായം പതിനെട്ടാക്കുകയാണ് വേണ്ടത്; ജനാധിപത്യ മഹിളാ അസോസിയേഷന്‍

ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. എ.ഐ.ഡി.ഡബ്ല്യൂ കേന്ദ്ര കമ്മിറ്റി പ്രസ്‍താവന പുറത്തിറക്കിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ ഇവയൊക്കെ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണ് ആ സാഹചര്യത്തിൽ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ വിവാഹ പ്രായം ഉയർത്തുന്നത് ഫലപ്രദമല്ലെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ തടയുന്നതിന് കാരണമാകും. ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നത് തന്നെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഈ നിയമം പെണ്‍കുട്ടികളുടെ ലൈംഗികതയെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ നീക്കം സർക്കാർ പിൻവലിക്കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

ലിംഗസമത്വം കൊണ്ടുവരാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന വാദം തെറ്റാണ്. 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ എല്ലാ വ്യക്തികള്‍ക്കും വോട്ടവകാശവും കരാറുകളില്‍ ഏര്‍പ്പെടാനുള്ള അവകാശവും ലഭിക്കുന്നുണ്ട്. അതിനാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് എ.ഐ.ഡി.ഡബ്‌ള്യൂ.എ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇത് ആണ്‍കുട്ടിയെ വിവിധ ക്രിമിനല്‍ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതില്‍ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ഐ.സി.ഡി.എസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികള്‍ക്ക് മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്നും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ഈ സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് എ.ഐ.ഡി.ഡബ്‌ള്യൂ.എ ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close