INDIANEWS

ബന്ധുക്കള്‍ തേടിയെത്താതെ ആഗ്രയിലെ ശ്മശാനങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് 53 പേരുടെ ചിതാഭസ്മം; മൂന്ന് വര്‍ഷം വരെ സൂക്ഷിച്ച് വെയ്ക്കുന്ന ഇവ അവകാശികള്‍ എത്തിയില്ലെങ്കില്‍ ഗംഗയിലൊഴുക്കുമെന്ന് ശ്മശാന സൂക്ഷിപ്പുകാര്‍

കോവിഡ് ബാധിച്ചു മരിച്ചവരുടെ ചിതാഭസ്മകൂടങ്ങൾ ബന്ധുക്കള്‍ തേടിയെത്താതെ ആഗ്രയിലെ ശ്മശാനങ്ങളിൽ. കൊറോണ വൈറസ് ബാധിച്ച് മരിച്ച 53 പേരുടെ ചിതാഭസ്മമാണ് ബന്ധുക്കളെ കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരെ ഒരുമിച്ച് സംസ്കരിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വന്നത്. കോവിഡ് രൂക്ഷമായ സമയത്ത് രോഗബാധ ഭയന്ന് നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പം ബന്ധുക്കള്‍ ആരും എത്തിയിരുന്നില്ലെന്നാണ് ആഗ്രയിലെ താജ്ഗഞ്ചിലെ ശ്മശാന സൂക്ഷിപ്പുകാരന്‍ പറയുന്നത്.

ബന്ധുക്കളില്ലാതെ എത്തിയ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ക്ക് അന്തിമ കര്‍മ്മങ്ങള്‍ ചെയ്തതത് ശ്മശാന സൂക്ഷിപ്പുകാരായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ചിതാഭസ്മം കലശങ്ങളിലാക്കി സൂക്ഷിച്ച് വച്ചത്. ചിതാഭസ്മം ഗംഗയില്‍ നിമഞ്ജനം ചെയ്യാന്‍ ബന്ധുക്കള്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നും ശ്മശാന സൂക്ഷിപ്പുകാര്‍ പറയുന്നു. സംസ്കരിച്ച് ആറ് മാസം പിന്നിട്ട ശേഷവും ഇത്തരത്തില്‍ അവകാശികളില്ലാതെ ശേഷിക്കുന്നത് 53 ചിതാഭസ്മങ്ങളാണ്. ഇവ താജ്ഗഞ്ചിലെ വൈദ്യുത ശ്മശാനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

സംസ്കരിക്കുന്ന സമയത്ത് നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടും ചിതാഭസ്മ ശേഖരിക്കാന്‍ ആരും എത്തുന്നില്ലെന്നാണ് ശ്മശാന സൂക്ഷിപ്പുകാരുടെ പരാതി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് 1349 പേരെയാണ് ഇവിടെ സംസ്കരിച്ചത്. മൂന്ന് വര്‍ഷം വരെ ചിതാഭസ്മം സൂക്ഷിച്ച് വെച്ച ശേഷം അവകാശികള്‍ എത്തിയില്ലെങ്കില്‍ ഇവ ഗംഗയിലൊഴുക്കുമെന്നാണ് താജ്ഗഞ്ച് ശ്മശാന സൂക്ഷിപ്പുകാര്‍ പറയുന്നത്. 1998ലാണ് ഈ നടപടികൾ തുടങ്ങിയത്. 23 വര്‍ഷത്തില്‍ 12000 ചിതാഭസ്മമാണ് ഇത്തരത്തില്‍ ശ്മശാന സൂക്ഷിപ്പുകാര്‍ നിമഞ്ജനം ചെയ്തിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close