പി പി മാത്യു
പ്രയോജനമില്ലാത്ത ഒരു പോരാട്ടത്തിനൊടുവിൽ ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അമേരിക്ക എന്നാൽ വടക്കൻ കൊറിയയോ ചൈനയോ റഷ്യ പോലുമോ അല്ലെന്നു വൈകി വന്ന തിരിച്ചറിവ്. പരാജയം സമ്മതിക്കാൻ പ്രസിഡന്റ് തയ്യാറായിട്ടില്ലെങ്കിലും നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനു അധികാരം കൈമാറാനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷനു (ജി എസ് എ) അദ്ദേഹം തിങ്കളാഴ്ച്ച കൊടി കാട്ടി. ബൈഡൻ ജയിച്ച നിർണായക സംസ്ഥാനങ്ങളിൽ ഫലപ്രഖ്യാപനം തടയാൻ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ട ശേഷമാണ് ട്രംപ് വഴങ്ങിയത്.
Read Also:രാഷ്ട്രീയത്തിലും സ്വകാര്യ ജീവിതത്തിലും കൈപ്പുള്ള അനുഭവങ്ങളെ അതിജീവിച്ച ജോ ബൈഡന്‍
ബൈഡൻ ആവട്ടെ, സുപ്രധാന ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരി 20 നാണു അധികാരം ഏൽക്കുന്നതെങ്കിലും അധികാര കൈമാറ്റ പ്രക്രിയ ആരംഭിക്കുന്നതോടെ ഫലത്തിൽ ഭരണം ബൈഡന്റെ കൈയിൽ എത്തുകയാണ്. പ്രതിദിനം ലക്ഷത്തിലേറെ പേർ കോവിഡ് രോഗികളാവുന്ന അവസ്ഥയിൽ അമേരിക്കയുടെ ഏറ്റവും പ്രധാന വെല്ലുവിളി മഹാമാരി തന്നെയാണല്ലോ. ട്രംപ് അതൊന്നും ശ്രദ്ധിക്കാതെ തോൽവിയുടെ രോഷം കടിച്ചമർത്തുമ്പോൾ ബൈഡൻ വ്യക്തമായ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച്ച ജി എസ് എ മേധാവി എമിലി മർഫി പുറത്തു വിട്ട കത്തിലാണ് അധികാര കൈമാറ്റത്തിന് ആവശ്യമായ പണം റിലീസ് ചെയ്യാൻ ട്രംപ് പച്ചക്കൊടി കാട്ടിയതായി പറയുന്നത്. നടപടി വൈകിയത് വൈറ്റ് ഹൗസ് സമ്മർദം കൊണ്ടല്ല എന്ന് മർഫി പറയുന്നുണ്ട്. ഭരണഘടന അനുസരിച്ചു സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പൂട്ടിയിടാൻ തനിക്കാവില്ല എന്ന് ട്രംപ് മനസിലാക്കി എന്നത് വ്യക്തം. 63 ലക്ഷം ഡോളർ ബൈഡൻ ടീമിന് ജി എസ് എ ഉടൻ കൈമാറും. വാഷിംഗ്‌ടനിൽ ബൈഡനു സ്വന്തമായി താൽക്കാലിക ഓഫീസിൽ തുറക്കും.
നിരവധി കേസുകൾ ഫയൽ ചെയ്‌തു തെരഞ്ഞെടുപ്പു ഫലങ്ങളെ ചോദ്യം ചെയ്ത ട്രംപ് സ്വന്തം പാർട്ടിക്കാർ പോലും തന്നെ കൈവിടുന്നത് കണ്ടു അമ്പരന്നു പോയി എന്ന് കരുതണം. ഉദാഹരണത്തിന്, റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന മിഷിഗണിൽ ഫലങ്ങൾ പ്രഖ്യാപിക്കരുതെന്നു പാർട്ടി നേതാക്കളെ വൈറ്റ് ഹൗസിൽ വിളിച്ചു വരുത്തി ട്രംപ് അഭ്യർഥിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഫലങ്ങൾ നിശ്ചിത തീയതിക്കുള്ളിൽ പ്രഖ്യാപിച്ചില്ലെങ്കിൽ വിഷയം സംസ്ഥാന നിയമനിർമാണ സഭയ്ക്കു വിടാൻ വകുപ്പുണ്ട്. അങ്ങിനെ വന്നാൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം ഉപയോഗിച്ച് ഇലക്ടറൽ കോളജ് അംഗങ്ങളെ നോമിനേറ്റ് ചെയ്യിച്ചു ജനവിധി മറികടക്കാം എന്നതായിരുന്നു ലക്‌ഷ്യം. ജോർജിയയിലും ഇതേ ശ്രമം ട്രംപ് നടത്തി നോക്കിയിരുന്നു. രണ്ടു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളൂം കൈവിട്ടപ്പോൾ 538 അംഗ ഇലക്ടറൽ കോളജിൽ 306 നേടിക്കഴിഞ്ഞ ബൈഡനെ തോൽപിക്കാൻ വഴിയൊന്നും ഇല്ലെന്നു ട്രംപിന് ബോധ്യമായി എന്ന് കരുതണം.
Read Also:പുതുയുഗ പിറവി കണ്ട് അമേരിക്ക
ചില റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ ട്രംപിന്റെ നിലപാടുകളെ പരസ്യമായി വിമർശിച്ചിരുന്നു. ന്യു ജേഴ്‌സി ഗവർണർ ആയിരുന്ന ക്രിസ് ക്രിസ്റ്റി ഞായറാഴ്ച പറഞ്ഞു, ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകരും നടത്തുന്ന ശ്രമങ്ങൾ രാജ്യത്തിനു നാണക്കേടാണെന്ന്. പെൻസിൽവേനിയ സെനറ്റർ പാറ്റ് ടൂമി ആവട്ടെ, ട്രംപിനോടു തോൽവി സമ്മതിക്കാൻ പറയുകയും ബൈഡനെയും കമല ഹാരിസിനെയും പ്രശംസിക്കയും ചെയ്തു.
ഒഹായോവിലെ സെനറ്റർ റോബ് പോർട്ട്മാൻ, വെസ്റ്റ് വിർജീനിയ സെനറ്റർ ഷെല്ലി മൂർ എന്നിവർ അധികാര മാറ്റം തുടങ്ങാൻ വൈകരുതെന്നു തിങ്കളാഴ്ച്ച താക്കീതു നൽകി. “ട്രംപിനു കേസ് കൊടുക്കാൻ അവകാശമുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിന് അവസാനമുണ്ടാകേണ്ട സമയമായി,” അവർ പറഞ്ഞു.
ജനുവരി 20 നു അധികാരം ഏൽക്കും മുൻപ് ലഭിക്കേണ്ട വിവരങ്ങൾ ബൈഡനു കിട്ടിയില്ലെങ്കിൽ അത് പ്രതിസന്ധിയാവും. യു എസ് ഭരണഘടന അനുശാസിക്കുന്ന തീയതികൾക്കുള്ളിൽ തീരുമാനം ഉണ്ടായേ തീരൂ. അതിൽ ഒരിക്കലും മാറ്റം ഉണ്ടാവാറില്ല.
മഹാമാരി കാട്ടുതീ പോലെ പടരുമ്പോൾ ട്രംപ് അനുയായികളെ തെരുവിൽ ഇറക്കാനും ശ്രമം നടത്തി എന്ന ദുഃഖസത്യം ബാക്കി നില്കുന്നു. തലസ്ഥാനത്തു വടിയും തോക്കുമായി ഇറങ്ങിയ ചെറിയ ജനക്കൂട്ടത്തിനു പക്ഷെ ശക്തമായ ചെറുത്തുനിൽപ് നേരിടേണ്ടി വന്നു. എന്തായാലും ഒരൊറ്റ ദിവസത്തെ പ്രതിഷേധം കൊണ്ട് അവർ പിൻവാങ്ങി.
Read Also:പിടിവാശി ഉപേക്ഷിക്കാതെ ട്രംപ്
സത്യത്തെ തെല്ലും മാനിക്കാത്ത ട്രംപ് പിന്മാറിയതോടെ ബൈഡൻ ഔപചാരികമായി തന്നെ തൻ്റെ ഭരണത്തിനുള്ള ഒരുക്കങ്ങൾക്ക് വേഗത കൂട്ടി. നിയമനങ്ങൾ പ്രഖ്യാപിച്ചതോടെ ഒന്ന് വ്യക്തമായി: ഒബാമ ഭരണകൂടത്തിൽ പയറ്റി തെളിഞ്ഞ പ്രഗത്ഭരെ ആണ് ബൈഡൻ കൊണ്ടു വരുന്നത്. ആധുനിക യു എസ് ചരിത്രത്തിൽ കറ പുരളാത്ത ഒരു ഭരണം ആയിരുന്നു ഒബാമയുടേത് എന്ന സത്യം ആരും നിഷേധിച്ചിട്ടില്ല. ജനാഭിപ്രായ വോട്ടെടുപ്പുകളിൽ ഇന്നും മികച്ച പ്രസിഡന്റായി ഒബാമ തുടരുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കീഴിൽ വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡനു മികവ് തെളിയിച്ചവരെ തെരഞ്ഞെടുക്കാൻ മടിക്കേണ്ട കാര്യമില്ല.
കാലാവസ്ഥാ മാറ്റം എന്ന ശാസ്ത്ര സത്യത്തെ ട്രംപ് നിരാകരിച്ചപ്പോൾ ബൈഡൻ അതിനു നൽകിയ മുൻഗണന നമ്മൾ കാണേണ്ടതുണ്ട്. മുൻ പ്രസിഡന്റ് സ്ഥാനാർഥി ജോൺ കെറി ആണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ട്രംപ് കുപ്പയിലെറിഞ്ഞ പാരിസ് കരാർ വീണ്ടും ഉഷാറാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. ക്ലിന്റണും ഒബാമയും ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പ്രസിഡന്റുമാർ ആശ്ലേഷിച്ച കരാർ ലോകത്തിന്റെ തന്നെ നിലനിൽപിന് സുപ്രധാനമാണ് എന്നിരിക്കെ ട്രംപ് അതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു. കരാറിൽ അമേരിക്ക വീണ്ടും ചേരുമെന്ന് ജയിച്ചയുടൻ ബൈഡൻ പറഞ്ഞിരുന്നു. ഒബാമയുടെ വിദേശകാര്യ സെക്രട്ടറി കൂടി ആയിരുന്ന കെറിയെ ആ ചുമതല ഏൽപിക്കുന്നതോടെ അദ്ദേഹം തൻ്റെ പ്രതിബദ്ധത തെളിയിച്ചു കഴിഞ്ഞു. അമേരിക്കയിൽ വർഷാവർഷം ഉണ്ടാവുന്ന കൊടുംകാറ്റുകളും കാട്ടുതീയും കാലാവസ്ഥാ മാറ്റത്തിന്റെ സൃഷ്ടിയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതെ പോലെ, ഭൂമിയുടെ ചൂട് കൂടുന്നതിന്റെ അപകടങ്ങൾ അവർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. അന്റാർക്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകി കടൽ വെള്ളത്തിന്റെ നിരപ്പുയർന്നാൽ നിരവധി നഗരങ്ങൾ മുങ്ങിപ്പോകാം എന്ന താക്കീതുമുണ്ട്. എത്ര ഗൗരവം അർഹിക്കുന്ന വിഷയമാണിത് എന്ന് ബൈഡൻ കാണുന്നു എന്നതിന്റെ തെളിവാണ് പ്രസിഡന്റാവാൻ ഡെമോക്രറ്റിക് പാർട്ടി നിയോഗിച്ച കെറിയെ ആ ദൗത്യം ഏൽപ്പിക്കുന്നത്.
Read Also:അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇതുവരെ (1789-2020)
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിന്റെ അംഗീകാരത്തിന് കെറി ഏറെ ക്ലേശിക്കേണ്ടി വരില്ല എന്ന് നിരീക്ഷകർ പറയുന്നു. കാരണം പാർട്ടി ഭേദമില്ലാതെ സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ട്. ഏറെക്കാലം സെനറ്റർ ആയിരുന്ന പശ്ചാത്തലവും. മറ്റു പ്രധാന തസ്‌തികകളിലേക്കും പരിചയ സമ്പന്നരെ തന്നെ നിയോഗിച്ചതിൽ ബൈഡന്റെ സമീപനം വ്യക്തമാണ്: സമയം പാഴാക്കാനില്ല.
സെനറ്റിന്റെ അംഗീകാരം ആവശ്യമില്ലാത്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് (വിദേശകാര്യ സെക്രട്ടറി) പദവിയിലേക്ക് ബൈഡൻ നാമനിർദേശം ചെയ്‌തത് ഒബാമ ഭരണകാലത്തു വിദേശകാര്യ വകുപ്പിൽ പല ചുമതലകളും വഹിച്ച ആന്റണി ബ്ലിങ്കൻ എന്ന ദീർഘകാല സഹയാത്രികനെയാണ്. അമേരിക്കയുടെ സുഹൃത്തുക്കളെ മൊത്തത്തിൽ അകറ്റിക്കളഞ്ഞ ട്രംപിന്റെ ഭരണശേഷം ആ ബന്ധങ്ങൾ വീണ്ടെടുക്കാൻ ബ്ലിങ്കൻ ശ്രമിക്കേണ്ടതുണ്ട്. ഒബാമയ്ക്ക് കീഴിൽ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ബ്ലിങ്കൻ തന്റെ സമീപനം വ്യക്തമാക്കുന്നത് ഈ വാക്കുകളിൽ: “ലളിതമായി പറഞ്ഞാൽ, നമുക്ക് സുഹൃത്തുക്കളും സഖ്യരാഷ്ട്രങ്ങളും ഉള്ളപ്പോഴാണ് അമേരിക്കൻ ജനതയ്ക്കു ലോകം കൂടുതൽ സുരക്ഷിതമാവുന്നത്.”
യൂറോപ്പ് അമേരിക്കയ്ക്ക് “സുപ്രധാന സഖ്യമാണ്” എന്ന കാഴ്ചപ്പാടുള്ള അദ്ദേഹം ഊന്നിപ്പറയുന്ന കാര്യം, യു എസ് അന്താരാഷ്ട്ര കരാറുകളിലും സംഘടനകളിലും സഖ്യരാഷ്ട്രങ്ങളോട് ചേർന്നു നിന്നു പ്രവർത്തിക്കണം എന്നാണ്. ഭീകരവാദം, കാലാവസ്ഥാ മാറ്റം, മഹാമാരി, വ്യാപാരം, ഇറാൻ ആണവ കരാർ ഇവയൊക്കെ അക്കൂട്ടത്തിലുണ്ട്.
പാരിസിൽ വളർന്ന, ഫ്രഞ്ച് മനോഹരമായി സംസാരിക്കുന്ന ബ്ലിങ്കനു യൂറോപ്പുമായി ആഴത്തിലുള്ള ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഹങ്കറിയിൽ യു എസ് അംബാസഡർ ആയിരുന്നു. ക്ലിന്റൺ ഭരണകാലത്തു വൈറ്റ് ഹൗസിൽ പ്രസംഗം എഴുത്തായിരുന്നു ബ്ലിങ്കന്റെ ചുമതല. അക്കാലത്തു ഹിലരി ക്ലിന്റൺറെ സഹായി ആയിരുന്ന ഇവാൻ റയാനെ അദ്ദേഹം ജീവിത സഖിയാക്കി. അതിനു ബ്ലിങ്കൻ നന്ദി പറഞ്ഞത് ബിൽ ക്ലിന്റണ് വോട്ട് ചെയ്ത നാലു കോടി അമേരിക്കക്കാരോടാണ്.
ബൈഡന്റെ ദേശരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവനും സെനറ്ററിന്റെ അംഗീകാരം ആവശ്യമില്ല. എന്നാൽ പ്രതിരോധ ചുമതല ഏൽക്കാൻ സാധ്യതയുള്ള മിഷേൽ ഫ്ളൂറിനോയ് സെനറ്റിന്റെ കടുത്ത പരിശോധന നേരിടും. ബ്ലിങ്കന് ഒപ്പം വെസ്റ്റ് എക്സിക് എന്ന സ്ഥാപനം നടത്തുന്ന അവരുടെ നിയമനം ബൈഡൻ പ്രഖ്യാപിച്ചിട്ടില്ല. ഈ വനിതയിൽ വലിയ വിശ്വാസം അർപ്പിക്കാൻ തക്ക അടുപ്പം ബൈഡനു ഇല്ല എന്ന് ഡെമോക്രാറ്റിക് വൃത്തങ്ങൾ പറയുന്നു.
Read Also:അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നുറുങ്ങുകള്‍
ലിൻഡ തോമസ് ഗ്രീൻഫീൽഡിനെ യു എന്നിൽ അംബാസഡറായി നിയമിച്ചതും പ്രശംസ നേടിയിട്ടുണ്ട്. വിദേശകാര്യത്തിൽ ഏറെ പരിചയ സമ്പത്തുള്ള ഗ്രീൻഫീൽഡിനെ നിയോഗിച്ചതിലും നഷ്ടപെട്ട അന്താരാഷ്ട്ര ബന്ധങ്ങൾ പുതുക്കാനുള്ള താൽപര്യം വ്യക്തമാണ്.
ദേശരക്ഷാ വകുപ്പ് സെക്രട്ടറിയായി ബൈഡൻ നിയമിച്ചത് ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ നിന്നുള്ള അലെജാന്ദ്രോ മയോർക്കസിനെയാണ്. ക്യൂബയിൽ ജനിച്ച അദ്ദേഹം ഈ വകുപ്പിൽ നേരത്തെ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്നു. കുടിയേറ്റ വിഷയത്തിൽ പ്രധാനപ്പെട്ട നടപടികൾ എടുത്തു ലാറ്റിനോകളുടെ ആശങ്കകൾ അകറ്റേണ്ടത് ബൈഡന്റെ ആവശ്യവുമാണ്. ക്യൂബയിൽ നിന്നും വെനസ്വേലയിൽ നിന്നും കുടിയേറിയവരോട് ബൈഡൻ കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞു ഭയപ്പെടുത്തിയാണ് ട്രംപ് ഫ്‌ളോറിഡ നേടിയത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തു എത്തുന്ന ആദ്യ വനിത ആവരിൽ ഹൈനെസും ലാറ്റിനോ വംശജയാണ്.