KERALANEWS

ആതുര മേഖലയ്ക്ക് ആന്റോ ആന്റണി എംപിയുടെ ആദരം; പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാടിനു സമർപ്പിച്ചത് 20 ആംബുലൻസുകൾ

പത്തനംതിട്ട: ആന്റോ ആന്റണി എംപി മണ്ഡലത്തിലെ ആതുരമേഖലയ്ക്ക് ആദരമർപ്പിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ആംബുലൻസുകൾ ആണ് സമർപ്പിച്ചത്. ഇതിൽ പത്തനംതിട്ട ജില്ലയ്ക്ക് 15, കോട്ടയം ജില്ലയ്ക്ക് 5 ആംബുലൻസുകൾ എന്നിങ്ങനെ ലഭിക്കും. പത്തനംതിട്ട ജില്ലയിലെ 14 ആംബുലൻസുകളുടെ താക്കോൽദാനം ജില്ലാ സ്റ്റേഡിയത്തിൽ നടന്നു.

പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്ക് ആശുപത്രികൾ, ഓമല്ലൂർ, നിരണം, കോയിപ്രം കുടുംബാരോഗ്യകേന്ദ്രങ്ങൾ, തുമ്പമൺ, വെച്ചൂച്ചിറ, വല്ലന സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, റാന്നി-പഴവങ്ങാടി, കടപ്ര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് ഇന്നലെ ആംബുലൻസുകൾ ലഭിച്ചത്.

തണ്ണിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ആംബുലൻസ് നേരത്തെ നൽകിയിരുന്നു. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഈരാറ്റുപേട്ട നഗരസഭ, തീക്കോയി, നെടുങ്കുന്നം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ എന്നിവയ്ക്കാണ് ആംബുലൻസ് നൽകുന്നത്. ഇതിന്റെ താക്കോൽ കൈമാറ്റം അടുത്ത ദിവസം നടക്കും. കോവിഡ് പടർന്നു പിടിച്ചപ്പോൾ പരിമിതികളിൽ നിന്ന് വീറോടെ പോരാടി നേട്ടം കൈവരിച്ച ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായാണ് ഇത്രയും ആംബുലൻസുകൾ നൽകുന്നതെന്നും ജില്ലയിലെ ആരോഗ്യ രംഗത്തിന് വലിയ സഹായമായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

ആംബുലൻസുകൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ച ജില്ലാ ഭരണകൂടത്തെയും ഡിഎംഒ ഓഫിസിനെയും അദ്ദേഹം അഭിനന്ദിച്ചു. കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ, എംപി എന്നിവർ ചേർന്ന് ആംബുലൻസുകളുടെ ഫ്ലാഗ് ഓഫും താക്കോൽ വിതരണവും നിർവഹിച്ചു. പത്തനംതിട്ട നഗരസഭാധ്യക്ഷൻ സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ, അടൂർ നഗരസഭാധ്യക്ഷൻ ഡി.സജി, ഡിഎംഒ ഡോ.എ.എൽ ഷീജ, ഡപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശ്രീകുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close