INSIGHTTop NewsWORLD

AMERICA 2020 | കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ

പി പി മാത്യു

അമേരിക്കയിൽ കോവിഡ് മരണങ്ങൾ ബുധനാഴ്ച രണ്ടു ലക്ഷം കടന്നു. “നാണക്കേടു തന്നെ” എന്നാണ് ഒരിക്കൽ കൂടി പ്രസിഡന്റാവാൻ ശ്രമിക്കുന്ന ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. പക്ഷെ അതിനു ഉത്തരവാദി ചൈനയാണ് എന്ന് പറയാൻ അദ്ദേഹം ഒട്ടും വൈകിയില്ല. “ചൈന ആ വൈറസിനെ അവരുടെ അതിർത്തിക്കുള്ളിൽ നിർത്തേണ്ടതായിരുന്നു. അവർ അതു ലോകം മുഴുവൻ വ്യാപിക്കാൻ അനുവദിക്കരുതായിരുന്നു. അത് അതിക്രമം ആയിപ്പോയി.” ഐക്യരാഷ്ട്ര സഭയിൽ ചൊവാഴ്ച്ച നടത്തിയ പ്രസംഗത്തിലും ട്രംപ് ചൈനയെ ആക്രമിച്ചു. “ലോകത്തിന്റെ മേൽ മഹാമാരി അഴിച്ചു വിട്ട രാജ്യം” എന്ന് അദ്ദേഹം ചൈനയെ കുറ്റപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കാനൊന്നും ട്രംപ് തയാറായില്ല. പകരം അദ്ദേഹം സ്വയം പ്രശംസിക്കയാണ് ചെയ്തത്. “മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ഞാൻ അസാധാരണ മികവു കാട്ടി.” സ്വയം ഒരു എ പ്ലസ് ഗ്രേഡും നൽകി.

Read More: കോവിഡിനപ്പുറം ട്രംപിനൊരു തുറുപ്പു ചീട്ട്

പക്ഷെ സത്യം ഇതൊന്നുമല്ല എന്നതാണ് നവംബർ മൂന്നിനു തെരഞ്ഞെടുപ്പു നേരിടുന്ന പ്രസിഡന്റിനു നിഷേധിക്കാൻ കഴിയാത്തത്. മഹാമാരിയുടെ ഭയാനകത മുൻകൂട്ടി അറിയാമായിരുന്നു എന്ന് പത്രപ്രവർത്തകൻ ബോബ് വുഡ്‌വെഡിനോടു സമ്മതിക്കുന്ന ട്രംപിന്റെ അഭിമുഖം അമേരിക്ക അറിഞ്ഞു കഴിഞ്ഞതാണ്. എന്തേ ഫലപ്രദമായ നടപടി എടുത്തില്ല എന്ന ചോദ്യം ബാക്കി നിൽക്കെ, ലോക ജന സംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്കയിലാണ് ലോകത്തെ മൊത്തം കോവിഡ് മരണങ്ങളിൽ 20 ശതമാനവും സംഭവിച്ചത് എന്ന സത്യം ബാക്കി നിൽക്കുന്നു. അതൊക്കെ “വ്യാജ വാർത്തയാണ്” എന്നു പറയാൻ പക്ഷെ ട്രംപിനു യാതൊരു മടിയുമില്ല.
തെരഞ്ഞെടുപ്പ് എതിരാളി ജോ ബൈഡൻ പറഞ്ഞു: “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവുമധികം മരണങ്ങൾ ഡൊണാൾഡ് ട്രംപിന്റെ നുണകളും കഴിവുകേടും കൊണ്ടാണ് ഉണ്ടായത്. ഈ യഥാർത്ഥ പ്രതിസന്ധയിൽ പ്രസിഡന്റിന്റെ ഗൗരവമായ നേതൃത്വം ആവശ്യമാണ്. പക്ഷെ ട്രംപിന് അത് കഴിഞ്ഞില്ല. അദ്ദേഹം മരവിച്ചു നിന്നു. പ്രവർത്തിച്ചില്ല. വിരണ്ടു. ലോകത്തു എല്ലാ രാജ്യങ്ങളെക്കാളും നഷ്ടം അമേരിക്കയ്ക്കു സംഭവിച്ചു.”
പല തലങ്ങളിലും ഉണ്ടായ നേതൃത്വ പരാജയം, ശാസ്ത്രത്തോടുള്ള നിഷേധം, വാഗ്‌ദാനങ്ങൾ ലംഘിച്ചാൽ ഒരു പുല്ലുമില്ല എന്ന സമീപനം ഇതൊക്കെയാണ് ഈ വൻ ദുരന്തത്തിലേക്കു അമേരിക്കയെ എത്തിച്ചത്. കൊറോണവൈറസ് “അപ്രത്യക്ഷമാകും” എന്ന പ്രസിഡന്റിന്റെ ഉറച്ച നിലപാടിൽ ആഴ്ചകളോളം നടപടി ഒന്നുമില്ലാതെ പാഴായി. വൈറസ് ബാധിച്ചവരെ കണ്ടെത്താൻ പരിശോധനകൾ നടത്തിയില്ല, രോഗികളുമായി ഇടപെട്ടവരെ കണ്ടെത്താൻ ശ്രമിച്ചില്ല.
ന്യൂറോസർജനും പത്രലേഖകനുമായ ഡോക്ടർ സഞ്ജയ് ഗുപ്‌ത പറഞ്ഞു: “ഈ മരണങ്ങളൊക്കെ തടയാൻ കഴിയുമായിരുന്നു എന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല. ഈ വെല്ലുവിളിയെ കൂടുതൽ ശക്തമായി നമ്മൾ നേരിടും എന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ, ദുഖകരം തന്നെ, അതുണ്ടായില്ല.”

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

കാര്യത്തിന്റെ ഗൗരവം ട്രംപിന് അറിയാമായിരുന്നു എന്ന് വുഡ്‌വെഡിനോടു പറഞ്ഞതിൽ നിന്നു വ്യക്തമാണ്. “ഇപ്പോൾ പ്രായം ഏറിയവർക്കു മാത്രമല്ല രോഗം, ബോബ്,” മാർച്ചിൽ അദ്ദേഹം പറഞ്ഞു. “രണ്ടു ദിവസമായി ഞെട്ടിക്കുന്ന ചില വിവരങ്ങൾ വരുന്നുണ്ട്. നിരവധി ചെറുപ്പക്കാർക്ക് രോഗം പിടിക്കുന്നുണ്ട്.”
അഞ്ചു ലക്ഷം കുട്ടികൾക്കു കോവിഡ് ബാധിച്ചു എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കണക്ക്.
തെരഞ്ഞെടുപ്പിൽ കോവിഡ് വിഷയമാവരുത് എന്ന് ട്രംപ് ആഗ്രഹിക്കുന്നു. പക്ഷെ ഈയാഴ്ച്ച കേസുകൾ വർധിച്ചു വരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ചൊവാഴ്ച ‘ന്യു യോർക്ക് ടൈംസ്’ പറഞ്ഞു: “കഴിഞ്ഞ 10 ദിവസത്തിനിടെ അമേരിക്കയിൽ കൊറോണവൈറസ് കേസുകളിൽ 15 ശതമാനത്തിലേറെ വർധന ഉണ്ടായിട്ടുണ്ട്. ഒരു കുതിച്ചു കയറ്റം ആരംഭിച്ചു എന്നാണ് കരുതേണ്ടത്.”

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

കൂടുതൽ കുട്ടികൾ സ്കൂളുകളിൽ എത്തുകയും മുതിർന്നവർ ജീവിതവ്യാപാരങ്ങളിൽ കൂടുതൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കാം എന്ന് ആരോഗ്യ വകുപ്പ് പറയുന്നു. തണുത്ത കാലാവസ്ഥയിൽ ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുന്നതാണ് മറ്റൊരു കാരണം. പകർച്ചവ്യാധി വിഷയത്തിൽ ഉന്നതനായ ഡോക്ടർ ആന്തണി ഫൗസി പറഞ്ഞു: “ഭരണകൂടത്തിന് ഒരു എത്തും പിടിയുമില്ല. തെരഞ്ഞെടുപ്പു ജയിക്കണം എന്ന് മാത്രമേയുള്ളു പ്രസിഡന്റിന്റെ ലക്‌ഷ്യം.” എഴുപത് ലക്ഷത്തിലേക്കു കോവിഡ് കേസുകൾ എത്തുമ്പോൾ “ഇനിയെങ്കിലും ആഞ്ഞു പിടിക്കണം” എന്ന് ഫൗസി പറയുന്നു. വിസ്കോൺസിനിൽ കഴിഞ്ഞ ആഴ്ച മാസ്ക് പോലും ഇല്ലാതെ ട്രംപ് ഒരു റാലി നടത്തിയിരുന്നു. അതിനു ശേഷം 59,000 കേസുകൾ ഉണ്ടായി. “അപകടകരമായ ഘട്ടം” എന്നാണ് ഗവർണർ താക്കീതു നൽകിയത്. സ്കൂളുകളും കോളജുകളും തുറന്ന സംസ്ഥാനമാണിത്.

Read More: പ്രധാനായുധം ക്രമസമാധാനം

റജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ കഴിഞ്ഞ ആഴ്ച എൻ ബി സി ന്യൂസ്, വോൾ സ്‌ട്രീറ്റ്‌ ജേർണൽ ഇവ ചേർന്നു നടത്തിയ സർവേയിൽ, ബൈഡൻ ആണ് മഹാമാരി കൈകാര്യം ചെയ്യാൻ മെച്ചപ്പെട്ട നേതാവ് എന്ന് 51% പേർ പറഞ്ഞപ്പോൾ ട്രംപിനു കിട്ടിയത് വെറും 29% ആണ്. ഇങ്ങിനെയൊക്കെ ആകെ വെട്ടിലായി നിൽക്കെയാണ് ട്രംപിനു സുപ്രീം കോടതി ജസ്‌റ്റിസ്‌ രൂത്ത് ബദർ ഗിൻസ്ബർഗിന്റെ മരണം ഒരു അവസരമായത്. തെരഞ്ഞെടുപ്പിനു മുൻപ് ഒരു കടുത്ത യാഥാസ്ഥിതിക വനിതയെ പകരം നിയമിച്ചു വലതു പക്ഷ വിഭാഗങ്ങളെ ആവേശം കൊള്ളിക്കുക എന്നതാണ് ലക്‌ഷ്യം. റിപ്പബ്ലിക്കൻ പാർട്ടി തന്നെ കൊണ്ടു വന്ന കീഴ്വഴക്കങ്ങൾ മാറ്റി വച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിനു മുൻപ് ട്രംപിന് ഇങ്ങിനെ നിയമനം നടത്താനാവൂ. അതിനുള്ള ശക്തമായ നീക്കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി. സെനറ്റിന്റെ അംഗീകാരം വേണം നിയമനത്തിന്. ട്രംപ് പുതിയ ജസ്റ്റിസിനെ ഈയാഴ്ച നാമനിർദേശം ചെയ്യും. നൂറു പേരുള്ള സെനറ്റിൽ 53 സീറ്റോടെ ഭൂരിപക്ഷമുണ്ട് പാർട്ടിക്ക്. ഡെമോക്രറ്റ്സിനു 47. ട്രംപിന്റെ കടുത്ത വിമർശകനായ മുൻ പ്രസിഡന്റ് സ്ഥാനാർഥി മിറ്റ് റോംനി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ സെനറ്റിൽ അംഗീകാരം കിട്ടുമെന്ന് പാർട്ടിക്കു ധൈര്യമായി.

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

എന്നാൽ സെനറ്റിലെ ഇടക്കാല മത്സരങ്ങളിൽ ഒന്നിൽ കടുത്ത വെല്ലുവിളി നേരിടുന്ന മെയ്‌നിലെ സൂസൻ കോളിൻസ് എന്ന റിപ്പബ്ലിക്കൻ പറയുന്നത് തെരഞ്ഞെടുപ്പിനു മുൻപ് ജസ്റ്റിസിനെ നിയമിച്ചാൽ താൻ എതിർക്കും എന്നാണ്. ഒബാമ പ്രസിഡന്റായിരിക്കെ 2016 ൽ തെരഞ്ഞെടുപ്പിനു മുൻപ് നാമനിർദേശം ചെയ്ത മെറിക് ഗാർലന്റിനെ റിപ്പബ്ലിക്കൻ പാർട്ടി തടഞ്ഞത് ഒബാമയുടെ കാലാവധി കഴിയാറായിരിക്കെ നിയമനം ശരിയല്ല എന്ന് വാദിച്ചാണ്. അതേ കീഴ്വഴക്കം ഇവിടെയും പാലിക്കേണ്ടതുണ്ട് എന്ന് കോളിൻസ് നിഷ്‌കർഷിക്കുന്നു. അലാസ്‌ക സെനറ്റർ ലിസ മുർക്കോസ്‌കിയും അതേ നിലപാടിലാണ്. മൂന്നു വോട്ട് മറിഞ്ഞാൽ സെനറ്റിൽ 50 വീതം ആവും. അപ്പോൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനു കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ചു ട്രംപിന്റെ നോമിനിയെ ജയിപ്പിക്കാം.
പക്ഷെ നവംബർ മൂന്നു കഴിഞ്ഞാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റ് നഷ്ടമായെന്നു വരാം. ഒക്ടോബറിൽ സെനറ്റ് വിളിച്ചു വോട്ടെടുക്കാൻ ആണ് റിപ്പബ്ലിക്കൻ നീക്കം. വോട്ട് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഒഴിവാക്കാനാണ് ഡെമോക്രറ്റുകളുടെ തീരുമാനം. അല്ലെങ്കിൽ ട്രംപ് രക്തസാക്ഷി പരിവേഷം എടുത്തണിഞ്ഞു യാഥാസ്ഥിതികരുടെ മുന്നിലേക്കിറങ്ങും. അത് അദ്ദേഹത്തിന് ചിലപ്പോൾ ഗുണമാവും. അതു കൊണ്ട് ഇക്കാര്യത്തിൽ സൂക്ഷിച്ചു നീങ്ങും ഡെമോക്രറ്റുകൾ. ചൊവാഴ്ച, യു എന്നിലെ റെക്കോർഡ് ചെയ്ത പ്രസംഗത്തിൽ ട്രംപ് അമേരിക്കയിലെ മരണം രണ്ടു ലക്ഷം കടന്ന കാര്യം പറഞ്ഞില്ല. രണ്ടു മണിക്കൂർ കഴിഞ്ഞു മാധ്യമ ലേഖകരെ കണ്ട വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി മക് കാനി ആവട്ടെ, സുപ്രീം കോടതി വിഷയത്തിലുള്ള ഡെമോക്രറ്റ് നിലപാടിനെ ആക്രമിക്കുന്നതിലാണ് ശ്രദ്ധ വച്ചത്. മരണ സംഖ്യ അവരും പറഞ്ഞില്ല.

Read More: അത്ഭുതങ്ങള്‍ ഉണ്ടാകും നവംബര്‍ മൂന്നിന്

ഏതായാലും സെനറ്റ് വോട്ടിങ്ങിന്റെ ഔചിത്യവും മറ്റും ചർച്ചാ വിഷയമായി നിൽക്കെ, ഡെമോക്രറ്റുകൾ കോവിഡിലേക്കു തന്നെ തോക്കു തിരിച്ചു വച്ചിരിക്കയാണ്. ഈ മാസം 29 നു ആരംഭിക്കുന്ന സ്ഥാനാർത്ഥികളുടെ സംവാദത്തിലാണ് അവരുടെ ഇപ്പോഴത്തെ ശ്രദ്ധ. അരയും തലയും മുറുക്കി ഒരുങ്ങുന്ന ബൈഡനു സെനറ്റിലെ നീണ്ട വർഷങ്ങളിലും ഒബാമയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച എട്ടു വർഷങ്ങളിലും ലഭിച്ച അനുഭവ സമ്പത്തു വലിയ മുതൽക്കൂട്ടാണ്. ട്രംപ് ആവട്ടെ, സദാ സമയവും തയാറെടുക്കുന്നു എന്നാണ് സ്വയം പറയുന്നത്. കോവിഡ് ദുരന്തങ്ങൾക്കു ട്രംപിനെ കൊണ്ട് ഉത്തരം പറയിക്കും എന്ന് ബൈഡൻ പറയുന്നു. “മുട്ടാളന്മാരെ നിലയ്ക്ക് നിർത്താൻ എനിക്കറിയാം. അയാൾ ശബ്‌ദം ഉയർത്തി സംസാരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.” ഉത്തരം മുട്ടുമ്പോൾ ആക്രോശിക്കുന്ന രീതി ട്രംപ് അവിടെയും ആവർത്തിക്കും എന്നാണ് പ്രതീക്ഷ.

Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി

ഒഹായോവിലെ ക്ലീവ്‌ലൻഡിലാണ് സെപ്റ്റംബർ 29 നു ആദ്യ സംവാദം. ഓരോ സ്ഥാനാർത്ഥിക്കും 15 മിനിറ്റു വീതം ആറു തവണ സംസാരിക്കാം. ട്രംപിന്റെയും ബൈഡന്റെയും പിൽക്കാല പ്രവർത്തനങ്ങൾ വിലയിരുത്തും. സുപ്രീം കോടതി നിയമനമാണ് മറ്റൊരു വിഷയം. സമ്പദ് വ്യവസ്ഥ, നഗരങ്ങളിലെ വംശീയ സംഘർഷങ്ങൾ, തെരഞ്ഞെടുപ്പിന്റെ നിഷ്‌പക്ഷത എന്നിവയും ഏറ്റവും പ്രധാനമായി കോവിഡും ചർച്ച ചെയ്യപ്പെടും.
കോവിഡ് നിയന്ത്രണങ്ങളെ ബൈഡൻ ആദരിക്കുന്നതിനെ ട്രംപ് പരിഹസിക്കുന്നു. “മാസ്‌ക് ഇടുന്നത് അയാൾക്കു ഇഷ്ടമാണ്, കൊള്ളാം. പക്ഷെ അപ്പോൾ പിന്നെ അയാൾ എന്തിനാണ് പ്ലാസ്‌റ്റിക്‌ സർജറിക്കു കാശു കളഞ്ഞത്?” സാമൂഹ്യ അകലം പാലിക്കുന്നതിനെയും ട്രംപിന് പുച്ഛമാണ്. ട്രംപ് നിരവധി റാലികൾ സംഘടിപ്പിച്ചപ്പോൾ ബൈഡൻ ജനക്കൂട്ടങ്ങളുമായി ഇടപെടുന്ന യോഗങ്ങൾ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.
അതിനിടെ മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും റിപ്പബ്ലിക്കൻ നേതാവുമായിരുന്ന നേതാവും ആയിരുന്ന ജോൺ മക്കയ്ന്റെ വിധവ സിൻഡി ഔദ്യോഗികമായി ബൈഡനെ പിന്തുണച്ചത് അദ്ദേഹത്തിനു കരുത്തായി. ഡെമോക്രറ്റുകൾക്കു ഉറച്ച മണ്ണില്ലാത്ത അരിസോണ സംസ്ഥാനത്തു ഏറെ ആദരിക്കപ്പെടുന്ന കുടുംബമാണിത്. “ഞങ്ങളുടെ മൂല്യങ്ങൾ ഞങ്ങൾ കാണുന്നത് ബൈഡനിലാണ്,” അവർ ട്വീറ്റ് ചെയ്തു. “എന്റെ ഭർത്താവ് ജോണിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന നിയമം രാജ്യം പരമപ്രധാനം എന്നാണ്. ഞങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. പക്ഷെ അമേരിക്കയാണ് പരമപ്രധാനം. രാജ്യം എന്ന നിലയ്ക്ക് നമ്മൾ ആദരിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാനാർഥി മാത്രമേയുള്ളൂ: ജോ ബൈഡൻ.”

Read More: വോട്ടിംഗ് തുടങ്ങി, മേളം മുറുകി

ബൈഡൻ പ്രതികരിച്ചത് ഇങ്ങിനെ: “ഈ തെരഞ്ഞടുപ്പ് ഏതു രാഷ്ട്രീയ പാർട്ടിയേക്കാളും പ്രധാനമാണ്. രാജ്യത്തിൻറെ ആത്മാവ് വീണ്ടെടുക്കാൻ നമ്മൾ ഒറ്റക്കെട്ടായി, ഒരൊറ്റ അമേരിക്കയായി നിൽക്കണം.” അഭിപ്രായ സർവേകളിൽ ബൈഡൻ തന്റെ ലീഡ് തുടരുന്നു. ശരാശരി 50 ശതമാനത്തിനു മേൽ പിന്തുണ അദ്ദേഹത്തിനുണ്ട്. ട്രംപ് പല സർവേകളിലും ആറു മുതൽ പത്തു വരെ പോയിന്റുകൾക്കു പിന്നിലാണ്.

Tags
Show More

Related Articles

Back to top button
Close