KERALANEWSTop News

കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചതെന്നു അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രൻ; കുഞ്ഞിനെ സംരക്ഷിക്കാൻ ആകില്ലെന്ന് എഴുതി തന്നു; അച്ഛൻ പറയുന്നത് കള്ളം,തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിൽ ആണ് ഏൽപ്പിച്ചതെന്നു അനുപമയുടെ അച്ഛൻ പി എസ് ജയചന്ദ്രൻ. കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് എഴുതി തന്നെന്നും അനുപമയുടെ അച്ഛൻ പറഞ്ഞു. എന്നാൽ അച്ഛൻ പറയുന്നത് പച്ച കള്ളം ആണെന്നും കുഞ്ഞിനെ സംരക്ഷിക്കാൻ കഴയില്ലെന്ന് ഒരു പേപ്പറിലും എഴുതി നൽകിയിട്ടില്ലെന്നും തന്നെ വീട്ടിൽ പൂട്ടി ഇട്ടിരിക്കുകയായിരുന്നെന്നും അനുപമ പറഞ്ഞു.

സ്വന്തം കുഞ്ഞിനെ തേടി പെറ്റമ്മ അലയുമ്പോൾ പ്രതികളെ സംരക്ഷിക്കുന്നത് പൊലീസും സിപിഎമ്മുമെന്ന ആക്ഷേപം ഉയരുന്നു. എസ് എഫ് ഐ നേതാവായിരുന്ന അനുപമയും ഭർത്താവും ഡിവൈഎഫ്ഐ നേതാവുമായ അജിത്തും പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങുമ്പോഴും പൊലീസും ഭരണകൂടവും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് പ്രതിസ്ഥാനത്തുള്ള സിപിഎം നേതാവും അനുപമയുടെ അച്ഛനുമായ ജയചന്ദ്രനുള്ള ഉന്നത ബന്ധങ്ങൾ മൂലമാണെന്നാണ് ആക്ഷേപം. ഒരു വർഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂർക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയിട്ടും കുഞ്ഞിനെക്കണ്ടെത്താൻ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.

എസ്എഫ്‌ഐ പ്രവർത്തകയായിരുന്ന അനുപമയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ സമയത്ത് അജിത്ത് വിവാഹിതനായിരുന്നു. ഭാര്യയുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹ ബന്ധം വേർപെടുത്തിയിരുന്നുമില്ല. അജിത്ത് ദളിത് ക്രിസ്ത്യൻ ആയതുകൊണ്ടും വിവാഹിതൻ ആയതുകൊണ്ടും ബന്ധത്തെ അനുപമയുടെ വീട്ടുകാർ എതിർത്തു. ഇരട്ട വിവാഹം നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്തെ എതിർപ്പിന് നിയമപരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നതാണ്.

വിവാഹത്തെ അച്ഛനും അമ്മയും എതിർക്കുന്നതിനിടെയിൽ അനുപമ ഗർഭിണിയായി. വീട്ടുകാർ തന്നെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്‌ക്കൊപ്പം താമസം തുടങ്ങി. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പൊലീസിൽ നൽകി.

പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും സിപിഎം നേതാക്കൾക്കും എല്ലാം പരാതി നൽകി. പ്രസവിച്ച് ഒരുവർഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല. അച്ഛനും അമ്മയും വ്യക്തമായ മറുപടിയും നൽകുന്നില്ല. കുട്ടിയെ അനുപമയുടെ രക്ഷിതാക്കൾ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനിൽ നിന്നറിഞ്ഞത്.

കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കൾ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ആവശ്യപ്പെടുന്നു. പേരൂർക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് രക്ഷിതാക്കൾക്കെതിരെ രംഗത്തു വന്നത്. പല പ്രമുഖ സിപിഎം നേതാക്കളുമായി വ്യക്തിബന്ധമുള്ള നേതാവാണ് ജയചന്ദ്രൻ. പൊലീസിനും ഇതെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഈ കേസിൽ ജയചന്ദ്രൻ ഇടപെടുന്നില്ല.

അച്ഛനെതിരെ ഗുരുതര ആരോപണമാണ് അനുപമ ആരോപിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അച്ഛൻ തട്ടിക്കൊണ്ടു പോയി. സിസേറിയൻ കഴിഞ്ഞ് കിടക്കുമ്പോൾ എതിർത്തു. എന്നാൽ ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ വലിയ ഇടപെടൽ കഴിഞ്ഞില്ല. കുട്ടിയെ പിന്നീട് കാണിച്ചു തരാമെന്ന് അമ്മ പറഞ്ഞു. സഹോദരിയുടെ വിവാഹം കഴിയും വരെ മാറ്റി നിർത്താം എന്നാണ് അമ്മ പറഞ്ഞത്. പിന്നീടൊരിക്കലും കുട്ടിയെ കണ്ടില്ലെന്നും അനുപമ പറയുന്നു.

അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന്റെ വൈരാഗ്യം തീർക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു. അങ്ങനെ കുട്ടിയെ നിയമപരമായി കൈമാറാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. പറ്റില്ലെന്നാണ് ലഭിക്കുന്ന മറുപടി. പക്ഷേ പൊലീസ് മൗനത്തിലാണ്. ഈ കഥ സോഷ്യൽ മീഡിയ വൈറലാക്കുമ്പോൾ ഉയരുന്നത് നിരവധി സാമൂഹിക പ്രസക്തിയുള്ള ചോദ്യങ്ങളാണ്.

പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ കയറിയിറങ്ങുന്ന ഒരമ്മയുടെ കഥ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു വിട്ടത്. തിരുവനന്തപുരത്തുള്ള ഒരു സിപിഎം കുടുംബത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഞെട്ടിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവ്. അതുകൊണ്ട് തന്നെ പൊലീസിനും അനക്കമില്ല. സാമൂഹിക പ്രവർത്തകരുടെ ഞെട്ടലുമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close