‘ഇതിന്റെയെല്ലാം പിന്നിൽ എന്റെ കൂടെ പഠിച്ച യുവതി’; പരാതി നൽകിയവരെ ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ടോ എന്നുപോലുമറിയില്ലെന്നും അനീസ് അൻസാരി; മേക്കപ്പിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റിന് പറയാനുള്ളത് ഇങ്ങനെ..

കൊച്ചി: മേക്കപ്പിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അനീസ് അൻസാരി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേക്കപ്പ് ആർട്ടിസ്റ്റാ അനീസ് അൻസാരി പറഞ്ഞു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എത്തിയപ്പോളായിരുന്നു അനീസിന്റെ പ്രതികരണം. തനിക്കെതിരേ ഇൻസ്റ്റഗ്രാം വഴി ക്യാമ്പയിൻ നടത്തുകയായിരുന്നുവെന്നും അനീസ് അൻസാരി ചൂണ്ടിക്കാട്ടി.
‘എട്ടു വർഷത്തിനിടെ മൂവായിരത്തിലേറെ പേർക്ക് ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവർക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇൻസ്റ്റഗ്രാം വഴി ഒരു ക്യാമ്പയിൻ നടത്തുകയായിരുന്നു. ഇതിന്റെ പിന്നിൽ വർഷങ്ങൾക്ക് മുമ്പ് എന്റെ കൂടെ വന്ന് പഠിച്ച ഒരു യുവതിയാണ്. അവരാണ് ക്യാമ്പയിൻ നടത്തിയത്. എനിക്കെതിരേ പരാതി നൽകിയവർ ആരാണെന്ന് പോലും എനിക്കറിയില്ല. അവരെ ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയില്ല’- അനീസ് അൻസാരി പറഞ്ഞു.
വിവാഹ മേക്കപ്പിനിടെ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ആരോപണങ്ങൾ ഗൗരവതരമാണെങ്കിലും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് നാലുകേസുകളിൽ മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്താൽ ഓരോ കേസിലും ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം നൽകണം. ഏപ്രിൽ 27 മുതൽ 30 വരെയുള്ള തീയതികളിൽ രാവിലെ ഒമ്പതു മണിക്ക് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. പാസ്പോർട്ട് ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം.പരാതിക്കാരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. അന്വേഷണത്തിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകൾ.
വിവാഹമേക്കപ്പിനിടെ കടന്നുപിടിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്തെന്നും ആരോപിച്ച് ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ് അനീസിനെതിരേ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഈ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതൽ യുവതികൾ ഇയാൾക്കെതിരേ പരാതി നൽകുകയായിരുന്നു. മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതിക്കാരുടെയെല്ലാം ആരോപണം.
വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അനീസ് അൻസാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാൽ പരാതി നൽകാൻ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു.
എന്റെ വിവാഹം നടന്നത് 2015 ഏപ്രിൽ 25നാണ്. ട്രയൽ മേക്കപ്പിനായി അനീസ് അൻസാരിയുടെ സ്റ്റുഡിയോയിൽ പോയി. അന്ന് എല്ലാം നന്നായി തീർന്നു. എന്നാൽ വിവാഹ ദിവസം എനിക്ക് സാരിയും ബ്ലൗസും അണിയാൻ സഹായികളെ അയൾ ചുമതലപ്പെടുത്തി. അതിന് ശേഷം മെയ്ക്കപ്പ് ചെയ്യാനായി റൂമിലേക്ക് കൈാണ്ടു പോയി. സ്തനങ്ങൾക്കിടയിലുള്ള ഭാഗത്ത് മെയ്ക്കപ്പ് ചെയ്യുന്നതിനിടെ അയാൾ എന്റെ സ്തനങ്ങളിൽ അമർത്തി. അതിന് ശേഷം പിടിച്ച് മുന്നോട്ട് വലിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് അയാൾ ചെയ്തു.
അതിന് ശേഷം മെയ്ക്കപ്പ് അവസാനിച്ചു എന്ന് പറയുകയും ചെയ്തു. അതിന് ശേഷം ചെവിയിൽ പറഞ്ഞ രഹസ്യവും ഞെട്ടിച്ചു. ടവൽ മാറ്റിയാൽ വയറിലും മെയ്ക്കപ്പ് ചെയ്തു തരാമെന്നായിരുന്നു അയാൾ പറഞ്ഞത്. അപ്പോൾ ഒരണ്ണം കൊടുക്കണമെന്ന് മനസ്സു പറഞ്ഞു. പക്ഷേ ചെയ്തില്ല. അടി കൊടുത്താൽ അയാൾ മെയ്ക്കപ്പ് പൂർത്തിയാക്കാതെ പ്രശ്നമുണ്ടാക്കി വിവാഹം അലങ്കോലപ്പെടുമോ എന്നതായിരുന്നു ഭയം. 31,000 രൂപയാണ് മെയ്ക്കപ്പിന് വേണ്ടി അയാൾക്ക് നൽകിയത്. ഫോണിലൂടെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാം. മെയിലിലൂടെ അത് വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. ഓസ്ട്രേലിയയിലാണ് താനുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.
യുവതി കമ്മീഷണർക്കാണ് പരാതി നൽകിയത്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നുകാട്ടിയാണ് പരാതി. ഒരാഴ്ചമുമ്പ് യുവതികൾ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഒരു വിവാഹ മേക്കപ്പിനായി വാങ്ങുന്നത് അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം വരെയാണ്. സിനിമാ താരങ്ങളുടെ മേക്കപ്പ് ജോലികൾ ചെയ്ത് പ്രസിദ്ധനായ ഇയാൾ മുൻപ് പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ മേക്കപ്പ് മാനായിരുന്നു. ചാനൽ ബന്ധം ഉപയോഗിച്ച് താരങ്ങളുടെ മേക്കപ്പ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രസിദ്ധി നേടുകയും പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങുകയുമായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് ഇയാൾ കൂടുതലും കസ്റ്റമേഴ്സിന് സമ്പാദിച്ചത്.