INSIGHTTop NewsWORLD

AMERICA 2020 |കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

പി പി മാത്യു

നവംബര്‍ മൂന്നിനു ആറാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കന്‍ സുപ്രീം കോടതിയില്‍ പുതിയൊരു ജഡ്ജിയെ നിയമിക്കുന്നത് തെരഞ്ഞെടുപ്പു വിഷയമാകുന്നത്. വെളളിയാഴ്ച ജസ്റ്റിസ് രൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചതോടെ വന്ന ഒഴിവ് എപ്പോള്‍ നികത്തണം എന്നത് യു. എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൂട് പിടിച്ച ചര്‍ച്ചാവിഷയമാകുന്നു. സുപ്രീം കോടതി ജസ്‌റിസുമാര്‍ക്കു മരണം വരെ സേവനം അനുഷ്ഠിക്കാം. യാഥാസ്ഥിതികരും ലിബറല്‍ ചായ്വുള്ളവരുമായി വിഭജിക്കപ്പെട്ടു നില്‍ക്കുന്ന പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടാവുന്ന തീരുമാനങ്ങള്‍ക്കു വ്യക്തമായും ആ ചായ്വുകള്‍ ഉണ്ടാവും എന്നതാണ് ചരിത്രം. നിയമിക്കുന്ന പ്രസിഡന്റിന്റെയും പാര്‍ട്ടിയുടെയും അജണ്ട ജസ്റ്റിസ് നടപ്പാക്കും എന്നതാണ് വിഷയം. റിപ്പബ്ലിക്കന്‍ യാഥാസ്ഥിതിക അജണ്ട നടപ്പാക്കാന്‍ പുതിയൊരു ജസ്റ്റിസിനെ ഉടന്‍ നിയമിക്കാന്‍ ട്രംപ് തയ്യാറാണ്; അത് വീണു കിട്ടിയ ഒരു അവസരവുമാണ്. പാര്‍ട്ടി ആവട്ടെ, അതിനായി അരങ്ങൊരുക്കുന്നു. എന്നാല്‍ ഡെമോക്രറ്റുകള്‍ ആ നീക്കത്തെ ശക്തമായി എതിര്‍ക്കയാണ്. തെരഞ്ഞെടുപ്പു ഇത്ര അടുത്ത് നില്‍ക്കെ ഈ തിരക്കെന്തിന് എന്ന് അവര്‍ ചോദിക്കുന്നത് മുന്‍കാല ചരിത്രം കൂടി കണക്കിലെടുത്താണ്. ഡെമോക്രറ്റ് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ നിയമിച്ച ആദരണീയ വനിതാ ജസ്റ്റിസ് ഗിന്‍സ്ബര്‍ഗ് മരിച്ചത് 87 വയസ്സിലാണ്. സുപ്രീം കോടതിയിലെ ലിബറല്‍ വിഭാഗത്തിലുള്ള നാലു ന്യായാധിപരില്‍ ഏറ്റവും സീനിയര്‍ ആയിരുന്നു ഗിന്‍സ്ബര്‍ഗ്. അവര്‍ പോയതോടെ ആ വിഭാഗത്തില്‍ മൂന്നു പേര് മാത്രമായി. യാഥാസ്ഥികര്‍ ആവട്ടെ അഞ്ചു പേരുണ്ട്. വനിതകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഉറച്ചു നിന്നിട്ടുള്ള ഗിന്‍സ്ബര്‍ഗിനു പിന്‍ഗാമിയായി വനിതയെ തന്നെ നിര്‍ദേശിക്കാന്‍ ട്രംപ് ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ നോമിനി ഉറപ്പായും യാഥാസ്ഥിതിക പക്ഷത്തു നിന്നാവും. അതോടെ ദീര്‍ഘ വര്‍ഷങ്ങള്‍ സുപ്രീം കോടതി യാഥാസ്ഥിതികരുടെ പിടിയില്‍ അമരും. ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്നതാവും അതോടെ സുപ്രീം കോടതിയിലെ നില. അത് കൊണ്ടാണ് ഈ വിഷയത്തിനു രാഷ്ട്രീയമാനം കൈവന്നിരിക്കുന്നത്.

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

യാഥാസ്ഥിതികരെ കൊണ്ട് സുപ്രീം കോടതി കുത്തി നിറയ്ക്കും എന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനവും ആയിരുന്നു. ചില രാഷ്ട്രീയ നിയമങ്ങളിലും കോടതി നിയമനങ്ങളിലും ഫെഡറലിസ്‌റ് സൊസൈറ്റി എന്ന വലതുപക്ഷ തീവ്രവാദി സംഘടന കൊടുത്ത ലിസ്റ്റ് ട്രംപ് ഉപയോഗിച്ചിട്ടുണ്ട്. അടുത്ത ആഴ്ച പുതിയ ജസ്റ്റിസിന്റെ പേരു പ്രഖ്യാപിക്കും എന്ന് ട്രംപ് പറഞ്ഞു കഴിഞ്ഞു. ‘അടുത്തയാഴ്ച ഞാന്‍ പുതിയ സുപ്രീം കോടതി ജഡ്ജിയുടെ പേരു പറയും. അതൊരു വനിത ആയിരിക്കും,’ നോര്‍ത്ത് കരോലിനയില്‍ റാലിയില്‍ ട്രംപ് ശനിയാഴ്ച പറഞ്ഞു. നാമനിര്‍ദേശം ചെയ്തു കഴിഞ്ഞാല്‍ സെനറ്റിന്റെ അംഗീകാരം വേണം. അത് ഉറപ്പാക്കാന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച് മക്കൊന്നല്‍ അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു. നവംബര്‍ മൂന്നിനു മുന്‍പ് തന്നെ സെനറ്റില്‍ വോട്ടെടുപ്പു നടത്താനാണ് ശ്രമം. നവംബര്‍ മൂന്നിനു തന്നെ നടക്കുന്ന സെനറ്റിലേക്കുള്ള ഭാഗിക തെരഞ്ഞെടുപ്പോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇന്നുള്ള 53 – 47 ഭൂരിപക്ഷം നഷ്ടമാവും എന്നാണ് പ്രവചനം.

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

പക്ഷെ അങ്ങിനെ വന്നാല്‍ പോലും, 100 അംഗ സെനറ്റില്‍ മൂന്നു സീറ്റ് മാത്രമേ നഷ്ടമാവൂ എന്നും സെനറ്റ് നടപടികള്‍ നീണ്ടു പോയാലും ഭൂരിപക്ഷത്തിനു വേണ്ട 51 ഉറപ്പാക്കാന്‍ കഴിയും എന്നും അദ്ദേഹം കരുതുന്നു. ‘അമേരിക്കന്‍ ജനത 2016 ല്‍ ഞങ്ങള്‍ക്കു ഭൂരിപക്ഷം തന്നു,’ അദ്ദേഹം പറയുന്നു. ‘ഇടക്കാല തെരഞ്ഞെടുപ്പില്‍ 2018 ല്‍ അത് ജനങ്ങള്‍ വര്‍ധിപ്പിക്കയും ചെയ്തു. കാരണം ഞങ്ങള്‍ പ്രസിഡന്റ് ട്രംപിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ ഉറപ്പിച്ചിരുന്നു. ഒരിക്കല്‍ കൂടി ഞങ്ങള്‍ അത് ചെയ്യും. പ്രസിഡന്റ് ട്രംപ് നിര്‍ദേശിക്കുന്ന ജസ്റ്റിസിന് യു എസ് സെനറ്റില്‍ അംഗീകാരം ലഭിക്കും.’ സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷം ഉറപ്പാക്കുന്ന ട്രംപിന്റെ നടപടി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യാഥാസ്ഥിതികരില്‍ വലിയ ആവേശമാവുകയും അവര്‍ വോട്ടിനു എത്തുകയും ചെയ്യും എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണക്കു കൂട്ടുന്നു. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചു നില്‍ക്കുന്നവര്‍ അക്കാര്യം ഉറപ്പിക്കും എന്നാണ് ചിന്താഗതി. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പേശീബലം കാട്ടി മുന്നോട്ടു പോയാല്‍ നിഷ്പക്ഷ വോട്ടര്‍മാരും ഡെമോക്രറ്റ് ചായ്വുള്ളവരും രോഷം കൊണ്ട് ട്രംപിനെതിരെ വോട്ട് ചെയ്യും എന്നാണ് ഡെമോക്രറ്റിക് പാര്‍ട്ടി കരുതുന്നത്. എങ്ങോട്ടും ചെയ്യാന്‍ ഇടയുള്ള വോട്ടര്‍മാര്‍ ആവും അന്തിമമായി വിധി നിര്‍ണയിക്കുക.

Read More: പ്രധാനായുധം ക്രമസമാധാനം

പുതിയ പ്രസിഡന്റ് ആരായാലും, പുതിയ ജസ്റ്റിസിന്റെ നിയമനം തെരഞ്ഞെടുപ്പു കഴിഞ്ഞു മതി എന്ന് ഡെമോക്രറ്റുകള്‍ വാദിക്കുന്നു. ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ 2016 ല്‍ ജസ്റ്റിസ് അന്റോണിന്‍ സ്‌കേലിയയുടെ മരണത്തെ തുടര്‍ന്ന് മെറിക് ഗാര്‍ലന്റിനെ സുപ്രീം കോടതി ജസ്റ്റിസ് ആയി നാമനിര്‍ദേശം ചെയ്തപ്പോള്‍ മക്കൊന്നല്‍ തന്നെയാണ് എതിര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് അംഗീകാരം നല്‍കാതെ 2017 വരെ നീട്ടിക്കൊണ്ടു പോയി. അതിനു ശേഷം ഗാര്‍ലന്റിനെ തള്ളി ട്രംപിന്റെ നോമിനി നീല്‍ ഗോര്‍സൂക്കിനെ അവര്‍ അംഗീകരിച്ചു. ആ അംഗീകാരത്തിനു തന്നെ 66 ദിവസമെടുത്തു. അന്ന്, സ്‌കേലിയയുടെ സംസ്‌കാരം കഴിയുന്നതിനു പോലും മുന്‍പ്, മക്കൊന്നല്‍ പറഞ്ഞ വാദം ഇതായിരുന്നു: ‘പുതിയ പ്രസിഡന്റ് വരാന്‍ 11 മാസമേയുള്ളൂ. ഒബാമയ്ക്ക് ഒരു ജസ്റ്റിസിനെ നിയമിക്കാന്‍ ഇപ്പോള്‍ അധികാരമില്ല. അമേരിക്കന്‍ ജനതയുടെ തീരുമാനം ഇക്കാര്യത്തില്‍ അറിയേണ്ടതുണ്ട്. പുതിയ പ്രസിഡന്റ് വരുന്നത് വരെ ഈ ഒഴിവ് നികത്തേണ്ടതില്ല.’

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

ശനിയാഴ്ച്ച ഡെമോക്രറ്റ് സെനറ്റര്‍ എഡ് മാര്‍ക്കി അതേ വാദം ഉന്നയിച്ചു തിരിച്ചടിച്ചു. ‘മക്കൊന്നല്‍ തുടങ്ങി വച്ച കീഴ്വഴക്കം തുടരാം. തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പുതിയ നിയമനം വേണ്ട.’ ഗിന്‍സ്ബര്‍ഗിന് ആദരാഞ്ജലി അര്‍പ്പിച്ച പ്രസ്താവനയില്‍ ഒബാമ തന്നെ അത് പറഞ്ഞു: ‘നാലു വര്‍ഷം മുന്‍പ് ഗാര്‍ലന്റിന്റെ നിയമനം തടഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്ടു പിടിച്ച ന്യായം പുതിയ പ്രസിഡന്റ് വരാനിരിക്കെ സെനറ്റ് സുപ്രീം കോടതി ഒഴിവ് നികത്താന്‍ പാടില്ല എന്നായിരുന്നു. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് ഇത്തരം കാര്യങ്ങളില്‍ സ്ഥിരത വേണം എന്നതാണ്. അല്ലാതെ അപ്പോഴപ്പോള്‍ സൗകര്യം പോലെ ഉണ്ടാക്കാനുള്ളതല്ല ചട്ടങ്ങള്‍.’ ട്രംപിന്റെ എതിരാളി ജോ ബൈഡന്‍ ഞായറാഴ്ച ഡെലവെറില്‍ പറഞ്ഞു: ‘സംശയമൊന്നുമില്ല. ജനങ്ങള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പ്രസിഡന്റ്, ജസ്റ്റിസിനെ നിര്‍ദ്ദേശിച്ചു സെനറ്റിന്റെ പരിഗണനയ്ക്കു അയക്കണം. 2016 ല്‍ റിപ്പബ്ലിക്കന്‍ സെനറ്റ് എടുത്ത നിലപാട് അതായിരുന്നു. അത് തന്നെ ആവര്‍ത്തിക്കണം.’

Read More: അത്ഭുതങ്ങള്‍ ഉണ്ടാകും നവംബര്‍ മൂന്നിന്

‘ന്യു യോര്‍ക്ക് ടൈംസ്’ മൂന്നു സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ ബൈഡന്റെ നിലപാടിന് 53% പേര്‍ പിന്തുണ നല്‍കുന്നു. അത് ബൈഡന്‍ തന്നെ ചെയ്യുന്നതാണ് നല്ലതെന്നു 59% പേര്‍ പറയുന്നുമുണ്ട്. ട്രംപ് തോല്‍ക്കുകയും ബൈഡന്‍ പ്രസിഡന്റാവുകയും ചെയ്താല്‍ സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യ കൂട്ടി യാഥാസ്ഥിതികരെ നിലയ്ക്കു നിര്‍ത്തും എന്ന് ഹിലരി ക്ലിന്റണ്‍ ഉള്‍പ്പെടെ പ്രമുഖരായ ചില ഡെമോക്രറ്റുകള്‍ പറഞ്ഞതും അതിനിടെ പുതിയ വിവാദ വിഷയമായിട്ടുണ്ട്.

Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി

തോല്‍വി നേരിടുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു തെരഞ്ഞെടുപ്പിനു മുന്‍പ് സെനറ്റില്‍ ട്രംപിന്റെ നോമിനിയെ സഹായിക്കാന്‍ താല്‍പര്യമില്ല. കാരണം അവര്‍ക്കു നിഷ്പക്ഷ ജനവിഭാഗങ്ങളുടെ വോട്ട് നഷ്ടമാവും. അതിലൊരാളായ സൂസന്‍ കോളിന്‍സ് പരസ്യമായി ഡെമോക്രറ്റ് നിലപാടിനെ പിന്തുണച്ചു. അവര്‍ പറഞ്ഞത്: പുതിയൊരു പ്രസിഡന്റ് ആണ് പുതിയ ജസ്റ്റിസിനെ നിയമിക്കേണ്ടത്; പുതിയ സെനറ്റ് ആണ് പുതിയ ജസ്റ്റിസിനെ അംഗീകരിക്കേണ്ടത്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനിയാണ് സെനറ്റില്‍ വിയോജിപ്പു പ്രകടമാക്കും എന്ന് പറഞ്ഞിട്ടുള്ള മറ്റൊരു റിപ്പബ്ലിക്കന്‍. ട്രംപിന്റെ കടുത്ത വിമര്‍ശകനുമാണ് ഒബാമയോട് തെരഞ്ഞെടുപ്പില്‍ തോറ്റ റോംനി. ഈ മാസം 27 മുതല്‍ നടക്കുന്ന ടെലിവിഷന്‍ സംവാദങ്ങളില്‍ ഇതൊരു പ്രധാന വിഷയമാകും. ഡെമോക്രറ്റ് ജോ ബൈഡനു നീണ്ട സെനറ്റ് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തില്‍ മൂന്നു ഡിബേറ്റുകളിലും ട്രംപിനെ വീഴ്ത്താന്‍ കഴിയും എന്നാണ് ഡെമോക്രറ്റുകള്‍ പ്രതീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ആവട്ടെ, പഴക്കവും തഴക്കവുമുള്ള അഭിഭാഷകയും സെനറ്ററുമാണ്. ഇന്ത്യന്‍ വംശജനായ അമുല്‍ റോജര്‍ ഥാപ്പര്‍ സുപ്രീം കോടതിയില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷെ വനിത എന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞതിനാല്‍ ഫെഡറല്‍ അപ്പീല്‍സ് കോര്‍ട്ടില്‍ ജഡ്ജ് ആയ ആമി കോണി ബാരറ്റ് ആവും പുതിയ ജസ്റ്റിസ് എന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്‍ബലം കൂടി.

Read More: വോട്ടിംഗ് തുടങ്ങി, മേളം മുറുകി

രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയില്‍ ഉറച്ച ആരാധകര്‍ക്കു പോലും ട്രംപിനോടു രോഷം കത്തുന്ന നേരത്താണ് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഈ വിവാദം അദ്ദേഹം ആളിക്കത്തിക്കുന്നത് എന്ന വാദവും ഉണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പ് വാക്സിന്‍ ഇറക്കി നേട്ടം ഉണ്ടാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളും പാഴായി. ശാസ്ത്ര ലോകം അത്തരമൊരു സാഹസത്തിനു തയ്യാറില്ല. സുരക്ഷയാണ് വാക്സിനില്‍ പ്രധാനം എന്ന് അവര്‍ തറപ്പിച്ചു പറയുന്നു.

Read More: ഫലം വൈകാന്‍ ഏറെ സാധ്യത

ബൈഡന്‍ വേണ്ടത്ര ജനത്തിനിടയിലേക്കു ഇറങ്ങുന്നില്ല എന്ന ആക്ഷേപം ഡെമോക്രറ്റുകള്‍ക്കുണ്ട്. പക്ഷെ മുഖാവരണം അണിയുക പോലും ചെയ്യാതെ ട്രംപ് നടത്തുന്ന റാലികള്‍ ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ചിരിക്കയാണ്. റാലികളില്‍ ട്രംപ് പക്ഷക്കാരും മാസ്‌ക് അണിയുന്നില്ല. കോവിഡ് വ്യാപനത്തിന് അദ്ദേഹം ആക്കം കൂട്ടുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ട്രംപിനെന്തു കൂസല്‍. സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ നടന്ന എല്ലാ അഭിപ്രായ സര്‍വേകളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. അതു കൊണ്ട് അദ്ദേഹത്തിന് അലംഭാവം ഉണ്ടെന്ന ഭയം പാര്‍ട്ടിയില്‍ ഉണ്ട്. ശക്തമായ വെല്ലുവിളി നേരിടുന്ന ഫ്ളോറിഡയില്‍ ബൈഡന്‍ കഴിഞ്ഞയാഴ്ച പര്യടനം നടത്തി. ചില ടൗണ്‍ ഹാള്‍ പരിപാടികളില്‍ പങ്കെടുത്തു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയും ചെയ്തു. ട്രംപ് ഇത്തരം യോഗങ്ങളില്‍ നേരിട്ട ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളൊന്നും ബൈഡനു നേരെ ഉണ്ടായില്ല. ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം ജനങ്ങളൂം അതൃപ്തിയാണ് രേഖപ്പെടുത്തിയതും. കോവിഡ് തന്നെയാണ് പ്രധാന വിഷയം എന്ന നിലപാടില്‍ തന്നെയാണ് മാധ്യമങ്ങള്‍. അതില്‍ മാറ്റം വരണമെങ്കില്‍ മഹാമാരി കെട്ടടങ്ങണം. ട്രംപിന്റെ പ്രിയ സ്വപ്നമാണിത്.

Tags
Show More

Related Articles

Back to top button
Close