INSIGHTTop NewsWORLD

AMERICA 2020|ട്രംപിനെ പിന്തള്ളി കുതിക്കുന്ന കോവിഡ്

പി പി മാത്യു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൊറോണവൈറസും തമ്മിലുള്ള മത്സര ഓട്ടത്തിൽ ആരു ജയിക്കും. ആശുപത്രി ചാടി വന്ന ട്രംപ് നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന വട്ട പ്രചാരണത്തിനായി നാടെങ്ങും നെടുകെയും കുറുകെയും പാഞ്ഞു നടക്കുമ്പോൾ, മഹാമാരി അതേക്കാൾ വേഗത്തിൽ ആഞ്ഞടിക്കുന്നു. അമേരിക്കയുടെ 50ൽ 31 സംസ്ഥാനങ്ങളിലും രോഗം അതിതീവ്ര വർധനയിലാണ്. അങ്ങിനെയിരിക്കെ, മുഖാവരണം പോലും ധരിക്കാതെ വലിയ ആൾക്കൂട്ടങ്ങൾ നിറഞ്ഞ റാലികളിൽ ‘കൊറോണ പുല്ലാണ്’ എന്ന് അലറി വിളിക്കുന്ന ട്രംപിന് എങ്ങിനെ നേട്ടമുണ്ടാക്കാൻ കഴിയും.

Read More: ട്രംപ് തകര്‍ക്കുമ്പോള്‍ പാര്‍ട്ടി വിറയ്ക്കുന്നു

അഭിപ്രായ വോട്ടെടുപ്പുകളിൽ ഒരെണ്ണത്തിൽ പോലും ട്രംപ് മുന്നിൽ എത്തിയിട്ടില്ല. തന്റെ പരാജയങ്ങൾ സമ്മതിക്കാത്ത പ്രസിഡന്റ്, എതിരാളി ജോ ബൈഡനെ കമ്മ്യൂണിസ്റ്റ് എന്ന് ചിത്രീകരിച്ചു മുന്നേറാൻ ശ്രമിക്കുമ്പോൾ, മൂന്നു പതിറ്റാണ്ടിനിടയിൽ ഒരു തെരഞ്ഞെടുപ്പിലും ഉണ്ടാവാത്ത മുന്നേറ്റമാണ് ബൈഡൻ നടത്തിയിട്ടുള്ളതെന്നു ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. സർവേകളിൽ ബൈഡൻ നേടിയിട്ടുള്ള ലീഡ് ഇതിനു മുൻപ് ഒരു പ്രസിഡന്റിനെതിരെ നേടിയിട്ടുള്ളത് ബിൽ ക്ലിന്റൺ മാത്രമാണ്: 1992 ൽ സീനിയർ ബുഷിനെതിരെ.
ബൈഡന്റെ ലീഡ് ശരാശരി 10 ശതമാനത്തിനു മുകളിലാണ് എന്നിരിക്കെ, സെനറ്റും ഹൗസും കൂടി നഷ്ടപ്പെട്ടു പോകും എന്ന ആധിയാണ് റിപ്പബ്ലിക്കൻ നേതാക്കൾക്ക്. തോൽവി ഭയക്കുന്ന സെനറ്റർമാർ അദ്ദേഹത്തോട് അകലം പാലിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.

Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം

ബൈഡന്റെ ദേശീയ ലീഡ് ബുധനാഴ്ച്ച 17 ശതമാനത്തിൽ എത്തി ചരിത്രം സൃഷ്‌ടിച്ചു. പിടിച്ചു കയറാൻ ട്രംപിന് എന്തു തുറുപ്പു ചീട്ടാണ് ഉള്ളത് എന്ന ചോദ്യത്തിന് റിപ്പബ്ലിക്കൻ നേതാക്കൾ ഉത്തരം കാണുന്നില്ല. “ഡെമോക്രാറ്റുകൾ ആളിക്കകത്തുകയാണ്” എന്നാണ് സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മക് മക്കോണൽ ഈയാഴ്ച പറഞ്ഞത്. പരാജയ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്ന അഭിപ്രായം. 538 എന്ന ഇന്റർനെറ്റ് സൈറ്റിലെ സർവേയിൽ ട്രംപിനു കാണുന്ന വിജയസാധ്യത 13% ആണ്. ബൈഡനു 60 ശതമാനവും. ഇലക്ടറൽ കോളജിൽ വിജയത്തിന് 270 വേണം എന്നിരിക്കെ ബൈഡൻ 380 വരെ നേടാം എന്നാണ് പ്രവചനം.

Read More: മുഖാമുഖം, മുഖാവരണമില്ലാതെ

ഡെമോക്രാറ്റുകൾക്കു പക്ഷെ ആശങ്ക ഒഴിയുന്നില്ല. ട്രംപ് ആളൊരു പുലിയാണ് എന്നതു തന്നെ കാര്യം. തെരഞ്ഞെടുപ്പിൽ തോറ്റാൽ വിട്ടു കൊടുക്കില്ല എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. സംഭവം കോടതി കയറാം. ട്രംപിനെ അനുകൂലിക്കുന്ന ഭൂരിപക്ഷമുള്ള സുപ്രീം കോടതിയിലേക്ക് അദ്ദേഹം തർക്കവുമായി പോയാൽ ആൽ ഗോറിനു 2000 ൽ ഉണ്ടായ അവസ്ഥ ഉണ്ടാവാം എന്ന ഭയവും ന്യായം. ട്രംപ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാട്ടും എന്നും ഡെമോക്രറ്റുകൾ ഭയപ്പെടുന്നു. 2000 ൽ ഫ്‌ളോറിഡയിൽ ജോർജ് ബുഷിന്റെ സഹോദരൻ ഗവർണർ ജെബ് ബുഷ് മുൻകൈയെടുത്തു നിരവധി കറുത്ത വർഗക്കാരെ ചെറുകിട കുറ്റങ്ങൾക്കു ശിക്ഷിച്ചു വോട്ട് ചെയ്യുന്നതിൽ നിന്നു തടഞ്ഞു എന്ന് തെളിഞ്ഞിരുന്നു. ഇക്കുറിയും ഒട്ടേറെ ആഫ്രിക്കൻ വംശജർ ഇത്തരം കുറ്റങ്ങൾ ആരോപിക്കപ്പെട്ടു വോട്ടവകാശം നിഷേധിക്കപ്പെട്ട നിലയിലായി. ന്യു യോർക്ക് മുൻ മേയർ മൈക്ക് ബ്ലൂംബെർഗ് അവർക്കു പിഴയടക്കാൻ അഞ്ചു ലക്ഷം ഡോളറാണ് നൽകിയത്. ഡെമോക്രാറ്റിക്ക്‌ പാർട്ടിയുടെ ഉറച്ച വോട്ടുകളാണ് അതെല്ലാം എന്ന് അദ്ദേഹം കണ്ടു.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

പറഞ്ഞു വന്നത്, വിജയം ഉറപ്പാക്കാൻ ഡെമോക്രാറ്റുകൾ മടിക്കുന്നു എന്നതാണ്. ട്രംപും കൊറോണയും ഒന്നു പോലെ എന്നാണ് ഒരു ഡെമോക്രാറ്റിക്‌ നേതാവ് പറഞ്ഞത്. പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ട്രംപ് ഫ്‌ളോറിഡയിൽ ഏതാണ്ട് 25,000 പേർ പങ്കെടുത്ത റാലിയിൽ പ്രസംഗിച്ചു. മാസ്‌ക്ക് ധരിക്കാതെ അദ്ദേഹം വേദിയിൽ തുള്ളിച്ചാടി. “വൈറസ് പുല്ലാണ്” എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോൾ മാസ്‌ക്കില്ലാതെ എത്തിയ ജനക്കൂട്ടം ആർത്തു വിളിച്ചു. “ജോ ബൈഡനും അയാളുടെ ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റുകളും നിങ്ങളുടെ തൊഴിലുകൾ ഇല്ലാതാക്കും. പോലീസിനെ പിരിച്ചു വിടും. അന്യനാട്ടുകാരായ ക്രിമിനലുകളെ അഴിച്ചു വിടും. നികുതി കൂട്ടും. നിങ്ങളുടെ തോക്കുകൾ പിടിച്ചെടുക്കും. ദൈവത്തെ പൊതു ഇടങ്ങളിൽ നിന്ന് ഓടിച്ചു കളയും,” എന്നിങ്ങനെ ആയിരുന്നു പ്രസംഗത്തിന്റെ ലൈൻ. അമേരിക്ക കേട്ടു മടുത്ത ഒരു തമാശ.

ReadMore: കോവിഡിനെ വെല്ലുവിളിച്ച സൂപ്പർമാൻ വേഷം

മഹാമാരിയെ ലോകത്തെ മറ്റു ഏതൊരു രാജ്യത്തെക്കാളും മികവോടെ നേരിട്ടു എന്ന് ട്രംപ് പറയുമ്പോൾ, ഭരണകൂടത്തിന്റെ രേഖകളിൽ, അടുത്ത ഫെബ്രുവരിയോടെ അമേരിക്കയിൽ മരണം നാലു ലക്ഷം കടക്കും എന്ന് ആശങ്കപ്പെടുന്നു. വാക്‌സിൻ ഉടൻ വരുമെന്ന് അദ്ദേഹം പറയുമ്പോൾ, ജോൺസൻ ആൻഡ് ജോൺസൻ പരീക്ഷണം നിർത്തി വച്ചതായി പ്രഖ്യാപിക്കുന്നു. എലി ലില്ലി എന്ന മരുന്നു കമ്പനി, തങ്ങളുടെ ആന്റിബോഡി ചികിത്സാ പരീക്ഷണം മാറ്റി വച്ചിട്ടുമുണ്ട്. സത്യത്തിനു മറയിടാൻ പ്രസിഡന്റിനു കഴിയാത്ത വിധം കോവിഡ് കേസുകൾ കുതിച്ചു കയറുന്നു എന്നതാണ് അദ്ദേഹത്തിനു മാത്രം മനസിലാവാത്ത കാര്യം. അര ലക്ഷമാണ് ഇപ്പോൾ രാജ്യത്തു ദിവസേന വർധന. ആശുപത്രികൾ നിറയുകയാണ്. സെപ്റ്റംബറിൽ 30,000 മുതൽ 35,000 വരെ ആയിരുന്നു. “ഇന്നു കാണുന്ന വർധന കുറയാൻ സാധ്യത കാണുന്നില്ല,” എന്ന് നാഷണൽ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ തലവൻ ഡോക്ടർ പീറ്റർ ഹോട്ടസ് തിങ്കളാഴ്ച പറഞ്ഞു.
മുപ്പത്തി ഒന്ന് സംസ്ഥാനങ്ങൾ ഈ വർധന കാണുമ്പോൾ ദേശീയ തലത്തിലേക്ക് അതു പൂർണമായി വ്യാപിക്കാൻ അധികം സമയം വേണ്ടി വരില്ല എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

കഴിഞ്ഞ ആഴ്ച്ച രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1% ആയിരുന്നു. അതായതു 100 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ രോഗം അഞ്ചു പേർക്ക്. എന്നാൽ ഇപ്പോൾ 13 സംസ്ഥാനങ്ങളിൽ അത് 10 ശതമാനത്തിനു മേലെ ആയി — ഇരട്ടി. അക്കൂട്ടത്തിൽ തെരഞ്ഞെടുപ്പിൽ നിർണായകമാവുന്ന ഫ്‌ളോറിഡ, അയോവ, ഐഡഹോ, നെബ്രാസ്‌ക, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളും ഉണ്ട്. അവിടെയൊക്കെ വോട്ടർമാരെ എങ്ങിനെ സ്വാധീനിക്കാൻ കഴിയും എന്നതാണ് റിപ്പബ്ലിക്കൻ നേതാക്കൾക്കു ഉത്തരം കിട്ടാത്ത ചോദ്യം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെൿഷ്യസ്‌ ഡിസീസസ് ഡയറക്ടർ ഡോക്ടർ ആന്തണി ഫൗസി പറഞ്ഞു: ടെസ്റ്റ് പോസിറ്റിവിറ്റി 3% എങ്കിലുമായി കുറയണം. ഇപ്പോൾ കാണുന്ന വർധന കൂടുതൽ മരണങ്ങളിലേക്കു നയിക്കും. ട്രംപിന്റെ റാലികളിൽ മാസ്‌ക് ഇല്ലാതെ ജനം കൂടുന്നത് ഗൗരവമായ പ്രശ്നമാണെന്ന് ഫൗസി ചൂണ്ടിക്കാട്ടി. ഹോട്ടസ് ഒരു പടി കൂടി മുന്നോട്ടു കടന്നു പറഞ്ഞു: “ഇതു സ്വയം നശിക്കൽ മാത്രമല്ല, മറ്റുള്ളവരെ നശിപ്പിക്കൽ കൂടിയാണ്.”

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

ചികിത്സാ സൗകര്യം വേണ്ടത്രയില്ലെന്നു ഡോക്ടർമാർ പറയുന്നു. രോഗ മുക്തരായ നിരവധി യുവാക്കൾ, നീണ്ടു നിൽക്കുന്ന പാർശ്വ ഫലങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 24 നും ഒക്ടോബർ 8 നും ഇടയിൽ 77,000 കുട്ടികൾക്കു കോവിഡ് ബാധിച്ചു. 13% വർധന എന്ന് ഡോക്ടർമാർ വെളിപ്പെടുത്തി.
നേരത്തെ വോട്ടിംഗ് ആരംഭിച്ച ജോർജിയ, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത പോളിംഗ് നടന്നതായി യു എസ് മാധ്യമങ്ങൾ ചൊവാഴ്ച റിപ്പോർട്ട് ചെയ്തു. പലേടത്തും മണിക്കൂറുകൾ കത്ത് നിന്നാണ് ജനങ്ങൾ വോട്ട് ചെയ്തത്. കോവിഡ് നിയന്ത്രണത്തിൽ പരാജയപ്പെട്ട ട്രംപിനെ അടിച്ചു പുറത്താക്കാൻ ജനം തീരുമാനിച്ചതിന്റെ സൂചനയായി ഡെമോക്രറ്റുകൾ അതിനെ കാണുന്നു. ഒരു ‘നിശബ്‌ദ രോഷം’ അവർ കാണുന്നുണ്ട്. എന്നാൽ പ്രസിഡന്റിനെ നിലനിർത്താൻ ജനം ആവേശത്തോടെ എത്തിയതാണ് എന്ന് റിപ്പബ്ലിക്കൻ പാർട്ടി പറയുന്നു.
ഒരു കോടിയിലധികം പേർ വോട്ട് ചെയ്തു കഴിഞ്ഞു എന്നാണ് കണക്ക്. 2016 ൽ 13 കോടി ആളുകൾ വോട്ട് ചെയ്തു. ഇക്കുറി അതേക്കാൾ വളരെ കൂടുതൽ വോട്ടുകൾ വീഴുമെന്നു പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പിന്റെ അന്നു രാത്രി തന്നെ വിജയം പ്രഖ്യാപിക്കാൻ കഴിയുന്ന ലീഡ് ബൈഡൻ നേടും എന്നാണ് ചില മാധ്യമങ്ങൾ വിലയിരുത്തുന്നത്. അതായത്, ട്രംപിനു ചോദ്യം ചെയ്യാൻ കഴിയാത്ത മുന്നേറ്റം വോട്ടെണ്ണലിൽ വേഗത്തിൽ തന്നെ ബൈഡൻ കൈവരിക്കുമെന്ന്. നേരത്തെ വോട്ടിംഗ് നടക്കുന്ന ഇടങ്ങളിൽ ഡെമോക്രാറ്റുകളെ തടസപ്പെടുത്താൻ ട്രംപിന്റെ അനുയായികൾ ശ്രമിച്ചു കഴിഞ്ഞു. ടെക്സസിൽ ഇത്തരമൊരു തർക്കം കോടതിയിൽ എത്തി. പെൻസിൽവേനിയ, ഫ്‌ളോറിഡ, വിർജീനിയ എന്നെ സംസ്ഥാനങ്ങളിലും അവർ കോടതി വഴി തടസങ്ങൾ സൃഷ്‌ടിച്ചു.
എന്നാൽ ട്രംപ് ഭരണത്തിനെതിരായ ജനവികാരം ദീർഘകാലമായി നിലനിൽക്കുന്നതാണ് എന്ന് പ്യു റിസർച്ച് സെന്റർ നടത്തിയ സർവേയിൽ കാണുന്നു. പ്രസിഡന്റ് എന്ന നിലയ്ക്കുള്ള പ്രവർത്തനം ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ ഒരിക്കൽ പോലും ജനം അംഗീകരിച്ചില്ല. അത് ഇപ്പോഴും 40 ശതമാനത്തിൽ താഴെ നിന്നു. കോവിഡ് പടർന്ന ശേഷം അദ്ദേഹത്തിന്റെ നടപടികൾ ജനങ്ങൾ പാടേ തള്ളി. എന്നു മാത്രമല്ല, ബൈഡൻ കൂടുതൽ നന്നായി ഇതു കൈകാര്യം ചെയ്യുമെന്ന് അവർ വിധിയെഴുതി.
കൂടുതൽ വോട്ടർമാരെ രംഗത്തിറക്കി വിജയം ഉറപ്പാക്കാം എന്നാണ് ട്രംപ് സഹായികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ വോട്ടിംഗ് കഴിഞ്ഞ മിക്ക മേഖലകളിലും ഡെമോക്രറ്റിക് വോട്ടർമാരാണ് കൂടുതൽ എത്തിയതെന്നു കണക്കുകൾ പറയുന്നു.
ട്രംപിന് ഇനിയും സമയമുണ്ട്. പക്ഷെ വിജയം കൊയ്യാൻ പുതിയ തന്ത്രങ്ങൾ ഒന്നും അദ്ദേഹം പുറത്തെടുത്തു കാണുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close