Breaking NewsINSIGHTTop NewsWORLD

AMERICA 2020|കോവിഡിനെ വെല്ലുവിളിച്ച സൂപ്പർമാൻ വേഷം

പി പി മാത്യു

ഡൊണാൾഡ് ട്രംപ് അമേരിക്കയെ ഞെട്ടിച്ചു കളഞ്ഞ ആഴ്ചയാണിത്. അദ്ദേഹത്തിന് അങ്ങിനെ ശീലമുണ്ടെങ്കിലും ഇക്കുറി എല്ലാ അതിരും വിട്ടു, എല്ലാ യുക്തിയും നഷ്ടമായി. കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച 74 വയസുള്ള പ്രസിഡന്റ് മൂന്നാം നാൾ അവിടന്നു ചാടിപ്പോന്ന്, വൈറ്റ് ഹൗസിൽ എത്തിയ പാടേ മാസ്‌ക് അഴിച്ചു കളഞ്ഞു ‘കോവിഡ് പുല്ലാണ്’ എന്നു പ്രഖ്യാപിച്ചു. വെറും ജലദോഷപ്പനിയെക്കാൾ കൂടുതലൊന്നുമില്ല എന്ന് 216,000 പേരെങ്കിലും മഹാമാരിയിൽ മരിച്ച രാജ്യത്തിൻറെ പ്രസിഡന്റിന് ഇപ്പോഴും പറയാൻ കഴിയുന്നെങ്കിൽ കാരണം മറ്റൊന്നുമല്ല എന്ന് വ്യക്തമാണ്: നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞടുപ്പിൽ വിജയം ഉറപ്പാക്കാൻ സൂപ്പർമാൻ വേഷം എടുത്തണിയുകയാണ് ട്രംപ്.
ഈ കൈവിട്ട കളിയുടെ ദുരന്തം പങ്കിട്ടെടുക്കുന്നത് അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരാണ്. ഏറ്റവും കുറഞ്ഞത് 34 സഹായികൾ എങ്കിലും കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിക്കഴിഞ്ഞു.

Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം

അതിൽ വൈറ്റ് ഹൗസ് സഹായി സ്റ്റീഫൻ മില്ലർ, പ്രസ് സെക്രട്ടറി കെയ്‌ലി മക് എനാനി, ട്രംപിനോട് ഏറെ അടുപ്പമുള്ള ഹോപ്പ് ഹിക്‌സ് എന്നിവർ അതിൽ ഉൾപ്പെടുന്നു. ആശുപത്രിയിൽ നിന്ന് പ്രസിഡന്റിന്റെ വീഡിയോ സന്ദേശങ്ങൾ ജനത്തിലേക്കു എത്തിക്കാൻ മെനക്കെട്ടവരാണ് ഹിക്‌സും എനാനിയും. നേരത്തെ വൈറ്റ് ഹൗസിൽ സുപ്രീം കോടതി ജസ്റ്റിസ് നിയമനം പ്രഖ്യാപിച്ച ആഘോഷത്തിൽ പങ്കെടുത്ത മൂന്നു റിപ്പബ്ലിക്കൻ സെനറ്റർമാരും മറ്റു നിരവധി ഉന്നതൻമാരും കോവിഡിന്റെ പിടിയിലായിരുന്നു.

Read More: മുഖാമുഖം, മുഖാവരണമില്ലാതെ

ട്രംപിനു ഭയമില്ല എന്നത് സഹിക്കാം. പക്ഷെ കൂടെ നിന്ന പലർക്കും ട്രംപ് രോഗം നൽകി എന്നതാണ് ദുഃഖസത്യം. താൻ കരുത്തനായി നിൽക്കുമ്പോൾ മറ്റുള്ളവർ കണ്ടു പഠിക്കണം എന്ന സന്ദേശവും അതിലുണ്ട്. യുദ്ധത്തിൽ മരിച്ച സൈനികരെ “തോറ്റവർ” എന്നും “മണ്ടന്മാർ” എന്നും വിളിച്ച പ്രസിഡന്റിന്റെ ജീവിത വീക്ഷണം, ജയിക്കുന്നവൻ മാത്രമാണ് ഈ ലോകത്ത്‌ മികവുള്ളവൻ എന്നാണ്.
കോവിഡ് പരിശോധനയിൽ ട്രംപിനു നെഗറ്റീവ് ഫലം കിട്ടിയോ എന്ന് ഇത് വരെ വൈറ്റ് ഹൌസ് ഡോക്ടർമാർ വ്യക്തമാക്കിയിട്ടില്ല. തുടക്കം മുതൽ രോഗവിവരങ്ങൾ പരസ്‌പര വിരുദ്ധമായി പറഞ്ഞു കൊണ്ടിരുന്ന അവർക്ക് അതു പറയാനുള്ള തടസം ട്രംപിന്റെ അനുമതിയാണ് എന്നു നിഗമനം. രോഗം ഭേദമായി എന്ന് ഉറപ്പിക്കാൻ ഏറ്റവും ആവശ്യം അങ്ങിനെ ഒരു ഫലം ആണല്ലോ. അതേ സമയം, ചൊവാഴ്ച ട്രംപ് വൈറ്റ് ഹൗസിൽ തന്റെ ഓവൽ ഓഫീസിൽ എത്തിയെന്നു സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുഡ്‌ലോ പറയുന്നു. “കോവിഡ് 19 സംബന്ധിച്ച പ്രത്യേക മുൻകരുതലുകളോടെ പ്രസിഡന്റ് ഇന്നലെ ഓവൽ ഓഫീസിൽ എത്തി. അദ്ദേഹത്തിന്റെ നില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. കൂടുതൽ ശക്തി ആർജിച്ചിട്ടുണ്ട്. ചില പരിമിതമായ നടപടികൾ അദ്ദേഹം എടുത്തു.” മാസ്‌ക് ധരിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ കുഡ്‌ലോ മറുപടി പറഞ്ഞില്ല. മുൻകരുതലുകൾ ‘അതുക്കും മേലെ’ ആണ് എന്ന മട്ടിലായിരുന്നു മാസ്‌ക് മാറ്റി വച്ചു മാധ്യമങ്ങളെ നേരിട്ട കുഡ്‌ലോവിന്റെ പ്രതികരണം.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

കോവിഡ് രോഗികൾ കുറഞ്ഞ പക്ഷം 10 ദിവസം മറ്റുള്ളവരിൽ നിന്നു മാറി നിൽക്കണം എന്ന മാർഗനിർദേശം പ്രസിഡന്റ് തന്നെ കാറ്റിൽ പറത്തുകയാണ്. സൂപ്പർമാൻ പരിവേഷത്തിൽ നിന്നു കൊണ്ട് തെരഞ്ഞെടുപ്പു ജയിക്കാം എന്ന് ട്രംപ് ആശിക്കുന്നു എന്നത് അദ്ദേഹത്തിന്റെ വാക്കുകളിലും വ്യക്തമാണ്. ആരോഗ്യം എങ്ങിനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: “വളരെ നന്നായിരിക്കുന്നു.” കോവിഡിനെ പറ്റി അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻ അതിനെ അനുവദിക്കരുത്. നമ്മൾ തിരിച്ചു ജോലിയിലേക്കു മടങ്ങുകയാണ്.”
പൊതുജനാരോഗ്യത്തെ ഹനിക്കുന്ന വിധം തെറ്റായ അഭിപ്രായങ്ങൾ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ നീക്കം ചെയ്യുക വരെ ചെയ്‌തു.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

ജനം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സർവേയിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥി ജോ ബൈഡൻ 16 പോയിന്റ് വരെ മുന്നിൽ എത്തിക്കഴിഞ്ഞു. ശരാശരി അഞ്ചോ ആറോ പോയിന്റ് നിരന്തരം ലീഡ് നേടുന്ന സ്ഥാനാർത്ഥികൾ വിജയിക്കാറുണ്ട് എന്നോർക്കണം. ഈ സർവേകളിൽ ഉള്ള ഒരു സുപ്രധാന വിശകലനം, 90% വോട്ടർമാരും ആർക്കു വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്നതാണ്. എന്നു വച്ചാൽ, ബൈഡൻ ഇത്ര ലീഡ് നേടിയത് അവരുടെ പിന്തുണ കൊണ്ടാണ് എന്നർത്ഥം. ഇത്ര വലിയൊരു ശതമാനം വോട്ടർമാരെ മറിച്ചെടുക്കാൻ ട്രംപിനു കഴിയുമെന്ന് ആരും കരുതുന്നില്ല. അതിനു തക്ക പാടവമൊന്നും അദ്ദേഹം പ്രകടമാക്കുന്നുമില്ല.

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

‘ന്യു യോർക്ക് ടൈംസ്’ പോലെ പ്രബലമായ ഒരു പത്രം “ബൈഡനെ തെരഞ്ഞെടുക്കൂ” എന്ന് മുഖപ്രസംഗത്തിൽ ആഹ്വാനം ചെയ്‌തിട്ടുമുണ്ട്‌. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആകെ അങ്കലാപ്പിലാണ്, സെനറ്റും ഹൗസും ഒറ്റയടിക്ക് നഷ്ടപ്പെടുക കൂടി ചെയ്യുമെന്ന്. യു എസ് കോൺഗ്രസ് കൂടി കൈ വിടേണ്ടി വന്നാൽ അത് പാർട്ടിക്കു മഹാദുരന്തം ആവും. തങ്ങളുടെ നിക്ഷിപ്‌ത താൽപര്യങ്ങൾ പലതും ഡെമോക്രാറ്റുകൾ പൊളിച്ചെഴുതുന്നത് അവർക്കു നോക്കി നിൽക്കേണ്ടി വരും. റിപ്പബ്ലിക്കൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്ന കെൻ സ്പെയിൻ പറഞ്ഞു: “കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് പാർട്ടിയുടെ പ്രത്യാശകൾ ആകെ പൊളിഞ്ഞു.” ചൊവാഴ്ച സി എൻ എൻ പുറത്തു വിട്ട അഭിപ്രായ വോട്ടെടുപ്പിൽ, ബൈഡനു 57% പിന്തുണയുണ്ട്. ട്രംപിന് 41 മാത്രം. ഇത്ര ഭീമമായ ലീഡ് ഒരു സ്ഥാനാർഥി നേടുന്നതിന്റെ സൂചന അത് തിരുത്താൻ ബുദ്ധിമുട്ടാണ് എന്നു തന്നെ.

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

എൻ ബി സി/ വോൾ സ്‌ട്രീറ്റ്‌ ജേണൽ സർവേയിൽ ബൈഡനു 14 പോയിന്റാണ് ലീഡ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ റാസ് മുസെൻ സർവേയിൽ തന്നെ ബൈഡനു 8% ലീഡുണ്ട്. ഇതൊക്കെ റിപ്പബ്ലിക്കൻ നേതാക്കളെ ഭയയപ്പെടുത്തുന്നു. പാർട്ടിയുടെ കോട്ടകളിൽ പോലും വിള്ളൽ വീണ മട്ടാണ്. ഉദാഹരണത്തിന് അരിസോണയിൽ ബൈഡൻ മുന്നിലാണ്. പെൻസിൽവേനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിങ്ങനെ നിർണായക സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ കുതിച്ചു കയറുന്നതായി കാണുന്നു. സൗത്ത് കാരോലിന, മൊണ്ടാന, അലാസ്‌ക സംസ്ഥാനങ്ങളിൽ സെനറ്റ് സീറ്റുകൾ പരുങ്ങലിലാണെന്നു റിപ്പബ്ലിക്കൻ പാർട്ടി വിലയിരുത്തുന്നു. അവ പിടിച്ചെടുത്താൽ ഡെമോക്രാറ്റുകൾക്കു ഉപരിസഭയും കൈയിലാകും. കൻസാസ്, അർക്കൻസോ, ന്യു യോർക്ക് ഇവയൊക്കെ ലക്ഷ്യമാക്കി സെനറ്റ് സീറ്റുകളിൽ ആഞ്ഞുപിടിക്കയാണ് അവർ.

Read More: പ്രധാനായുധം ക്രമസമാധാനം

അടുത്ത വ്യാഴാഴ്ച്ച നടക്കാനുള്ള രണ്ടാം സംവാദം ട്രംപിന് ഒരു അവസരം ആവാം എന്ന് പാർട്ടി കരുതുന്നു. പക്ഷെ സംവാദം നടക്കുമെന്ന് ഉറപ്പില്ല. തീർച്ചയായും പങ്കെടുക്കുമെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞു. പക്ഷെ ട്രംപിനു കോവിഡ് ഉണ്ടെങ്കിൽ സംവാദം നടത്താൻ പാടില്ല എന്ന് ബൈഡൻ നിഷ്കർഷിക്കുന്നു. അല്ലെങ്കിൽ തന്നെ, നിയന്ത്രണങ്ങൾ പാലിക്കാത്ത പ്രകടനമാണ് ഒന്നാം സംവാദത്തിൽ ട്രംപ് നടത്തിയത്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും തമ്മിൽ ബുധനാഴ്ച നടന്ന സംവാദത്തിൽ പ്ളെക്സിഗ്ലാസ്സ് പാളികൾ കൊണ്ടു ഇരുവരെയും വേർതിരിച്ചിരുന്നു. ഇരുവരും തമ്മിൽ 12 അടി അകലം ഉണ്ടെങ്കിലും ഇതു കൂടിയേ തീരൂ എന്ന് ഹാരിസ് പറഞ്ഞു. മാസ്‌ക് ഉണ്ടാവില്ല. ഏറ്റവും പ്രധാന കവചം അതാണ് എന്നിരിക്കെ അത് ഒഴിവാക്കുമ്പോൾ പ്ളെക്സിഗ്ലാസ് പാളികൾ കൂടിയേ തീരൂ എന്നായിരുന്നു അവരുടെ നിലപാട്. കോവിഡ് നിയമങ്ങളോട് ട്രംപിനെ പോലെ തന്നെ എതിർപ്പുള്ള പെൻസ് ആദ്യം ഈ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ സംവാദം നടത്തുന്ന കമ്മീഷൻ അത് കർശനമായി നടപ്പാക്കി.

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

ഒന്നാം സംവാദത്തിൽ ട്രംപിനെ “കോമാളി” എന്ന് വിളിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ബൈഡൻ, കോവിഡ് പിടിപെട്ടതിൽ ട്രംപിന് ആരെയും കുറ്റം ചുമത്താനില്ല എന്നു ചൊവാഴ്ച ചൂണ്ടിക്കാട്ടി. കാരണം ട്രംപ് മുഖാവരണം ധരിക്കാൻ വിസമ്മതിച്ചു. സാമൂഹ്യ അകലം പാലിച്ചതുമില്ല. “മാസ്കിൽ കാര്യമില്ല, സാമൂഹ്യ അകലത്തിന്റെ ആവശ്യമില്ല, എന്നൊക്കെ കൂടെക്കൂടെ പറയുന്ന ആർക്കും അതിന്റെ ഫലങ്ങൾ ഉണ്ടാവാം. ഉത്തരവാദിത്തം അവർക്കു തന്നെ.”

ഹാരിസിന്റെ സംവാദ പ്രകടനം അമേരിക്ക കാത്തിരുന്നത് അവരെ വിലയിരുത്താനുള്ള അവസരം എന്ന നിലയ്ക്കാണ്. ബൈഡനു പകരം സ്ഥാനമേൽക്കേണ്ടി വന്നാൽ അവർ എത്ര നന്നാവും എന്ന് കണ്ടറിയാൻ ഒരു അവസരം. ജനത്തിന്റെ പ്രതികരണം ഇതു വരെ ലഭ്യമായിട്ടില്ല.
അതിനിടെയാണ് മഹാമാരി മൂലം തകർന്ന യു എസ് സമ്പദ് വ്യവസ്ഥയ്ക്ക് ഒരു താങ്ങായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനുള്ള നീക്കം ട്രംപ് മരവിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുൻപ് അങ്ങിനെ ഒരു നീക്കം നടത്തുന്നത് അപകടകരമാണെന്ന താക്കീത് അദ്ദേഹം അവഗണിച്ചു. ചൊവാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്‌തു: “ഞാൻ തെരഞ്ഞെടുപ്പ് ജയിച്ചാലുടൻ ഞങ്ങൾ പുതിയൊരു ബിൽ കൊണ്ട് വരും.” മണിക്കൂറുകൾ കഴിഞ്ഞു അദ്ദേഹം പറഞ്ഞു, പാക്കേജിനു താൻ തയ്യാറാണെന്ന്. ഹൗസിന്റെ സ്പീക്കർ നാൻസി പെലോസിയും (ഡെമോക്രാറ്റ്) ട്രഷറി സെക്രട്ടറി സ്റ്റീവൻ നുച്ചിനും തമ്മിൽ ഇക്കാര്യത്തിൽ നടന്നു വന്ന ചർച്ചകൾ ഏതാണ്ട് അന്ത്യത്തിലേക്ക്‌ എത്തിയിരുന്നു. ചർച്ച അടിയന്തരാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ട്രംപ് ഇരുവരോടും കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
പെലോസി രോഷത്തോടെയാണ് പ്രതികരിച്ചത്. “ഇന്ന് ഒരിക്കൽ കൂടി പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ തനിനിറം കാട്ടി. രാജ്യത്തെ ബലി കഴിച്ചു കൊണ്ട് സ്വന്തം കാര്യം നടത്തുക. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പൂർണ അംഗീകാരത്തോടെ.”

ചർച്ചകൾ നിർത്തി വയ്ക്കുമ്പോൾ അമേരിക്ക ആകാംക്ഷയോടെ കാത്തിരുന്ന സഹായ പദ്ധതി മരവിക്കുകയാണ്. ചെറുകിട കച്ചവടക്കാരും സാധാരണക്കാരും ഒക്കെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇതു വലിയ രോഷം വിളിച്ചു വരുത്തും.
കാര്യങ്ങളൊന്നും ട്രംപിനു പിടി കിട്ടുന്നില്ല എന്നു ചില അടുത്ത സഹായികൾ പറഞ്ഞു തുടങ്ങി. കാരണം അദ്ദേഹം ഇപ്പോൾ കഴിക്കുന്ന മരുന്നുകളാണ് എന്ന് ചില ഡോക്ടർമാർ പറയുന്നു. പെലോസി തന്നെ അത് ഉന്നയിച്ചു. പക്ഷെ ചികിത്സയുടെ വിവരങ്ങൾ പോലും വൈറ്റ് ഹൗസ് വിശദ്ധീകരിക്കുന്നില്ല.
തെരഞ്ഞെടുപ്പിൽ കോവിഡ് തന്നെ പ്രധാന വിഷയമായി നിൽക്കേ, ശീതകാലത്തു ഊർജിത നടപടികൾ എടുത്തില്ലെങ്കിൽ അമേരിക്കയിൽ മൂന്നു മുതൽ നാലു ലക്ഷം വരെ ആളുകൾ മഹാമാരിയിൽ മരിക്കാം എന്ന് രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ദ്ധൻ ഡോക്ടർ ആന്തണി ഫൗസി ചൊവാഴ്ച പറഞ്ഞു. എന്ത് ഊർജിത നടപടികളാണ് കോവിഡിനെ പുല്ലാക്കുന്ന പ്രസിഡന്റ് എടുക്കുക എന്ന് കാത്തിരിക്കയാണ് അമേരിക്ക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close