INSIGHTTop NewsWORLD

AMERICA 2020|ട്രംപിനെ കോവിഡ് പിടിച്ചപ്പോള്‍

പി പി മാത്യു

ഡൊണാള്‍ഡ് ട്രംപിനെയും ഒടുവില്‍ കോവിഡ് പിടികൂടി. കൊറോണവൈറസിനെ കൊല്ലാന്‍ അണുനാശിനി കുടിച്ചാലോ എന്ന് ചോദിച്ച യു എസ് പ്രസിഡന്റ്, തെരഞ്ഞെടുപ്പു റാലികളില്‍ മാസ്‌ക് ധരിക്കുക പോലും ചെയ്തിരുന്നില്ല. കോവിഡ് വന്നാല്‍ എന്താണ് അനുഭവമെന്ന്, രണ്ടു ലക്ഷത്തിലേറെ ആളുകള്‍ മരിച്ച നാട്ടിലെ പ്രസിഡന്റിന് ഒടുവില്‍ മനസിലായി എന്ന് കരുതാം. ലോകമൊട്ടാകെ വെള്ളിയാഴ്ച ഓഹരി വിപണികള്‍ മൂക്കു കുത്തി വീണു. അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ നില ആഗോള വിപണികളെ ബാധിക്കുന്ന വിഷയമായി. അനിശ്ചിതാവസ്ഥ ആണ് അതിനു കാരണം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ. നവംബര്‍ മൂന്നിലെ വോട്ടെടുപ്പിനെ തന്നെ ഈ അനിശ്ചിതാവസ്ഥ വലയം ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് ഉറപ്പായും നടക്കും, പക്ഷെ ട്രംപ് തന്നെ ആവുമോ സ്ഥാനാര്‍ഥി എന്നതാണ് ചോദ്യം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പ്രസിഡന്റാവും എന്ന പ്രവചനങ്ങളെ തുടര്‍ന്നു ഇടിഞ്ഞു തുടങ്ങിയ റഷ്യന്‍ റൂബിള്‍ ആണ് വിപണിയില്‍ ഏറ്റവും തറ പറ്റിയത്.

Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം

മെരിലാന്റിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ അല്ല പുറത്തു വരുന്നത്. അദ്ദേഹം ഊര്‍ജസ്വലനാണ് എന്ന് ചില ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ഒന്നും പറയാറായിട്ടില്ല എന്ന് പറയുന്ന ഡോക്ടര്‍മാരും ഉണ്ട്. ഞായറാഴ്ച ഏറ്റവും ഒടുവില്‍ വൈറ്റ് ഹൗസ് പറഞ്ഞത് രണ്ടു ദിവസം അദ്ദേഹത്തിനു നിര്‍ണായകമായിരിക്കും എന്നാണ്. പ്രസിഡന്റിന്റെ രോഗാവസ്ഥകള്‍ മറച്ചു വയ്ക്കുന്ന കീഴ്‌വഴക്കം വൈറ്റ് ഹൗസ് ഇപ്പോള്‍ തുടങ്ങിയതല്ല എന്ന ചരിത്ര സത്യം നിലനില്‍ക്കെ ട്രംപിന്റെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഞായറാഴ്ച പ്രസിഡന്റിന്റെ ഡോക്ടര്‍ ഷോണ്‍ കോണ്‍ലിയോട് ട്രംപിന് ഓക്‌സിജന്‍ നല്‍കിയോ എന്ന് ചോദിച്ചപ്പോള്‍ ‘ഇപ്പോള്‍ നല്‍കുന്നില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറുപടി. വ്യാഴാഴ്ച്ച ട്രംപിന് പ്രാണവായു കിട്ടാത്ത അവസ്ഥ ഉണ്ടായി എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അന്ന് വൈറ്റ് ഹൗസില്‍ വച്ച് ഓക്‌സിജന്‍ നല്‍കി എന്ന് ഇപ്പോള്‍ ഡോക്ടര്‍ സമ്മതിക്കുന്നുണ്ട്. കാരണം, വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തന്നെ ഡോക്ടര്‍മാര്‍ മറച്ചു വയ്ക്കുന്ന പലതും പുറത്തു വിടുന്നുണ്ട്.വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് ശനിയാഴ്ച പറഞ്ഞത് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ‘വളരെ ആശങ്ക’ ഉണ്ടെന്നാണ്. ‘അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്’ എന്നും അദ്ദേഹം പറഞ്ഞു. ‘അദ്ദേഹം പൂര്‍ണസുഖം പ്രാപിക്കും എന്ന് പറയാന്‍ കഴിയുന്നതല്ല ഇപ്പോള്‍.’

Read More: മുഖാമുഖം, മുഖാവരണമില്ലാതെ

ശനിയാഴ്ച കോണ്‍ലി പറയുകയുണ്ടായി ട്രംപിന്റെ രോഗം കണ്ടെത്തിയിട്ടു 72 മണിക്കൂര്‍ ആയെന്ന്. അപ്പോള്‍ പിന്നെ അതു രാജ്യത്തെ അറിയിക്കാന്‍ വെള്ളിയാഴ്ച വരെ വൈകിയത് എന്തിന് എന്ന ചോദ്യമുയര്‍ന്നു. ശനിയാഴ്ച തന്നെ ട്രംപിനെ ചികില്‍സിക്കുന്ന ടീമിലെ ഡോക്ടര്‍ ബ്രയാന്‍ ഗാരിബാള്‍ഡി പറഞ്ഞത് ‘ഏതാണ്ട് 48 മണിക്കൂര്‍ മുന്‍പ്’ ട്രംപിനു പരീക്ഷണ അടിസ്ഥാനത്തില്‍ മരുന്നുകള്‍ നല്‍കി എന്നാണ്. കോണ്‍ലി പിന്നീട് ഒരു വിശദീകരണ കുറിപ്പിറക്കി. രണ്ടു ദിവസം മുന്‍പാണ് രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ’72 മണിക്കൂര്‍’ എന്നു പറഞ്ഞത് തെറ്റായിരുന്നു എന്നും. ആശങ്ക പ്രകടിപ്പിക്കുന്ന മെഡോസിന്റെ പ്രസ്താവം ട്രംപിനെ രോഷാകുലനാക്കി എന്നും വാര്‍ത്തയുണ്ട്. അങ്ങിനെയെങ്കില്‍ സത്യം മറച്ചു വയ്ക്കാന്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നുവെന്നും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നില ഗൗരവമേറിയതാണെന്നും വ്യാഖ്യാനം ഉണ്ടാവുന്നു.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

ഏറെ ദിവസങ്ങള്‍ പ്രസിഡന്റ് ആശുപത്രിയില്‍ കഴിയുമെന്ന് കോണ്‍ലി പറഞ്ഞു. രോഗം ഗുരുതരമാവാതെ നോക്കുക എന്നതാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
വിശദീകരണങ്ങള്‍ വ്യത്യസ്തമാവുമ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നു. തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം പോലുമില്ല. നവംബര്‍ 3 എത്തുമ്പോള്‍ എന്താവും ട്രംപിന്റെ നില എന്ന ചോദ്യം അമേരിക്ക ഉറക്കെ ചോദിക്കയാണ്. സ്ഥാനാര്‍ഥി രോഗിയായാല്‍ സഹതാപ തരംഗം ഉണ്ടാവുമെന്ന് ആരെങ്കിലും ധരിച്ചെങ്കില്‍ തെറ്റി. അത്തരം വിഷയങ്ങള്‍ ഒന്നും അമേരിക്കയിലില്ല. കാര്യങ്ങള്‍ തലനാരിഴ കീറി നോക്കുന്ന മാധ്യമങ്ങള്‍ ഒരു വിട്ടുവീഴ്ചയും നല്‍കാറില്ല താനും.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

കാരണം എക്‌സിക്യൂട്ടീവ് പ്രസിഡന്റ്, അത് ആരായാലും, പൂര്‍ണ ആരോഗ്യവാനായിരിക്കണം എന്നത് ജനത്തിനു നിര്‍ബന്ധമുള്ള കാര്യമാണ്. അക്കാര്യത്തില്‍ ഉറപ്പു ലഭിക്കേണ്ടതുണ്ട്. ട്രംപിനോടു ജനത്തിനു കടുത്ത രോഷം കത്തി നില്‍ക്കയാണു താനും. പ്രസിഡന്റിന്റെ രോഗം ഒരു നാടകമാണെന്നു വരെ ചില മാധ്യമങ്ങള്‍ ആരോപിക്കയുണ്ടായി. ആദായനികുതി വിവാദവും ഒന്നാം സംവാദത്തിലെ പരാജയവും ഒക്കെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ തല്‍ക്കാലം എതിര്‍ പക്ഷത്തെ നിശബ്ദരാക്കാനെങ്കിലും കഴിയും എന്ന കണക്കു കൂട്ടലാണ് പ്രസിഡന്റിനുള്ളതെന്നു എന്നവര്‍ വാദിക്കുന്നു. ബൈഡനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മിണ്ടാതിരുന്നാലും പ്രസിഡന്റിനു രോഗം ബാധിച്ചതോടെ ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കോവിഡ് ആയി മാറുന്നു. മഹാമാരി വെറുതെയങ്ങു കടന്നു പോകും എന്നായിരുന്നു ട്രംപിന്റെ നിലപാട്. രണ്ടു ലക്ഷത്തിലേറെ മരണങ്ങള്‍ അമേരിക്ക പോലൊരു കരുത്തുറ്റ രാജ്യത്തു സംഭവിച്ചത് അദ്ദേഹത്തിന്റെ ആ സമീപനം കൊണ്ടാണെന്ന വിമര്‍ശനം ഒരിക്കല്‍ കൂടി പ്രസക്തമായി. രാജ്യത്ത് 99% പേര്‍ക്കും ബാധിച്ച കോവിഡ് ‘നിരുപദ്രവി’ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും. അങ്ങിനെ ശാസ്ത്രത്തെ നിഷേധിക്കുന്ന മണ്ടത്തരങ്ങള്‍ ഭരണ ശൈലിയുടെ ഭാഗമാക്കിയ ട്രംപ് 209,000 പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദി ആയി മാറുന്നു. റാലികളില്‍ മാസ്‌ക്ക് ഇല്ലാതെ പങ്കെടുക്കാന്‍ ട്രംപ് ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. മാസ്‌ക്ക് ധരിക്കുന്ന ബൈഡന്‍ ദുര്‍ബലനാണെന്നു ആക്ഷേപിച്ചു. ആയിരങ്ങളെ പങ്കെടുപ്പിച്ച റാലികള്‍ക്കു ശേഷം ട്രംപ് പറഞ്ഞു: ‘ബൈഡന്‍ റാലി നടത്തിയാല്‍ ഇങ്ങിനെ ജനം എത്തുകയില്ല.’

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

സെപ്റ്റംബര്‍ 29 ലെ സംവാദത്തില്‍ ട്രംപിന്റെ കൂടെ 90 മിനിറ്റ് സമയം ചെലവഴിച്ച ബൈഡന്‍ ഏതായാലും കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയി. ട്രംപിനെക്കാള്‍ മൂന്നു വയസ് കൂടുതലുള്ള ബൈഡനു ഈ രോഗം ബാധിച്ചാല്‍ കടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അത് കൊണ്ട് ഡെമോക്രാറ്റുകള്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഏറെ ശ്രദ്ധ വച്ചിരുന്നു, ആള്‍ക്കൂട്ടമുള്ള റാലികളൊന്നും പാര്‍ട്ടി സംഘടിപ്പിച്ചില്ല. ട്രംപിന്റെ റാലികളില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നുതാക്കീതു നല്‍കിയിരുന്നു. സുപ്രീം കോടതിയിലേക്കു പുതിയ ജസ്റ്റിസിനെ ട്രംപ് നാമനിര്‍ദേശം ചെയ്ത സെപ്തംബര്‍ 26 ലെ വൈറ്റ് ഹൗസ് ചടങ്ങിലാണ് കോവിഡ് പ്രസിഡന്റിനെ കടന്നു പിടിച്ചതെന്നു സംശയമുണ്ട്. പ്രസിഡന്റിനും ഭാര്യക്കും ഉള്‍പ്പെടെ അന്നു റോസ് ഗാര്‍ഡന്‍ ചടങ്ങിന് എത്തിയ ഏഴു പേര്‍ക്ക് കോവിഡ് ബാധിച്ചു. നോട്ടര്‍ഡാം യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോണ്‍ ജെങ്കിന്‍സ്, മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കെലാനി കോണ്‍വേ, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ റോണ്‍ ജോണ്‍സന്‍ (വിസ്‌കോണ്‍സിന്‍), മൈക്ക് ലീ (യുട്ടാ), തോം ടില്ലിസ് (നോര്‍ത്ത് കാരോലിന), മുന്‍ ന്യൂ ജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി എന്നിവര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

അങ്ങിനെയെങ്കില്‍, വ്യാഴാഴ്ച്ച ന്യു ജഴ്സിയില്‍ ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ അദ്ദേഹത്തോടൊപ്പം അത്താഴ വിരുന്നിനു രണ്ടര ലക്ഷം ഡോളര്‍ (ഏകദേശം ഒന്നേ മുക്കാല്‍ കോടി രൂപ) കൊടുത്തു കൂടിയവരില്‍ പലര്‍ക്കും കോവിഡ് കിട്ടാനിടയുണ്ട്. മിക്കവരും മാസ്‌ക്ക് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ആ പണം മുഴുവന്‍ ട്രംപിന്റെ പ്രചാരണത്തിനുള്ള സംഭാവനയാണ്. പ്രസിഡന്റിനൊപ്പം അത്താഴം കഴിക്കാനും കൂടെ നിന്ന് പടമെടുക്കാനും അത്രയൊക്കെ കൊടുക്കാന്‍ കഴിയുന്ന സമ്പന്നവര്‍ഗം പണം കൊടുത്തു രോഗം ചോദിച്ചു വാങ്ങി എന്ന് മാധ്യമങ്ങള്‍ ആക്ഷേപിക്കുന്നു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച നിരവധി പേര്‍ക്കു രോഗം വരാന്‍ ട്രംപ് കാരണക്കാരനായി എന്ന് അമേരിക്ക ഇപ്പോള്‍ കാണുന്നു. ട്രംപിന്റെ പ്രായം 74 ആണ്. അറുപത്തഞ്ചു കടന്നാല്‍ കോവിഡ് ബാധിച്ചവര്‍ക്കു മരണം വരെ സംഭവിക്കാം എന്ന താക്കീതുണ്ട്. പ്രസിഡന്റിന് ശരീരഭാരം കൂടുതലാണ് — 111 കിലോ. ‘ചെറിയ തോതില്‍’ ഹൃദ്രോഗം ഉണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. കൊളസ്‌ട്രോള്‍ കൂടാതിരിക്കാന്‍ സ്റ്റാറ്റിന്‍ കഴിക്കുന്നുണ്ട്.

Read More: പ്രധാനായുധം ക്രമസമാധാനം

രണ്ടാഴ്ചത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയ ട്രംപ് പക്ഷെ ആശുപത്രിയില്‍ ഇരുന്നു ഭരണം നടത്തുന്നു എന്നാണ് അവകാശപ്പെടുന്നത്. വൈറ്റ് ഹൗസ് അതിനു തെളിവായി പുറത്തു വിട്ട ചിത്രത്തില്‍ ട്രംപ് ഒരു കടലാസില്‍ എന്തോ എഴുതുന്നത് കാണാം. എന്നാല്‍ സഹായികള്‍ക്കു ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത ആശുപത്രിയില്‍ ഇരുന്നു എന്തു ഭരണം നടത്താനാണ് എന്ന ചോദ്യമുയരുന്നു. വീട്ടില്‍ അടച്ചു പൂട്ടി ഇരിക്കാന്‍ മടി ഉള്ളതു കൊണ്ടാണ് ആശുപത്രിയില്‍ പോയതെന്ന് ട്രംപ് ഞായറാഴ്ച പുറത്തു വിട്ട വിഡിയോയില്‍ പറഞ്ഞു. ‘ലോകമൊട്ടാകെ നിരവധി പേര്‍ രോഗബാധിതരായപ്പോള്‍ അങ്ങിനെ അടച്ചു പൂട്ടി ഇരുന്നാലോ. ഇത് അമേരിക്കയാണ്, ലോകത്തെ ഏറ്റവും ശക്തമായ രാജ്യം,’ എന്നൊക്കെ വിഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷെ കൂടെ നിന്നവരില്‍ രോഗം പിടിച്ചവരുടെ അവസ്ഥയെ പറ്റി ഒരു പരാമര്‍ശവുമില്ല. പ്രസിഡന്റിന്റെ രോഗാവസ്ഥ നിഗൂഡമായി തുടരുമ്പോള്‍ ഇപ്പോള്‍ പ്രസക്തമായ ഒരു ചോദ്യം ഇതാണ്: ട്രംപിനു കോവിഡിന്റെ ഫലമായി ഔദ്യോഗിക ചുമതലകള്‍ വഹിക്കാന്‍ കഴിയാതെ വന്നാല്‍?

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

അങ്ങിനെ സംഭവിച്ചാല്‍ ട്രംപ് അധികാരം കോവിഡ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനു കൈമാറേണ്ടി വരും. അപ്പോള്‍ പെന്‍സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമാവും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണമെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാം. പല സംസ്ഥാനങ്ങളിലും നേരത്തെ വോട്ടെടുപ്പ് നടന്നിട്ടുണ്ട്. പുതിയൊരു സ്ഥാനാര്‍ഥി വന്നാല്‍ ട്രംപിനു ലഭിച്ച വോട്ടുകള്‍ കൈമാറാന്‍ ഭരണഘടന അനുവദിക്കുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞതു കൊണ്ടു മാത്രമാണ് ട്രംപ് ആശുപത്രിയില്‍ പോയതെന്ന് വൈറ്റ് ഹൗസ് പറയുന്നു. അധികാര കൈമാറ്റം ആലോചിച്ചിട്ടേയില്ലെന്നും. സുപ്രീം കോടതിയിലേക്ക് ട്രംപ് തിരക്കിട്ടു നാമനിര്‍ദേശം ചെയ്ത ആമി ബാരറ്റിനെ അംഗീകരിക്കാന്‍ സെനറ്റിന് എന്നാണ് കഴിയുക എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാരണം മൂന്ന് സെനറ്റര്‍മാര്‍ക്കു കോവിഡ് ബാധിച്ചിരിക്കുന്നു. സെനറ്റ് സമ്മേളനം രണ്ടാഴ്ച നീട്ടി വച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞേ പുതിയ ജസ്റ്റിസിനെ നിയമിക്കാവൂ എന്ന ഡെമോക്രറ്റുകളുടെ ആവശ്യം ട്രംപ് തള്ളിയിരുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം വരാം എന്നിരിക്കെ വൈറ്റ് ഹൗസ് ചടങ്ങില്‍ ട്രംപിനോട് അടുത്ത് നിന്ന ബാരറ്റിനും ആ ഭീഷണിയുണ്ട്. ഒക്ടോബര്‍ 15 നു ട്രംപും ബൈഡനും തമ്മില്‍ മയാമിയില്‍ നടക്കേണ്ട സംവാദം എന്തായാലും നടക്കില്ല. പ്രചാരണത്തിനു ചുറ്റിക്കറങ്ങാനും ട്രംപിനു കഴിയില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു അതൊരു വലിയ പ്രശ്നമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close