INSIGHTTop NewsWORLD

AMERICA 2020|ട്രംപ് തകര്‍ക്കുമ്പോള്‍ പാര്‍ട്ടി വിറയ്ക്കുന്നു

പി പി മാത്യു

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആകെ അങ്കലാപ്പിലാണ്. നിയന്ത്രണമില്ലാതെ പായുന്ന പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാര്‍ട്ടിയെ കുഴിച്ചു മൂടും എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. നവംബര്‍ മൂന്നിനു ട്രംപ് ജയിക്കില്ലെന്ന് അവര്‍ക്കു ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. എന്നാല്‍ യു എസ് കോണ്‍ഗ്രസ് കൈവിട്ടു പോകും എന്ന ആശങ്കയാണ് പാര്‍ട്ടി നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. കോവിഡ് തനിക്കു പുല്ലാണെന്നു തെളിയിക്കാന്‍ ട്രംപ് പാടുപെടുകയാണ്. രോഗം ബാധിച്ചു ഒന്‍പതാം നാളായ ശനിയാഴ്ച, വൈറ്റ് ഹൗസിന്റെ സൗത്ത് ലോണില്‍ അഞ്ഞൂറോളം പേരെ വിളിച്ചു കൂട്ടി രോഗബാധയ്ക്കു ശേഷം ആദ്യത്തെ പൊതുപരിപാടി നടത്തി ട്രംപ്. പിന്നീട് റേഡിയോ ഷോയില്‍ കയറി രണ്ടു മണിക്കൂര്‍ കസറി. തിങ്കളാഴ്ച അദ്ദേഹം ഫ്ളോറിഡയില്‍ ഒന്നിലധികം റാലികളെ അഭിസംബോധന ചെയ്യും. പെന്‍സില്‍വേനിയ, അയോവ എന്നിവിടങ്ങളിലും റാലികള്‍ ഉണ്ടാവും. അമേരിക്കന്‍ രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രം ( സി ഡി സി) നിശ്ചയിച്ചിട്ടുള്ള കോവിഡ് നിയന്ത്രണ നിയമങ്ങളുടെയെല്ലാം നഗ്‌നമായ ലംഘനമാണ് ഇത് രണ്ടും. പൊതു ജനങ്ങളോടു ഇടപെടും മുന്‍പ് കോവിഡ് രോഗി രണ്ടു തവണ നെഗറ്റീവ് ആയിരിക്കണം എന്നാണ് സി ഡി സി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ശനിയാഴ്ച വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോക്ടര്‍ ഷോണ്‍ കൊണാലി പറഞ്ഞു, ട്രംപിനു സി ഡി സി നിയമങ്ങള്‍ അനുസരിച്ചുള്ള ‘രോഗമുക്തി’ വന്നിട്ടുണ്ടെന്ന്. ‘അതു കൊണ്ട് അദ്ദേഹത്തിനു സുരക്ഷിതമായി ഏകാന്ത വാസം അവസാനിപ്പിക്കാം. ഇന്നു രാവിലത്തെ പി സി ആര്‍ സാമ്പിള്‍ ടെസ്റ്റിന്റെ ഫലം തെളിയിക്കുന്നത് അദ്ദേഹത്തില്‍ നിന്ന് ഇനി ആര്‍ക്കെങ്കിലും രോഗം പകരാന്‍ സാധ്യത ഇല്ലെന്നാണ്.’ എന്നാല്‍ അതിനു ശേഷം ട്രംപ് ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ ചുമച്ചു എന്നത് ചോദ്യചിഹ്നമായി. അദ്ദേഹത്തിന്റെ നെഞ്ചില്‍ കഫക്കെട്ടുണ്ട് എന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, ‘അതൊക്കെ അങ്ങിനെ വന്നു പോകും’ എന്നായിരുന്നു ട്രംപിന്റെ നിലപാട്.

Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം

ഒരു പ്രാവശ്യമെങ്കിലും ട്രംപിന് നെഗറ്റീവ് ഫലം കിട്ടിയോ എന്നു വെളിപ്പെടുത്താന്‍ പക്ഷെ വൈറ്റ് ഹൗസ് ഡോക്ടര്‍മാര്‍ തയാറായിട്ടില്ല. ഞായറാഴ്ച്ച സി എന്‍ എന്‍ ഇക്കാര്യം ആറു തവണ ആവര്‍ത്തിച്ച് ചോദിച്ചിട്ടും വൈറ്റ് ഹൗസ് ഡോക്ടര്‍ മറുപടി നല്‍കിയില്ല. ട്രംപിന് 24 മണിക്കൂറായി പനി ഉണ്ടായിട്ടില്ല എന്നു ഡോക്ടര്‍ കോണാലി പറഞ്ഞു. അതൊന്നും പക്ഷെ കോവിഡ് വിട്ടു മാറി എന്നതിന്റെ തെളിവല്ല. പ്രസിഡന്റിന്റെ ആരോഗ്യവിവരം കൃത്യമായി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രാജ്യമാണ് അമേരിക്ക എന്നോര്‍ക്കുക. ഡോക്ടര്‍ പറയുന്നത് ജനം വിശ്വസിക്കുന്നുണ്ടോ എന്നതാണ് രാഷ്ട്രീയമായി പ്രസക്തമായ ചോദ്യം. വൈറ്റ് ഹൗസ് ചടങ്ങിനു ശനിയാഴ്ച 2,000 പേരെയാണ് ക്ഷണിച്ചിരുന്നത്. കോവിഡിന്റെ ഏറ്റവും വലിയ ഇരകളായ ലാറ്റിനമേരിക്കന്‍ വംശജരെയും കറുത്ത വര്‍ഗക്കാരെയും ആയിരുന്നു ലക്ഷ്യം. എത്തിയതോ 500 പേര്‍. യു എസ് പ്രസിഡന്റ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിട്ടു ചെല്ലാന്‍ ജനം മടിക്കുന്നെങ്കില്‍ അതു രോഗം പകരുമെന്ന ഭീതി കൊണ്ടു മാത്രമാണെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നു. പങ്കെടുത്തവരില്‍ ഏറെപ്പേര്‍ മുഖാവരണം ധരിച്ചിരുന്നു എന്നതു ട്രംപിലുള്ള അവിശ്വാസമായാണ് മാധ്യമങ്ങള്‍ കാണുന്നത്. അതായതു വൈറ്റ് ഹൗസ് പറയുന്നത് അവര്‍ അപ്പാടെ വിഴുങ്ങുന്നില്ല. രണ്ടു ലക്ഷത്തിലേറെ ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ച അമേരിക്കയില്‍ പ്രതിദിന വര്‍ധന ശരാശരി അര ലക്ഷമാണ്. ‘ഞാന്‍ തികച്ചും ഊര്‍ജസ്വലനാണ്,’ ട്രംപ് അവരോടു പറഞ്ഞു. ‘നിങ്ങളുടെ കാര്യം എനിക്ക് അറിയില്ല. വൈറസ് അപ്രത്യക്ഷമാകും, ആയിക്കൊണ്ടിരിക്കയാണ്.’ ശാസ്ത്രീയമായി അംഗീകരിക്കപ്പെടാത്ത അവകാശവാദമാണ് 17 മിനിറ്റ് പ്രസംഗത്തില്‍ ട്രംപ് മുന്നോട്ടു വച്ചത്.

Read More: മുഖാമുഖം, മുഖാവരണമില്ലാതെ

ട്രംപും ജോ ബൈഡനും തമ്മില്‍ അടുത്ത വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം സംവാദം റദ്ദാക്കിയത് നേരിട്ടു തന്നെ ഏറ്റുമുട്ടല്‍ വേണം എന്ന് പ്രസിഡന്റും ഓണ്‍ലൈന്‍ മതിയെന്ന് ഡെമോക്രാറ്റും നിലപാട് എടുത്തതു കൊണ്ടാണ്. ട്രംപിനു രോഗമുക്തി ആയെന്നു ഉറപ്പില്ലാത്തതിനാല്‍ നേരിട്ടുള്ള സംവാദം സാധ്യമല്ലെന്നു ബൈഡന്‍ വാദിച്ചു. ഓണ്‍ലൈന്‍ ആവാം എന്ന് ഡിബേറ്റ് കമ്മീഷന്‍ തീരുമാനിച്ചു. പക്ഷെ ‘സമയം കളയാന്‍ ഞാനില്ല’ എന്നായിരുന്നു ട്രംപിന്റെ നിലപാട്. ഒക്ടോബര്‍ 22 നു നാഷ്വില്ലില്‍ നടക്കാനുള്ള അവസാന സംവാദവും നടക്കുമെന്ന് ഉറപ്പില്ല. വ്യാഴാഴ്ചത്തെ സംവാദം റദ്ദായതു കൊണ്ട് ബൈഡനെ എ ബി സി ന്യുസ് സംസാരിക്കാന്‍ വിളിച്ചിട്ടുണ്ട്. സംവാദം നടത്താന്‍ ഉദ്ദേശിച്ചിരുന്ന ടൗണ്‍ ഹാള്‍ മാതൃകയാണ് അവര്‍ സ്വീകരിക്കുക. അതായത്, ജനങ്ങള്‍ക്ക് ബൈഡനോട് നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കാം. ‘ജനങ്ങളോട് തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ അദ്ദേഹം ഏറെ താല്‍പര്യപ്പെടുന്നു’ എന്നാണ് സഹായികള്‍ വിശദീകരിച്ചത്. മഹാമാരി എങ്ങിനെ കൈകാര്യം ചെയ്യും, അന്താരാഷ്ട്ര രംഗത്തു രാജ്യത്തിനു നഷ്ടപ്പെട്ട സൗഹൃദങ്ങളും പ്രതാപവും വീണ്ടെടുക്കാന്‍ എന്തൊക്കെ ചെയ്യും, അമേരിക്കയുടെ ഐക്യം എങ്ങിനെ വീണ്ടെടുക്കും ഇവയൊക്കെ ആയിരിക്കും പ്രേക്ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

സംവാദം ഒക്ടോബര്‍ 15, 22 എന്നീ തീയതികളില്‍ നിന്ന് ഒരാഴ്ച നീട്ടി 22, 29 എന്നിങ്ങനെ ആക്കണമെന്ന് ട്രംപ് സഹായികള്‍ ആവശ്യപ്പെടുകയുണ്ടായി. അതിനു ഡിബേറ്റ് കമ്മീഷന്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ‘സംവാദ തീയതികള്‍ തീരുമാനിക്കുന്നത് ഡൊണാള്‍ഡ് ട്രംപ് അല്ല. ഡിബേറ്റ് കമ്മീഷന്‍ ആണ്.’
ഇതിനൊക്കെ ഇടയിലാണ് മിഷിഗണിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രേച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് 13 ട്രംപ് അനുയായികളെ അറസ്റ്റ് ചെയ്തത്. പോര്‍ക്കള സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട മിഷിഗണില്‍ ഈ വിഷയം കൊടുംകാറ്റായി. കോവിഡ് നിയന്ത്രണങ്ങളില്‍ രോഷാകുലരായ വലതു തീവ്രവാദികളാണ് പ്രതികള്‍ എന്ന് എഫ് ബി ഐ പറഞ്ഞു. ഇവര്‍ ട്രംപിന്റെ കടുത്ത ആരാധകരാണ് എന്നു തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തു വന്നിട്ടുണ്ട്. ‘അമേരിക്കന്‍ ഭീകരര്‍’ എന്നാണ് വിറ്റ്മര്‍ അവരെ വിളിച്ചത്.

ReadMore: കോവിഡിനെ വെല്ലുവിളിച്ച സൂപ്പർമാൻ വേഷം

ട്രംപ് ഉണര്‍ത്തി വിട്ട വര്‍ഗീയ-വംശീയ വിദ്വേഷത്തിന്റെ സന്തതികളാണ് ഈ ഭീകരര്‍. തെരഞ്ഞടുപ്പ് അടുത്തു വരും തോറും ട്രംപിനു പരിഭ്രാന്തി ഏറി വരുന്നു എന്നാണ് വൈറ്റ് ഹൗസില്‍ നിന്ന് ചോരുന്ന വിവരങ്ങളില്‍ കാണുന്നത്. നവംബര്‍ മൂന്ന് വളരെ അടുത്തിരിക്കെ ട്രംപിന്റെ പ്രചാരണം ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്ന് അവര്‍ കാണുന്നു. അതിനു മുഖ്യ കാരണം അദ്ദേഹത്തിന്റെ രോഗാവസ്ഥ തന്നെ. കോവിഡില്‍ മരിച്ച രണ്ടു ലക്ഷം കുടുംബങ്ങളുടെ ദുഖത്തെ പറ്റി ട്രംപ് ഒരു വാക്കു മിണ്ടിയിട്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ വംശജരും ആഫ്രിക്കന്‍ വംശജരുമാണ് ഏറ്റവും അധികം രോഗബാധിതരായത് എന്നതാണ് അദ്ദേഹത്തിനെതിരെ ആ വോട്ട് ബാങ്കുകളെ തിരിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പരാജയം ഭീകരമാവാം എന്ന നിലയാണ്.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

ഡെമോക്രാറ്റിക്ക് പാര്‍ട്ടി തികച്ചും ശുഭകരമായ ഫലങ്ങള്‍ കാണുന്നു. കഴിഞ്ഞ ആഴ്ച നടന്ന വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ ഡെമോക്രറ്റ് സെനറ്റര്‍ കമല ഹാരിസ് നിലവിലുള്ള വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ അടിച്ചു മലര്‍ത്തി. സംവാദത്തില്‍ ഹാരിസ് ആണു വിജയി എന്നു ഭൂരിപക്ഷം വിലയിരുത്തുമ്പോള്‍ ഡെമോക്രാറ്റിക്ക് ടിക്കറ്റിനെ കുറിച്ച് ഉണ്ടായിരുന്ന ഒരു പ്രധാന സംശയം തീര്‍ന്നു. അധികാരത്തില്‍ നിന്ന് 77 വയസുള്ള ജോ ബൈഡനു മാറി നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ പ്രസിഡന്റാവാന്‍ ഹാരിസിനു കെല്‍പുണ്ടോ എന്നതായിരുന്നു ചോദ്യം. ഇന്ത്യന്‍ രക്തമുള്ള മുന്‍ പ്രോസിക്യൂട്ടര്‍ തന്റെ കഴിവ് തെളിയിച്ചു. ഇടയ്ക്കു തടസപ്പെടുത്താന്‍ ശ്രമിച്ച പെന്‍സിനോട് ചിരിച്ചു കൊണ്ട് സൗമ്യമായി ‘മിസ്റ്റര്‍ വൈസ് പ്രസിഡന്റ് ഞാന്‍ സംസാരിച്ചു കഴിഞ്ഞില്ല’ എന്നു പലകുറി അവര്‍ പറഞ്ഞത് ശ്രദ്ധേയമായി. പറയാനുള്ളത് തറപ്പിച്ചു തന്നെ പറഞ്ഞു, പക്ഷെ ആദരവും മര്യാദയും തെല്ലും കൈവിട്ടില്ല. പെന്‍സ് ട്രംപിനെപ്പോലെ പ്രകോപനം ഒന്നും ഉണ്ടാക്കിയില്ല. പെന്‍സിനെ തളയ്ക്കാന്‍ ഹാരിസ് ഇറക്കിയ ചീട്ട് മഹാമാരി തന്നെ. കോവിഡ് കൈകാര്യം ചെയ്യാനുള്ള പ്രത്യേക ചുമതല ട്രംപ് അദ്ദേഹത്തിനാണ് നല്‍കിയിരുന്നത്. പക്ഷെ പ്രതിദിന രോഗ വര്‍ധന അര ലക്ഷത്തിനടുത്തു നില്‍ക്കയും മരണം രണ്ടേകാല്‍ ലക്ഷത്തോട് അടുക്കുകയും ചെയ്യുന്ന നേരത്തു പെന്‍സിന്റെ ന്യായങ്ങള്‍ ഒന്നും ഏറ്റില്ല.

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

ഈ സംവാദം കൂടി കഴിഞ്ഞു നടന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത് ബൈഡനും ഹാരിസും ചരിത്ര വിജയത്തിന്റെ പടിവാതിലില്‍ എത്തി നില്‍ക്കുന്നു എന്നാണ്. മാത്രമല്ല, യു എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ഡെമോക്രാറ്റ്‌സ് പിടിയില്‍ ഒതുക്കുകയും ചെയ്യാം. സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അത് കൂടി നഷ്ടമായാല്‍ മഹാദുരന്തം തന്നെയാവും. ഹാരിസിന്റെ മികച്ച പ്രകടനം കണ്ട ട്രംപ് അവരെ ‘കമ്മ്യൂണിസ്‌റ്’ എന്നും ‘രാക്ഷസി’ എന്നും വിളിച്ചു. ബൈഡന്‍ ജയിച്ചാല്‍ രണ്ടു മാസം കഴിയുമ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് അധികാരത്തില്‍ വരും’ എന്ന് അദ്ദേഹം പറഞ്ഞു. പൊലീസില്‍ നിന്ന് അധികാരങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു അരാജകത്വത്തിന്റെ ഭരണം അഴിച്ചു വിടും എന്നാണ് അദ്ദേഹം വലതുപക്ഷ തീവ്രവാദികളെ ത്രസിപ്പിക്കാന്‍ പറഞ്ഞത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ബൈഡന്‍ ദേശീയ തലത്തിലുള്ള വമ്പന്‍ ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സര്‍വേകളിലും അദ്ദേഹം 16% വരെ മുന്നിലാണ്. ആറു ശതമാനത്തിനു മുകളില്‍ ലീഡ് ഉണ്ടെങ്കില്‍ ജയിച്ചുവെന്നു ഉറപ്പാക്കാം എന്നതാണ് ചരിത്രപാഠം. എ ബി സി ന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവ ചേര്‍ന്നു ഒക്ടോബര്‍ 6 മുതല്‍ 9 വരെ നടത്തിയ സര്‍വേയില്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ ബൈഡനു 11% മുന്‍തൂക്കമുണ്ട് (54 – 43). വോട്ട് ചെയ്യാന്‍ സാധ്യത ഉള്ളവര്‍ക്കിടയില്‍ 12 % (55 – 43). കോവിഡ് ആണ് പ്രധാന തെരഞ്ഞെടുപ്പു വിഷയം എന്നിരിക്കെ, ട്രംപ് അത് കൈകാര്യം ചെയ്ത രീതി അംഗീകരിക്കുന്ന ജനങ്ങള്‍ 37% മാത്രമാണെന്നു റോയിട്ടേഴ്സ് ഈയാഴ്ച നടത്തിയ സര്‍വേയില്‍ കാണുന്നു. അതേ സര്‍വേയില്‍ 59% ആണ് അദ്ദേഹത്തിന്റെ സമീപനം തള്ളിക്കളയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close