Top NewsWORLD

AMERICA 2020 | എണ്ണയില്‍ വഴുതി വീഴാതെ ബൈഡന്‍

പി പി മാത്യു

വ്യാഴാഴ്ച്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ അവസാനത്തെ സംവാദത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു കച്ചിത്തുരുമ്പു കിട്ടി. അതില്‍ പിടിച്ചു കയറി എതിരാളി ഡെമോക്രാറ്റ് ജോ ബൈഡനു എതിരെ ആഞ്ഞടിക്കയാണ് ട്രംപ്. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഏറെ പിന്നില്‍ നില്‍ക്കേ, പിടിച്ചു കയറാനുള്ള ഒരു ശ്രമം. ഇന്ധനഎണ്ണ കമ്പനികള്‍ക്കു നല്‍കി വരുന്ന സബ്സിഡി നിര്‍ത്തും എന്ന ബൈഡന്റെ പ്രസ്താവം ആയുധമാക്കി എണ്ണ കച്ചവടം കൂടുതലായി നടക്കുന്ന ടെക്‌സസ്, കെന്റക്കി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡനെതിരെ രോഷം ഉണര്‍ത്താന്‍ ശ്രമിക്കയാണ് ട്രംപ്. ബൈഡന്‍ സോഷ്യലിസ്റ്റ് ആണെന്ന ആരോപണം അദ്ദേഹം ഉയര്‍ത്തുന്നു. ഈ സംസ്ഥാനങ്ങളില്‍ ഈ വിഷയം വമ്പിച്ച പ്രാധാന്യം ഉള്ളതാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ മെനയുന്ന ജോഷ് ഹോംസ് പറയുന്നു. എന്നാല്‍ ബൈഡന്‍ അങ്ങിനെ പിടികൊടുത്തിട്ടില്ല. എന്തു കൊണ്ട് മലിനീകരണം ഉണ്ടാക്കുന്ന ജൈവ ഇന്ധനത്തില്‍ നിന്ന് മാറി ചിന്തിക്കണം എന്നതിനുള്ള ന്യായം ഒരു മടിയും കൂടാതെ ഞായറാഴ്ച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ‘കാലാവസ്ഥാ വ്യതിയാനം മാനവരാശി നേരിടുന്ന ഒന്നാം പ്രശ്‌നമാണ്,’ അദ്ദേഹം പറഞ്ഞു. 2035 ആകുമ്പോള്‍ കാര്‍ബണ്‍ മലിനീകരണം പൂജ്യമാവുന്ന ഒരു പദ്ധതി ബൈഡന്‍ വിഭാവനം ചെയ്യുന്നുണ്ട്. പുക കൊണ്ടുള്ള മലിനീകരണം 2050 ആകുമ്പോള്‍ അവസാനിക്കണം എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളെ തടഞ്ഞു നിര്‍ത്തുന്ന പദ്ധതി’ എന്ന് ശാസ്ത്രജ്ഞര്‍ അതിനെ വിശേഷിപ്പിക്കുന്നു. ദശലക്ഷക്കണക്കിനു തൊഴില്‍ അവസരങ്ങളും അതു സൃഷ്ടിക്കും.

Read More: അട്ടിമറിയുടെ ആശങ്ക പുകയുന്നു

ട്രംപ് ആവട്ടെ, കാലാവസ്ഥാ മാറ്റം എന്ന ശാസ്ത്ര സത്യത്തെ തന്നെ തള്ളിക്കളയുന്നു. ഒബാമയുടെ ഭരണ കാലത്തു പാരിസില്‍ ഒപ്പു വച്ച കാലാവസ്ഥാ കരാര്‍ ട്രംപ് പ്രസിഡന്റായപ്പോള്‍ കുപ്പയില്‍ എറിഞ്ഞതാണ്. അതി തീവ്ര ചുഴലിക്കാറ്റുകളും കാട്ടു തീയും നിരന്തരം അമേരിക്കയെ വേട്ടയാടുന്നത് കാലാവസ്ഥാ മാറ്റം കൊണ്ടാണെന്നു ശാസ്ത്രം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഈ സെപ്റ്റംബര്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ മാസം ആയിരുന്നു എന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം തന്നെ അതിനു കാരണം എന്നും. നൂറ്റാണ്ടിന്റെ പകുതിയോടെ ആര്‍ക്ടിക്കിലെ മഞ്ഞു പാളികള്‍ ഏതാണ്ട് പൂര്‍ണമായി ഉരുകിപ്പോകും എന്നാണ് ആശങ്ക. അങ്ങിനെ വന്നാല്‍ ലോകമൊട്ടാകെ നിരവധി നഗരങ്ങളെ കടല്‍ വിഴുങ്ങും. ഇത്തരം ഭീഷണികളെ ഗൗരവമായി തന്നെ കാണുന്നു ബൈഡന്‍. ട്രംപ് പക്ഷെ അതൊക്കെ പുച്ഛിച്ചു തള്ളുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയില്‍ ട്രംപിനെതിരെ രോഷം കത്തുമ്പോഴാണ് എണ്ണക്കഥ മുതലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്. മഹാമാരി കടന്നു പോവുകയാണ് എന്ന് അദ്ദേഹം പറയുമ്പോള്‍ പ്രതിദിന വര്‍ധന 80,000 കേസുകള്‍ക്കു മേലെയായി എന്നതാണ് വസ്തുത. സംവാദത്തില്‍, അക്കാര്യത്തില്‍ ഊന്നി നിന്നു ബൈഡന്‍ സംസാരിച്ചപ്പോള്‍ ഉത്തരം മുട്ടിപ്പോയ ട്രംപ് എണ്ണ വിഷയത്തിലാണ് പിടിമുറുക്കിയത്.

Read More: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാളയത്തില്‍ പട

പക്ഷെ മഹാമാരിയെ നേരിടാനുള്ള വ്യക്തമായ ഒരു പദ്ധതിയും ബൈഡന്‍ അനാവരണം ചെയ്തു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ കുറിച്ച് പ്രതീക്ഷ ഉണ്ടാവുന്ന മറ്റൊരു വസ്തുത. രോഗം കണ്ടെത്താനുള്ള പരിശോധനകള്‍ ഏഴിരട്ടിയാക്കും എന്ന് അദ്ദേഹം പറയുന്നു. ദിവസേന 70 ലക്ഷം ടെസ്റ്റ് എന്നതാണ് ലക്ഷ്യം. മാസ്‌ക്ക് ദേശീയ തലത്തില്‍ നിര്‍ബന്ധമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റും പി പി ഇ കിറ്റുകള്‍ നല്‍കും. ഔഷധങ്ങള്‍ക്കും വാക്സിനും മുന്‍ഗണന നല്‍കുന്നു. ‘ഞാന്‍ ജയിച്ചാല്‍ അധികാരമേല്‍ക്കും മുന്‍പു തന്നെ ഓരോ സംസ്ഥാന ഗവര്‍ണറോടും ആ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചു മനസിലാക്കും. അധികാരമേല്‍ക്കുമ്പോഴേക്കു സമഗ്രമായ സഹായ പദ്ധതി സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടും.’

Read More: ട്രംപിനെ പിന്തള്ളി കുതിക്കുന്ന കോവിഡ്

ഉത്തരവാദിത്തമുള്ള, വിശ്വസനീയമായ ഭരണം ഉണ്ടാവും എന്ന പ്രതീക്ഷയാണ് ബൈഡന്‍ ഉണര്‍ത്തുന്നതെന്നു മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഏറ്റവും ആദരണീയനായ പകര്‍ച്ചവ്യാധി ചികിത്സാ സ്പെഷ്യലിസ്‌റ് ഡോക്ടര്‍ ആന്തണി ഫൗസി ഞായറാഴ്ച പറഞ്ഞത് രാജ്യവ്യാപകമായി മാസ്‌ക്ക് നിര്‍ബന്ധമാക്കണം എന്നാണ്. ഒഹായോയും ഇലനോയിയും ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് കത്തിപ്പടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം അത് പറഞ്ഞത്.
മാസ്‌ക്കില്ലാത്ത ഇടമായി ട്രംപ് പ്രഖ്യാപിച്ച വൈറ്റ് ഹൗസിലും കോവിഡ് പടരുകയാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഏതാനും പേര്‍ക്കു കോവിഡ് ബാധിച്ചതായി ശനിയാഴ്ച അറിയിപ്പുണ്ടായി. ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് ഷോര്‍ട് അക്കൂട്ടത്തിലുണ്ട്. ബൈഡന്റെ കുടുംബത്തിനെതിരെ സംവാദത്തില്‍ നടത്തിയ ആരോപണങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് ഇപ്പോള്‍ ട്രംപിന്റെ പ്രചാരണം. അഭിപ്രായ സര്‍വേകളില്‍ ബൈഡന്‍ ആണ് കൂടുതല്‍ വിശ്വസ്തന്‍ എന്ന് ഭൂരിപക്ഷം പറയുമ്പോള്‍ അദ്ദേഹത്തെ കരിതേക്കുക എന്ന തന്ത്രമാണ് ട്രംപ് തുടരുന്നത്. ബൈഡന്റെ പുത്രന്‍ ഹണ്ടര്‍ ബൈഡന്‍ യുക്രൈനില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നതാണ് പല ആവര്‍ത്തി പറഞ്ഞിട്ടും തെളിയാത്ത ആരോപണം. ട്രംപിന്റെ സുഹൃത്തായ സെനറ്റര്‍ റോണ്‍ ജോണ്‍സന്‍ ഈ വിഷയത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു തെളിവും കിട്ടിയിരുന്നില്ല. തിരിച്ചടിക്കുന്ന തന്ത്രമാണിത് എന്ന റിപ്പബ്ളിക്കന്‍ നേതാക്കളുടെ താക്കീത് ട്രംപ് അവഗണിക്കുന്നു.

Read More: ട്രംപ് തകര്‍ക്കുമ്പോള്‍ പാര്‍ട്ടി വിറയ്ക്കുന്നു

പാര്‍ട്ടി മറക്കാത്ത ഒരു സത്യമുണ്ട്. യുക്രൈനിലെ നേതൃത്വത്തെ സ്വാധീനിച്ചു ട്രംപ് ഹണ്ടര്‍ ബൈഡനു എതിരെ അഴിമതി അന്വേഷണം നടത്തിക്കാന്‍ ശ്രമം നടത്തി എന്നതിന്റെ പേരില്‍ യു എസ് കോണ്‍ഗ്രസ് പ്രസിഡന്റിനെ കൂറ്റവിചാരണ നടത്തിയതാണ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ഉള്ളതു കൊണ്ട് അന്നു തടിതപ്പി. ഒബാമയുടെ വൈസ് പ്രസിഡന്റായിരിക്കെ ബൈഡന്‍ പുത്രന്റെ അഴിമതിക്കു കൂട്ടു നിന്നു എന്ന് ട്രംപ് ആരോപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലതുപക്ഷ തീവ്രവാദി ആരാധകര്‍ ‘ബൈഡനെ അകത്താക്കുക’ എന്ന് ആക്രോശിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ ജനതയുടെ പ്രധാന പ്രശ്നം കോവിഡ് തന്നെയാണ്. ‘ഹണ്ടര്‍ ബൈഡനെ കുറിച്ച് ആരു ചിന്തിക്കുന്നു?’ എന്ന് റിപ്പബ്ലിക്കന്‍ സര്‍വേകള്‍ നടത്തുന്ന ഫ്രാങ്ക് ലുന്‍സ് ചോദിക്കുന്നു. ‘ട്രംപ് വെറുതെ സമയം കളയുകയാണ്. മേശപ്പുറത്തു ഭക്ഷണം എത്തിക്കുന്നത് ഹണ്ടര്‍ ബൈഡന്‍ അല്ല. ആര്‍ക്കെങ്കിലും ജോലി കൊടുക്കുന്നത് ഹണ്ടര്‍ ബൈഡന്‍ അല്ല. കോവിഡ് കൈകാര്യം ചെയ്യുന്നത് ഹണ്ടര്‍ ബൈഡന്‍ അല്ല.’ ആക്രമണം മാത്രം ശൈലിയാക്കിയ പ്രസിഡന്റിന് ജയിക്കാന്‍ ഒരു പഴുതുമില്ല എന്നും അദ്ദേഹം പറയുന്നു. ‘എന്നാല്‍ മിതവാദിയും മാന്യനുമായി കാണപ്പെടുന്ന ബൈഡനു തോല്‍പിക്കാന്‍ കഴിയാത്ത ജനപ്രീതി കൈവന്നിട്ടുണ്ട്.’ ജോ ബൈഡന്‍ തന്നെ ജനങ്ങളോടായി പറഞ്ഞത് ഇങ്ങിനെ: ‘ഈ തെരഞ്ഞെടുപ്പ് ട്രംപിന്റെ കുടുംബത്തെ കുറിച്ചോ എന്റെ കുടുംബത്തെ കുറിച്ചോ അല്ല. നിങ്ങളുടെ കുടുംബത്തെ കുറിച്ചാണ്. നിങ്ങളുടെ കുടുംബങ്ങള്‍ വളരെ കഷ്ടത്തിലാണ്. നിങ്ങളുടെ വരുമാനം നഷ്ടമായെങ്കില്‍ നിങ്ങള്‍ ദുരിതം അനുഭവിക്കയാണ്.’

Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം

ട്രംപിന്റെ പുത്രി ഇവാങ്കയും ഭര്‍ത്താവും വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്നതില്‍ അപാകത ഇല്ലേ എന്ന് ബൈഡന്‍ ചോദിക്കുന്നുമുണ്ട്. ‘ഞാന്‍ പ്രസിഡന്റായാല്‍ എന്റെ മക്കള്‍ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നില്ല’ എന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. മഹാമാരി കൂടുതല്‍ രൂക്ഷമാവുന്നു എന്നതാണ് ട്രംപിനെ കറക്കിക്കളയുന്ന വസ്തുത. അറ്റ്‌ലാന്റിക്കിനു കുറുകെ യൂറോപ്പിലും അതീവ രൂക്ഷമാണ് കോവിഡ്. ബ്രിട്ടനും ഫ്രാന്‍സും വിറ കൊള്ളുമ്പോള്‍ ചെക്ക് റിപ്പബ്ലിക്, പോളണ്ട് തുടങ്ങി മഹാമാരി കുറവായിരുന്ന രാജ്യങ്ങളിലും അത് കത്തിപ്പടരുകയാണ്. അമേരിക്കയില്‍ പ്രതിദിന വര്‍ധന വെള്ളിയാഴ്ച 83,757 വരെ എത്തി സര്‍വകാല റെക്കോര്‍ഡിട്ടു. ശനിയാഴ്ച അത് 83,718 ല്‍ നിന്നു. മരണം രണ്ടരലക്ഷത്തിനു അടുത്ത് എത്തി. അടുത്ത മൂന്നു-നാലു ആഴ്ചകളില്‍ മരണങ്ങള്‍ കുത്തനെ ഉയരും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശൈത്യകാലത്ത് ആളുകള്‍ അടച്ചിട്ട വീടുകളിലോ ഓഫീസുകളിലോ ഇരിക്കുമ്പോള്‍ രോഗവ്യാപന സാധ്യത ഇരുന്നു എന്നാണ് നിഗമനം.

Read More: മുഖാമുഖം, മുഖാവരണമില്ലാതെ

അപ്പോഴും പക്ഷെ ‘കോവിഡ് പുല്ലാണ്’ എന്ന മുദ്രാവാക്യം ആവര്‍ത്തിക്ക മാത്രമാണ് ട്രംപ് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടയില്‍ 37 സംസ്ഥാനങ്ങളില്‍ 14% വര്‍ധന ഉണ്ടായി എന്നാണ് കണക്ക്. ശനിയാഴ്ച 6,161 കേസുകള്‍ ഉണ്ടായ ഇലനോയില്‍ അക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ച ആരോഗ്യവകുപ്പ് ഡയറക്ടര്‍ നോഗി എസീക്കെ പൊട്ടിക്കരയുകയായിരുന്നു. ‘നമുക്കൊരു വാക്സിന്‍ ലഭിച്ചിട്ടില്ല, പക്ഷെ നമുക്ക് മാസ്‌ക്ക് ഉണ്ട്. ദയവായി അത് ധരിക്കൂ,’ അവര്‍ പറഞ്ഞു. വ്യാഴാഴ്ച ട്രംപ്-ബൈഡന്‍ സംവാദം നടന്ന നാഷ്വിലില്‍ രണ്ടാഴ്ചയ്ക്കിടയില്‍ 50% വര്‍ധന ഉണ്ടായി. കൊളോറാഡോയില്‍ കേസുകള്‍ കൂടിയതോടെ 10 പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നു അധികൃതര്‍ ഉത്തരവിട്ടു.

Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

ഈ നില തുടര്‍ന്നാല്‍ വര്‍ഷാന്ത്യത്തോടെ ആശുപത്രികള്‍ നിറഞ്ഞു കവിയുകയും മരുന്നും ചികിത്സയും കിട്ടാതെ നിരവധി രോഗികള്‍ മരിക്കയും ചെയ്യും എന്നാണ് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്‍ മേധാവി ഡോക്ടര്‍ സ്‌കോട്ട് ഗോറ്റ്ലിബ് പറയുന്നത്. ശൈത്യകാലത്താണ് രോഗം വര്‍ധിക്കുക എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘വാക്സിനില്‍ പ്രതീക്ഷ അര്‍പ്പിച്ചു നിന്നിട്ടു കാര്യമില്ല. ഈ പ്രതിസന്ധിയെ നമ്മള്‍ അതിജീവിച്ചേ പറ്റൂ.’ ബൈഡന്‍ പറഞ്ഞത് ‘ഇരുണ്ട ശൈത്യകാലം’ വരുന്നു എന്നാണ്. മാസ്‌ക്ക് ധരിക്കുക, അകലം പാലിക്കുക, കൈകള്‍ നിരന്തരം കഴുകുക എന്നീ നിയമങ്ങള്‍ പാലിച്ചാല്‍ രോഗത്തെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുമ്പോഴും അതൊന്നും ആവശ്യമില്ലെന്നാണ് പ്രസിഡന്റിന്റെ ഭാഷ്യം. ജനങ്ങള്‍ കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുന്നു എന്ന ട്രംപിന്റെ അഭിപ്രായത്തിനു ബൈഡന്റെ മറുപടി ‘അവര്‍ മരണത്തോടൊപ്പം ജീവിക്കാന്‍ പഠിക്കുന്നു’ എന്നായിരുന്നു. പുതിയൊരു തന്ത്രം മെനയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത് ട്രംപ് കേള്‍ക്കുന്നില്ല. കാരണം, പ്രശ്‌നമൊന്നും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘അദ്ദേഹത്തിന് ഇന്നും കോവിഡ് പ്രതിരോധ പദ്ധതി ഇല്ല. ജനുവരിയില്‍ അദ്ദേഹം അറിഞ്ഞിരുന്നു മഹാമാരി വരുന്നുവെന്ന്. ഒന്നും ചെയ്തില്ല.’ ബൈഡനു ഊര്‍ജം പകര്‍ന്നു ബരാക്ക് ഒബാമ പ്രചാരണത്തിന് ഇറങ്ങി. പോര്‍ക്കള സംസ്ഥാനമായ ഫ്ളോറിഡയില്‍ ആയിരുന്നു ശനിയാഴ്ച്ച അദ്ദേഹം. ബൈഡന്‍ ജയിച്ചാല്‍ അമേരിക്ക സാധാരണ ഗതിയിലേക്കു മടങ്ങും എന്ന് ഒബാമ പറഞ്ഞു. ‘വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കും എന്ന് ഭീഷണി മുഴക്കുന്ന ഒരു പ്രസിഡന്റാണ് നമുക്കുള്ളത്. ബൈഡന്‍ പക്ഷെ അങ്ങിനെ ആവില്ല. ‘ആക്രോശിക്കുന്നതും നീചനാവുന്നതും പൗരുഷമാണെന്നു ഈ പ്രസിഡന്റ് വിശ്വസിക്കുന്നു.’

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close