Breaking NewsKERALANEWS

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടു വിട്ടിറങ്ങി; 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടു വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിമരിച്ച നിലയില്‍. കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപത്തു നിന്നും കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന കുട്ടി പണം നഷ്ടമായ മനോവിഷമത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

സംസ്ഥാനത്ത് പല കുട്ടികളും ഓൺലൈൻ ഗെയിമുകൾ അടിമപ്പെടുന്നെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോക്ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുമൊക്കെ കൂടുതൽ സമയം കൈകാര്യം ചെയ്യാന്‍ കുട്ടികൾക്ക് ലഭിച്ചതാണ് ഇതിന് കാരണം. പഠനത്തോടൊപ്പം കുട്ടികളിൽ ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവയക്കും ഇത് കാരണമാകുന്നു. കുട്ടികളിലെ ഈ ഗെയിം അഡിക്‌ഷനെ കുറിച്ച് കേരള പൊലീസ് തന്നെ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഓൺലൈൻ ഗെയിമുകൾ അപകടമാകുന്നതെങ്ങനെയെന്നും പോസ്റ്റിൽ പറയുന്നു.

നേരത്തേ കേരള പൊലീസ് പങ്കുവച്ച കുറിപ്പ്

ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിൽ ആയപ്പോ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവ രക്ഷിതാക്കൾക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്.

ഗെയിമുകൾക്ക് അടിപ്പെട്ട് പണം നഷ്ടപ്പെട്ട, മാനസികപ്രശ്നങ്ങളുണ്ടായ, പഠനത്തിൽ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അതോർത്തു വിഷമിപ്പിക്കുന്ന മാതാപിതാക്കളും. വെറുതെ നേരമ്പോക്കിനാവും ആദ്യം ഗെയിം കളിച്ചു തുടങ്ങുക. പിന്നെ പണംവച്ചു കളിക്കും. ഒടുവിൽ കരകയറാനാവാത്ത വിധം അഡിക്‌ഷനിലേക്ക് കുട്ടികൾ വഴുതിവീഴുന്നു.
കോവിഡും ലോക്ഡൗണും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അകറ്റാം
കോവിഡും ലോക്ഡൗണും കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അകറ്റാം

ഗെയിമുകളിൽ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാൽ കുട്ടികളിൽ അക്രമവാസനയുണ്ടാക്കാൻ ഇവ ഇടയാക്കുന്നു. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷൻ കാരണമാകുന്നു. കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികൾ വിഷാദത്തിലേക്ക് വഴുതിവീഴുന്നു.

ഓൺലൈൻ ഗെയിമുകൾ അപകടമാകുന്നതെങ്ങനെ?

ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുക.

ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.

കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.

ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.

മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.

മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.

എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക

മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കുക.

സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക….

അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുക….

ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോൺ നൽകാതിരിക്കാൻ ശ്രദ്ധിക്കുക…

കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close