
ഡൽഹി : മുൻ വർഷങ്ങളിലേതിനു സമാനമായി ഇത്തവണയും ഡൽഹിയിൽ വായുഗുണനിലവാരം വരും ദിവസങ്ങളിൽ വീണ്ടും മോശമാവുമെന്ന് പഠനങ്ങൾ പറയുന്നു. ഈ സാഹചര്യങ്ങൾ ഭീതി ഉണ്ടാക്കുന്നതാണെന്നും അയൽ സംസ്ഥാനങ്ങൾ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിയന്ത്രണം പാലിയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ഡൽഹി സർക്കാർ നിർദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പരിസര മലിനികരണം ഡൽഹിയിൽ വലിയ സാമുഹ്യ-ആരോഗ്യ പ്രശ്നങ്ങൾ സ്യഷ്ടിച്ചിരുന്നു. സുപ്രിം കോടതി ഈ വിഷയത്തിൽ ഇടപെടുകയും കേന്ദ്രസംസ്ഥാന സർക്കാരുകളെ താക്കിത് ചെയ്യുന്ന വരെയും കാര്യങ്ങൾ എത്തിയിരുന്നു. അതേ അവസ്ഥയാകും ഇത്തവണയും ഉണ്ടാകുക എന്നാണ് മുന്നറിയിപ്പ്. ഇക്കാര്യം ഡൽഹി സർക്കാർ ഇന്ന് സ്ഥിരീകരിച്ചു.
പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകയാണ് പരിസരമലിനികരണത്തിന് പ്രധാന കാരണം. വരാനിരിക്കുന്ന ദിവസങ്ങളിലെ വായു മലിനികരണം തടയാൻ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി. കാർഷികാവശിഷ്ടങ്ങൾ ജൈവവളമാക്കി മാറ്റാൻ ബയോ ഡീകംപോസർ സൗജന്യമായി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.