INDIANEWS

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു; വായു ഗുണനിലവാര സൂചിക 382 ലെത്തി; ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറയുകയാണെന്ന് പഠനങ്ങൾ

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക 382 ലെത്തി നിൽക്കുകയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്‍റെ തോത് 334 ആയിരുന്നു. ഛഠ് പൂജ വരാനിരിക്കെ യമുന നദിയിലെ വിഷപ്പത ബോട്ടുകൾ ഉപയോഗിച്ച് നീക്കം ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡൽഹിയിൽ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡൽഹിയെ കൂടാതെ സമീപ പ്രദേശങ്ങളിലും വായുവിന്‍റെ ഗുണനിലവാര സൂചിക ഏറെ താഴുന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ഈ വർഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വായുവിന്‍റെ ഗുണനിലവാര സൂചിക 300 കടക്കുന്നത്. ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വാഹനങ്ങളിൽ നിന്നുള്ള പുകയും വൈക്കോൽ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണത്തിന് കാരണം. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഇത്രയധികം മലിനീകരണമുണ്ടാവുന്നത് എന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം സിഗററ്റ് പുകയേക്കാൾ മോശമാണെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറയുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നതായും ഡൽഹിക്കാരുടെ ശ്വാസകോശം കറുത്തതായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആഘോഷവേളകളിൽ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതും ദീപാവലിക്ക് പടക്കം പൊട്ടിച്ചതും വായുമലിനീകരണത്തിന്‍റെ തോത് വർധിപ്പിച്ചു. ഇന്തോ-ഗംഗാ സമതല മേഖലയിൽ വായുമലിനീകരണം കൂടുതലാണ്. 2017ന് ശേഷമുള്ള ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഡൽഹിയിൽ ദീപാവലിക്ക് തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയതെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

വായുമലിനീകരണം കോവിഡ് വ്യാപനത്തിനും കാരണമാകുമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കി. കോവിഡ് ബാധിതരുടെ ശ്വാസകോശത്തെ മലിനീകരണം ഏറെ പ്രതികൂലമായി ബാധിക്കും. വായുവിലെ മലിന വസ്തുക്കളിൽ കൊറോണ വൈറസ് തങ്ങിനിൽക്കുന്നത് വ്യാപന തോത് വർധിപ്പിക്കും. ഇപ്പോഴുള്ള കോവിഡ് വർധനവ് ഇത്തരത്തിലുള്ളതാണോയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close