INSIGHTTop News

AMERICA 2020 | ഫലം വൈകാന്‍ ഏറെ സാധ്യത

പി.പി. മാത്യു

നവംബര്‍ മൂന്നിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം നാലിനു പുലര്‍ച്ചെയാണ് നമുക്കു കിട്ടി തുടങ്ങുക. ഏതെങ്കിലും സ്ഥാനാര്‍ഥി സുവ്യക്തമായ ലീഡ് നേടിയാല്‍ രാവിലെ (അതായതു അമേരിക്കയില്‍ മൂന്നിനു രാത്രി) നമുക്കു ഫലം അറിയാം. ഒപ്പത്തിനൊപ്പം നിന്നു പൊരുതുന്ന അവസ്ഥയാണെങ്കില്‍ കുറേക്കൂടി നീണ്ടു പോകാം. എന്നാല്‍ ഇക്കുറി ഫലം പതിവിലേറെ നീണ്ടു പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, കോവിഡ് കാലമായതിനാല്‍ വന്‍ തോതില്‍ തപാല്‍ വോട്ടുകള്‍ വീഴും. അവ എണ്ണി തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണം. രണ്ടു പ്രധാന പാര്‍ട്ടികളും വോട്ടിംഗ് ഏജന്റുമാരെ നിയോഗിക്കാന്‍ തീരുമാനിച്ചത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിനെ കുറിച്ച് അവര്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുമ്പോള്‍ വീണ്ടും എണ്ണേണ്ടി വരാം. തപാല്‍ വോട്ടിങ്ങില്‍ തട്ടിപ്പു നടക്കും എന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാത്രി തന്നെ ഫലം പ്രഖ്യാപിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതു സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും വോട്ടര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ അയച്ചു കൊടുക്കും. തപാല്‍ വോട്ടാണ് മുഖ്യം. മറ്റു 35 സംസ്ഥാനങ്ങള്‍ വോട്ടര്‍മാരുടെ ഇഷ്ടത്തിനു വിടുന്നു. ആറിടത്ത് മെയില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മതിയായ കാരണം കാണിക്കണം. തപാല്‍ വോട്ടുകള്‍ നവംബര്‍ മൂന്നിന് മുന്‍പ് കിട്ടിയാല്‍ മാത്രമേ 28 സംസ്ഥാനങ്ങള്‍ അവ എണ്ണാന്‍ എടുക്കൂ. മറ്റു 22 സംസ്ഥാനങ്ങളും കൊളംബിയയും വൈകി എത്തുന്ന വോട്ടുകളും എണ്ണും. അവയാണ് വോട്ടെണ്ണല്‍ വൈകിക്കാന്‍ സാധ്യതയുള്ളത്. ഈ സംസ്ഥാനങ്ങള്‍ക്ക് എല്ലാം കൂടി 313 വോട്ടുണ്ട് 538 അംഗ ഇലക്ട്റല്‍ കോളജില്‍. അപ്പോള്‍ അവ എണ്ണി തീരാതെ വോട്ടെടുപ്പിന്റെ അന്ന് രാത്രി ഫലം പ്രഖ്യാപിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടാമതായി, തെരഞ്ഞെടുപ്പില്‍ തട്ടിപ്പു നടക്കും എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രറ്റുകളും ഒന്നു പോലെ വിശ്വസിക്കുന്നതു കൊണ്ട് വോട്ടെണ്ണല്‍ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറി കാണുന്നു. കോടതി കയറുന്ന അവസ്ഥ വരെ ഉണ്ടാവാം. വോട്ടെണ്ണല്‍ വൈകിയാല്‍ തട്ടിപ്പു നടക്കും എന്ന് ഇരു പക്ഷവും പറയുന്നുണ്ട്.

Read More: സൈന്യത്തിനു നേരെ പ്രസിഡന്റ് വെടിവച്ചാൽ

ജോര്‍ജ് ബുഷും അല്‍ ഗോറും ഏറ്റുമുട്ടിയ ചരിത്ര പ്രധാനമായ 2000 ലെ തെരഞ്ഞെടുപ്പാണ് സമീപ കാല ചരിത്രത്തിലെ ഉദാഹരണം. ഫ്ളോറിഡ സംസ്ഥാനത്തെ 29 ഇലക്ട്റല്‍ വോട്ടുകള്‍ക്കു വേണ്ടിയുള്ള തര്‍ക്കം ഗോര്‍ സുപ്രീം കോടതിയില്‍ കൊണ്ടുപോയി. ഫ്ളോറിഡയില്‍ തര്‍ക്കമുള്ള ഇടങ്ങളില്‍ വോട്ടെണ്ണല്‍ വീണ്ടും നടക്കുന്നത് ഡിസംബര്‍ 9 നു കോടതി നിര്‍ത്തി വച്ചു. ഡിസംബര്‍ 12 നു ബുഷിനെ വിജയിയായി കോടതി പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ ജനകീയ വോട്ടുകള്‍ കൂടുതല്‍ നേടിയത് ഗോര്‍ ആയിരുന്നു. പക്ഷെ ഇലക്ട്റല്‍ വോട്ടുകളില്‍ ബുഷ് നേട്ടം കൊയ്തു. ഫ്ളോറിഡയിലെ 85% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബുഷിന് ഒരു ലക്ഷം ലീഡ് ഉണ്ടായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ബുഷിനു ഫ്ളോറിഡയിലെ വിജയം നല്‍കിയത്. ഡിസംബര്‍ 12 നു അന്തിമ തീര്‍പ്പു കല്‍പിക്കുമ്പോള്‍ പക്ഷെ സുപ്രീം കോടതി സാങ്കേതികമായ ഒരു വാദം ഉയര്‍ത്തി. പ്രസിഡന്റ് ഉണ്ടാവണം, അത് വൈകാന്‍ പാടില്ല. അമേരിക്കന്‍ ഭരണഘടനയുടെ പ്രത്യേകതയാണത്. നവംബര്‍ ആദ്യ ചൊവാഴ്ച വോട്ടെടുപ്പ്, അടുത്ത ജനുവരി 20 നു സ്ഥാനാരോഹണം എന്നൊരു സമയ പട്ടിക ഉണ്ട്. അത് തിരുത്താന്‍ ആവില്ല. കാരണം, ഈ രണ്ടു തീയതികള്‍ക്കിടയില്‍ പുതിയ ഭരണകൂടത്തിന്റെ ഒരുക്കങ്ങള്‍ നടക്കേണ്ടതുണ്ട്. പ്രസിഡന്റ് കാത്തു സൂക്ഷിക്കുന്ന അമേരിക്കയുടെ രഹസ്യങ്ങളിലേക്കു പുതിയ പ്രസിഡന്റിന് എത്തി നോക്കാന്‍ കഴിയുന്ന ദിനങ്ങള്‍. പുതിയ ഉദ്യോഗസ്ഥരെ പ്രസിഡന്റ് തെരഞ്ഞെടുക്കുന്ന ദിനങ്ങള്‍. ഇതൊക്കെ തെറ്റിയാല്‍ ഭരണകൂടം കീഴ്മേല്‍ മറിയും. അങ്ങിനെ നിരവധി വിഷയങ്ങള്‍ ഉള്ളതു കൊണ്ട് ഫലപ്രഖ്യാപനം അനന്തമായി നീട്ടാനാവില്ല.

Read More: പ്രധാനായുധം ക്രമസമാധാനം

ഈ നിയമവിഷയങ്ങള്‍ നില്‍ക്കുന്നതു കൊണ്ടു തന്നെയുള്ള ഒരു അപകടം ഫലപ്രഖ്യാപനം നീളുന്നത് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപ് തെരഞ്ഞെടുപ്പു തന്നെ അസാധുവാക്കുന്ന നീക്കങ്ങള്‍ നടത്താം എന്നതാണ്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരു ദേശീയ അടിയന്തരാവസ്ഥയ്ക്കു പറ്റിയ സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രസിഡന്റിനു കഴിയും. ഒന്നിനും മടിക്കാത്ത ട്രംപിന് കടുത്ത മനോവൈകല്യമുണ്ടെന്നു വരെ നിരീക്ഷകര്‍ പറഞ്ഞു വച്ചതു ഓര്‍ക്കണം.

Read More: അമേരിക്കൻ പോരാട്ടം അന്തിമ ഘട്ടത്തിലേക്ക്

ഫ്ളോറിഡ ഇക്കുറിയും തര്‍ക്ക സംസ്ഥാനമാവാം എന്ന ചിന്ത നിരീക്ഷകര്‍ക്കുണ്ട്. പോര്‍ക്കളങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ കലിഫോണിയ (55 വോട്ട്), ടെക്‌സാസ് (38) എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്റല്‍ വോട്ട് ഉള്ളത് ഫ്ളോറിഡയ്ക്കാണ്: 29. കലിഫോണിയ ഡെമോക്രറ്റ് കോട്ടയാണ്. ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍ ഫ്ളോറിഡ കിട്ടാതെ, ഒരു നൂറ്റാണ്ടോളമായി ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ജയിച്ചിട്ടില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഡെമോക്രറ്റ് ജോ ബൈഡനും തമ്മില്‍ ഇവിടെ കടുത്ത മത്സരം നടക്കുന്നതായാണ് അഭിപ്രായ സര്‍വേകളില്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ മണ്‍മൗത് യൂണിവേഴ്സിറ്റി നടത്തിയ സര്‍വേയില്‍ അഞ്ചു ശതമാനം ലീഡ് ആണ് ബൈഡനുള്ളത്. പക്ഷെ 4.7% വരെ പിഴവ് സര്‍വേയില്‍ ഉണ്ടാവാം എന്ന് അവര്‍ പറയുന്നുണ്ട്. അപ്പോള്‍ ഒപ്പത്തിനൊപ്പം എന്നേ പറയേണ്ടു. ഡെമോക്രറ്റുകളെ ഇഷ്ടപ്പെടുന്ന ലാറ്റിനമേരിക്കന്‍ ജനതയ്ക്കു നിര്‍ണായക ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് ഫ്ളോറിഡ. പക്ഷെ 2016ല്‍ ട്രംപ് ഫ്ളോറിഡ പിടിച്ചപ്പോള്‍ ലാറ്റിനോകള്‍ ഹിലരി ക്ലിന്റനെ കൈവിട്ടതായാണ് കണ്ടത്. അന്ന് ഹിലാരിക്കുണ്ടായിരുന്ന പിന്തുണ പോലും ഇപ്പോഴില്ല ബൈഡന്. അപ്പോള്‍ ഡെമോക്രറ്റുകള്‍ക്കു ഉറപ്പൊന്നുമില്ല ഫ്ളോറിഡയില്‍.

Read More: അത്ഭുതങ്ങള്‍ ഉണ്ടാകും നവംബര്‍ മൂന്നിന്

പ്രചാരണത്തില്‍ ആലസ്യമുള്ള ബൈഡന്‍ അപകട സൂചന കണ്ടു ഊര്‍ജിതമായ പ്രചാരണത്തിനു ഫ്ളോറിഡയില്‍ ഇറങ്ങണം എന്നു ഡെമോക്രറ്റുകള്‍ ആവശ്യപ്പെട്ടു. ചൊവാഴ്ച്ച അദ്ദേഹം ഫ്ളോറിഡയില്‍ എത്തി. ഫ്ളോറിഡയില്‍ വന്‍ തോതില്‍ കുടിയേറിയിട്ടുള്ള പോര്‍ട്ടോ റിക്കന്‍ സമൂഹത്തെ ലക്ഷ്യമാക്കി, ദരിദ്രമായ ആ അമേരിക്കന്‍ ഭരണ പ്രദേശത്തിനു വമ്പന്‍ വികസന പരിപാടികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ട്രംപ് ആവട്ടെ, 30 ലക്ഷം ജനങ്ങളുള്ള പോര്‍ട്ടോ റിക്ക വിറ്റു കളയണം എന്ന നിലപാട് ആവര്‍ത്തിക്കയാണ് ചെയ്തിട്ടുള്ളത്. അതേ സമയം, 2016 ല്‍ ദേശീയ തലത്തില്‍ 28% ലാറ്റിനോ വോട്ട് നേടിയ ട്രംപ് ഇക്കുറി അത് 40% ആക്കാനാണ് ശ്രമിക്കുന്നത്. ക്യുബയിലും വെനസ്വേലയിലും സോഷ്യലിസ്റ്റ് ഏകാധിപതികളെ പിന്തുണയ്ക്കുന്ന നേതാവാണ് ബൈഡന്‍ എന്ന് റിപ്പബ്ലിക്കന്‍ നേതൃത്വം ആക്ഷേപിക്കുന്നു. ഈ ഏകാധിപതികളില്‍ നിന്ന് പലായനം ചെയ്ത ലാറ്റിനോകളാണ് ഫ്ളോറിഡയിലുള്ള നല്ലൊരു വിഭാഗം. ബൈഡനെ പിന്തുണയ്ക്കാന്‍ ഫ്ളോറിഡയില്‍ പത്തു കോടി ഡോളര്‍ ഇറക്കുമെന്നു പ്രഖ്യാപിച്ചു മാധ്യമ പ്രഭു മൈക്കല്‍ ബ്ലൂംബര്‍ഗ് രംഗത്ത് വന്നിട്ടുണ്ട്. വമ്പിച്ച തോതില്‍ പരസ്യങ്ങള്‍ ഇറക്കി ബൈഡനെ പിന്തുണയ്ക്കാന്‍ ആവും ഈ പണം വിനിയോഗിക്കുക. അസാമാന്യ ഊര്‍ജമാണ് ഈ രംഗപ്രവേശം ബൈഡനു നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഫ്ളോറിഡയും അരിസോണയും മിനസോട്ടയും ഉള്‍പ്പെടെ പിടിച്ചു ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ എത്തും എന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറയുന്നത്. എന്നാല്‍ മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരോലിന എന്നീ സംസ്ഥാനങ്ങള്‍ കൂടി ഉറപ്പാക്കിയാല്‍ മാത്രമേ ട്രംപിന് 270 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടൂ എന്ന് നിരീക്ഷകര്‍ പറയുന്നു. ഈ നാലിടത്തും ബൈഡന്‍ വമ്പിച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.

Read More: പാർട്ടിക്കു തന്നെ ട്രംപിനെ പേടി

കൊറോണവൈറസ് തന്നെയാണ് ഇപ്പോഴും ട്രംപിനു കഷ്ടപ്പാടായി തുടരുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബോബ് വുഡ്വേഡ് നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു വച്ച കാര്യങ്ങള്‍ ട്രംപിനു വിനയായി തുടരുന്നു. തിങ്കളാഴ്ച പോര്‍ക്കള സംസ്ഥാനമായ പെന്‍സില്‍വേനിയയില്‍ നടന്ന ടൗണ്‍ ഹാള്‍ മീറ്റിംഗില്‍, പറഞ്ഞതൊക്കെ നിഷേധിച്ചു തടി തപ്പാന്‍ ശ്രമിക്കയാണ് ട്രംപ് ചെയ്തത്. കൊറോണ ഭീഷണി കുറച്ചു കാട്ടി ജനങ്ങളുടെ ഭീതി കുറയ്ക്കാന്‍ താന്‍ ശ്രമിച്ചു എന്നു വുഡ്വേഡിനോട് പറഞ്ഞ ട്രംപ്, പെന്‍സില്‍വേനിയയില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു: ‘ഇല്ല, ഞാന്‍ ഒന്നും കുറച്ചു കണ്ടില്ല. എടുത്ത നടപടികള്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ഉഷാറിലായിരുന്നു.’ പറഞ്ഞതൊക്കെ ടേപ്പ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച ട്രംപ് അതിനെ ‘മാരകം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കൊറോണ വൈറസ് ഫ്ളുവിനേക്കാള്‍ മാരകമാണെന്നും അത് വായുവിലൂടെ വരും എന്നുമൊക്കെയാണ് ഫെബ്രുവരിയില്‍ വുഡ്വേഡ് ടേപ്പ് ചെയ്ത അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. അത് അറിഞ്ഞിട്ടും പ്രതിരോധ നടപടികള്‍ എടുക്കാന്‍ വൈകി എന്ന ആരോപണമാണ് പ്രസിഡന്റിനെ കുഴയ്ക്കുന്നത്.

Read More: വോട്ടിംഗ് തുടങ്ങി, മേളം മുറുകി

കോവിഡിനുള്ള വാക്സിന്‍ വൈകാതെ വരും എന്ന് ട്രംപ് പെന്‍സില്‍വേനിയയില്‍ ഉറപ്പു പറഞ്ഞു. അതേ സമയം വാക്സിന്‍ ഉണ്ടായാലും ഇല്ലെങ്കിലും കോവിഡ് 19 അപ്രത്യക്ഷമാകും എന്ന് പറയാനും മടിച്ചില്ല. മാസ്‌ക് ധരിക്കാത്തത് എന്ത് കൊണ്ടെന്ന ജനത്തിന്റെ ചോദ്യത്തിന് ട്രംപ് പറഞ്ഞ മറുപടി ‘ചിലപ്പോഴൊക്കെ ധരിക്കാറുണ്ട്’ എന്നാണ്. അത് ഇഷ്ടമല്ലാത്ത കുറേപ്പേര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ 195,000 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു എന്നതാണു കണക്ക്. എന്നാല്‍ മഹാമാരി തീര്‍ത്തും നിയന്ത്രണത്തിലാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. കാലാവസ്ഥാ ശാസ്ത്രത്തെയും ട്രംപ് നിഷേധിക്കുന്നു. ആഗോള മലിനീകരണത്തെ നിയന്ത്രിക്കാന്‍ ഒബാമയുടെ കാലത്തു ഒപ്പു വച്ച കരാര്‍ തന്നെ ട്രംപ് കുട്ടയില്‍ എറിഞ്ഞിട്ടുണ്ട്. കലിഫോണിയയില്‍ ഭീതിയായി ആളിക്കത്തുന്ന കാട്ടു തീയില്‍ നിന്നുള്ള പുക ന്യു യോര്‍ക്ക് വരെ എത്തിയിട്ടും അതങ്ങു പൊയ്‌ക്കൊള്ളും എന്നതാണ് ട്രംപിന്റെ നിലപാട്. അതിന്റെ കാരണം കണ്ടെത്താന്‍ കാലാവസ്ഥാ ശാസ്ത്രത്തെ ആശ്രയിക്കുന്നവരെ ട്രംപ് പുഛിക്കുന്നു.

Read More: അഞ്ഞൂറിന്റെ കരുത്തിൽ നിൽക്കുമോ ബൈഡൻ

കലിഫോണിയ സെനറ്റര്‍ കൂടിയായ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ് പക്ഷെ ചൊവാഴ്ച അവിടെ കാട്ടു തീയുടെ ദുരിതങ്ങള്‍ കണ്ട ശേഷം പറഞ്ഞത് ഇങ്ങിനെയാണ്: ‘രാജ്യത്തിന്റെ നേതൃത്വം കാലാവസ്ഥയില്‍ ഉണ്ടാവുന്ന വമ്പിച്ച മാറ്റങ്ങള്‍ മനസിലാക്കുകയും ഈ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ നടപടി എടുക്കുകയും ആണ് ചെയ്യേണ്ടത്.’ നിരവധി സംസ്ഥാനങ്ങള്‍ ഈ വെല്ലുവിളി നേരിടുന്നുണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ മാറ്റം എന്ന ആശയം തന്നെ ട്രംപ് നിരസിക്കുന്നു. ‘പ്രസിഡന്റ് കാലാവസ്ഥയ്ക്കു തീ കൊളുത്തുകയാണ്’ എന്നു ബൈഡന്‍ ആരോപിക്കുന്നു. കാലാവസ്ഥയോടുള്ള സമീപനം തെരഞ്ഞെടുപ്പില്‍ അപ്രധാന വിഷയമല്ല. മലിനീകരണം ഉണ്ടാക്കുന്ന ഇന്ധനങ്ങള്‍ തുടരട്ടെ എന്നതാണ് ട്രംപിന്റെ നിലപാട്. ബൈഡന്‍ ആവട്ടെ, അമേരിക്കയുടെ ഈ നയം ഉടച്ചു വാര്‍ക്കണം എന്ന നിലപാട് എടുക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close