
പി പി മാത്യു
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സംവാദത്തെ ‘അരാജകത്വം’ എന്നു വരെ അമേരിക്കൻ മാധ്യമങ്ങൾക്കു വിശേഷിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഏറെ ചെളി വാരിയെറിയൽ കണ്ട സംവാദത്തിൽ രാജ്യം ലജ്ജിച്ചു നിൽക്കേ, വായെടുത്താൽ നുണ മാത്രം പറയുന്ന പ്രസിഡന്റുമായി ഇനിയൊരു സംവാദം വേണ്ട എന്നു വരെ ഡെമോക്രറ്റിക് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. രാജ്യത്തെ ബാധിക്കുന്ന വ്യക്തമായ വിഷയങ്ങളിൽ സ്ഥാനാർത്ഥികളെ വിലയിരുത്താനാണ് സംവാദങ്ങൾ. എന്താണ് അവരുടെ പദ്ധതികൾ, കാഴ്ചപ്പാടുകൾ ഇതൊക്കെ വിലയിരുത്താൻ ഒരു അവസരം. എന്നാൽ അടിയും തിരിച്ചടിയുമായി ആദ്യ റൗണ്ട് കലാശിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനങ്ങൾ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഒബാമ ഭരണത്തിൽ എട്ടു വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ഡെമോക്രറ്റ് ജോ ബൈഡനും അപരിചിതനല്ല. പക്ഷെ സ്ഥാനാർത്ഥികൾ എന്ന നിലയ്ക്കു ജനങ്ങളെ നേരിടുമ്പോൾ അവർക്കു പറയാനുള്ളത് കേൾക്കാൻ വോട്ടർമാർക്ക് അവകാശമുണ്ട്. അത് പൂർണമായും നിഷേധിക്കപ്പെട്ടു എന്നതാണ് ദുഖകരമായ സത്യം.
Read More: മുഖാമുഖം, മുഖാവരണമില്ലാതെ
വിഷയങ്ങൾ ഒന്നും വിശദീകരിക്കുന്ന പതിവില്ലാത്ത ട്രംപ് വ്യക്തിപരമായ ആരോപണങ്ങൾ അഴിച്ചു വിട്ട് എതിരാളിയെ ആക്രമിച്ചപ്പോൾ, പ്രസിഡന്റിനെ “നുണയൻ” എന്നും “കോമാളി” എന്നും വിളിച്ച ബൈഡൻ, അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രസിഡന്റാണ് എന്നു പറയാനും മടിച്ചില്ല. എതിരാളിയെ സംസാരിക്കാൻ അനുവദിക്കാതെ കടന്നാക്രമിക്കുന്ന രീതി ട്രംപ് ഇക്കുറിയും ആവർത്തിച്ചപ്പോൾ തനിക്കും കരുത്തു കാട്ടാൻ അറിയാം എന്ന് ബൈഡൻ തെളിയിച്ചു. “ഉറക്കം തൂങ്ങി ജോ” എന്നു ബൈഡനെ വിശേഷിപ്പിക്കാറുള്ള ട്രംപ് പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു ആ പ്രതികരണം. സംവാദത്തിൽ ജോ ബൈഡൻ 60% വോട്ട് നേടി എന്നാണ് സി എൻ എൻ ഉടൻ നടത്തിയ സർവേയിൽ കണ്ടത്. ട്രംപിന് 28% മാത്രം. വളരെ വലിയൊരു വിടവ്. ടെലിവിഷനിൽ കണ്ടവരുടെ ഇടയിലാണ് ഈ സർവ്വേ നടത്തിയത്. ബൈഡൻ തിരിച്ചടിച്ചതു ന്യായമാണെന്ന് ഭൂരിപക്ഷം പറഞ്ഞു. കൂടുതലും ഡെമോക്രറ്റുകൾ പങ്കെടുത്ത വോട്ടെടുപ്പാണിത്. പക്ഷെ ഇരുവരും തമ്മിലുള്ള ഭീമമായ വിടവ് അത് കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല. ജനങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ട്രംപിനു കഴിഞ്ഞില്ല എന്നതാണ് വിലയിരുത്തൽ. കോവിഡ് മഹാമാരിയിൽ രണ്ടു ലക്ഷത്തിലധികം പേരുടെ ജീവൻ നഷ്ടമായതിൽ ട്രംപിനോടുള്ള രോഷം കത്തി നിൽക്കുന്നു എന്ന സൂചനയും അതിലുണ്ട്.
Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ
ഏറ്റവും പ്രധാന വിഷയമായ മഹാമാരിയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ തൃപ്തികരം ആയിരുന്നില്ല താനും. ആരോഗ്യ പദ്ധതികളെ കുറിച്ച് പറഞ്ഞപ്പോൾ തടസ്സപ്പെടുത്തിയ ട്രംപിനോടു ബൈഡനു പറയേണ്ടി വന്നു: “ഡൊണാൾഡ്, അൽപ നേരം അങ്ങു മിണ്ടാതിരിക്കുമോ.” പിന്നെ ക്യാമറയിലേക്കു നോക്കി ബൈഡൻ പറഞ്ഞു: “അദ്ദേഹം പറയുന്നത് മുഴുവൻ നുണയാണ്.” എന്നിട്ടും ട്രംപ് അടങ്ങിയില്ല. അപ്പോൾ ബൈഡൻ നിയന്ത്രണം വിട്ടു പറഞ്ഞു: “വായടക്കൂ മനുഷ്യാ.”
തന്റെ കുടുംബത്തിനു നേരെ തുടർച്ചയായി ആക്രമണം വന്നപ്പോൾ ബൈഡൻ പറഞ്ഞു: “പുട്ടിന്റെ പട്ടിക്കുട്ടിയാണ് അദ്ദേഹം. അമേരിക്കൻ സൈനികരുടെ തലയ്ക്കു വില പറഞ്ഞതിനെ പറ്റി പുട്ടിനോടു ചോദിക്കാൻ അദ്ദേഹത്തിനു ധൈര്യമില്ല.”
Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്
വ്യക്തിപരമായ ആക്രമണങ്ങൾ അതിരു വിട്ടപ്പോഴാണ് ബൈഡൻ ട്രംപിനെ കോമാളി എന്ന് വിളിച്ചത്. മോഡറേറ്റർ ക്രിസ് വാലസ് അരുതെന്നു ആവർത്തിച്ചു പറഞ്ഞിട്ടും ബൈഡൻ സംസാരിക്കുമ്പോൾ തുടരെ തുടരെ തടസപ്പെടുത്താൻ ട്രംപ് മടിച്ചില്ല. ഒരു ഘട്ടത്തിൽ വാലസിനു നേരെയും അദ്ദേഹം രോഷം പൂണ്ടു. ട്രംപ് നികുതി വെട്ടിച്ചു എന്ന ആരോപണം ശക്തമായി നിൽക്കേ, അതേപ്പറ്റി പറഞ്ഞ ബൈഡന്റെ വായടയ്ക്കാനാണ് ട്രംപ് ശ്രമിച്ചത്. ‘ന്യു യോർക്ക് ടൈംസ്’ പുറത്തു വിട്ട ആദായനികുതി രേഖകൾ അനുസരിച്ചു ട്രംപ് 2017 ൽ വെറും 750 ഡോളറാണ് നികുതി നൽകിയത്. ഒന്നുകിൽ ട്രംപ് വെട്ടിപ്പു നടത്തി, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബിസിനസ് പൊളിഞ്ഞു എന്നീ രണ്ടു വ്യാഖ്യാനങ്ങളാണ് അതിനുളളത്. വെട്ടിപ്പ് അമേരിക്കൻ ജനതയുടെ മുന്നിൽ കുറ്റമാണെങ്കിൽ, കച്ചവടം പൊളിയുന്നത് നാണക്കേടാണ്. തൃപ്തികരമായ ഒരു മറുപടി പ്രസിഡന്റ് നൽകിയില്ല. കോടിക്കണക്കിനു ഡോളർ നികുതി താൻ കൊടുത്തിട്ടുണ്ട് എന്നായിരുന്നു വാദം. എങ്കിൽ അതിന്റെ രേഖകൾ കാണട്ടെ എന്നായി ബൈഡൻ. ട്രംപ് ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലം മുതൽ ഉന്നയിച്ചു വരുന്ന ഈ ആവശ്യത്തിന് അദ്ദേഹം വഴങ്ങാത്തതു കുറ്റകരമാകുന്നു. മാധ്യമ വാർത്ത നുണയാണെന്നു വാദിക്കുമ്പോൾ സത്യം തെളിയിക്കാൻ രേഖകൾ കൂടി ഹാജരാക്കേണ്ട ചുമതല പ്രസിഡന്റിനുണ്ട്.
Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ
സുപ്രീം കോടതി ജസ്റ്റിസ് ആയി ട്രംപ് തിരക്കിട്ടു നാമനിർദേശം ചെയ്ത ആമി ബാരറ്റിനു പ്രധാന ദൗത്യം ഒബാമയുടെ ആരോഗ്യ പദ്ധതി പൊളിക്കുക എന്നതാണ് എന്നിരിക്കെ, അത് സംഭവിച്ചാൽ അതിന്റെ ദുരന്തം ഇൻഷുറൻസ് ഇല്ലാത്ത ഒരു കോടിയോളം സ്ഥിരം രോഗികൾക്കുണ്ടാവും എന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. ട്രംപിന്റെ മറുപടി, അത്രയധികം ആളുകൾക്കൊന്നും രോഗമില്ല എന്നായിരുന്നു. നേരത്തെ വോട്ടെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങളിലും തപാൽ വോട്ടുകൾ വഴിയും പത്തു ലക്ഷത്തിലധികം പേർ വോട്ട് ചെയ്തു കഴിഞ്ഞിരിക്കെയാണ് ഈ സംവാദം നടന്നത്. തെരഞ്ഞെടുപ്പിൽ തട്ടിപ്പു നടക്കും എന്നു തറപ്പിച്ചു പറയാൻ ട്രംപ് തെല്ലും മടിച്ചില്ല. കോവിഡിനെ നേരിടാൻ ട്രംപിനു ഒരു പദ്ധതിയുമില്ല എന്ന് ബൈഡൻ ചൂണ്ടിക്കാട്ടുമ്പോൾ, രണ്ടു ലക്ഷം മരണങ്ങൾ പിന്നിട്ട രാജ്യത്തോട് തൃപ്തികരമായി ഒരു മറുപടി നൽകാൻ പ്രസിഡന്റിനു കഴിഞ്ഞില്ല. “ചൈനയാണ് കുറ്റവാളി” എന്ന ആരോപണം ആവർത്തിച്ച അദ്ദേഹം, ഒരു വാക്സിൻ താമസിയാതെ വരുമെന്നു ഉറപ്പു നൽകി. മറ്റു രാജ്യങ്ങളിലെ സ്ഥിതി കൂടുതൽ വഷളാണെന്നും വാദിച്ചു. പക്ഷെ അമേരിക്കയുടെ 23 സംസ്ഥാനങ്ങളിൽ കോവിഡ് വീണ്ടും കാട്ടുതീ പോലെ കത്തിപ്പടരുകയാണ് എന്നാണ് കണക്കുകൾ. ശരാശരി 40,000 കേസുകൾ ദിവസേന ഉണ്ടാവുന്നുണ്ട്.
Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ
അമേരിക്ക അടച്ചു പൂട്ടാനാണ് ബൈഡന്റെ ശ്രമം എന്ന് ട്രംപ് ആരോപിക്കുന്നു. ശാസ്ത്രജ്ഞന്മാർ പറഞ്ഞാൽ അങ്ങിനെ ചെയ്യും എന്ന് ബൈഡൻ പറഞ്ഞു. ശാസ്ത്രത്തെ നിഷേധിക്കുന്ന പ്രസിഡന്റാണ് ട്രംപ് എന്ന സൂചന അതിൽ ഉണ്ട് താനും. മാസ്കില്ലാതെ ട്രംപ് വലിയ ജനക്കൂട്ടങ്ങളെ നേരിടുന്നതിന്റെ അപകടം ബൈഡൻ ചൂണ്ടിക്കാട്ടിയപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങിനെ ആയിരുന്നു: “ബൈഡൻ ശ്രമിച്ചാൽ അങ്ങിനെ ആള് കൂടില്ല.” രാജ്യത്തു വംശീയ അരാജകത്വം അഴിച്ചു വിടുന്ന, ട്രംപിന്റെ അനുയായികളായ, തീവ്രവാദി വെള്ളക്കാരെ അപലപിക്കുമോ എന്ന് വാലസ് ചോദിച്ചപ്പോൾ ട്രംപ് അതിനു തയാറായില്ല. തീവ്ര ഇടതു പക്ഷമാണ് അക്രമം ഉണ്ടാക്കുന്നതെന്നും ബൈഡൻ അവരുടെ നേതാവാണെന്നും ട്രംപ് ആവർത്തിച്ചു. അതേ സമയം, അമേരിക്കൻ ചരിത്രത്തിൽ ആഫ്രിക്കൻ വംശജർക്കു വേണ്ടി ഏറ്റവും നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള പ്രസിഡന്റ് താനാണെന്ന് ട്രംപ് ഉളുപ്പൊന്നുമില്ലാതെ പറയുകയും ചെയ്തു.
Read More: പ്രധാനായുധം ക്രമസമാധാനം
വസ്തുതകളിൽ ബൈഡനും ചില പിഴവുകൾ സംഭവിച്ചു. അമേരിക്കൻ വ്യാപാര കമ്മി ട്രംപ് ഭരണത്തിൽ ചൈനയേക്കാൾ കൂടുതലായി എന്ന ബൈഡന്റെ പ്രസ്താവന തെറ്റാണെന്നു കണക്കുകൾ കാണിക്കുന്നു. അതേ സമയം, ട്രംപിന്റെ ഭരണത്തിൽ ഏറ്റവുമധികം പേർക്കു തൊഴിൽ നഷ്ടമായി എന്നു ബൈഡൻ പറഞ്ഞതു നിഷേധിക്കാൻ കഴിയാത്ത സത്യമായി. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, 67 വർഷത്തെ ഏറ്റവും വലിയ തൊഴിൽ നഷ്ടമാണ് അമേരിക്ക ഇപ്പോൾ കാണുന്നത്. മഹാമാരി വന്നതോടെ ഈ പ്രശ്നം അതീവ ഗുരുതരമായി.
Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്
ബൈഡന്റെ കുടുംബത്തിനു നേരെ തുടക്കത്തിലേ കടന്നാക്രമണം നടത്തിയ ട്രംപ് സ്വയം താഴ്ത്തിക്കെട്ടിയപ്പോൾ ബൈഡൻ സംയമനം പാലിക്കുകയായിരുന്നു. ബൈഡന്റെ ഭാര്യയ്ക്കു മോസ്കോയിൽ നിന്നു ലക്ഷക്കണക്കിനു ഡോളർ കൈക്കൂലി കിട്ടിയെന്നും പുത്രൻ ഹണ്ടർ ബൈഡൻ യുക്രൈൻ ഗവൺമെന്റിൽ നിന്നു കൈക്കൂലി വാങ്ങിയെന്നും ട്രംപ് പറഞ്ഞപ്പോൾ ബൈഡൻ ആവർത്തിച്ചു പറഞ്ഞു: “അത് സത്യമല്ല, സത്യമല്ല.”
തന്നെ തെരഞ്ഞെടുത്തില്ലെങ്കിൽ അമേരിക്കയിൽ വൻ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തട്ടിപ്പു നടക്കും എന്ന വാദം അതിനു വേണ്ടിയാണു ഉയർത്തിയത്. സുപ്രീം കോടതിയിലേക്കു പോകാനാണ് പ്രസിഡന്റിന്റെ ഉദ്ദേശം എന്നു നിരീക്ഷകർ കരുതുന്നു. അവിടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷമുണ്ട്. അമേരിക്കൻ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും അത്.
ഇക്കാര്യത്തിലുള്ള ആശങ്കകൾ ദൂരീകരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിച്ചിട്ടുണ്ട്. നവംബർ മൂന്നിനു ജയിക്കുന്നയാൾ ജനുവരി 20 നു സ്ഥാനമേൽക്കും എന്ന് പാർട്ടി പറയുന്നു. എന്നാൽ വൈറ്റ് ഹൗസിന്റെ പ്രസ്താവന “ന്യായമായ വിധിയെഴുത്തു ട്രംപ് സ്വീകരിക്കും” എന്നാണ്. ന്യായമല്ല എന്ന് ട്രംപ് പറഞ്ഞാൽ അതു അമേരിക്ക സ്വീകരിക്കണം എന്നർഥം. ഭരണഘടനയെ വെല്ലുവിളിച്ച മറ്റൊരു പ്രസിഡന്റ് അമേരിക്കയുടെ ആധുനിക ചരിത്രത്തിൽ ഇല്ല.
Read More: അത്ഭുതങ്ങള് ഉണ്ടാകും നവംബര് മൂന്നിന്
അഭിപ്രായ സർവേകളിൽ മുന്നിട്ടു നിൽക്കുന്ന ബൈഡനു ഈ സംവാദം കൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടാവും എന്ന് നിരീക്ഷകർ കരുതുന്നില്ല. അതിശക്തമായി കുടുംബത്തെ കരിതേച്ചു ട്രംപ് സംസാരിച്ചപ്പോൾ ബൈഡൻ രൂക്ഷമായി തിരിച്ചടിച്ചു എന്നതേയുള്ളൂ എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ട്രംപ് ആവട്ടെ, പിടിച്ചു കയറാൻ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു എന്ന് റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു. ഉടൻ നടത്തിയ സർവേകളിലും അത് തന്നെ കണ്ടത്. ആർക്കു വോട്ട് ചെയ്യണം എന്ന് അന്തിമമായി തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടർമാരാണ് ഈ ഡിബേറ്റിനു കാത്തിരുന്നത്. അവരെ സ്വന്തമാക്കാൻ എന്തായാലും ട്രംപിനു കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ.
സംവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. ഒക്ടോബർ 15 നും 22 നും നടക്കുന്ന അടുത്ത സംവാദങ്ങളിലും ബൈഡൻ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പറഞ്ഞു. എന്നാൽ ഇനിയൊരു സംവാദം നടക്കുമോ എന്ന കാര്യത്തിൽ പോലും മാധ്യമങ്ങൾ സംശയം പ്രകടിപ്പിച്ചു. കാര്യങ്ങൾ പറയാതെ പരസ്പരം ചെളി വാരി എറിയുന്ന സംവാദം എന്തിനാണ് എന്ന് അവർ ചോദിക്കുന്നു. ട്രംപിനെ ശക്തമായി വിമർശിക്കുന്ന മാധ്യമ ലേഖകൻ ജോ സ്കാർബൊറോ, ഇനി സംവാദത്തിനു നിൽക്കേണ്ട എന്ന് ബൈഡനോടു പറഞ്ഞു. അടുത്ത രണ്ടു സംവാദങ്ങളും പക്ഷെ ടൗൺ ഹാളുകളിൽ ജനങ്ങൾ ചോദ്യം ചോദിക്കുന്ന രീതിയിലാണ്. സ്ഥാനാർത്ഥികളെ കൂടുതൽ തുറന്നു കാട്ടുന്ന സംവാദങ്ങളാവും അവ.
2 Comments