ലീഗുകാർ കെഎൻഎ ഖാദറിനോട് കളിക്കാൻ നിൽക്കേണ്ടെന്ന് എ പി അബ്ദുള്ളക്കുട്ടി; ഖാദറിനെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കാനുള്ള ധൈര്യമില്ലെന്നും ബിജെപി നേതാവ്

കോഴിക്കോട്: ആർ എസ് എസ് വേദിയിലെത്തിയതിന്റെ പേരിൽ കെഎൻഎ ഖാദറിനെതിരെ നടപടിയെടുക്കുന്നതിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. മുസ്ലിം തീവ്രഗ്രൂപ്പാണ് ഖാദറിനെതിരെ കുറ്റപ്പെടുത്തലുകൾ നടത്തുന്നതെന്നും അതിൽ കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വിവാദം അനാവശ്യമാണ്. വിവരവും വിദ്യാഭ്യാസവുമുള്ള നേതാവാണ് കെ.എൻ.എ ഖാദർ. ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കുന്ന ആളാണ്. വേദങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ച ആളാണ്. അദ്ദേഹത്തോട് കളിക്കാൻ നിൽക്കണ്ട എന്നാണ് ലീഗുകാരോട് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യമുള്ള വ്യക്തിയാണ് കെ.എൻ.എ ഖാദർ. അദ്ദേഹത്തെ പുറത്താക്കാനുള്ള ധൈര്യം മുസ്ലിം ലീഗിനില്ല. അങ്ങനെ സംഭവിച്ചാൽ തന്നെ അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല. ഒരു സംഘം തീവ്ര ഗ്രൂപ്പുകൾക്ക് ലീഗിലെ ചിലർ അടിമപ്പെട്ടുവെന്നും എ.പി. അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.