INDIANEWSTop News

ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം; രാജ്യം എന്നും ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് അമിത് ഷാ. ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് അമിത് ഷാ സന്ദർശിച്ചത്.

ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പർവേസിനെപോലുള്ളവർ സ്വന്തം ജീവൻ വെടിഞ്ഞത്. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നും പ്രവർത്തിക്കുന്നവരാണ് സുരക്ഷാ ഉദ്യോഗസ്ഥർ. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും അമിത് ഷായ്‌ക്കൊപ്പം പർവേസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.

ശ്രീനഗറിൽ സൈന്യത്തിന് സഹായം നൽകുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥർ കൊലചെയ്യപ്പെടുന്നത്. ജൂൺ മാസത്തിലാണ് പർവേസ് കൊല്ലപ്പെട്ടത്. പോലീസിൽ രഹസ്യാന്വേഷണ വിഭാഗത്തിലാണ് പർവേസ് പ്രവർത്തിച്ചിരുന്നത്. ഇസ്ലാംമതത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് ഭീകരർ കൊല്ലുന്നത്. എല്ലാ ആക്രമണങ്ങളിലും അതാത് പ്രദേശത്തെ ഭീകരരാണ് മുഖ്യപങ്കാളികളാകുന്നത്. സെപ്തംബറിൽ അർഷീദ് അഹമ്മദ് മിർ എന്ന പോലീസ് സബ്-ഇൻസ്‌പെക്ടറേയും ഭീകരർ വധിച്ചിരുന്നു. സെപ്തംബറിൽ തന്നെ ഭീകരരുടെ ആക്രണത്തിൽ അർഷിദ് അഷ്‌റഫ് എന്ന പോലീസുദ്യോഗസ്ഥന് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കാശ്മീരിൽ എത്തിയത്. കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം.

ആർട്ടിക്കിൾ 370 ഉം 35 എയും റദ്ദാക്കുകയും 2019 ഓഗസ്റ്റ് 5 ന് കേന്ദ്രം ജമ്മു കശ്മീർ സംസ്ഥാനം വിഭജിക്കുകയും ചെയ്തതിന് ശേഷമുള്ള ഷായുടെ ആദ്യ ജമ്മു കശ്മീർ സന്ദർശനമാണിത്. ജമ്മു കശ്മീരിലേക്കുള്ള അമിത് ഷായുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് മുന്നോടിയായി കശ്മീരിലുടനീളം പ്രത്യേകിച്ച് ശ്രീനഗറിലെ സുരക്ഷ ശക്തമാക്കിയിരുന്നു. പോലീസും കേന്ദ്ര സായുധ പോലീസ് സേനയും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനഗറിലെ വിവിധ പ്രദേശങ്ങളിലും പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രിയുടെ സന്ദർശനവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും സുരക്ഷാ സേന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ പോലീസ് പിടികൂടിയത്.

“അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സന്ദർശനത്തിന് മുന്നോടിയായി സേന അതീവ ജാഗ്രത പുലർത്തുന്നു,” ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള വിവിധ വികസന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതിയും ഷാ അവലോകനം ചെയ്യും. കശ്മീരിലെ പഞ്ചായത്തീരാജ് പ്രതിനിധികളുമായും ചില മുഖ്യധാരാ രാഷ്ട്രീയക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അഞ്ച് കുടിയേറ്റ തൊഴിലാളികളും മൂന്ന് ന്യൂനപക്ഷ സമുദായ അംഗങ്ങളും നാല് പ്രദേശവാസികളും അടക്കം 12 സാധാരണക്കാരാണ് ഈ മാസം ഇതുവരെ താഴ്വരയിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ കൊലപാതകം താഴ്‌വരയിൽ നിന്ന് തദ്ദേശീയരായ തൊഴിലാളികളല്ലാത്തവരുടെ പലായനത്തിലേക്ക് നയിച്ചു. താഴ്വരയിലെയും മറ്റും സാഹചര്യങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും.

“തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്‌നൈപ്പർമാരെയും ഷാർപ്പ് ഷൂട്ടർമാരെയും വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങൾ പരിശോധിക്കുന്നു, കാൽനടയാത്രക്കാരെ പരിശോധിക്കുന്നു. ഇത് പൊതുജനങ്ങളെ ശല്യപ്പെടുത്താനല്ല, മറിച്ച് അവരുടെ സുരക്ഷയ്ക്ക് കൂടിയാണ്,” ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദികളുടെ തുടർ ആക്രമണങ്ങൾ തടയുന്നതിനായി ലാൽ ചൗക്ക് – നഗരമധ്യത്തിന് പുറമെ ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ പോലീസും സിആർപിഎഫും സംയുക്തമായി “വിമാന നിരീക്ഷണ കവർ” ഒരുക്കിയിട്ടുണ്ട്.

അതേസമയം, ശ്രീനഗറിലെ പ്രശസ്തമായ ബൊളിവാർഡ് റോഡ് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കും. ഒക്ടോബർ 23 മുതൽ 25 വരെ വിവിഐപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബദ്യാരി മുതൽ നിഷാത്, ഗുപ്കർ വരെയുള്ള ബൊലേവാർഡ് റോഡ് അടച്ചിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close