INSIGHT

ആറന്മുള ഉതൃട്ടാതി വള്ളംകളി

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വള്ളംകളി എന്ന് കരുതപ്പെടുന്നതാണ് ആറന്മുള വള്ളംകളി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ഇത് നടക്കുന്നത്. അങ്ങനെയാണ് ആറന്മുള വള്ളംകളി എന്ന പേര് വരുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന വള്ളംകളി, ക്ഷേത്രത്തോട് ചേർന്നുള്ള പമ്പാനദിയിലാണ് നടക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് ഇത് നടത്തുക. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിൽ ഈ ജലമേള സംഘടിപ്പിച്ചിരിക്കുന്നത്. പള്ളിയോടങ്ങൾ ആറന്മുളയുടെ തനതായ ചുണ്ടൻ വള്ളങ്ങളാണ്. വളരെ ബഹുമാനപൂർവമാണ് ഭക്തർ പള്ളിയോടങ്ങളെ കാണുന്നത്. പാർത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണ് പള്ളിയോടങ്ങൾ എന്ന് ഭക്തർ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങൾ.

ആറന്മുള വള്ളംകളിയുടെ ഉത്ഭവം

കാട്ടൂർ ഭട്ടതിരിക്കുവേണ്ടി തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാൻ കൂടുതൽ കരക്കാർ ചുണ്ടൻവള്ളങ്ങൾ ഉണ്ടാക്കി രംഗത്തു വരികയും ചെയ്തു. ആദ്യകാലത്തു പമ്പാനദിയുടെ ഇരുകരകളിലുമായി 48 ചുണ്ടൻവള്ളങ്ങൾ ഉണ്ടായിരുന്നു. ഓരോ ചുണ്ടൻ വള്ളത്തിലും ഭഗവാൻ കൃഷ്ണന്റെ അദൃശ്യസാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം. കാട്ടൂരിൽ നിന്നും ഉത്രാടരാത്രിയിൽ പുറപ്പെട്ട് തിരുവോണപ്പുലർച്ചെ ആറന്മുളയിൽ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതൽ പേർക്കു കാണാൻ സാധിക്കാതെ വന്നു, ഇതിനാലാണത്രെ തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങൾ ആറന്മുളയിൽ എത്താൻ തീരുമാനിച്ചത്. അതു പാർഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉതൃട്ടാതിനാളിലാണ് നിശ്ചയിച്ചത്. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതുന്നു.

ഇവിടെ ഏറ്റവും പ്രധാനമായി പറയേണ്ടത് വള്ളസദ്യയുടെ കാര്യമാണ്. അറുപത്തിമൂന്ന് കൂട്ടം കറികളോട്‌ കൂടിയ വിഭവസമൃദ്ധമായ സദ്യ ആണിത്. പരമ്പരാഗത പാചകകലയുടെ രീതിയിൽ തയ്യാറാക്കുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും. ഇതും അവിടുത്തെ ആചാരമായി തുടർന്നുപോരുന്നു. വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു തുഴയും ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു. പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിക്കുക. വള്ളപ്പാട്ടിൽ കൂടി ചോദിക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ല.

ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണ് എത്തിക്കുന്നത്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിയ്ക്കും. ഇതിനെ പറ തളിക്കുക എന്നാണ് പറയുന്നത്. പള്ളിയോട കരക്കാർ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും. പിന്നെ വള്ളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു. വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുന്നു.

പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. വള്ളംകളിയിൽ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചിൽക്കാർ വള്ളപ്പാട്ടുകൾ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാർത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4-ം ന്നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും തുടർന്ന് മത്സരവള്ളംകളിയുമാണ്‌ നടക്കുക. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൾ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അങ്ങനെ ഇതൊരു ഗ്രാമത്തിന്റെയാകെ ആഘോഷവും ആചാരവും ആയി മാറുകയാണ്.

കൊവി‌ഡ് സാഹചര്യം മൂലം ആചാരപരമായി മാത്രമായാണ് ഇത്തവണ ജലഘോഷയാത്ര നടന്നത്. സാധാരണ നാല്പതിനുമേൽ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന വള‌ളംകളിയിൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ മൂന്ന് പള‌ളിയോടങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് ഈ പള‌ളിയോടങ്ങളെ നിശ്ചയിച്ചത്. കിഴക്കൻ മേഖലയിലെ കോഴഞ്ചേരി, മദ്ധ്യമേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ്വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുത്തത്. വീണ്ടും എല്ലാം സജീവമാകുന്ന കാലത്തിനായി കാത്തിരിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close