KERALANEWS

ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ തട്ടിക്കൊണ്ടു പോയെന്ന വാദം അംഗീകരിക്കാനാവില്ല; ഗൂഢാലോചന തെളിയിക്കാനായില്ല; ഐഎസ്ആർഒ ചാരക്കേസിൽ സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ഗൂഢാലോചന തെളിയിക്കാനാവാതെ സിബിഐ. ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിലയിരുത്തി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ സിബിഐ പ്രതിചേർത്ത സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. 60 ദിവസത്തേക്കാണ് മുൻകൂർ ജാമ്യം. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചു.

ജെയിൻ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക നിരീക്ഷണങ്ങൾ സിബിഐ പരിശോധിക്കണം. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല. കസ്റ്റഡി ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്‍റെ വാദം.

നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദമാണ് ജില്ലാ സെഷന്‍സ് കോടതി കേട്ടത്. ദിവസങ്ങളോളം വാദം നീണ്ടിരുന്നു.

റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close