INSIGHTTop News

AMERICA 2020| മുഖാമുഖം, മുഖാവരണമില്ലാതെ

പി പി മാത്യു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ ആദ്യ സംവാദം ചൊവാഴ്ച്ച അരങ്ങേറുകയാണ്. ഒഹായോ സംസ്ഥാനത്തെ ക്ളീവ് ലൻഡ് ക്ലിനിക് ആൻഡ് കേസ് വെസ്‌റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ ആണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എതിരാളി ജോ ബൈഡനും മുഖാമുഖം നിന്നു സംവാദത്തിൽ ഏർപ്പെടുക. വോട്ടർമാർക്ക് ഇരുവരെയും വിലയിരുത്താൻ മികച്ച അവസരമാവുന്ന ഡിബേറ്റിൽ മഹാമാരി കൊണ്ടുവന്ന പുതിയ നിയമങ്ങൾ ആദ്യമായി നടപ്പാക്കും. സ്ഥാനാർത്ഥികൾ തമ്മിൽ ഹസ്‌തദാനം ചെയ്യില്ല. നമസ്‍തേ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ട്രംപോ ബൈഡനോ മോഡറേറ്റർ ക്രിസ് വാലസോ മുഖാവരണം ധരിക്കില്ല. കോവിഡ് പരിശോധന കഴിഞ്ഞ എൺപതോളം പേർ മാത്രമേ ഉണ്ടാവൂ ഹാളിൽ. സംവാദത്തിനു ശേഷം സ്ഥാനാർത്ഥികളെ മാധ്യമ പ്രവർത്തകർ കാണുന്ന ചടങ്ങും ഉണ്ടാവില്ല.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രധാന ചിന്താവിഷയം രണ്ടു ലക്ഷം പേരെ കൊന്ന മഹാമാരി തന്നെയെങ്കിലും, സുപ്രീം കോടതിയിലേക്ക് വലതു പക്ഷ തീവ്രവാദിയായ ആമി കോണി ബററ്റിനെ ട്രംപ് നാമനിർദേശം ചെയ്തതോടെ വിജയം ഉറപ്പാക്കി എന്ന ആവേശത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ബൈഡൻ ആവട്ടെ, ഒബാമ ഭരണ കാലത്തു കൊണ്ടു വന്ന ആരോഗ്യരക്ഷാ പദ്ധതി — ഒബാമകെയർ — തകർക്കാനാണ് അതിനെതിരെ നിലയുറപ്പിച്ച ബററ്റിനെ ട്രംപ് സുപ്രീം കോടതിയിൽ എത്തിക്കുന്നത് എന്ന വാദവുമായി പുതിയൊരു യുദ്ധമുഖം തുറന്നു കഴിഞ്ഞു. അങ്ങിനെയൊരു പദ്ധതി ഇല്ലാതെ വന്നതു കൊണ്ട് കൊറോണ ചികിത്സയ്‌ക്കു ഭീമമായ തുക സ്വന്തം പോക്കറ്റിൽ നിന്ന് എടുത്തു കൊടുക്കേണ്ടി വന്ന ജനങ്ങൾ ചെവി കൊടുക്കുന്ന ഒരു വാദമാവും അത്. പഴക്കമെത്തിയ രോഗങ്ങൾ ഉള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കാതെ വരും. മഹാമാരിയുടെ കാലത്തു ഇതൊക്കെ സുപ്രധാന വിഷയങ്ങളായി മാറുന്നു. അമേരിക്കയുടെ ആരോഗ്യ പദ്ധതി ഈ തെരഞ്ഞെടുപ്പിൽ നിർണായക വിഷയമാണ് എന്ന് ബൈഡൻ അടിവരയിട്ടു പറയുന്നത്, ഒബാമ കൊണ്ടു വന്ന അഫൊഡബിൾ കെയർ ആക്റ്റിനെ 2012 ൽ സുപ്രീം കോടതി അംഗീകരിച്ചപ്പോൾ അതിനെ എതിർത്ത ചരിത്രമാണ് ബററ്റിനുള്ളത് എന്ന സത്യം ചൂണ്ടിക്കാട്ടിയാണ്.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

“അമേരിക്കൻ ജനതയ്ക്കറിയാം സുപ്രീം കോടതി തീരുമാനങ്ങൾ അവരുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുമെന്ന്. ആരാണ് ന്യായാധിപൻ ആവേണ്ടതെന്നു തീരുമാനിക്കാൻ ഭരണഘടന ജനങ്ങൾക്ക് അധികാരം നൽകുന്നുണ്ട്,” ബൈഡൻ പറയുന്നു.
ബററ്റിനെ തെരഞ്ഞെടുപ്പിനു മുൻപു തന്നെ അംഗീകരിക്കാൻ ഉറച്ച റിപ്പബ്ലിക്കൻ പാർട്ടി ആവട്ടെ, ഒക്‌ടോബർ 12 നു സെനറ്റ് വിളിച്ചു കഴിഞ്ഞു. സംവാദത്തിൽ ഈ വിഷയം ഒട്ടേറെ തീപ്പൊരി പറത്തും എന്ന് ഉറപ്പാണ്. ട്രംപ് ആ പിടിവള്ളിയിൽ പിടിച്ചു കയറാൻ നോക്കുമ്പോൾ ബൈഡൻ അതിനു തടയിടാൻ ശക്തമായി തിരിച്ചടിക്കും.

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

പത്തു വർഷമായി, ഒബാമകെയർ ഇല്ലാതാക്കാൻ റിപ്പബ്ലിക്കൻ പാർട്ടി കിണഞ്ഞു പരിശ്രമിക്കുന്നത്. വൻകിട മരുന്നു കമ്പനികളുടെ താൽപര്യമാണത്. അധികാരത്തിൽ ഇരുന്ന നാലു വർഷക്കാലത്തു ട്രംപ് ആ നിയമത്തെ കുട്ടയിലെറിയാൻ പലകുറി ശ്രമിച്ചു. പക്ഷെ ഈ നിയമം ഭരണഘടന അനുസരിച്ചുള്ളതാണ് എന്ന് സുപ്രീം കോടതി രണ്ടു തവണ വിധിച്ചു. “മഹാമാരിയുടെ നടുവിലും ജനങ്ങളുടെ ആരോഗ്യത്തിനു പരിരക്ഷ നൽകുന്ന നിയമം ഇല്ലാതാക്കാൻ ശ്രമിക്കയാണ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും” എന്ന് ബൈഡൻ പറയുന്നു. മഹാമാരിയിൽ നിന്നു സുഖം പ്രാപിക്കുന്നവർക്കും നീണ്ടു നിൽക്കുന്ന ശ്വാസകോശ-ഹൃദയ പ്രശ്‌നങ്ങൾ ഉണ്ടാവുന്നുണ്ട്. അവരൊക്കെ എങ്ങിനെ ചികിത്സ തേടും? ബൈഡൻ ചോദിക്കുന്നു.
ബററ്റിനെ വിലയിരുത്തുന്ന സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ അംഗമാണ് ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. ഒബാമകെയർ തകർക്കാൻ തന്നെയാണ് ബററ്റിനെ ട്രംപ് ഇറക്കുന്നത് എന്ന് അവർ പറഞ്ഞു കഴിഞ്ഞു. കമ്മിറ്റിയിൽ ബററ്റ് വെള്ളം കുടിക്കും എന്നാണ് അതിന്റെ സൂചന.

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

റിപ്പബ്ലിക്കൻ പാർട്ടിക്കു സെനറ്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും അംഗീകാരം കടുത്ത നിയമ തടസങ്ങൾ കൊണ്ട് കഠിനമാക്കുക എന്നതാണ് ഡെമോക്രറ്റ് തന്ത്രം. സെനറ്റ് രണ്ടു മണിക്കൂർ സമ്മേളിച്ചു കഴിഞ്ഞാൽ എല്ലാ കമ്മിറ്റി മീറ്റിംഗുകളും നിർത്തി വയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം അവർ പുറത്തെടുത്തിട്ടുണ്ട്. അന്യായമായ നീക്കങ്ങൾക്കു തടയിടാൻ അന്യായമായ രീതികൾ തന്നെ വേണം എന്നാണ് ഡെമോക്രറ്റ് നേതാക്കൾ വാദിക്കുന്നത്. അധികാര ദുർവിനിയോഗമാണ് ട്രംപ് നടത്തുന്നത് എന്നവർ ചൂണ്ടിക്കാട്ടുന്നു. അധികാരം ഉണ്ടെങ്കിലും ധാർമികത എന്തേ മറക്കുന്നു എന്നാണ് ചോദ്യം. അക്കാര്യം ഊന്നിപ്പറയുമ്പോൾ ജനങ്ങൾ കൂടെ നിൽക്കും എന്ന് പാർട്ടി വിശ്വസിക്കുന്നു.
ഞായറാഴ്ച്ച പുറത്തു വന്ന ന്യു യോർക്ക് ടൈംസ്/സിയന്നാ കോളജ് സർവേയിൽ, പുതിയ പ്രസിഡന്റാണ് പുതിയ ജസ്റ്റിസിനെ നിയമിക്കേണ്ടത് എന്ന് ഭൂരിപക്ഷം ജനങ്ങളും വിധിയെഴുതി: 56%. ട്രംപ് തന്നെ നിയമിക്കട്ടെ എന്ന് പറഞ്ഞവർ വെറും 41%. തെരഞ്ഞെടുപ്പു കഴിഞ്ഞു മതി നിയമനം എന്നു പറഞ്ഞതിൽ 62% വനിതകളുണ്ട്, 60% നിഷ്‌പക്ഷ വാദികളുണ്ട്.

Read More: പ്രധാനായുധം ക്രമസമാധാനം

അന്തരിച്ച സുപ്രീം കോടതി ജസ്റ്റിസ് രൂത്ത് ബദർ ഗിൻസ്ബർഗിന് പകരമായി ബററ്റിനെ പ്രസിഡന്റ് നാമനിർദേശം ചെയ്തത് ശനിയാഴ്ചയാണ്. കടുത്ത പിന്തിരിപ്പൻ എന്നാണ് അവരെ ഡെമോക്രറ്റുകൾ വിളിക്കുന്നത്. ഗർഭച്ഛിദ്രത്തെ എതിർക്കുന്ന ഈ കത്തോലിക്കാ വിശ്വാസി ഏഴു മക്കളുടെ അമ്മയാണ്. പുരോഗമന വാദിയായിരുന്ന ഗിൻസ്ബർഗിനു പകരം ബററ്റ് വരുന്നതോടെ സുപ്രീം കോടതിയിൽ വലതുപക്ഷ അനുഭാവികളായ ജസ്റ്റിസുമാരുടെ എണ്ണം ഏഴിൽ എത്തും. മറുഭാഗത്തു രണ്ടു പേരും. ബററ്റിന് 48 വയസേയുള്ളൂ. റിപ്പബ്ലിക്കൻ പാർട്ടിക്ക് നീണ്ട വർഷങ്ങൾ അവരുടെ അജണ്ട നടപ്പാക്കാം അവിടെ. കാരണം സുപ്രീം കോടതി ജസ്റിസുമാർ മരണം വരെ ആണ് സേവനം അനുഷ്ഠിക്കുക.

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

അഭിപ്രായ സർവേകളിൽ ഒരു കച്ചിത്തുരുമ്പു പോലും കാണാത്ത അവസ്ഥയിലാണ് ട്രംപ്. ഞായറാഴ്ച പുറത്തു വന്ന സർവേകളിലും ബൈഡനു ഗണ്യമായ മുൻതൂക്കമുണ്ട്. ദേശീയ തലത്തിൽ ഞായറാഴ്ച സർവേകൾ കാണുന്നത് ബൈഡനു 10 പോയിന്റ് ലീഡുണ്ട് എന്നാണ്. കൊറോണ, ആരോഗ്യ പദ്ധതി, വംശീയ നീതി എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ബൈഡനു കൂടുതൽ മതിപ്പുണ്ടെന്നു എ ബി സി ന്യുസ്/ വാഷിംഗ്‌ടൺ പോസ്റ്റ് സർവ്വേ പറയുന്നു. നാലു വർഷത്തെ ഭരണത്തിനിടയിൽ ഒരിക്കൽ പോലും ഒരു സർവേയിൽ ലീഡ് കിട്ടാത്ത ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായി ട്രംപ്. അദ്ദേഹത്തിന്റെ പിന്തുണ 44 ശതമാനവും എതിർപ്പ് 58 ശതമാനവുമാണ്. വംശീയ വിഷയങ്ങളിൽ നീതി നടപ്പാക്കുന്ന പ്രസിഡന്റാകും ബൈഡൻ എന്നു പറയുന്നവർ അദ്ദേഹത്തിന് 20% മുൻ‌തൂക്കം നൽകുന്നുണ്ട്.

Read More: അത്ഭുതങ്ങള്‍ ഉണ്ടാകും നവംബര്‍ മൂന്നിന്

ട്രംപ് കഴിഞ്ഞ തവണ കൊടി നാട്ടിയ പല മേഖലകളിലും ബൈഡൻ പിടി മുറുക്കി എന്നാണ് കാണുന്നത്. ഉദാഹരണത്തിന്, കോളജ് വിദ്യാഭ്യാസം ലഭിക്കാത്ത വെള്ളക്കാരുടെ ഇടയിൽ വലിയൊരു വിഭാഗം ബൈഡനിലേക്കു മാറിയിരിക്കുന്നു. മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമാണ് ഈ വിഭാഗം വോട്ടർമാർ. ഈ മൂന്നു സംസ്ഥാനങ്ങളും അന്തിമ ഫലം നിർണയിക്കുന്നതിൽ അതി പ്രധാനവുമാണ്. ബൈഡനു അവിടെയെല്ലാം ശരാശരി ഏഴു പോയിന്റ് വരെ ലീഡുണ്ട്. ഹിലരി ക്ലിന്റൺ 2016 ൽ ട്രംപിന്റെ പിന്നിലായി പോയ അയോവയിലും ഒഹായോവിലും ബൈഡൻ ഇപ്പോൾ മുന്നിട്ടു നിൽക്കുന്നു. ഈ സംസ്ഥാനങ്ങളിലുമുണ്ട് വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാർ വേണ്ടത്ര. ഇക്കൂട്ടർ കുറവായ ഫ്‌ളോറിഡയിലും നോർത്ത് കരോലിനയിലും ബൈഡൻ വെല്ലുവിളി നേരിടുന്നു.

Tags
Show More

Related Articles

Back to top button
Close