Breaking NewsINSIGHTMoviesNEWSTrending

മലയാള സിനിമാ താരങ്ങൾക്ക് കരുതലായ അമ്മ; മലയാളികൾക്കാകെ കൈത്താങ്ങായ അമ്മ; താരസംഘടനക്ക് ഇന്ന് പൊതുയോ​ഗവും തെരഞ്ഞെടുപ്പും

അഭ്രപാളിയിലെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന താരങ്ങളിൽ പലരുടെയും ജീവിതത്തിന് നാം കണ്ട ശോഭയോ പ്രൗഢിയോ ഉണ്ടായിരുന്നില്ല. ചുരുക്കം ചില നടീനടന്മാർ ഒഴികെയുള്ളവർ ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിരുന്നു. ജീവിത സായന്തനങ്ങളിൽ പലർക്കും അനാഥലയങ്ങളിൽ അഭയം തേടേണ്ടി വന്നു.. അപ്പോഴും ഒപ്പം അഭിനയിച്ച പലരും വെള്ളിത്തിരയിലെ ശുക്രനക്ഷത്രങ്ങളെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആ തിളക്കം ഇല്ലെങ്കിലും ശോഭ കെട്ടുപോകാതെ എല്ലാ സിനിമാ താരങ്ങളെയും ഒരുമിച്ച് നിർത്താൻ 1994ൽ ഒരു കൂട്ടായ്മ രൂപം കൊണ്ടു – അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് അഥവാ അമ്മ. ഇന്ന് മലയാളത്തിലെ താരസംഘടനയുടെ ജനറൽബോഡി യോ​ഗമാണ്. കൊച്ചിയിലെ മരടിലുള്ള ഹോട്ടൽ ക്രോൺ പ്ലാസയിലാണ് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ യോ​ഗം ചേരുന്നത്. 2021- 2024ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്ന് തന്നെയാണ്. വീറും വാശിയുമേറിയ ഒരു തെരഞ്ഞെടുപ്പ് ​ഗോദയിലാണ് ഇന്ന് താരസംഘടന. മലയാള സിനിമാ താരങ്ങൾക്ക് താങ്ങും തണലുമായ അമ്മയെ കുറിച്ച് ആദ്യം അറിയാം..

503 അം​ഗങ്ങളാണ് അമ്മയിൽ നിലവിലുള്ളത്. ഇതിൽ 262 പുരുഷന്മാരും 241 സ്ത്രീകളുമാണുള്ളത്. 127 ഹോണററി അം​ഗങ്ങളും 376 ആജീവനാന്ത അം​ഗങ്ങളുമുള്ള സംഘടന തിരുവതാംകൂർ കൊച്ചി സംഘത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ 27 വർഷമായി മലയാള സിനിമയുടെ തന്നെ അമ്മയായി നിലനിൽക്കുന്നു.

1995 മുതൽ 10 പേർക്ക് 1000 രൂപയിൽനിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി 127 പേർക്ക് മാസംതോറും 5000 രൂപ വീതം ജീവിതാവസാനം വരെ നൽകുന്നതിലേക്കു എത്തിനിൽക്കുകയാണ്. കഴിഞ്ഞ പൊതുയോഗസമയത്ത് 140 അംഗങ്ങൾക്കാണ് കൈനീട്ടം നൽകിവന്നിരുന്നത് 13 പേർ ഈ കാലയളവിൽ മരണപ്പെട്ടു. ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകൾ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവർത്തകർക്കും വളരെ മുതിർന്നവർക്കും പ്രവേശന ഫീസ് പൂർണ്ണമായും ഒഴിവാക്കി അമ്മയിൽ ഹോണററി അംഗത്വം നൽകുന്നതിനോടെം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു. 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് (പ്രധാനപ്പെട്ട ഇന്ത്യയിലെ ആശുപതികളിൽ ക്യാഷ്ലെസ് സംവിധാനം) പദ്ധതി വർഷങ്ങളായി നടപ്പിൽ വന്നിട്ട്.

ഇതിനു പുറമേ, 12 ലക്ഷം രൂപയുടെ അപകട – മരണ ഇൻഷുറൻസും സംഘടന നൽകുന്നുണ്ട്. കൂടാതെ, അപകടത്തിൽപ്പെട്ട് വിശ്രമകാലയളവിൽ ആഴ്ചതോറും 2000 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽനിന്നും സാമ്പത്തിക സഹായം നൽകുന്നു. ഇപ്പോൾ കൊറോണ സംബന്ധമായ ചികിത്സയും ഇതിന്റെ പരിധിയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രിമിയം പൂർണ്ണമായും അമ്മയാണ് വർഷങ്ങളായി അടച്ചുകൊണ്ടിരിക്കുന്നത്. കാൻസർ, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള തുടർ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് ഇതിനകം രൂപം നൽകി കഴ്ഞ്ഞു. സിനിമാ മേഖലയിലെ മറ്റു അസോസിയേഷനിൽ ഉള്ളവർക്കും സാങ്കേതിക പ്രവർത്തകർക്കും ഇതര മേഖലയിൽ ഉള്ളവർക്കും അവരുടെ അപേക്ഷപ്രകാരം സമയാസമയങ്ങളിൽ അമ്മ ചികിത്സാ സഹായം ചെയ്തു വരുന്നു.

പ്രകൃതി ദുരന്ത സാഹചര്യങ്ങൾ വന്നപ്പോൾ എല്ലാം, സർക്കാരിനോടൊപ്പം കൈകോർത്തു അമ്മ ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, നടത്തിക്കുകയും ഒപ്പം അമ്മയുടെ നീക്കിയിരിപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള സർക്കാരുകളെ സഹായിക്കേണ്ട സന്നി​ഗ്ധ ഘട്ടങ്ങളിൽ അമ്മ എപ്പോഴും കൂടെ നിന്നിട്ടുണ്ട്. കാർഗിൽ യുദ്ധം, ലാത്തൂരിൽ ഭൂമികുലുക്കം ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണവേള എന്നവയെല്ലാം ഇതിൽ ചിലതുമാത്രം. സദുദ്ദേശപരമായതും സമൂഹത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുമായ സർക്കാർ പരസ്യങ്ങളിൽ ആവശ്യപ്പെടുന്ന അമ്മ അംഗങ്ങളെല്ലാം വേതനം ഒന്നും വാങ്ങാതെ സഹകരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ പ്രകൃതിക്ഷോഭഘട്ടത്തിൽ 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകിയിരുന്നു. കുറേയേറെ അംഗങ്ങൾ വ്യക്തിപരമായി അകമഴിഞ്ഞ് ഈ കാലഘട്ടത്തിൽ സർക്കാരിനെ സഹായിച്ചു. കുറെയേറെ കൂട്ടായ്മകൾക്ക് അംഗങ്ങൾ നേതൃത്വം നൽകുകയും കേരളത്തിൽ ഉടനീളമുള്ള സഹായ പ്രവർത്തികൾക്ക് കേരള ജനതയോടൊപ്പം നിൽക്കാനും അമ്മയിലെ പ്രവർത്തകർ ശ്രദ്ധിച്ചത് കേരളം കണ്ടതാണ്. ഇതര ഭാഷയിലെ സിനിമ സംഘടനകളുടെയും സഹപ്രവർത്തകരുടെയും സഹായങ്ങൾ മലയാളികൾക്ക് എത്തിക്കുവാനും താരസംഘടന ശ്രമിച്ചിരുന്നു. അതും വലിയ വിജയമായിരുന്നു.

നവകേരള നിർമ്മിതിക്കായി ഏഷ്യാനെറ്റ് ടിവിയുമായി ചേർന്ന് അമ്മ അംഗങ്ങൾ അബുദാബിയിൽ വച്ച് ഒന്നാണ് നമ്മൾ എന്ന വിജയകരമായ ഒരു ഷോ സംഘടിപ്പിച്ചിരുന്നു. ഈ ഷോയിൽ നിന്ന് മാത്രം അഞ്ചുകോടി രൂപയിലധികം സർക്കാരിന് ലഭിച്ചു. മലയാള സിനിമയിലെ പരേതനായ പ്രധാനപ്പെട്ട ഒരു നടന്റെ രണ്ടു കുട്ടികളുടെ വിദ്യാഭാസ ചിലവ് വർഷങ്ങളായി വഹിക്കുന്നത് അമ്മയാണ്. മരണാനന്തരം അംഗങ്ങളുടെ മക്കൾ വിദ്യാഭാസം തുടരുന്നുണ്ടെങ്കിൽ ഒരു ലക്ഷം രൂപ ആവശ്യ സാമ്പത്തിക സഹായം നൽകി സഹായിക്കുന്നു. വിദ്യാഭാസ രംഗത്ത് ഓൺലൈൻ നിലവിൽ വന്നപ്പോൾ അമ്മയിൽനിന്നും രണ്ട് ഘട്ടങ്ങളായി അർഹമായവരെ കണ്ടെത്തി കേരളത്തിൽ ഉടനീളം പഠനസഹായത്തിനായുള്ള ടാബുകൾ നൽകിയതും കേരളം അത്ഭുതത്തോടെയാണ് കണ്ടത്. താരങ്ങളിൽ നിന്നും നേരിട്ടാണ് നിരവധി കുരുന്നുകൾ അന്ന് ടാബുകളും സ്മാർട്ട് ഫോണുകളും ഏറ്റുവാങ്ങിയത്.

കോവിഡ് കാലയളവിൽ ആകെ തകർന്നടിഞ്ഞ സിനിമാ വ്യവസായത്തിൽ അമ്മയുടെ അംഗങ്ങളിൽ വലിയൊരു വിഭാഗം സാമ്പത്തിക ഞെരുക്കം അനുഭവിച്ചപ്പോൾ, സാന്ത്വന സ്പർശം എന്ന പേരിൽ സഹായഹസ്തവുമായി അമ്മയെത്തി. ലോക്ഡൗൺ നീണ്ടുപോയതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി അമ്മയോടൊപ്പം എന്ന പദ്ധതിയും 2021ലെ ഓണത്തിന് ഓണം അമ്മയോടൊപ്പം എന്ന പദ്ധതിയിലൂടെ ആവശ്യപ്പെട്ട എല്ലാ അംഗങ്ങൾക്കും ഉപ്പുതൊട്ടു കർപൂരം വരെയുള്ള ഓണക്കിറ്റ് നൽകിയും അമ്മ കരുണാമയിയായി.

കേരളത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കിട്ടാതിരുന്ന കാലയളവിൽ അമ്മ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സഹയാത്രികർക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഓഫീസിനോടു ചേർന്നുള്ള റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും പരിസരവാസികൾക്കും സൗജന്യമായി വാക്സിനേഷൻ ഡ്രൈവ് നടത്തിയും താരസംഘടന മാതൃകയായി.

കേരളം ശ്രദ്ധിച്ച മറ്റൊരു പദ്ധതിയായിരുന്നു അമ്മ വീട്. ഈ പദ്ധതിയിലൂടെ സമൂഹത്തിലെ നിർധനരായവർക്ക് 5 ലക്ഷം രൂപയുടെ വീടുകളാണ് നിർമ്മിച്ച് നൽകിയത്. കേരളത്തിന്റെ വിവിധയിടങ്ങളിൽ 8 അമ്മ വീടുകൾ പൂർത്തീകരിച്ചു. താക്കോൽദാനം നിർവ്വഹിച്ചു കഴിഞ്ഞു. രണ്ടു വീടുകൾ പണി പൂർത്തിയായി വരുന്നു. അവശത അനുഭവിക്കുന്ന സമൂഹത്തിന് ചെയ്തുകൊടുക്കാവുന്ന ഏറ്റവും വലിയ ഒരു പുണ്യപ്രവൃത്തിയാണ് അമ്മ വീട് എന്ന് കേരള സമൂഹം ഒന്നടങ്കം സമ്മതിക്കുന്നു. മാധ്യമം പത്രവുമായി ചേർന്ന് താരസംഘടന നടപ്പിലാക്കിയ അക്ഷരവീട് കേരളമാകെ ചർച്ചയായ ഒരു പദ്ധതിയാണ്. മലയാള അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത്, വിവിധ മഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും എന്നാൽ കയറികിടക്കുവാൻ ഒരു കൂരപേലും ഇല്ലാത്ത 51 പേരെ തിരഞ്ഞെടുത്ത് വീടുനിർമ്മിച്ച് നൽകുന്ന പദ്ധതിയാണ് അക്ഷരവീട്.

ചിലർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് ഭൂമി വിലക്കു വാങ്ങി വീടുവെച്ച് കൊടുക്കുക പോലുമുണ്ടായി. ഇത്തരത്തിൽ പണി പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽദാനം കഴിഞ്ഞു. അഞ്ച് വീടുകളുടെ പണി ഏതാണ്ട് പൂർത്തിയായി. അടുത്ത അഞ്ച് വീടുകളുടെ പണി തുടങ്ങാൻ പോകുന്നു. പദ്മശ്രീ ജി ശങ്കറിന്റെ രൂപ കല്പനയിൽ ആണ് ഈ ഭവനങ്ങൾ ഒരുങ്ങുന്നത്.

തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിത്സ നൽകുന്ന തെരുവോരം മുരുകന് ആധുനിക സൗകര്യത്തോടുകൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകിയതും താരസംഘടനയാണ് ലോക്ഡൗൺ കാലയളവിൽ തെരുവുകളിൽ ഭക്ഷണം എത്തിച്ചു നൽകാനും സർക്കാരിന്റെയും ഇതര ആരോഗ്യ സംഘടനകളുടെയും നിർദ്ദേശപ്രകാരം വിവിധ ജില്ലകളിൽ ഒരു ടീം തന്നെ ഈ ആംബുലൻസുമായി പ്രവർത്തിക്കുകയുണ്ടായി. അമ്മ പുതുതായി കൊച്ചിയിൽ വാങ്ങിയ ആസ്ഥാന മന്ദിരത്തിൽ ഒരു നില പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. കാലഘട്ടത്തിനു അനുയോജ്യമായ ഏറ്റവും നല്ലൊരു പ്രവർത്തി ഇവിടെ ഉടൻ ആരംഭിക്കും എന്നാണ് ഭാരവാഹികൾ പറയുന്നത്.

തീപാറും മത്സരച്ചൂട്

അമ്മയുടെ ചരിത്രത്തിൽ ഇന്നുവരെയുണ്ടാകാത്ത ആവേശത്തോടെയാണ് ഇക്കുറി മത്സരം നടക്കുന്നത്. മോഹൻലാലും ഇടവേള ബാബുവും ജയസൂര്യയും സിദ്ദിഖും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഇനി രണ്ട് വൈസ് പ്രസിഡന്റുമാരേയും 11 എക്‌സിക്യൂട്ടീവ് അംഗങ്ങളെയുമാണ് തെരഞ്ഞെടുക്കേണ്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെ മണിയൻപിള്ള രാജു മത്സരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പിലെ ചൂട് കൂട്ടുന്നത്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്.

ജനറൽ ബോഡി യോഗം നടക്കുന്ന ക്രൗൺപ്ലാസ ഹോട്ടലിൽ 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. തുടർച്ചയായി രണ്ടാംവട്ടമാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റായി മത്സരിക്കാൻ മുകേഷും ജഗദീഷും പത്രിക നൽകിയിരുന്നു. ഇവർ രണ്ടു പേരും പത്രിക പിൻവലിച്ചു. മുകേഷ് മത്സരിക്കുന്നതു കൊണ്ടാണ് താൻ പത്രിക നൽകിയതെന്നായിരുന്നു ജഗദീഷും മണിയൻപിള്ളയും തുടക്കത്തിൽ പറഞ്ഞിരുന്നത്. മുകേഷ് പിൻവലിച്ചതോടെ ജഗദീഷ് പിന്മാറി. എന്നാൽ മണിയൻപിള്ള മത്സര രംഗത്ത് തുടരുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close