AMERICA 2020| തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാളയത്തില്‍ പട

പി പി മാത്യു
അമേരിക്കന്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ മിച് മക്കോനല്‍ നിരവധി മാസങ്ങളായി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിട്ട്. അതിനു കഴിഞ്ഞ ദിവസം അദ്ദേഹം നല്കിയ വിശദീകരണം ഇതാണ്: ‘വൈറ്റ് ഹൗസിലെ കൊറോണവൈറസ് പ്രതിരോധ നടപടികള്‍ പര്യാപ്തമാണെന്നു തോന്നുന്നില്ല.’ യു എസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അത്തരമൊരു അഭിപ്രായം അദ്ദേഹം പറയുമ്പോഴും ‘കൊറോണ പുല്ലാണ്’ എന്ന അഭിപ്രായം ആഞ്ഞടിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പു റാലികളില്‍ മുഖാവരണം പോലുമില്ലാതെ അരങ്ങു തകര്‍ക്കുന്നത്.
നവംബര്‍ മൂന്നിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ പ്രസിഡന്റില്‍ നിന്ന് പരസ്യമായി അകലുകയാണ്. പ്രസിഡന്റ് മുന്നോട്ടു വച്ച കൊറോണ ദുരിതാശ്വാസ ബില്‍ തന്നെ കെന്റക്കിയില്‍ നിന്നുള്ള സെനറ്ററായ മക്കോനല്‍ തള്ളിക്കളഞ്ഞു. ഇത്ര പരസ്യമായി കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തു നില്ക്കുന്ന ഒരു സാഹചര്യം ഒരു പ്രസിഡന്റിനു തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടാവുന്നത് ഒരു പക്ഷെ ഇത് ആദ്യമാവാം. മസാച്യുസെറ്സിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ തുറന്നു പറഞ്ഞു, പ്രസിഡന്റിനു വോട്ട് ചെയ്യില്ല എന്ന്. കോവിഡ് കൈകാര്യം ചെയ്ത രീതിയെ ബേക്കര്‍ നേരത്തെ അപലപിച്ചിരുന്നു.
Read More: ട്രംപിനെ പിന്തള്ളി കുതിക്കുന്ന കോവിഡ്
ന്യു ജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ആണ് പ്രസിഡന്റിനെ തുറന്നു എതിര്‍ക്കുന്ന മറ്റൊരു റിപ്പബ്ലിക്കന്‍ അതികായന്. വൈറ്റ് ഹൗസില്‍ ട്രംപിന്റെ ആദ്യ സംവാദത്തിനുള്ള ഒരുക്കത്തില്‍ സഹായിക്കാന്‍ പോയിരുന്നു അദ്ദേഹം. പിന്നെ സുപ്രീം കോടതി ജസ്റ്റിസായി ആമി കോണി ബാരറ്റിനെ ട്രംപ് പ്രഖ്യാപിച്ച വൈറ്റ് ഹൗസ് ചടങ്ങിനും പോയി. രണ്ടു തവണയും മാസ്ക്ക് ധരിച്ചില്ല എന്ന് ക്രിസ്റ്റി ഇപ്പോള്‍ പറയുന്നത് ഖേദപൂര്‍വം ആണ്. കാരണം അദ്ദേഹത്തിനു കോവിഡ് ബാധിച്ചു. ഏഴു ദിവസം ഐ സി യുവില്‍ കിടക്കേണ്ടി വന്നു താനും. നെബ്രാസ്ക സംസ്ഥാനത്തെ യുവ സെനറ്റര്‍ ബെന്‍ സാസെ 17,000 വോട്ടര്‍മാരോട് ട്രംപിനെപ്പറ്റി ഫോണില്‍ പറഞ്ഞതായി ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളതു എഴുതാന്‍ പറ്റാത്ത അശ്ലീലമാണ്. എഴുതാവുന്ന ഭാഗങ്ങള്‍ ഇവയാണ്: ‘മൂക്കു മുട്ടെ മദ്യപിച്ച നാവികരെ പോലെയാണ് അയാള്‍ സ്ത്രീകളോട് പെരുമാറുന്നത്. അയാളുടെ കുടുംബം പ്രസിഡന്റ് പദവി കച്ചവടത്തിന് ഉപയോഗിച്ചു. വെള്ളക്കാരായ തീവ്രവാദികളുമായി ആണ് അയാള്‍ക്കു സൗഹൃദം.’ ആമി ബാരറ്റിനു വോട്ട് ചെയ്യില്ല എന്ന് മെയ്നിലെ സെനറ്റര്‍ സൂസന് കോളിന്‍സ് പ്രഖ്യാപിച്ചു കഴിഞ്ഞു. പരാജയം നേരിടുന്ന സെനറ്ററാണ് കോളിന്‍സ്. ബെന്‍ സാസേയെയും കോളിന്സിനെയും അടച്ചാക്ഷേപിച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. ഒത്തു തീര്‍പ്പിന്റെ മാര്‍ഗം പ്രസിഡന്റിനു ഒരിക്കലും അഭികാമ്യമായി തോന്നിയിട്ടില്ല എന്ന് പാര്‍ട്ടി തന്നെ വിമര്‍ശിക്കുന്നു.
Read More: ട്രംപ് തകര്‍ക്കുമ്പോള്‍ പാര്‍ട്ടി വിറയ്ക്കുന്നു
ദേശീയ അഭിപ്രായ സര്‍വേകളില്‍ ഡെമോക്രാറ്റ് ജോ ബൈഡന് വമ്പിച്ച മുന്‍തൂക്കം നിലനിര്‍ത്തുമ്പോഴാണ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടി തിരിഞ്ഞത്. ശരാശരി ഒന്‍പതു പോയിന്റ് ലീഡ് ബൈഡനു ഉണ്ടെന്നാണ് ഞായറാഴ്ച്ച പുറത്തു വന്ന സര്‍വേകളില്‍ കാണുന്നത്. തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ ഇതു വളരെ നിര്‍ണായകമാണ്. തുടര്‍ച്ചയായി അഞ്ചു പോയിന്റ് ലീഡ് നേടുന്ന സ്ഥാനാര്‍ഥികള്‍ പോലും വിജയിച്ചിട്ടുണ്ട് എന്നാണ് ചരിത്രം. തോല്‍ക്കുമെന്ന ആശങ്ക ട്രംപ് ഉയര്‍ത്തുന്നുണ്ട്. ആദ്യമായാണ് ഈയാഴ്ച്ച അദ്ദേഹം പറഞ്ഞത് ‘തോറ്റാല്‍ ഞാന്‍ നാട് വിടും’ എന്ന്. ഉള്ളില്‍ നിറയുന്ന ഭീതിയാണ് മറ നീക്കിയതെന്നു മാധ്യമങ്ങള്‍ വിലയിരുത്തുന്നു. സെനറ്റിലേക്കുള്ള 35 സീറ്റുകളില്‍ നടക്കുന്ന മത്സരം ആണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ വലിയ ആശങ്ക ഉയര്‍ത്തുന്നത്. ജനാഭിപ്രായം അത്രയേറെ ട്രംപിനെതിരെ തിരിഞ്ഞു എന്ന തോന്നലാണ് അതിനു കാരണം. 100 സീറ്റുള്ള സെനറ്റില്‍ 47 ആണ് ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ക്കുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53. നാലു സീറ്റ് മറിഞ്ഞാല്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം നഷ്ടമാവും. ബൈഡന് ജയിക്കയും കോണ്‍ഗ്രസിന്റെ രണ്ടു സഭകളും ഡെമോക്രാറ്റിക്ക് നിയന്ത്രണത്തിലാവുകയും ചെയ്താല്‍ ഭരണത്തിന്റെ ഒരു മേഖലയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു കാലു കുത്താന്‍ കഴിയാത്ത നിലയാവും. പിന്നെ രണ്ടു വര്‍ഷം കഴിഞ്ഞു വീണ്ടും നടക്കുന്ന ഹൗസ് തെരഞ്ഞെടുപ്പിലും സെനറ്റിലെ ഒഴിവുകളിലും പ്രതീക്ഷ വയ്ക്കാം എന്ന് മാത്രം. ഒട്ടേറെ നിക്ഷിപ്ത താല്പര്യങ്ങളുടെ കാവല്‍ക്കാരാണ് രണ്ടു പാര്‍ട്ടികളും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അതൊക്കെ മാറ്റി വയ്ക്കുക എന്നത് ഭീകര നഷ്ടമാവും. അതു കൊണ്ടാണ് ഇപ്പോഴത്തെ ഭീതി. കോണ്‍ഗ്രസ് കൂടി കൈവിടേണ്ടി വരുന്നത് ജനരോഷം വിളിച്ചു വരുത്തിയ പ്രസിഡന്റ് മൂലമാണെന്ന് അവര്‍ കരുതുന്നു. ഡെമോക്രാറ്റുകള്‍ സെനറ്റും പിടിക്കും എന്നാണ് സര്‍വേകളിലും കാണുന്ന സൂചന.
Read More: അടിമുടി ചെളിയിൽ മുങ്ങിയ സംവാദം
അത്തരം സൂചന തന്നെയാണ് ധനശേഖരണത്തിലും കാണുന്നത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രചാരണ ആവശ്യങ്ങള്‍ക്ക് അവരെക്കാള്‍ വളരെയേറെ പണം സമാഹരിക്കുന്നത് ഭരണ കക്ഷിക്കു നല്ല സൂചനയല്ല. ഏറ്റവും കടുത്ത മത്സരം നടക്കുന്ന എട്ടു സെനറ്റ് സീറ്റുകളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 കോടി ഡോളര്‍ സമാഹരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു കിട്ടിയത് വെറും ഒന്‍പതു കോടി. പണം കൊടുക്കുന്നവര്‍ വിജയസാധ്യത കണ്ടിട്ടേ കൊടുക്കൂ. കാരണം പ്രത്യുപകാരം അതിലൊരു വ്യവസ്ഥയാണ്. തോല്ക്കാന് പോകുന്നവനു കാശു കൊടുത്താല്‍ അതു പോയി എന്ന് അവര്‍ക്കറിയാം. പണം നല്കുന്നവര് കൈയ്യൊഴിയുന്നത് ട്രംപിനെതിരായ ജനരോഷം കണ്ടിട്ടാണെന്നു റിപ്പബ്ലിക്കന്‍ നേതാക്കള്‍ വിലയിരുത്തുന്നു. രണ്ടു കോടി വോട്ടുകള്‍ പെട്ടിയില്‍ വീണു കഴിഞ്ഞു, 45 സംസ്ഥാനങ്ങളിലായി. നേരത്തെ വോട്ട് ചെയ്യാന്‍ ഇപ്പോള്‍ 50 സംസ്ഥാനങ്ങളിലും സൗകര്യമുണ്ട്. ഇമെയില്‍ ബാലറ്റുകളില്‍ തട്ടിപ്പു നടക്കും എന്ന് ആരോപിച്ചിരുന്ന ട്രംപിന്റെ അഭിഭാഷകര്‍ പലേടത്തും അതു തടയാന്‍ ശ്രമം നടത്തിയതു കൊണ്ട് ജനങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്കു തന്നെ നീങ്ങി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വളരെ നീണ്ട ക്യൂവില്‍ നിന്നാണ് പലരും വോട്ട് ചെയ്തത്. ശരാശരി അര മണിക്കൂര്‍ വരെ നിന്നവരുണ്ട്. വോട്ടര്‍മാരുടെ ആവേശത്തിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്. കൂടുതലും വോട്ട് ചെയ്തവര്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ റജിസ്റ്റര്‍ ചെയ്തവരാണെന്നു മാധ്യമങ്ങള്‍ പറയുന്നു. താല്പര്യമില്ലാതെ മാറി നില്ക്കുന്നതിനു പകരം ആവേശത്തോടെ ജനം വോട്ട് ചെയ്യുമ്പോള്‍ അതിന്റെ സൂചനകള്‍ എന്താവാം? ദുഷിച്ച ഭരണത്തിനെതിരെയുള്ള വോട്ട് എന്ന് ഡെമോക്രാറ്റുകള്‍ പറയുമ്പോള്‍, ട്രംപ് പറയുന്നത് ജനത്തിനു തന്നോടുള്ള വര്‍ധിച്ച സ്നേഹമാണ് വ്യക്തമാകുന്നത് എന്നാണ്.
Read More: മുഖാമുഖം, മുഖാവരണമില്ലാതെ
ട്രംപിന് ഇനിയും അവസരങ്ങള്‍ ഉണ്ടെന്നു അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. ഒക്ടോബര്‍ 22 നു നടക്കുന്ന സംവാദമാണ് അതിലൊന്ന്. ബൈഡനുമായുള്ള ഒരു സംവാദത്തില്‍ ചീത്തവിളിയും ആരോപണങ്ങളുമായി തരം താഴ്ന്ന പ്രസിഡന്റിനെ ബൈഡന് ‘കോമാളി’ എന്നു വരെ വിളിച്ചു. എങ്കിലും ബൈഡന് ജയിച്ചു എന്നായിരുന്നു ജനവിധി. രണ്ടാം സംവാദം നടന്നില്ല. ട്രംപിനു കോവിഡ് ബാധിച്ചതു കൊണ്ട് നേരിട്ടു സംവാദത്തിനില്ല എന്ന് ബൈഡന് പറഞ്ഞപ്പോള്‍, ഓണ്‍ലൈന്‍ സംവാദം സാധ്യമല്ല എന്നു പറഞ്ഞു ട്രംപ് അതു തള്ളി. അതിനു പകരം നടന്ന ടൗണ്‍ ഹാള്‍ സംവാദത്തില്‍ മോഡറേറ്റര്‍ സാവന്ന ഗുത്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ന്യായമായി പ്രതികരിക്കാതെ ക്ഷുഭിതനാവുകയായിരുന്നു ട്രംപ്. ബൈഡന് ആവട്ടെ നിര്‍ണായകമായ ചില വിഷയങ്ങളില്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ടു കളിച്ചു. സുപ്രീം കോടതിയില്‍ കൂടുതല്‍ ജസ്റ്റിസുമാരെ നിയമിക്കുമോ എന്നതായിരുന്നു അതിലൊരു ചോദ്യം. എങ്കിലും ബൈഡനു തന്നെയാണ് ജനം കൂടുതല്‍ മാര്‍ക്കിട്ടത്. ഒരു കോടി 40 ലക്ഷം പേര് രണ്ടു ചാനലുകളില്‍ ബൈഡന്റെ നിലപാടുകള്‍ കേട്ടും കണ്ടും അറിഞ്ഞപ്പോള്‍ ട്രംപിന്റെ കാഴ്ചക്കാര്‍ മൂന്നു ചാനലുകളിലായി ഒരു കോടി 35 ലക്ഷം ആയിരുന്നു. അടുത്ത സംവാദത്തില്‍ പ്രധാന ചര്‍ച്ചാ വിഷയം കോവിഡ് ആണെന്ന് ഡിബേറ്റ് കമ്മീഷന് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിനു ദൗര്ബല്യമാവുന്ന വിഷയം. മറ്റു വിഷയങ്ങള്‍ ഇവയാണ്: അമേരിക്കന്‍ കുടുംബങ്ങള്‍, വംശീയത, കാലാവസ്ഥാ മാറ്റം, ദേശീയ സുരക്ഷ, നേതൃത്വം. ടെനസിയിലാണ് സംവാദം നടക്കുക. ഇപ്പോഴും നുണകള്‍ തന്നെ അടിച്ചു വിട്ട് തന്റെ നിലപാടുകള്‍ ന്യായീകരിക്കാനാണ് ട്രംപിന്റെ ശ്രമം എന്നതാണ് അദ്ദേഹത്തിനു കരകയറാന്‍ വഴി കാണുന്നില്ല എന്നു വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. കഴിഞ്ഞ വ്യാഴാഴ്ച്ച ട്രംപ് പറഞ്ഞു, മാസ്ക്ക് ധരിക്കുന്നവരില്‍ 85% പേര്‍ക്കും കോവിഡ് വന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ (സി ഡി സി) കണ്ടെത്തിയിട്ടുണ്ടെന്ന്. മൂന്നിടത്തു അദ്ദേഹം അത് ആവര്‍ത്തിച്ച് പറഞ്ഞു. ആദ്യം ഫോക്സ് ന്യുസില്‍. പിന്നെ നോര്‍ത്ത് കാരോലിനയില്‍ ഒരു റാലിയില്‍. മൂന്നാമത് തന്റെ ടൗണ്‍ ഹാള്‍ പരിപാടിയിലും.
Read More: കോവിഡ് മരണങ്ങളിൽ തെല്ലും കൂസാതെ
സി ഡി സിയുടെ ഒരു പഠനത്തിലും അങ്ങിനെ കണ്ടെത്തിയിട്ടില്ല എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിനു അമേരിക്കന്‍ പൗരന്മാര് മാസ്ക്ക് ധരിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ട 154 പേരെ സി ഡി സി പരിശോധിച്ചിരുന്നു. ലക്ഷണങ്ങള്‍ കണ്ടെങ്കിലും പരിശോധനയില്‍ നെഗറ്റീവ് ആയ 160 പേരെയും. ഇതൊന്നും മാസ്ക്കുമായി ബന്ധമുള്ള കാര്യങ്ങളല്ല. പ്രസിഡന്റ് ഒരു മഹാ നുണയനാണെന് അദ്ദേഹത്തിന്റെ കീഴില്‍ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് ആയിരുന്ന ജനറല്‍ ജോണ്‍ കെല്ലി ഇപ്പോള്‍ തുറന്നു പറയുന്നു. ‘ഞാന്‍ കണ്ട ഏറ്റവും മനോ വൈകല്യമുള്ള വ്യക്തിയാണ് ട്രംപ്,’ കെല്ലി പറഞ്ഞു. ‘അദ്ദേഹത്തിന്റെ കള്ളത്തരങ്ങളുടെ ആഴം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.’ അമേരിക്കന്‍ ജനതയെ ഒന്നിച്ചു നിര്‍ത്താന്‍ താല്പര്യമില്ലാത്ത ആദ്യത്തെ പ്രസിഡന്റാണ് ട്രംപ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോര്‍ജ് ഫ്ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് ശ്വാസം മുട്ടിച്ചു കൊന്നപ്പോള്‍ ട്രംപ് എടുത്ത സമീപനത്തില്‍ അത് വ്യക്തമായിരുന്നു. നീതി കിട്ടാതെ രോഷാകുലരായി കറുത്ത വര്‍ഗക്കാര്‍ തെരുവില്‍ ഇറങ്ങിയതിനെ അപലപിക്കയാണ് ട്രംപ് ചെയ്തത്. ബൈഡന് അവരുടെ നേതാവാണ് എന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ തെരുവിലെ അക്രമത്തെ ബൈഡന് അപലപിച്ചിരുന്നു. റാന്‍ മൂളികളെ മാത്രം ആശ്രയിച്ചുള്ള പോക്കു ശരിയല്ലെന്നു താന്‍ ട്രംപിനെ താക്കീതു ചെയ്തിരുന്നു എന്നും കെല്ലി പറഞ്ഞു. കെല്ലിയെ പിരിച്ചു വിട്ടത് അയാളെ ആ പണിക്കു കൊള്ളാത്തതു കൊണ്ടാണ് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉയര്‍ന്ന ഉപദേഷ്ടാവായിരുന്ന ഒലിവിയ ട്രോയ് പറഞ്ഞത് കൊറോണവൈറസ് എത്ര ഗൗരവമുള്ള കാര്യമാണെന്നു ഫെബ്രുവരിയില്‍ ട്രംപിന് അറിയാമായിരുന്നു എന്നാണ്. ‘അദ്ദേഹത്തിന് അതേപ്പറ്റി കേള്‍ക്കാന്‍ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം തെരഞ്ഞെടുപ്പായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിന്താവിഷയം.’ അതിനിടെ ബരാക്ക് ഒബാമ തന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡനു വേണ്ടി അടുത്ത ആഴ്ച പ്രചാരണത്തിന് ഇറങ്ങും എന്ന് ഡെമോക്രറ്റ്സ് പ്രഖ്യാപിച്ചു. പെന്‍സില്‍വേനിയയില്‍ നിന്നാണ് തുടക്കം. ഉജ്വല വാഗ്മിയായ ഒബാമ പാര്‍ട്ടി അനുഭാവികളെ വന്‍ തോതില്‍ ആകര്‍ഷിക്കുന്ന നേതാവാണ് ഇപ്പോഴും.