
ആനന്ദ് കണ്ണശ
കേരളത്തിലെ സ്ത്രീപക്ഷ വാദികൾ തങ്ങളുടെ വസ്ത്രത്തിന്റെ ഇറക്കവും സുതാര്യതയും തങ്ങളുടെ സ്വാതന്ത്ര്യമാണ് എന്ന വാദം ഉയർത്തുമ്പോൾ കാണാൻ കഴിയുന്നത് അപരിഷ്കൃത ഭൂതകാലത്തേക്ക് ഈ നാടിനെ നയിക്കാനുള്ള വ്യഗ്രതയാണ്. നിരവധി സമരങ്ങളിലൂടെയും സംഘർഷസമാനമായ സാഹചര്യങ്ങളിലൂടെയുമാണ് ഈ നാട്ടിലെ പെണ്ണിന് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്. പെണ്ണിന്റെ ഭംഗി ആസ്വദിക്കാൻ ജന്മിമാരും പ്രമാണിമാരും മത്സരിച്ച ഒരു കാലമുണ്ടായിരുന്നു ഈ നാടിന്. മാനക്കേടും നാണക്കേടും മാത്രം സ്വന്തമായുണ്ടായിരുന്ന, അടിയാത്തി പെണ്ണുങ്ങൾക്ക് കണ്ണീരൊഴിഞ്ഞ കാലമുണ്ടായിരുന്നില്ല. അക്കാലം കഴിഞ്ഞ് അച്ചീചരിതങ്ങളുടെ കാലത്തിലേക്ക് കടക്കുമ്പോൾ തമ്പുരാക്കന്മാരുടെയും പ്രമാണിമാരുടെയും ഇഷ്ടക്കാരികളാകുന്നത് അഭിമാനമായി തുറന്നു പറഞ്ഞ ഒരു സ്ത്രീ സമൂഹത്തെയും നമുക്ക് ചരിത്രത്തിൽ വിസ്മരിക്കാൻ കഴിയാത്ത ഒന്നാണ്.
കുലസ്ത്രീകളെപ്പോലെ മുണ്ടും നേര്യതുമുടുത്ത് ഓലക്കുട കൊണ്ട് മുഖം മറച്ചും, ഉച്ചി മുതൽ ഉപ്പൂറ്റി വരെയുള്ള ഭാഗം പറുദയും ഹിജാബുമണിഞ്ഞും അന്യപുരുഷന്റെ ദർശനമൊഴിവാക്കിയും ജീവിച്ചുതീർക്കണമെന്ന് ആരും ആവശ്യപ്പെടുന്നുമില്ല. ആദ്യകാല ബ്ലാക്ക് ആൻഡ് വൈറ്റ്, ഈസ്റ്റ് മാൻ കളർ സിനിമകളിലെ നായികമാരായ ഷീലയും ജയഭാരതിയും ശ്രീലതയുമൊക്കെ ആംഗ്ലിക്കൽ ശൈലിയിൽ മുട്ടിനുമുകളിൽ വളരെയിരക്കം കുറഞ്ഞ പാവാട ധരിച്ച് അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ടും അക്കാലത്തെ പെണ്ണുങ്ങൾ ആ വസ്ത്ര ധാരണ രീതി സാധാരണ ജീവിതത്തിലേക്ക് പകർത്തിയില്ല. എന്നാൽ തുടർന്ൻ നമ്മുടെ പെണ്ണുങ്ങളുടെ വസ്ത്രധാരണത്തിൽ കാതലായ മാറ്റങ്ങൾ വന്നു.
ദാവണിയും, ഫുൾ പാവാടയും, ജാക്കറ്റും , സാരിയും എത്തി. അന്യദേശത്തുനിന്നും ജീൻസും ടി-ഷർട്ടും എത്തി. അതുവരെ കാര്യങ്ങൾ ഓക്കേ.. ഇന്നീ പെൺപിള്ളേർക്ക് എന്തുപറ്റിയെന്നറിയില്ല. ചുരിദാർ ധരിക്കുമ്പോൾ മാറുമറച്ചിരുന്ന ഷാൾ ആദ്യം ഇരുതോളുകളിലും ഉറപ്പിച്ചിരുന്നെങ്കിൽ, അത് മാറി ഒരു തോളിലും, പിന്നെ അത് അപ്രത്യക്ഷവുമായി. ടോപ്പിൽ രണ്ടു ഭാഗത്തുമായി ഉണ്ടായിരുന്ന സ്ലിറ്റുളുടെ നീളം കൂടി അരയ്ക്കു മുകളിൽ എത്തി നിൽക്കുന്നു. ഇരുപതിനും മുപ്പതിനും മദ്ധ്യേ പ്രായമുള്ള യുവതികളും ബാലികാഭാവത്തിൽ തുടഭാഗം കീറിയ ജീൻസും, നിക്കറും, ഇറുകിയ ടി-ഷർട്ടുകളും ധരിച്ച് നിരത്തിൽ യഥേഷ്ടം സഞ്ചരിക്കാൻ തുടങ്ങി. അതിനെ അടക്കത്തിൽ വിമർശിച്ച സ്ത്രം ധരിക്കാത്ത തങ്ങളല്ല, അതു കാണുമ്പോൾ കാമം ഉണരുന്ന പുരുഷന്റെ മനസിനാണ് പ്രശ്നം എന്നാണ് ഫെമിനിസ്റ്റുകളുടെ മറുപടി.
ഇനി ഞങ്ങൾ, ഞങ്ങളുടെ ഇഷ്ടം, ഞങ്ങളുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഈ വിഷയത്തെ ലഘൂകരിക്കാം എന്ന് കരുതിയാൽ അവിടെയും കാര്യങ്ങൾ തെറ്റും. കാരണം, തുടക്കമിടുന്നത് ഒരു കെട്ടകാലത്തെ സംസ്കാരത്തെ തിരികെ കൊണ്ടുവരാനാണ്. നിങ്ങൾ അൽപവസ്ത്രരായി നടന്നാൽ, അത് കേരളത്തിലെ സ്ത്രീകളുടെ വസ്ത്രമായി പരിണമിക്കും. ഇപ്പോൾ തന്നെ പീഡനം നിത്യസംഭവമായ നാട്ടിൽ ലൈംഗിക അരാജകത്വം തിരിച്ചുവരില്ലേ?. സോഷ്യൽ മീഡിയ-ചലച്ചിത്ര നായികമാരുടെ വസ്ത്രധാരണം സാധാരണ കുലീന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ചേർന്നതാണോ?. അവർ ചലച്ചിത്ര-സോഷ്യൽ മീഡിയകളിൽ താരങ്ങളാകാനായി ക്യാമറയ്ക്കു മുന്നിൽ മാത്രം ധരിക്കുന്ന വസ്ത്ര ഡിസൈനുകളുടെ അന്ധമായ അനുകരണങ്ങൾ പാശ്ചാത്യലോകത്തെ വസ്ത്രധാരണമെന്നപോലെ സംസ്കാരത്തെയും ഈ കൊച്ചു കേരളത്തിലെത്തിക്കുമെന്ന് ഒരൽപം പഴഞ്ചൻ ചിന്താഗതിക്കാർക്ക് തോന്നിയാൽ അവരെ കുറ്റം പറയാനാകുമോ?. കലികാലവൈഭവം.. നമുക്ക് മൂക്കത്ത് വിരൽ വയ്ക്കാം..
ഇതു പറഞ്ഞതിന് എന്നെ കൊല്ലരുതേ....🙏