KERALANEWS

വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ല; ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനക്ക് അയച്ചതിൽ ദുരൂഹത: ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ആരോപണങ്ങൾ തള്ളി ഐഷ സുൽത്താന

കൊച്ചി: രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഐഷ സുൽത്താന. തന്‍റെ ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനക്ക് അയച്ചതിൽ ദുരൂഹതയുണ്ടെന്നും ഫോണിൽ വ്യാജ തെളിവുകൾ തിരുകിക്കയറ്റാൻ സാധ്യതയുണ്ടെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിലാണ് ഐഷയുടെ പരാമർശം.

ചാനൽ ചർച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത് ശരിയല്ല. വാട്സ്ആപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്‍റെ മൊബൈൽ ഫോണും ലാപ് ടോപ്പും പരിശോധനയ്ക്കായി ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണ്. ഐടി വിദഗ്ദരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഐഷ വ്യക്തമാക്കുന്നു.

ചാനൽ ചര്‍ച്ച നടക്കുന്ന സമയം തന്‍റെ മൊബൈല്‍ സ്വിച്ച്ഓഫ് ആയിരുന്നു. ചർച്ചക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചുവെന്നത് ശരിയല്ല. പൊലീസ് പിടിച്ചെടുത്ത തന്‍റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും യഥാസമയം കോടതിയില്‍ ഹാജരാക്കിയില്ല. മൊബൈല്‍ ഫോണില്‍ വ്യാജതെളിവുകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണും ലാപ്ടോപ്പും ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണ്‍ പിടിച്ചെടുത്ത് ദിവസങ്ങള്‍ക്ക് ശേഷവും സ്വിച്ച് ഓണ്‍ ആയിരുന്നു.പ്രവാസി സുഹൃത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് തന്‍റെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതിന്‍റെ വിശദാംശങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഐഷ ഹൈക്കോടതിയെ അറിയിച്ചു.

രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ആയിഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം. എന്നാൽ കവരിത്തി പൊലീസിന്‍റെ ആരോപണം തള്ളിയ ആയിഷ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കൻ ശ്രമമുണ്ടെന്ന് ആരോപണം ഉയർത്തുകയാണ്. ബയോവെപ്പൺ പരാമർശവുമായി ഒരു ബന്ധവുമില്ലാഞ്ഞിട്ടും തന്‍റെ ഫോൺ, ലാപ് ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇവ ആരുടെ കൈയ്യിലാണെന്ന് പോലും തനിക്കറിയില്ല. കോടതി അറിയാതെയാണ് ഇവ ഗുജറാത്തില്‍ പരിശോധനയ്ക്ക് അയച്ചെന്നാണ് അറയുന്നത്. അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്വാധീനമുള്ള ഗുജറാത്തിലേക്ക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയച്ചത് ദുരൂഹമാണെന്നും ഐഷ സുൽത്താന ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close