KERALANEWS

വീട് തന്നെ ആർട് ഗാലറിയാക്കി ഒരു ചിത്രകാരൻ; ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കാനുള്ള പരിശ്രമത്തിൽ സ്മൃതി ബിജു

പത്തനംതിട്ട: ഓരോ മനുഷ്യരും ഓരോ മേഖലയിലും കഴിവുള്ളവരായിരിക്കും. പലരുടെയും ശേഷിയും പ്രാപ്തിയുമെല്ലാം കണ്ട് ജന്മസിദ്ധമായ കഴിവുകൾ എന്ന് പോലും നാം വിശേഷിപ്പിക്കാറുമുണ്ട്. അത്തരത്തിൽ ചിത്ര രചനയിൽ തന്റെ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ് വെട്ടൂർ പേഴുംകാട്ടിൽ വീട്ടിൽ സ്മൃതി ബിജു എന്ന പി.ജി.ജോണിക്കുട്ടിയുടേത്. ബിജുവിന്റെ വീട് ഇന്നൊരു ആർട് ഗാലറി തന്നെ ആണെന്ന് പറയാം.

കുമ്പഴ- അട്ടച്ചാക്കൽ- കോന്നി റൂട്ടിൽ വെട്ടൂർ ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ ഉദയംകൊള്ളുന്ന ഓരോ ചിത്രങ്ങളിലും ജീവനും ജീവിതവും കാണാം. സർവകലാശാല ക്യാംപസുകൾ, അറബിക്കൊട്ടാരങ്ങൾ, പള്ളിമേടകൾ എന്നിവയ്ക്കും ബിജുവിന്റെ ചിത്രങ്ങൾ കൂടുതൽ മോടി കൂട്ടുന്നു. ഓരോ യാത്രകളിലും മനസ്സിൽ പതിയുന്ന കാഴ്ചകൾ പിന്നീട് ക്യാൻവാസിൽ പകർത്തും.

വയനാട് ആദിവാസി ഊരിലെ കുടിലിനു മുൻപിൽ ഇരിക്കുന്ന മുത്തശ്ശിയുടെ ചിത്രം ബിജുവിന് 2016ലെ ആർട്സ് മെൻസ്ട്രോ രാജ്യാന്തര പുരസ്കാരം നേടിക്കൊടുത്തു. 11 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരം ചിത്രങ്ങളിൽ നിന്നാണ് അവാർഡിനു തിരഞ്ഞെടുത്തത്. 2019ൽ സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡും ലഭിച്ചു. 75 വയസ്സിൽ അധികമുള്ള അമ്മൂമ്മ നടത്തുന്ന ‘നാട്ടിൻ പുറത്തെ ചായക്കട ’ എന്ന ചിത്രത്തിലും ജീവൻ സ്ഫുരിക്കുന്നത് കാണാം. യാത്രയിൽ വാഴമുട്ടത്തെ ഒരു കടയിൽ ചായ കുടിക്കാൻ മനസ്സിൽ പതിഞ്ഞ ചിത്രമാണത്.

2018ലെ മഹാപ്രളയത്തിൽ രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികളുടെ കഥപറയുന്ന ചിത്രത്തിൽ കൈകൾ മാത്രമാണുള്ളത്. ഡൽഹി ക്രൈസ്റ്റ് സർവകലാശാല ഓഡിറ്റോറിയം, പുണെ സർവകലാശാല ക്യാംപസ് എന്നിവിടങ്ങളിൽ ബിജുവിന്റെ ചിത്രങ്ങളുണ്ട്. മസ്കത്ത് യാക്കോബായ പള്ളിയുടെ ചുവരുകളെയും ബിജുവിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചു .

ഇത്തവണ സ്വാതന്ത്ര്യ ദിനത്തിന്റെ മുന്നോടിയായി 13 ഇനം പയർ വർഗങ്ങളിലൂടെ വലിയ കാൻവാസിൽ രാഷ്ട്ര പിതാവിന്റെ ചിത്രം വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് എന്നിവയിൽ സ്ഥാനം പിടിച്ചു. ലോക്ഡൗൺ കാലത്ത് നിറക്കൂട്ടുകൾക്കു ക്ഷാമം നേരിട്ടപ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന വിവിധതരം കറിക്കൂട്ടുകളും കാപ്പിപ്പൊടിയും ഉപയോഗിച്ച പ്രധാനമന്ത്രിയുടെ ചിത്രം വരച്ചു.

പച്ചക്കറിയിൽ നിന്നുള്ള ചായക്കൂട്ട് കൊണ്ട് ‌ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചിത്രം വരച്ചു നൽകി. പന്തളം തൃക്കാർത്തിക സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ചിത്രരചന പഠിച്ചത്. കുമ്പഴ മൗണ്ട് ബഥനി സ്കൂൾ, ളാക്കൂർ ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും നീളം കൂടിയ ചിത്രരചനയിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close