KERALANEWSTop News

ലഹരിമരുന്ന് കേസ്; ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് സാക്ഷ്യമൊഴി; സ്വകാര്യ കുറ്റാന്വേഷകൻ കിരൺ ഗോസാവി പൂനെ പോലീസീൽ കീഴടങ്ങും

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസിൽ വിവാദങ്ങൾക്കു വഴിതെളിച്ച സ്വകാര്യ കുറ്റാന്വേഷകൻ കിരൺ ഗോസാവി പൂനെ പോലീസീൽ കീഴടങ്ങും. ലക്‌നൗവിൽ കീഴടങ്ങുമെന്ന് കിരൺ ഗോസാവി അറിയിച്ചു. ഷാറൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇയാൾ ശ്രമിച്ചതായി കേസിലെ മറ്റൊരു സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഒരു തൊഴിൽ തട്ടിപ്പുകേസിൽ ഇയാൾക്കെതിരെ പൂനെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഗോസാവിയും ആര്യനും ഉൾപ്പെട്ട ദൃശ്യം വൈറൽ ആയിരുന്നു. മുംബൈയിൽ കീഴടങ്ങാൻ ഭയമുള്ളതുകൊണ്ടാണ് ലക്നൗ തിരഞ്ഞെടുത്തതെന്നു ഗോസാവി പറഞ്ഞു. നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ഉൾപ്പെട്ട ‘ഒത്തുതീർപ്പു വ്യവസ്ഥ’യെക്കുറിച്ചു താൻ ആദ്യമായി കേൾക്കുകയാണെന്നും വാങ്കഡെയെ ഒക്ടോബർ രണ്ടിനുശേഷം കണ്ടിട്ടില്ലെന്നും ഗോസാവി പ്രതികരിച്ചു.

അതേസമയം, ഗോസാവി ഉൾപ്പെട്ട കുറ്റകൃത്യത്തിന് യുപിയുമായി യാതൊരു ബന്ധവും ഇല്ലാത്ത സാഹചര്യത്തിൽ ഇയാൾക്ക് ലക്നൗവിൽ കീഴടങ്ങാനാകില്ലെന്ന് ലക്നൗ പോലീസ് കമ്മിഷണർ പറഞ്ഞു. ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന പരിശോധനയിലും പിന്നീട് ആര്യനൊപ്പം എൻസിബി ഓഫിസിലും ഗോസാവി ഉണ്ടായിരുന്നു. രണ്ടു സ്ഥലത്തുവച്ചും ആര്യനൊപ്പം ഇയാൾ ചിത്രീകരിച്ച സെൽഫി വിഡിയോകളാണു വിവാദത്തിനു വഴിതെളിച്ചത്.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്‍റെ മാനേജരെ കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടിരുന്നു.

കിരൺ ഗോസാവിയുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ.

എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്‍റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ കൊണ്ട് ഇയാൾ ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്നതിന്‍റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു.

25 കോടി ചോദിക്കാം, 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാൽ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. പക്ഷെ സമീർ വാങ്കഡെയുടെ ഭീഷണി തനിക്കുണ്ടെന്നും പ്രഭാക‍ർ പറഞ്ഞു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളുകയാണ് എൻസിബി.

ആര്യൻ ഖാനെതിരായ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close