
പി പി മാത്യു
നവംബർ മൂന്ന് കൈയെത്തും ദൂരത്തു എത്തി നിൽക്കെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായ വോട്ടെടുപ്പുകളിൽ ഏറെ പിന്നിൽ നിൽക്കയാണ്. ഡെമോക്രാറ്റ് ജോ ബൈഡൻ വമ്പിച്ച ലീഡ് നിലനിർത്തുന്നു. അപ്പോൾ ബൈഡന്റെ വിജയം ഉറപ്പായി എന്നാണ് പ്രഥമദൃഷ്ട്യാ തോന്നുക. പക്ഷെ മറിച്ചു സംഭവിച്ചാൽ അത്ഭുതമില്ല എന്ന് ഡെമോക്രാറ്റുകൾ തന്നെ പറയുന്നു. ആ ആശങ്കയ്ക്കു കാരണം 2016 ൽ ട്രംപ് നേടിയ ഞെട്ടിക്കുന്ന വിജയമാണ്. ഡെമോക്രാറ്റ് ഹിലരി ക്ലിന്റൺ അഭിപ്രായ വോട്ടെടുപ്പുകളിൽ മുന്നിട്ടു നിൽക്കയും ജനകീയ വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തെങ്കിലും ഇലക്ടറൽ കോളജിലെ ഭൂരിപക്ഷം ട്രംപിനായിരുന്നു. ആ വിജയത്തിന്റെ പിന്നിലെ രഹസ്യങ്ങൾ ഇനിയും കുഴിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഡെമോക്രാറ്റുകൾ തന്നെ പറയുന്നത്. എന്തായാലും ട്രംപ് അത്ഭുതം ആവർത്തിക്കുമോ എന്നതാണ് പ്രധാന ആശങ്ക.
അതിനു ആക്കം കൂട്ടുന്ന പുതിയൊരു സർവേ പുറത്തു വന്നിട്ടുണ്ട്. അതിൽ പറയുന്നത് കറുത്ത വർഗക്കാരുടെ ഇടയിൽ ബൈഡനു 72% ലീഡ് മാത്രമേയുള്ളൂ എന്നാണ്. ഹിലരിക്ക് 82% ഉണ്ടായിരുന്നു; എങ്കിലും അവർ തോറ്റു.
Read More: തെരഞ്ഞെടുപ്പ് അടുത്തപ്പോള് പാളയത്തില് പട
ഇക്കാര്യത്തിൽ ഡെമോക്രാറ്റുകൾക്കു ഭയം ഉള്ളതു കൊണ്ട് അവർ ബരാക്ക് ഒബാമയെ രംഗത്തിറക്കുന്നു. ഈയാഴ്ച്ച മുൻ പ്രസിഡന്റ് തന്റെ മുൻ വൈസ് പ്രസിഡന്റിനു വേണ്ടി രംഗത്തിറങ്ങും. ചൊവ്വാഴ്ച്ച യുവ തലമുറയെ ലക്ഷ്യമിട്ടു പുറത്തു വിട്ട വീഡിയോയിൽ പുതിയൊരു അമേരിക്ക സൃഷ്ടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. “നിങ്ങളുടെ തലമുറയ്ക്ക് പുതിയൊരു അമേരിക്ക നിർമിക്കാൻ കഴിയും. കൂടുതൽ നീതിയുള്ള, വ്യവസ്ഥിതി എല്ലാവരെയും തുല്യരായി കാണുന്ന, എല്ലാവർക്കും ഒന്നു പോലെ അവസരങ്ങൾ ലഭിക്കുന്ന അമേരിക്ക.” വാക്കുകൾക്കിടയിൽ മനോഹരമായി അദ്ദേഹം പറയുന്നത് ഇതൊക്കെ ഇപ്പോൾ ഇല്ലാതായി എന്ന് തന്നെ.
വിദ്യാഭ്യാസം കുറവായ വെള്ളക്കാരാണ് ബൈഡനു വേണ്ടത്ര പിടിമുറുക്കാൻ കഴിയാത്ത മറ്റൊരു വിഭാഗം. കഴിഞ്ഞ തവണ ട്രംപിന്റെ വിജയത്തിൽ നിർണായക പങ്ക് അവർക്കുണ്ടായിരുന്നു. എന്നാൽ ലാറ്റിനമേരിക്കൻ സമൂഹത്തിൽ ബൈഡൻ ഗണ്യമായ ലീഡ് കൈവരിച്ചു എന്നതാണ് അദ്ദേഹത്തിന് ഉറപ്പിക്കാവുന്ന ഒരു കാര്യം. ഹിലരിക്ക് 38% ലീഡ് ഉണ്ടായിരുന്ന ഈ സമൂഹത്തിൽ ബൈഡൻ 57% കൈവരിച്ചിട്ടുണ്ട് എന്ന് സർവേകൾ കാണിക്കുന്നു.
Read More: ട്രംപിനെ പിന്തള്ളി കുതിക്കുന്ന കോവിഡ്
എന്നാൽ ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ ആശങ്ക തെരഞ്ഞെടുപ്പ് കഴിഞ്ഞു സംഭവിക്കാവുന്ന പ്രശ്നങ്ങളിലാണ്. നവംബർ മൂന്നിനു വോട്ട് ചെയ്യുന്നവരിൽ ഭൂരിപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിക്കാർ ആയിരിക്കും എന്നാണ് പ്രതീക്ഷ. കാരണം, നേരത്തെ വോട്ടിംഗ് നടന്ന സംസ്ഥാനങ്ങളിലും തപാൽ വോട്ടിങ്ങിലും കൂടുതലും ഡെമോക്രാറ്റുകൾ ആയിരുന്നു പങ്കെടുത്തത്. തപാൽ വോട്ടുകൾ എണ്ണാൻ വൈകും. അങ്ങിനെ വന്നാൽ നവംബർ മൂന്നിനു പോൾ ചെയ്യപ്പെട്ട വോട്ടുകൾ എണ്ണുമ്പോൾ ട്രംപിനു ലീഡ് നേടാൻ കഴിഞ്ഞേക്കും. അപ്പോൾ അന്നു രാത്രി അദ്ദേഹം വിജയം അവകാശപ്പെടാം. തപാൽ വോട്ടുകൾ തട്ടിപ്പാണെന്നു ആവർത്തിച്ചു പറയുന്ന പ്രസിഡൻറ് അവ എണ്ണിത്തീരും വരെ കാത്തിരിക്കാൻ തയ്യാറല്ല എന്ന നിലപാടെടുക്കാം. അങ്ങിനെ എങ്കിൽ പ്രശ്നം കോടതി കയറാൻ സാധ്യതയുണ്ട്.
Read More: ട്രംപ് തകര്ക്കുമ്പോള് പാര്ട്ടി വിറയ്ക്കുന്നു
റിപ്പബ്ലിക്കൻ ചായ്വുള്ള സുപ്രീം കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ ഡെമോക്രാറ്റുകൾക്കില്ല. ആൽ ഗോറിന്റെ 2000 ലെ അനുഭവം തന്നെ അതിനു പ്രധാന കാരണം. കോടതിയിൽ ജയിച്ചാണല്ലോ ജോർജ് ബുഷ് അന്ന് പ്രസിഡന്റായത്.
തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടും എന്നു വരെ പറഞ്ഞു കഴിഞ്ഞ ട്രംപ് തോൽവി സമ്മതിക്കില്ല എന്ന ചിന്ത ഏറെ പ്രസക്തമാണ്. എത്ര തരം താഴാനും മടിക്കാത്ത പ്രസിഡന്റ് ശാന്തനായി വിടവാങ്ങും എന്ന് ഡെമോക്രാറ്റുകൾ കരുതുന്നില്ല. മൂന്നു സാധ്യതകളാണ് അവർ കാണുന്നത്. ഒന്ന്, ട്രംപിന് ഇലക്ടറൽ കോളജിൽ നേരിയ ഭൂരിപക്ഷം ലഭിക്കാം. രണ്ട്, ബൈഡനു തകർപ്പൻ വിജയം ഉണ്ടാവാം; പക്ഷെ അപ്പോൾ ട്രംപ് വാദിക്കും അതിൽ തട്ടിപ്പു നടന്നിട്ടുണ്ടെന്ന്. മൂന്നാമത്, ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കയും വോട്ടെണ്ണൽ നീണ്ടു പോവുകയും ചെയ്യാം. ബൈഡന്റെ തകർപ്പൻ ജയം മാത്രമാണ് ഡെമോക്രാറ്റുകൾക്കു പ്രതീക്ഷ നൽകുന്നത്. കോടതി കയറാവുന്ന സ്ഥിതിവിശേഷം അവർക്കു അഭികാമ്യമല്ല.
ട്രംപ് അങ്ങിനെ തോറ്റു കൊടുക്കില്ലെന്ന സാധ്യതയെപ്പറ്റി റിപ്പബ്ലിക്കൻ നേതാക്കൾക്കും ആശങ്കയുണ്ട്. പാർട്ടിക്കു പുറത്തു നിന്നു മൽസരിച്ചു കയറി വന്ന അദ്ദേഹം അന്യായമായ നിലപാടുകൾ എടുത്താൽ അതു പാർട്ടിയുടെ ഭാവിക്കു ദോഷം ചെയ്യും എന്നാണ് അവരുടെ ഭയം. യു എസ് കോൺഗ്രസിന്റെ ഇരു സഭകളും ഡെമോക്രാറ്റ്സ് പിടിച്ചെടുക്കാൻ സാധ്യത ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം ട്രംപിന്റെ ഭരണ പരാജയമാണെന്ന് അവരിൽ പലരും തുറന്നു പറയുന്നത് അദ്ദേഹത്തിൽ നിന്ന് അകന്നു നിന്ന് സ്വന്തം തടി രക്ഷിക്കാനാണ്.
Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം
ഭരണഘടനയെ പുല്ലാക്കിയുള്ള കളികൾക്കൊന്നും ഇരു പാർട്ടികളും നിൽക്കില്ല. ട്രംപ് അതിനു തുനിഞ്ഞാൽ റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ അദ്ദേഹത്തെ തള്ളിപ്പറയും എന്ന സാധ്യത നിലവിലുണ്ട്. കാരണം അമേരിക്കൻ ജനാധിപത്യത്തിന് അതിന്റെ നേതാക്കൾ കൽപിച്ച മാന്യത ഒരു വ്യക്തിയുടെ സ്വാർത്ഥ താൽപര്യത്തിനു വിട്ടു കൊടുക്കുക എന്നത് ആ രാജ്യം അംഗകരിക്കാത്ത കാര്യമാണ്. വെള്ളക്കാരായ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ജനവിഭാഗങ്ങളിലാണ് ട്രംപിന്റെ പ്രതീക്ഷ മുഴുവൻ. അവരെ കൂടെ നിർത്താനാണ് ഊർജിതമായ പ്രചാരണത്തിൽ അദ്ദേഹം ശ്രദ്ധ വയ്ക്കുന്നതും. അവർക്കു ആവേശം നൽകുന്ന വിധം തരം താണ ആക്രോശങ്ങളും ആരോപണങ്ങളുമായി പാഞ്ഞു നടപ്പാണ് അദ്ദേഹം. ബൈഡൻ ആവട്ടെ, കൊറോണ മൂലമുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്.
തെരഞ്ഞെടുപ്പിൽ കോവിഡ് മുഖ്യ വിഷയമായി തന്നെ തുടരുന്നു എന്നതാണ് ട്രംപിനുള്ള പ്രശ്നം. കൊറോണ ഇപ്പോൾ അപ്രത്യക്ഷമാവും എന്ന് അദ്ദേഹം പറയുമ്പോൾ ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ കുതിച്ചു കയറ്റമാണ് കാണുന്നത്.
ട്രംപ് മഹാമാരി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമർശിച്ച റിപ്പബ്ലിക്കൻ നേതാക്കളിൽ പ്രമുഖരുമുണ്ട്. ഒക്ടോബർ 22 നു നടക്കുന്ന അവസാന സംവാദത്തിലെങ്കിലും പക്വതയോടെ ഈ വിഷയത്തെ ട്രംപ് നേരിടും എന്ന് അവർ പ്രത്യാശിക്കുന്നു. എന്നാൽ എതിരാളികളെ തേജോവധം ചെയ്യുന്ന ശൈലിയിൽ ഉറച്ചു നിൽക്കാനാണ് അദ്ദേഹത്തിനു താൽപര്യം എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റാലികളിൽ കണ്ടത്. വിജയം ഉറപ്പാക്കാൻ ഒരു വഴിയും കാണാത്തതിനാൽ വ്യക്തിപരമായ ആക്രമണമാണ് അഭികാമ്യം എന്ന് അദ്ദേഹം കരുതുന്നു.
Read More: മുഖാമുഖം, മുഖാവരണമില്ലാതെ
അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി സ്പെഷ്യലിസ്റ് ഡോക്ടർ ആന്തണി ഫൗസി വരെ ട്രംപിന്റെ ആക്രമണത്തിന് ഇരയായി. ശൈത്യകാലത്തു കോവിഡ് കൂടാനുള്ള സാധ്യത ഉണ്ടെന്നു പറഞ്ഞതിന് ഫൗസിയെ അദ്ദേഹം ‘മന്ദബുദ്ധി’എന്നും ‘മഹാദുരന്തം’ എന്നും വിളിച്ചു. ‘അയാൾ ഡെമോക്രാറ്റ് ആണ്’ എന്നു പറയാനും മടിച്ചില്ല. കോവിഡിൽ തോറ്റതിന് ഫൗസിയോട് എന്നതായി സമീപനം. സംവാദങ്ങൾ നടത്തുന്ന കമ്മീഷനും സുപ്രീം കോടതിയുമൊക്കെ ആക്രമണത്തിന് ഇരയായി. അടുത്ത സംവാദത്തിൽ ബൈഡൻ സംസാരിക്കുമ്പോൾ ട്രംപ് തടസപ്പെടുത്താതിരിക്കാൻ അദ്ദേഹത്തിന്റെ മൈക്ക് ഓഫാക്കി വയ്ക്കാൻ ഡിബേറ്റ് കമ്മീഷൻ തീരുമാനിച്ചതാണ് അവർക്കെതിരെ പ്രസിഡന്റ് ആഞ്ഞടിക്കാൻ കാരണം. അവർക്കു ഭ്രാന്താണ് എന്ന് പറയാൻ ട്രംപ് മടിച്ചില്ല.
Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ
’60 മിനിട്സ് ‘ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരക ലെസ്ലി സ്റ്റാളിനെ അദ്ദേഹം അധിക്ഷേപിച്ചു. അഭിമുഖം അവസാനിപ്പിച്ച് 45 മിനിറ്റായപ്പോൾ ട്രംപ് ഇറങ്ങിപ്പോയി. പിന്നീട് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനൊപ്പം ആ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് അതിനു എത്തിയില്ല. സ്റ്റാൾ മുഖാവരണം ധരിച്ചില്ല എന്ന് അദ്ദേഹം പരാതിപ്പെട്ടു. ട്രംപ് ധരിക്കാറില്ല എന്ന കാര്യമോ രഹസ്യമൊന്നുമല്ല താനും. ബൈഡനെതിരെ അഴിമതി അന്വേഷണം ആരംഭിക്കാൻ അറ്റോണി ജനറൽ വില്യം ബ്രാറിനോട് പ്രസിഡൻറ് പരസ്യമായി ആവശ്യപ്പെട്ടു. “അറ്റോണി ജനറൽ നടപടി എടുത്തേ പറ്റൂ. ഇതൊരു വലിയ അഴിമതി ആണ്,” എന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്റെ മകനെ യുക്രൈനുമായി ബന്ധപ്പെടുത്തി ട്രംപ് കൊണ്ട് വന്ന ഈ അഴിമതിക്കഥ പണ്ടേ പൊളിഞ്ഞതാണ്. അതാണ് ബ്രാർ അനങ്ങാതെ ഇരിക്കുന്നതും.
Read More: വോട്ടിംഗ് തുടങ്ങി, മേളം മുറുകി
സംവാദത്തിൽ ട്രംപ് വീണ്ടും ഈ വിഷയം ഉന്നയിച്ചാൽ അദ്ദേഹത്തിന്റെ മക്കൾ നടത്തിയ അഴിമതിയുടെ കഥകൾ വിളിച്ചു പറയാൻ ബൈഡൻ തയാറെടുത്തു കഴിഞ്ഞു എന്നാണ് ഡെമോക്രാറ്റുകൾ പറയുന്നത്. വൈറ്റ് ഹൗസിൽ അവർക്കൊക്കെ ജോലി കൊടുത്തതു തന്നെ അഴിമതിയാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ പുത്രി ഇവാങ്ക ചൈനയിൽ നിന്ന് മൂന്നു ട്രേഡ് മാർക്കുകൾ നിസാര സമയത്തിനുള്ളിൽ നേടിയത് എങ്ങിനെ എന്ന് അവർ ചോദിക്കുന്നു. ഇതൊക്കെ വിളിച്ചു പറയാൻ മടിക്കേണ്ട എന്നാണ് പാർട്ടി ബൈഡനു നൽകിയിട്ടുള്ള നിർദേശം. എന്നാൽ മഹാമാരിയെ കുറിച്ച് സംസാരിച്ചാൽ തന്നെ ട്രംപ് കൊമ്പുകുത്തുമെന്നും വ്യക്തിപരമായ ആക്രമണം ഒഴിവാക്കാം എന്നും ചിന്തിക്കുന്നവരുമുണ്ട്.
Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി
ആക്രമണങ്ങൾ തെരഞ്ഞെടുപ്പു വിജയത്തിനു സഹായിക്കും എന്നു ട്രംപ് കരുതുന്നു. എന്നാൽ രണ്ടര ലക്ഷത്തോളം പേരുടെ ജീവൻ അപഹരിച്ച മഹാമാരിയെ കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. അതു മൂലം ഉണ്ടായ ഭീമമായ തൊഴിൽ നഷ്ടത്തെ കുറിച്ചും മൗനം മാത്രം.
അതിനിടെ, ബൈഡൻ ചൈനയുടെ സുഹൃത്താണെന്ന് ആരോപിക്കുന്ന ട്രംപിനു തിരിച്ചടിയായി ബുധനാഴ്ച്ച ‘ന്യു യോർക്ക് ടൈംസ്’ പുറത്തു വിട്ട റിപ്പോർട്ട്. ചൈനയിൽ കമ്പനികൾ ഉള്ള ട്രംപിന് അവിടെ ബാങ്ക് അക്കൗണ്ടും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽസ് മാനേജ്മെന്റ് എന്ന പേരിലാണ് അക്കൗണ്ട്. 2013 നും 2015 നും ഇടയിൽ 188,561 ഡോളർ അവിടെ നികുതി അടച്ചിട്ടുമുണ്ട്. അമേരിക്കയിൽ 2017 ൽ 750 ഡോളറാണ് അദ്ദേഹം നികുതിയായി നൽകിയത്. വർഷങ്ങളോളം ഒരു നികുതിയും നൽകിയിട്ടുമില്ല.
Read More: അത്ഭുതങ്ങള് ഉണ്ടാകും നവംബര് മൂന്നിന്
ബൈഡന്റെ കുടുംബത്തിനു നേരെയുള്ള കടന്നാക്രമണത്തിൽ റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ രോഷാകുലരാണ്. “വ്യക്തിപരമായ ആക്രമണത്തിൽ നിന്ന് മാറി നിൽക്കുക, മാധ്യമങ്ങളെ ചീത്ത വിളിക്കാതിരിക്കുക, അച്ചടക്കം കാട്ടുക — അങ്ങിനെയൊക്കെ ആണ് ജനങ്ങളുടെ മതിപ്പു നേടേണ്ടത്,” എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റിലെ വിപ് ജോൺ ത്യുൺ പറഞ്ഞത്. ട്രംപിന്റെ സമീപനം തെറ്റാണെന്നു ടെക്സസിലെ പ്രമുഖ സെനറ്റർ ജോൺ കോർണിൻ തുറന്നടിച്ചു. ‘ഓരോ ദിവസവും കഴിയും തോറും കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാവുകയാണ്.’ ഒബാമയോട് 2012 ൽ മത്സരിച്ചു തോറ്റ യൂട്ടാ സെനറ്റർ മിനിറ്റ റോംനി പറഞ്ഞത് റിപ്പബ്ലിക്കൻ പാർട്ടി യുവാക്കളിൽ നിന്ന് ഏറെ അകന്നു എന്നാണ്. മുതിർന്നവരും ന്യൂനപക്ഷങ്ങളും അകന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിനെ പിന്തുണയ്ക്കില്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ബൈഡനു 53% ആണ് ഏറ്റവും പുതിയ സി എൻ എൻ പോളിങ് നൽകുന്നത്. ട്രംപിന് 42%. നിരവധി സർവേകളുടെ ശരാശരി നൽകുന്ന റിയൽ ക്ലിയർ പൊളിറ്റിക്സ് ശേഖരിച്ച കണക്കുകൾ അനുസരിച്ചു മിഷിഗൺ, പെൻസിൽവേനിയ, അരിസോണ, ഫ്ളോറിഡ സംസ്ഥാനങ്ങൾ ബൈഡനു കൈയിൽ ഒതുങ്ങിക്കഴിഞ്ഞു. ഈ നാലിടത്തും ട്രംപ് 2016 ൽ ജയിച്ചതാണ്.