മകളുടെ പിറന്നാൾ ആഘോഷിക്കാനായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മാലദ്വീപിലേക്ക്. ആരാധ്യയുടെ പത്താം പിറന്നാളാണ് ആഘോഷിക്കുന്നത്. മാലദ്വീപിലെ അമീല ആഢംബര റിസോർട്ടിലാണ് താരങ്ങൾ താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സോഷ്യൽമീഡിയയിൽ ഐശ്വര്യയും അഭിഷേകും റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെ റിസോർട്ടിന്റെ കൂടുതർ വിവരങ്ങൾ ഗുഗിളിൽ തിരയുകയാണ് ആരാധകർ. വ്യത്യസ്ത സൗകര്യങ്ങളോടുള്ള വില്ലകളാണ് റിസോർട്ടിലുള്ളത്.

റീഫ് വാട്ടർ പൂൾ വില്ല, സൺസെറ്റ് വാട്ടർ പൂൾ വില്ല, ലഗൂൺ വാട്ടർ പൂൾ വില്ല, മൾട്ടി ബെഡ്റൂം റസിഡൻസസ് എന്നിവയാണ് ഇവിടെയുള്ളത്.എല്ലാ വില്ലകളിലും സ്വന്തമായി പൂളുകളും സീ വ്യൂ സൗകര്യവുമുണ്ട്. ഇതിൽ ഏത് വില്ലയിലാണ് താരദമ്പതികളും മകളും താമസിക്കുന്നത് എന്ന് വ്യക്തമല്ല. അതെന്തായാലും താരങ്ങൾ താമസിച്ച റിസോർട്ടിൽ ഒരു ദിവസം കഴിയാനുള്ള ചെലവ് എത്രയാണെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.

റിസോർട്ടിലെ ഏറ്റവും കുറഞ്ഞ വില്ലയിൽ ഒരു രാത്രി കഴിയാൻ 76000 രൂപയാണ് വാടകയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. ഏറ്റവും കൂടിയ വില്ലയുടെ വാടക പത്ത് ലക്ഷം രൂപയാണ്. ഇവിടെ ഇരുപത് പേർക്ക് വരെ താമസിക്കാം.

മൾട്ടി ബെഡ്റൂം റസിഡൻസിനാണ് ഏറ്റവും ഉയർന്ന നിരക്ക്. നാല് മുതൽ എട്ട് ബെഡ്റൂമുകൾ വരെയുള്ള റസിഡൻസാണ് റിസോർട്ട് ഓഫർ ചെയ്യുന്നത്. ഇതിൽ ആറ് ബെഡ്റൂമുള്ള റസിഡൻസിന് 14 ലക്ഷം രൂപയാണ് വാടക വരുന്നത്.

ഞായറാഴ്ച്ച റിസോർട്ടിനുള്ളിലെ ചിത്രങ്ങൾ ഐശ്വര്യയും അഭിഷേകും പങ്കുവെച്ചിരുന്നു. താരദമ്പതികളുടെ ഇഷ്ട വെക്കേഷൻ ഡെസ്റ്റിനേഷനാണ് മാലദ്വീപ്. ഈ മാസം ആദ്യം ഐശ്വര്യയുടെ പിറന്നാൾ ആഘോഷത്തിനും താരങ്ങൾ ഇവിടെയെത്തിയിരുന്നു.