Breaking NewsINSIGHTNEWSTop News

പ്രതികരണ ശേഷി നഷ്ടപ്പെട്ടതോ അതോ അധികാരത്തിന്റെ ശീതളിമ നൽകിയ മരവിപ്പോ? കൂട്ടത്തിലൊരുവൾ അക്രമത്തിന് ഇരയായിട്ടും എഐഎസ്എഫ് പ്രവർത്തകർക്ക് ഇതെന്തുപറ്റീ

നിരഞ്ജൻ

ഉടൻ പ്രതികരണശേഷിയുള്ള പ്രസ്ഥാനം എന്നായിരുന്നു സിപിഐയുടെ വിദ്യാർത്ഥി സം​ഘടനയും യുവജന സംഘടനയും സ്വയം വിളിച്ചിരുന്നത്. കേരളത്തിലെ കാമ്പസുകളിൽ എസ് എഫ് ഐക്കാരന്റെ തല്ല് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങാൻ ഭാ​ഗ്യം സിദ്ധിച്ചിട്ടുള്ളതും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന് തന്നെയാണ്. കോളജിനകത്ത് തല്ല് കൊണ്ടാലും വെളിയിലെത്തുമ്പോൾ തിരിച്ച് കൊടുക്കാനും പകരം ചോദിക്കാനും കേരളത്തിലെ എഐഎ‍സ്എഫിനും എഐവൈഎഫിനും എഐടിയുസിക്കും സിപിഐക്കുമെല്ലാം ശേഷിയുണ്ടായിരുന്നു. എന്നാൽ, ഒരു പെൺകുട്ടി, എം ജി സർവകലാശാലയിൽ വെച്ച് എസ്എഫ്ഐക്കാരാൽ അപമാനിതയായിട്ട് ഒരാഴ്ച്ചക്കാലം ആകുന്നു. നാളിതുവരെ ഒന്ന് പ്രതികരിക്കുവാൻ സംസ്ഥാനത്തെ വിപ്ലവ സിംഹങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അക്രമത്തിനിരയായത് ഒരു പെൺകുട്ടി ആയതുകൊണ്ടാണോ അതോ അധികാരത്തിന്റെ ശീതളിമയുടെ ആലസ്യമാണോ ഈ നിഷ്ക്രിയത്വത്തിന് കാരണം എന്ന സംശയം പാർട്ടി ​ഗ്രൂപ്പുകളിൽ പോലും ഉയരുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും പോസ്റ്ററുകളും ട്രോളുകളുമിറക്കി വനിതാ നേതാവിന് ഏറ്റ അപമാനം എഐഎസ്എഫ് സഖാക്കൾ ആഘോഷിക്കുന്നുണ്ട്. ആ പെൺകുട്ടി ഉൾപ്പെടെ വന്ന് ചാനൽ ചർച്ചകളെയും കൊഴിപ്പിക്കുന്നുണ്ട്. എന്നാൽ, തങ്ങളിലൊരുവളെ ആക്രമിച്ചവരോട് എഐഎസ്എഫ് പ്രവർത്തകർ കാട്ടുന്ന ജനാധിപത്യ മര്യാദയാണ് ഏറ്റവും ഭയാനകം.

ചാനലുകളിലെ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലും എഐഎസ്എഫുകാർ രോഷം കൊള്ളുന്നുണ്ട്. എന്നാൽ, പൊതുസമൂഹത്തിന് മുന്നിലെത്തി എസ്എഫ്ഐ പ്രവർത്തകർ കാണിച്ച നെറികേടിനെതിരെ പ്രതിഷേധിക്കാനും അത് ചെയ്തവരെ കൈകാര്യം ചെയ്യാനും എഐഎസ്എഫ് പ്രവർത്തകർ മടിക്കുന്നെങ്കിൽ അത് കേവലം ജനാധിപത്യ മര്യാദ മാത്രമല്ല. അധികാരത്തിന്റെ അപ്പക്കഷ്ണം വീതിക്കുമ്പോൾ തങ്ങൾക്കും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ്.

കേരളത്തിലെ യുവജന കമ്മീഷനിലും യുവജന ബോർഡിലും ഇരിക്കുന്ന സിപിഐ പ്രതിനിധികൾ എഐഎസ്എഫിന്റെ മുൻകാല നേതാക്കൾ തന്നെയാണ്. ഈ വിഷയത്തിൽ ഇടപെടാനോ അക്രമത്തിനിരയായ യുവതിയെ കാണാനോ ഈ യുവജന ബോർഡോ കമ്മീഷനോ പോകട്ടെ, അതിലുള്ള പഴയ എഐഎസ്എഫുകാർ എങ്കിലും തയ്യാറാകേണ്ടേ? തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ വനിതാ സഖാവിനെ തല്ലിക്കുകയും ആക്ഷേപിക്കുകയും ചെയ്ത എസ്എഫ്ഐക്കാരെ സംരക്ഷിക്കുകയും അവരെ ന്യായീകരിക്കുകയും ചെയ്യുന്ന പഴയ എസ്എഫ്ഐ നേതാക്കൾക്ക് ഒപ്പമിരുന്ന് കോഫിയും കശുവണ്ടിപ്പരിപ്പും കഴിക്കുന്ന തിരക്കിലാണവർ. അല്ലെങ്കിൽ, ഈ വിഷയത്തിൽ അടിയന്തിരമായി കേരളത്തിലെ യുവജന കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകണം. അങ്ങനെയൊരു തീരുമാനം എടുക്കാൻ ശേഷിയുള്ള യുവാക്കളാരും ആ പ്ലാറ്റ്ഫോമിൽ ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഈ നാട്ടിൽ നീതി ലഭിക്കുക? ആർക്കാണ് ഇവിടെ സംഘടനാ പ്രവർത്തനം ന‌ടത്താൻ കഴിയുക.

കാതലായ പ്രശ്നങ്ങളെ ലഘൂകരിച്ച് പാർട്ടി വിട്ട പഴയ നേതാക്കളുടെ കണക്കുകൾ നിരത്തുന്ന തിരക്കിലാണ് എസ്എഫ്ഐ – എഐഎസ്എഫ് നേതൃത്വങ്ങൾ. ഇവിടെയൊരു കലാലയത്തിൽ ഒരു പെൺകുട്ടി അപമാനിതയായോ? അവൾ അക്രമത്തിന് ഇരയായോ? അവളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചോ? അവളെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയോ? അവളുടെ രാഷ്ട്രീയം നമുക്ക് മാറ്റിവെക്കാം. അങ്ങനെയൊരു അനുഭവം ഈ നാട്ടിൽ ഒരു പെൺകുട്ടിക്ക് ഉണ്ടായാൽ എസ്എഫ്ഐ എന്തു ചെയ്യും? എഐഎസ്എഫ് എന്തു ചെയ്യും? പ്രാഥമികമായി അതിനുത്തരം കണ്ടെത്തുകയും അത് ചെയ്യുകയുമാണ് ഇരു സംഘടനകളും ആദ്യം ചെയ്യേണ്ടത്.

എഐഎസ്എഫും സിപിഐയും ചെയ്യേണ്ടത് അതിൽ ഒതുങ്ങുന്നില്ല. നിങ്ങളുടെ പ്രസ്ഥാനം ഉൾപ്പെടെയുള്ള കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളിലേക്കും ജനാധിപത്യ പാർട്ടികളിലേക്കും ഈ നാട്ടിലെ കുട്ടികൾ എത്തുമ്പോൾ അവരുടെ വീട്ടുകാർക്ക് നിങ്ങൾ നൽകുന്ന ഒരുറപ്പുണ്ട്. ഞങ്ങൾ വീണതിന് ശേഷമേ ഇവരുടെ മേൽ ഒരു നുള്ള് മണ്ണുപോലും വീഴു എന്ന്. അതുകൊണ്ട് തന്നെ അത് തെളിയിക്കാൻ ഉത്തരവാദിത്തമുള്ള സംഘടനയാണ് എഐഎസ്എഫ്.

ഞങ്ങൾ ഇതിനെ ജനാധിപത്യപരമായും നിയമപരമായും നേരിടും എന്ന് പറഞ്ഞ് വേണമെങ്കിൽ എഐഎസ്എഫിനും സിപിഐക്കും കയ്യൊഴിയാം. പക്ഷേ, ചരിത്രത്തിൽ ഒരിടത്തും എഐഎസ്എഫോ സിപിഐയോ ഇത്തരം ഒരു വിഷയത്തെ നിയമപരമായും ജനാധിപത്യപരമായുമല്ല കൈകാര്യം ചെയ്തെന്ന് എല്ലാവർക്കുമറിയാം.

ഒരു ഓളത്തിനെങ്കിലും ഞങ്ങളുടെ സഖാവിനെ അപമാനിച്ചവരെ റോഡിലിറങ്ങി വിലസാൻ അനുവദിക്കില്ലെന്ന് പറയാനുള്ള ആർജ്ജവം എഐഎസ്എഫ് നേതൃത്വം കാട്ടണം. പ്രതികളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും പൊലീസിന്റെയും നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെടണം. അതിന് തയ്യാറാകുന്നത് വരെയെങ്കിലും എസ്എഫ്ഐ നേതാക്കൾക്കൊപ്പം വേദികൾ പങ്കിടില്ലെന്ന് പ്രഖ്യാപിക്കണം. അതിന് കഴിയുന്നില്ലെങ്കിൽ ആ പെൺകുട്ടി ആത്മാർത്ഥമായി ചെങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന ഫോട്ടോയും വെച്ചുള്ള സൈബർ ആഘോഷങ്ങൾ അവസാനിപ്പിക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close