INDIANEWS

ഇന്ത്യയിലാദ്യം വിമാന സര്‍വീസ് തുടങ്ങി ചരിത്രം കുറിച്ചു; സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ചെയര്‍മാനായി തുടര്‍ന്നത് ജെആര്‍ഡി ടാറ്റ തന്നെ; ഒരിക്കല്‍ സര്‍ക്കാരിന് കൈമാറിയ എയര്‍ ഇന്ത്യ തിരികെ ടാറ്റയുടെ കൈകളിലേക്കോ ? രാജ്യത്തിന്‍റെ ആകാശയാത്രയുടെ ചരിത്രം ഇങ്ങനെ…

കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യ കേന്ദ്ര സർക്കാർ ലേലത്തിൽ വെച്ചിരിക്കുകയാണ്. പ്രധാനമായും ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റുമാണ് എയർഇന്ത്യ വാങ്ങുന്നതിന് രംഗത്തുള്ളത്. ലേലത്തിലെ ഉയർന്ന തുക ടാറ്റയുടേതാണെന്നാണ് ലഭിക്കുന്ന വിവരം. ലേലത്തിൽ എയർ ഇന്ത്യ ടാറ്റക്ക് നൽകി എന്ന വാർത്തകളും വന്നിരുന്നു. എന്നാൽ നിലവിൽ വരുന്ന വാർത്തകൾ കേന്ദ്ര സർക്കാർ നിഷേധിക്കുകയാണ്. എയർ ഇന്ത്യ ഇതുവരെ ആർക്കും നൽകിയിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നിരുന്നാൽ തന്നെയും സർക്കാർ എയർ ഇന്ത്യ നൽകാൻ സാധ്യത ടാറ്റക്ക് തന്നെയാവും.

എയർ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റർ അപ്‌സ് കമ്പനിയും രംഗത്ത് വന്നിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്നും അവർ പിന്മാറി. 2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുകയാണ് എയർ ഇന്ത്യ. 60,000 കോടിയിലധികമാണ് സർക്കാരിന് കടം. പ്രതിദിനം 20 കോടിയോളം നഷ്ടം വഹിക്കുന്നതായാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. തുടർന്നാണ് എയർ ഇന്ത്യ ലേലത്തിലേക്ക് വെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതും.

ലേലത്തിൽ കേന്ദ്ര സർക്കാർ ടാറ്റയെ തിരഞ്ഞെടുത്താൽ അതൊരു ചരിത്രമായി മാറും. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്താൽ 68 വർഷത്തിനു ശേഷം വീണ്ടും ടാറ്റായുടെ കൈകളിലേക്ക് ആ കമ്പനി എത്തും എന്നതുതന്നെയാണ് പ്രധാന പ്രത്യേകത. എന്താണ് ആ ചരിത്രം? പരിശോധിക്കാം,

1930 ലാണ് കമ്പനിയുടെ ആരംഭം. കമ്പനിയുടെ ജനനത്തോടൊപ്പം ഇന്ത്യൻ വ്യോമയാനത്തിന്റെ ഉത്ഭവവും ഉണ്ടായി. ഇന്ത്യയിലെ ആദ്യത്തെ ലൈസൻസുള്ള പൈലറ്റായ വ്യവസായി ജെആർഡി ടാറ്റ തുടങ്ങിയ എയർലൈൻ 1932 ഒക്ടോബർ 15 നാണ് അതിന്റെ ആദ്യ വിമാനം സ്ഥാപിച്ചത്. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള അവിഭക്ത ഇന്ത്യയിലെ കറാച്ചിക്കും ബോംബെക്കും ഇടയിലാണ് എയർലൈൻ ആദ്യം ചരക്ക് കൊണ്ടുപോയത്. ജെആർഡി ടാറ്റയുടെ ആദ്യ വിമാനം. സിംഗിൾ എഞ്ചിൻ ഡി ഹാവിലാൻഡ് പുസ് മോത്ത് കറാച്ചിയിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബെയിലേക്ക് 25 കിലോഗ്രാം ലോഡ് ചരക്ക് കയറ്റിയിരുന്നു. എന്നാൽ 1940 കളിൽ എയർലൈൻ വാണിജ്യപരമായിത്തീർന്നു. തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. ഇതോടെ സമ്പന്നരായ യാത്രക്കാർ എയർലൈനിന്റെ ഫ്ലൈറ്റുകളിൽ കയറാൻ തടിച്ചുകൂടി. അതിന്റെ മഹാരാജ ചിഹ്നം ഇന്ത്യൻ വ്യോമയാനത്തിന്റെ മായാത്ത ചിഹ്നമായി മാറി.

1946-ൽ ടാറ്റാ എയർലൈൻസ്, എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇത് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. സ്വാതന്ത്ര്യത്തിന് ഒരു വർഷത്തിനുശേഷം, 1948 ൽ ഇന്ത്യൻ സർക്കാർ എയർലൈൻ കമ്പനിയിൽ 49 ശതമാനം ഓഹരികൾ വാങ്ങി. 1953 -ൽ സർക്കാർ വ്യോമയാന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. എയർ ഇന്ത്യ ഒരു പൊതുമേഖലാ സംരംഭമായി മാറിയപ്പോഴും ജെആർഡി ടാറ്റ 1977 വരെ എയർലൈനിന്റെ തലപ്പത്ത് ചെയർമാനായി തുടർന്നു. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. എന്നാൽ തൽക്കാലം വില്പന വേണ്ട എന്ന് സർക്കാർ തീരുമാനിക്കുകയുയായിരുന്നു. 2013ൽ ടാറ്റ എയർ ഏഷ്യ ഇന്ത്യ വിമാന കമ്പനി ആരംഭിച്ചു.

കടക്കെണിയിൽ കുടുങ്ങിയ എയർ ഇന്ത്യ സർക്കാരിന് കോടികളുടെ നഷ്ടം വരുത്തുന്നതോടെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എയർ ഇന്ത്യ വിൽക്കാനുള്ള രണ്ടാമത്തെ ശ്രമമാണിത്. 2018 മാർച്ചിൽ ഈ എയർലൈൻ വിറ്റഴിക്കാൻ ശ്രമിച്ചതിൽ കേന്ദ്രം പരാജയപ്പെട്ടു. എയർലൈനിന്റെ 76 ശതമാനം ഓഹരികൾ വിൽക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചപ്പോൾ, എയർലൈനിന്റെ വർദ്ധിച്ചുവരുന്ന കടം സംബന്ധിച്ച ആശങ്കകൾ കാരണം ആ സമയത്ത് ഒരു കമ്പനിയും ഏറ്റെടുക്കാൻ മുന്നോട്ട് വന്നില്ല.

2020 ഡിസംബറിൽ, എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനായി സർക്കാർ വീണ്ടും താത്പര്യം പ്രകടിപ്പിച്ചു. തകർന്ന എയർലൈൻ ഏറ്റെടുക്കാൻ നാല് ലേലക്കാർ മത്സരരംഗത്തെത്തിയെങ്കിലും ടാറ്റ ഗ്രൂപ്പും സ്പൈസ്ജെറ്റ് സിഇഒ അജയ് സിംഗും മാത്രമാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. നിലവിലെ ലേലത്തിൽ ഏറ്റവും ഉയർന്ന തുക പ്രഖ്യാപിച്ച ടാറ്റക്ക് എയർ ഇന്ത്യ സർക്കാർ നൽകിയാൽ തുടങ്ങിവെച്ച കൈകളിൽ തന്നെ സ്ഥാപനം തിരിച്ചെത്തി വീണ്ടും ചരിത്രം കുറിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close