
തിരുവനന്തപുരം: കേരള സർക്കാറിൻറെ 2022ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്. 022 ജനുവരി 14 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ആഡിറ്റോറിയത്തിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും.
സർവ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് അവർഡ്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്. (റിട്ട.), റവന്യു (ദേവസം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ഐ.എ.എസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി.എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
“സ്വാമി സംഗീതമാലപിക്കും”, “എൻമനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീർത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കൾക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.